ADVERTISEMENT

രണ്ടു വ്യത്യസ്ത ലൈനുകളിലുള്ള എന്നാൽ, ഒരേ ജാതിയിൽപ്പെട്ട സസ്യങ്ങളയോ മൃഗങ്ങളെയോ തമ്മിൽ പ്രജനനം നടത്തിയാൽ കൂടുതൽ മെച്ചപ്പെട്ട ഹൈബ്രിഡ് സസ്യങ്ങൾ ലഭിക്കുമെന്ന് നമുക്കറിയാം. മാതാപിതാക്കളേക്കാൾ മെച്ചപ്പെട്ട സ്വഭാവഗുണങ്ങൾ സന്തതികൾ കാണിക്കുന്ന ഈ പ്രതിഭാസമാണ് പാരമ്പര്യ ശാസ്ത്രത്തിൽ സങ്കരവീര്യം ( Hybrid Vigor ) എന്ന് അറിയപ്പെടുന്നത്. കോവിഡ്- 19 രോഗവും സങ്കരവീര്യവും തമ്മിലെന്ത് എന്നു ചോദിക്കാൻ വരട്ടെ. സങ്കരവീര്യത്തോട് ഏതാണ്ട് സമാനതയുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു ഹൈബ്രിഡ് പ്രതിഭാസം കോവിഡ് രോഗപ്രതിരോധത്തിലും കാണുന്നുണ്ടെന്ന് ശാസ്ത്രലോകം പറയുന്നു. കോവിഡ് - 19 രോഗബാധയുണ്ടായി മുക്തി നേടിയവരിൽ വൈറസിനെതിരായ രോഗപ്രതിരോധശേഷി ഉണ്ടാകുന്നു. അതു പോലെ വാക്സീൻ സ്വീകരിച്ചവരിലും ആർജിതരോഗ പ്രതിരോധശേഷി ഉരുത്തിരിയുന്നതായി. എന്നാൽ ഇപ്പോഴിതാ ശാസ്ത്രജ്ഞർ ആഹ്ലാദകരമായ പുതിയ പഠനഫലങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു. അതായത് രോഗവിമുക്തി നേടിയവർ വാക്സീൻ കൂടി സ്വീകരിക്കുന്നതോടെ ഏറെ മെച്ചപ്പെട്ട സങ്കരവീര്യമെന്ന് വിളിക്കപ്പെടാവുന്ന രോഗപ്രതിരോധശേഷി കൈവരിക്കുന്നതായി കാണപ്പെടുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. മെമ്മറി ബി കോശങ്ങളുടെയും CD4+ ടി കോശങ്ങളുടെയും സഹായത്തോടെ 25 - 100 മടങ്ങ് ആന്റിബോഡി പ്രതികരണമാണ് സങ്കരരോഗപ്രതിരോധശേഷി ( Hybrid immunity) നൽകുന്നതത്രേ. മാത്രമല്ല വൈറസിന്റെ വകഭേദങ്ങൾക്കെതിരെയും വിസ്തൃതമായ പ്രതിരോധം തീർക്കാൻ ഹൈബ്രിഡ് ഇമ്മ്യൂണിറ്റിക്ക് കഴിയുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

∙ സങ്കരവീര്യമുള്ള രോഗപ്രതിരോധ രഹസ്യം

 

palakkad-covid-tpr-rate

ലോകപ്രസിദ്ധമായ സയൻസ് മാഗസിന്റെ 2021 ജൂൺ 25 ലക്കത്തിൽ ഹൈബ്രിഡ് ഇമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട രണ്ടു സുപ്രധാന ഗവേഷണ പേപ്പറുകൾ പ്രസിദ്ധീകരിച്ചിരുന്നു. മുൻപ് കോവിഡ് രോഗബാധയുണ്ടാവർക്ക് വാക്സീൻ നൽകുമ്പോൾ എന്താണ് സംഭവിക്കുന്നതെന്നതു സംബന്ധിച്ച നിരീക്ഷണങ്ങളാണ് ഈ പേപ്പറുകളിലുള്ളത്. രോഗബാധ മൂലം ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക രോഗപ്രതിരോധശേഷിയും വാക്സീൻ മൂലമുണ്ടാകുന്ന പ്രതിരോധവും ഒന്നിച്ചു ചേരുമ്പോൾ പ്രതീക്ഷകൾക്കപ്പുറത്തുള്ള പ്രതിരോധ പ്രതികരണം ശരീരത്തിലുണ്ടാകുന്നുവെന്നാണ് കണ്ടെത്തൽ. ഒപ്പം സ്വാഭാവിക വൈറസിനെ മാത്രമല്ല ആശങ്കയുണ്ടാക്കുന്ന വൈറസ് വകഭേദങ്ങൾക്കെതിരെയും നിർവീര്യമാക്കുന്ന ആന്റിബോഡികൾ ഹൈബ്രിഡ് രോഗപ്രതിരോധത്തിലുണ്ടാകുന്നതായും പഠനം പറയുന്നു. ഉദാഹരണത്തിന് B.1.351 എന്ന വകഭേദം മൂലം രോഗമുണ്ടായവരിൽ ഒറിജിനൽ വൈറസിനെയും വകഭേദത്തേയും നിർവീര്യമാക്കാൻ കഴിയുന്ന ശക്തമായ ആന്റിബോഡി പ്രതികരണം ഉണ്ടായതായി പഠനത്തിൽ കണ്ടെത്തി. അതോടൊപ്പം B.1.351 അല്ലാത്ത സാർസ് -കോവ് - 2 വൈറസ് മൂലം മുൻപ് രോഗബാധ ഉണ്ടായവർക്ക് വാക്സീൻ നൽകിയപ്പോൾ B.1.351 വൈറസ് വകഭേദത്തെ നിർവീര്യമാക്കുന്ന ആന്റിബോഡികൾ കണ്ടെത്തുകയുമുണ്ടായി. മുൻപ് രോഗബാധയുണ്ടായതിനു ശേഷം കാണപ്പെട്ട ആന്റിബോഡി പ്രതികരണത്തേക്കാൾ 100 മടങ്ങും, രോഗബാധയാല്ലാതെ വാക്സീൻ സ്വീകരിച്ചവരിലുള്ളതിനേക്കാൾ 25 മടങ്ങും അധികമായിരുന്നു ഹൈബ്രിഡ് പ്രതികരണം. ചുരുക്കത്തിൽ രോഗവിമുക്തരായ ശേഷം വാക്സീൻ സ്വീകരിച്ചവരിലെ ആന്റിബോഡി പ്രതികരണം അളവിലും വ്യാപ്തിയിലും പ്രതീക്ഷിക്കാത്തവിധം ഉയർന്ന തരത്തിലായിരുന്നു. ഇത്രയും പ്രകടവും വിസ്തൃതമായ നിർവീര്യമാക്കുന്ന ആന്റിബോഡികളുടെ പിന്നിലെ രഹസ്യമെന്താണ്? മെമ്മറി ബി കോശങ്ങളാണ് പ്രാഥമിക കാരണങ്ങളിലൊന്ന്. മെമ്മറി ബി കോശങ്ങൾക്ക് സുപ്രധാനമായ രണ്ട് ധർമ്മങ്ങളാണുള്ളത്. ഒരിക്കൽ രോഗമുണ്ടാക്കിയ വൈറസ് മൂലം വീണ്ടും രോഗബാധയുണ്ടായാൽ സമാനമായ ആന്റിബോഡികൾ ഉത്പാദിപ്പിക്കുകയാണ് ഒന്നാമത്തെ ധർമം. ജനിതകമാറ്റം അല്ലെങ്കിൽ മ്യൂട്ടേഷൻ പേറുന്ന ആന്റിബോഡികളുടെ ഒരു ലൈബ്രറി ഉണ്ടാക്കാനുള്ള സന്ദേശം നൽകുകയാണ് രണ്ടാമത്തെ ജോലി. ഭാവിയിൽ വൈറസുകളിൽ ഉണ്ടാകാവുന്ന വകഭേദങ്ങൾക്കെതിരെ മുൻകൂർ ഒരുക്കുന്ന ആയുധപ്പുരയാണിത്. ബുദ്ധിപരമായ ഈ പരിണാമ തന്ത്രം സാർസ് കോവ് 2 ന്റെ കാര്യത്തിലും മെമ്മറി ബി കോശങ്ങൾ പയറ്റുന്നു. ആശങ്കയുളവാക്കുന്ന വൈറസ് വകഭേദങ്ങളെ ബന്ധിക്കുകയോ നിർവീര്യമാക്കുകയോ ചെയ്യുന്ന ആന്റിബോഡി ഉത്പാദനത്തിനുള്ള സന്ദേശമാണ് ഗണ്യമായ ഭാഗം മെമ്മറി ബി കോശങ്ങളും നൽകുന്നത്. സമയം കടന്നു പോകുന്തോറും മെമ്മറി ബി കോശങ്ങളുടെ ഗുണമേന്മയും വർധിക്കുന്നു. രോഗബാധയുണ്ടായ സമയത്ത് സൃഷ്ടിക്കപ്പെട്ട വൈവിധ്യമാർന്നതും ഉന്നത ഗുണമുള്ളതുമായ മെമ്മറി ബി കോശങ്ങളുടെ ഓർമശക്തിയാണ് ഒരിക്കൽ രോഗബാധ വന്നവരിൽ വാക്സീൻ നൽകുമ്പോൾ ഉണ്ടാകുന്ന വകഭേദങ്ങളെ പോലും നിർവീര്യമാക്കുന്ന ആന്റിബോഡികളുടെ പിന്നിലെ രഹസ്യം.

 

∙ ടി കോശങ്ങളുെട പ്രധാന്യം

 

വൈവിധ്യമാർന്ന മെമ്മറി ബി കോശങ്ങൾ ഉണ്ടാകാൻ ടി കോശങ്ങളും ആവശ്യമാണ്. രോഗബാധ മൂലമോ വാക്സിനേഷൻ കാരണമോ ഉള്ള ബി കോശങ്ങളുടെ പരിണാമത്തെ ശക്തിപ്പെടുത്തുന്നത് ജേർമിനൽ കേന്ദ്രങ്ങൾ എന്ന സൂക്ഷ്മ ശരീര ഘടനാ ഭാഗങ്ങളാണ്. ഈ കേന്ദ്രങ്ങൾ ടി കോശങ്ങളെ ആശ്രയിക്കുന്നവയാണ്. ടി ഫോളിക്കുലർ ഹെൽപർ, CD 4 +ടി കോശങ്ങളുടെ നിർദ്ദേശമനുസരിച്ചാണ് ഇവയുടെ പ്രവർത്തനം. അങ്ങനെ ബി, ടി കോശങ്ങളുടെ ഒരുമയോടെയുള്ള പ്രവർത്തനം വൈറസ് വകഭേദങ്ങൾക്കെതിരെ പ്രതിരോധം തീർക്കുന്നു. കൂടാതെ പ്രതിരോധ സംവിധാനത്തിന്റെ ഓർമശക്തിയിലും ടി കോശങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. മെമ്മറി ബി കോശങ്ങൾ സ്വയം സജീവമായി ആന്റിബോഡികൾ ഉത്പാദിപ്പിക്കുകയില്ല. നിർജീവരായിരിക്കന്ന അവർ പുനർരോഗബാധയോ വാക്സീൻ സ്വീകരണമോ ഉണ്ടായാലാണ് ബി കോശങ്ങൾ ആന്റിബോഡി നിർമാണത്തിന് തുനിയുകയുള്ളൂ. സ്വാഭാവിക രോഗബാധ യോടോ വാക്സീനേഷനോടോ താരതമ്യപ്പെടുത്തുമ്പോൾ ഹൈബ്രിഡ് ഇമ്മ്യൂണിറ്റിയിൽ 5 -10 മടങ്ങ് മെമ്മറി ബി കോശങ്ങളുണ്ടാകുന്നു. ഓരോ വൈറസിനും സവിശേഷമായ CD4+ ടി , ടി ഫോളികുലർ ഹെൽപർ കോശങ്ങൾ എന്നിവയാണ് മെമ്മറി ബി കോശങ്ങളുടെ തിരിച്ചുവിളിയിലും വികാസത്തിലും പ്രധാന പങ്ക് വഹിക്കുന്നത്. കോവിഡ് വൈറസിന്റെ പുനരാക്രമണത്തെ തടയുന്നതിൽ ആന്റിബോഡികൾക്കൊപ്പം ടി കോശങ്ങളും പ്രധാന പങ്കുവഹിക്കുന്നു. നിലവിലുള്ള കോവിഡ് വാക്സീനുകളിൽ ഒരൊറ്റ ആന്റിജൻ, അതായത് സ്പൈക്ക് പ്രോട്ടീൻ മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ സാർസ്-കോവ് - 2 വൈറസിന് ഇരുപത്തഞ്ചോളം പ്രോട്ടീനുകൾ ഉണ്ടെന്നത് ഓർക്കുക. അതിനാൽ വാക്സീൻ പ്രതിരോധത്തിന് സ്വാഭാവിക പ്രതിരോധത്തോളം വിസ്തുതിയില്ല. എന്നാൽ ഹൈബ്രിഡ് ഇമ്മ്യൂണിറ്റിയിലാകട്ടെ സ്പൈക്കും, സ്പൈക്കല്ലാത്തതുമായ T കോശ മെമ്മറിയുണ്ട്.

 

സാർസ്-കോവ് - 2 വൈറസിനെതിരായ ഹൈബ്രിഡ് രോഗ പ്രതിരോധം അത്ഭുതകരമാം വിധം ശക്തമാണെന്ന് തെളിയുന്നു. ഈ അറിവ് കോവിഡ് രോഗത്തിനെതിരായ പ്രതിരോധത്തിൽ ഭാവിയിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതാണ് ശാസ്ത്രലോകത്തിന്റെ മുൻപിലുള്ള അടുത്ത വെല്ലുവിളി.

 

English Summary: Why COVID-19 vaccines can provide stronger immunity than natural infection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com