sections
MORE

1 മിനിറ്റിൽ കോവിഡ്–19 വകഭേദങ്ങളെ കണ്ടെത്താം, ബയോ സെൻസറുമായി ഗവേഷകർ

covid-19-biosensor
SHARE

കോവിഡ്–19 പൊട്ടിപ്പുറപ്പെട്ട കാലം മുതല്‍ തന്നെ ഫലപ്രദമായ ചികിത്സയെന്നത് വൈദ്യശാസ്ത്രത്തിനു തലവേദനയാണ്. അതേസമയം, എത്ര വേഗത്തില്‍ രോഗം കണ്ടെത്തുന്നോ അത്രയും എളുപ്പത്തില്‍ രോഗവ്യാപനം നിയന്ത്രിക്കാനും രോഗി അപകടാവസ്ഥയിലേക്ക് പോകുന്നത് തടയാനും സഹായിക്കുകയും ചെയ്യും. കോവിഡ്–19 വൈറസ് വകഭേദങ്ങളുടെ നേരിയ സാന്നിധ്യം പോലും ഒരു മിനിറ്റിനുള്ളില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ബയോസെന്‍സര്‍ കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. 

ഏതെങ്കിലും സ്ഥലത്തേക്ക് പ്രവേശിക്കും മുൻപ് ഈ സെന്‍സറിലൂടെയുള്ള പരിശോധന വഴി ഓരോ വ്യക്തിയും കോവിഡ് ബാധിതനാണോ എന്ന നിര്‍ണായക വിവരമാണ് ഈ ബയോ സെന്‍സര്‍ കൈമാറുക. കോവിഡ് 19 രോഗബാധിതനാണെന്ന സൂചനകളുണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്താനും ഐസോലേഷനില്‍ പോകാനും ബയോസെന്‍സര്‍ തന്നെ നിര്‍ദേശം നല്‍കും. 2022 ആകുമ്പോഴേക്കും വ്യാവസായിക അടിസ്ഥാനത്തില്‍ ഈ ബയോസെന്‍സര്‍ വിപണിയിലെത്തിക്കാനാണ് കണ്ടെത്തലിന് പിന്നിലെ ശാസ്ത്ര സംഘത്തിന്റെ ലക്ഷ്യം. 

അത്ര വേഗത്തിലൊന്നും കോവിഡ്–19 പോകാന്‍ സാധ്യതയില്ല. കോവിഡ്–19 കണ്ടെത്താനും പകരുന്നത് തടയാനുമുള്ള സമര്‍ഥമായ പോംവഴികളാണ് നമുക്കാവശ്യം. ഈയൊരു ലക്ഷ്യത്തിന് ഏറെ സഹായകമാണ് ബയോ സെന്‍സറുകള്‍. പൊതുവെ സമൂഹത്തിനാകെയും പ്രത്യേകിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള കോവിഡ് മുന്നണിപോരാളികള്‍ക്കും ഇത്തരം കണ്ടെത്തലുകള്‍ സഹായകരമാകുമെന്ന് പ്രൊജക്ട് ലീഡര്‍ പ്രൊഫ. ശരത് ശ്രീറാം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 

റോയല്‍ മെല്‍ബണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സര്‍വകലാശാല, ബയോകെമിക്കല്‍ സ്റ്റാര്‍ട്ട് അപ്പ് സൊട്ടേരിയസ്, MIP ഡയഗ്നോസ്റ്റിക്‌സ്, ദ ബേണറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഗവേഷണസ്ഥാപനമായ D+I, വെസ്റ്റെക് തുടങ്ങിയ സ്ഥാപനങ്ങളിലെ ഗവേഷകര്‍ സംയുക്തമായാണ് ഒരു മിനിറ്റിനകം കോവിഡ്–19 വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ സാധിക്കുന്ന ബയോ സെന്‍സര്‍ വികസിപ്പിച്ചെടുത്തത്. സോടെറിയസ് സ്കൗട്ട് സെൻസർ എന്നാണ് ഈ സെന്‍സറിന് പേരിട്ടിരിക്കുന്നത്. ആർഎംഐടിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത നാനോടെക്‌നോളജി സെന്‍സറുകള്‍ ഇതിന്റെ നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

താരതമ്യേന ലളിതമാണ് ഈ സെന്‍സറിന്റെ പ്രവര്‍ത്തനമെന്നും നിര്‍മാതാക്കള്‍ വിശദീകരിക്കുന്നു. സെന്‍സറിന്റെ പരിധിയില്‍ വരുന്ന കോവിഡ്–19 വൈറസിന്റെ സാന്നിധ്യം ഒരു മിനിറ്റിനകം തിരിച്ചറിയാന്‍ ഇതിനു കഴിയും. ഈ ഫലം കാര്‍ഡ് റീഡറില്‍ സ്വൈപ്പ് ചെയ്തയാളുടെ മൊബൈലിലേക്കോ ബന്ധപ്പെട്ട അധികാരികള്‍ക്കോ കൈമാറും. വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ കോവിഡ്–19 പരിശോധന നടത്തുകയും സ്വയം ഐസോലേഷനില്‍ പോകണമെന്നും നിര്‍ദേശിക്കും. മറ്റൊരു പ്രധാന കാര്യം ഈ ബയോസെന്‍സറില്‍ പറ്റിപ്പിടിച്ച വൈറസിനെ ഇത് രാസവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍വീര്യമാക്കുകയും ചെയ്യുമെന്നതാണ്. 

എല്ലാ സോടെറിയസ് സ്കൗട്ട് സെൻസറുകളിലും വിവിധ കോവിഡ്–19 വകഭേദങ്ങളെ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ട പരിഷ്‌ക്കാരങ്ങള്‍ വരുത്താനാവും. ഒരു സെന്‍സറിന് എട്ട് കോവിഡ്–19 വകഭേദങ്ങളെ തിരിച്ചറിയാന്‍ സാധിക്കും. ഈ സൗകര്യം ഉപയോഗിച്ച് പുതിയ വൈറസ് വകഭേദങ്ങളുണ്ടായാല്‍ അവയെ കൂട്ടിച്ചേര്‍ക്കാനും സാധിക്കുമെന്ന് സൊട്ടേരിയസ് സഹ സ്ഥാപകനായ ഡോ. അലാസ്‌ഡെയര്‍ വുഡ് വിവരിക്കുന്നു. 

വലുപ്പം കുറവാണെന്നതുകൊണ്ടുതന്നെ ഈ ബയോ സെന്‍സര്‍ കൊണ്ടുനടക്കാനും പെരുമാറാനും എളുപ്പമാണ്. വിപണിയില്‍ നിലവിലുള്ള പല സെന്‍സറുകള്‍ക്കും വലുപ്പം കൂടുതലാണ്. ഇതിനെല്ലാം ഒരു കോവിഡ്–19 വൈറസിനെ മാത്രമേ തിരിച്ചറിയാന്‍ സാധിക്കുകയുമുള്ളൂ. പ്രാഥമിക പരിശോധനകളില്‍ പിഴവുകളില്ലാതെ പ്രവര്‍ത്തിക്കാന്‍ സോടെറിയസ് സ്കൗട്ട് സെൻസറിന് സാധിച്ചു. ഭാവിയില്‍ മെര്‍സ്, ഇന്‍ഫ്‌ളുവന്‍സ തുടങ്ങിയ അസുഖങ്ങളും ഇതേ സെന്‍സര്‍ ഉപയോഗിച്ച് തിരിച്ചറിയാനുള്ള ശ്രമങ്ങളും ഗവേഷകര്‍ നടത്തുന്നുണ്ട്. ആശുപത്രികള്‍, സ്‌കൂളുകള്‍, കോളജുകള്‍, വിമാനത്താവളങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയ പല ഇടങ്ങളിലും ഈ ബയോസെന്‍സര്‍ ഏറെ ഉപകാരപ്രദമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

English Summary: Instant biosensor can detect COVID-19 variants even if someone is asymptomatic

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA