ADVERTISEMENT

ചൊവ്വയിൽ ജീവന്റെ തെളിവ് തേടിയുള്ള യാത്രക്കിടെ നാസയുടെ ക്യൂരിയോസിറ്റി വളരെ നിര്‍ണായകമായ ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നു. ചൊവ്വയില്‍ മീഥെയിന്‍ വാതകത്തിന്റെ സാന്നിധ്യമാണ് ഇപ്പോള്‍ ക്യൂരിയോസിറ്റി നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ‘അന്യഗ്രഹ ജീവികളുടെ ഏമ്പക്കം’ എന്ന് ഗൂഢാലോചനാ സിദ്ധാന്തക്കാർ വിശേഷിപ്പിക്കപ്പെടുന്ന ഈ മീഥെയിന്‍ പുറന്തള്ളലിന് പിന്നില്‍ സൂക്ഷ്മജീവികളാകാനുള്ള സാധ്യതയാണ് ശാസ്ത്രലോകത്തെ ആവേശത്തിലാക്കുന്നത്. 

 

2012ല്‍ ചൊവ്വയിലെ ഗാലെ കിടങ്ങില്‍ ഇറങ്ങിയ ശേഷം ഇതുവരെ ആറ് തവണയാണ് ക്യൂരിയോസിറ്റി മീഥെയിന്‍ വാതകം പുറത്തേക്ക് വരുന്നതിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. എന്നാല്‍ മീഥെയിന്‍ വാതകത്തിന്റെ ഉറവിടത്തെക്കുറിച്ച് തിരിച്ചറിയാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിരുന്നില്ല. എന്നാൽ, കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ ഇപ്പോൾ അതും കണക്കുകൂട്ടിയെടുത്തിരിക്കുന്നു.

 

മീഥെയിന്‍ സാന്നിധ്യം തിരിച്ചറിഞ്ഞ സമയത്തെ ചൊവ്വയിലെ കാറ്റിന്റെ വേഗവും ദിശയും അടക്കമുള്ള വിവരങ്ങള്‍ വെച്ചാണ് ഗവേഷകര്‍ മീഥെയിന്‍ വാതകത്തിന്റെ ഉത്ഭവസ്ഥാനം ഊഹിച്ചെടുത്തത്. ചൊവ്വയുടെ ഉപരിതലത്തിന് അടിയില്‍ നിന്നാണ് മീഥെയിന്‍ പുറത്തേക്ക് വരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ക്യൂരിയോസിറ്റി നില്‍ക്കുന്ന ചൊവ്വയിലെ ഭാഗത്തിനു മൈലുകള്‍ അകലെ മാത്രം ഇത്തരം മീഥെയിന്‍ പുറത്തുവരുന്ന കേന്ദ്രങ്ങളുണ്ടെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നുമുണ്ട്. ഇപ്പോള്‍ ക്യൂരിയോസിറ്റി സ്ഥിതി ചെയ്യുന്നതിന്റെ തെക്കുപടിഞ്ഞാറേ ദിശയിൽ സജീവമായി മീഥെയിന്‍ പുറത്തേക്ക് വരുന്ന കേന്ദ്രങ്ങളുണ്ടെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

 

ഭൂമിയുടെ അന്തരീക്ഷത്തിലുള്ള ഏതാണ്ടെല്ലാ മീഥെയിനും ജൈവികമായി സൃഷ്ടിക്കപ്പെട്ടതാണെന്നാണ് കരുതപ്പെടുന്നത്. ഇതു തന്നെയാണ് ചൊവ്വയിലെ മീഥെയിന്‍ സാന്നിധ്യത്തെ ഇത്രമേല്‍ ആവേശത്തോടെ ശാസ്ത്ര സമൂഹം സ്വീകരിക്കാനുള്ള പ്രധാന കാരണം. ചൊവ്വയിലെ മീഥെയിനും ജീവന്റെ അടയാളമായാണ് വിലയിരുത്തപ്പെടുന്നത്. ഇനി ജൈവികമായ പ്രക്രിയയിലൂടെയല്ല മീഥെയിന്‍ ഉത്പാദിപ്പിക്കുന്നത് എങ്കില്‍ പോലും ഇതിന് വളരെയടുത്ത് ജലത്തിന്റെ സാന്നിധ്യം ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. ജല സാന്നിധ്യവും ജീവന്റെ പ്രധാന സൂചകമായി തന്നെയാണ് കരുതപ്പെടുന്നത്.

 

ട്യൂണബിള്‍ ലേസര്‍ സ്‌പെക്ടോമീറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ചാണ് ക്യൂരിയോസിറ്റി ചൊവ്വയിലെ മീഥെയിന്‍ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഒരു നുള്ള് ഉപ്പ് ഒരു ഒളിംപിക് നീന്തല്‍ക്കുളത്തിലെ വെള്ളത്തില്‍ കലക്കിയാല്‍ പോലും തിരിച്ചറിയാനുള്ള ശേഷി ഈ ഉപകരണത്തിനുണ്ട്. നേരത്തെ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ട്രേസ് ഗ്യാസ് ഓര്‍ബിറ്ററും (ടിജിഒ) ചൊവ്വയില്‍ മീഥെയിന്‍ സാന്നിധ്യം തിരഞ്ഞിരുന്നുവെങ്കിലും ഉറവിടം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഒന്നുകില്‍ ടിജിഒക്ക് ചൊവ്വയുടെ അന്തരീക്ഷത്തിലെ മീഥെയിന്‍ തിരിച്ചറിയാനായില്ല. അല്ലെങ്കില്‍ ചൊവ്വയില്‍ മീഥെയിന്‍ പുറത്തുവരുന്ന പ്രദേശത്തിന് തൊട്ടു മുകളിലായാണ് ക്യൂരിയോസിറ്റി ഇപ്പോഴുള്ളത് എന്നാണ് വിശദീകരിക്കപ്പെടുന്നത്. 

 

മീഥെയിന്‍ വാതകത്തിന്റെ ആയുസ്സ് ഏതാണ്ട് 330 വര്‍ഷമാണെന്നതാണ് ശാസ്ത്രജ്ഞരെ ആകര്‍ഷിക്കുന്ന മറ്റൊരു വിവരം. ഇതിനകം തന്നെ സൂര്യപ്രകാശമേറ്റ് മീഥെയിന്‍ നശിക്കും. ഇപ്പോഴും ചൊവ്വയില്‍ മീഥെയിന്‍ ഉണ്ടെങ്കില്‍ അതിപ്പോഴും അവിടെ ഉത്പാദിപ്പിക്കപ്പെടുന്നുവെന്നു കൂടിയാണ് അര്‍ഥം. റിസർച്ച്സ്ക്വയർ ഡോട്ട് കോമിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

വിവരങ്ങൾക്ക് കടപ്പാട്: ലൈവ്സയൻസ്

 

English Summary: 'Alien burp' may have been detected by NASA's Curiosity rover

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com