ADVERTISEMENT

ഒരു വിമാനം പോലെ ഇറങ്ങാൻ കഴിയുന്ന പുനരുപയോഗിക്കാവുന്ന സബോർബിറ്റൽ പേടകത്തിന്റെ ആദ്യ പരീക്ഷണ പറക്കൽ ചൈന വിജയകരമായി പൂർത്തിയാക്കി. വെള്ളിയാഴ്ച യാത്രതിരിച്ച വാഹനം അന്നു തന്നെ തിരികെയെത്തി എന്നാണ് പേടകം വികസിപ്പിച്ചെടുത്ത ചൈന എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി കോർപ്പറേഷൻ (സിഎസ്‌സി) ആണ് അറിയിച്ചത്.

 

ചൈനയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ജിയുക്വാൻ സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് പേടകം വിക്ഷേപിച്ചത്. പരീക്ഷണം പൂർത്തിയാക്കിയ പേടകം മംഗോളിയ പ്രദേശത്തെ ഒരു വിമാനത്താവളത്തിലാണ് ഇറങ്ങിയത്. ആദ്യത്തെ ദൗത്യം പൂർണ വിജയമായിരുന്നു എന്ന് പേടകത്തെക്കുറിച്ചോ പരീക്ഷണത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ നൽകാതെ സി‌എസ്‌സി പറഞ്ഞു. ഈ പേടകത്തെ വേണമെങ്കിൽ ഒരു ഉപഗ്രഹമായും ഉപയോഗിക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഭൂമിയിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തോളം പറക്കാൻ ശേഷിയുള്ളതാണിത്.

 

പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകം നിർമിക്കാനുള്ള പദ്ധതി കഴിഞ്ഞ വർഷം തന്നെ സി‌എസ്‌സി പ്രഖ്യാപിച്ചിരുന്നു. പരമ്പരാഗത വിമാനങ്ങളെപ്പോലെ പറന്നുയരുന്ന ബഹിരാകാശ പേടകങ്ങളുടെ നിർമാണമാണ് ചൈന ലക്ഷ്യമിടുന്നത്. ഈ പേടകത്തിൽ ഒരു മണിക്കൂറിനുള്ളിൽ ഭൂമിയുടെ ഏത് കോണിലും എത്തിച്ചേരാൻ കഴിയും.

 

പുനരുപയോഗിക്കാവുന്ന തങ്ങളുടെ ബഹിരാകാശ പേടകത്തിൽ ഒട്ടേറെ നവീനതകളുണ്ടാകുമെന്ന് കഴിഞ്ഞ വർഷം തന്നെ ചൈന അവകാശപ്പെട്ടിരുന്നു. യുഎസ് വ്യോമസേനയ്ക്കു വേണ്ടി ബോയിങ് നിർമിച്ച എക്സ്–37ബി എന്ന സ്വയം നിയന്ത്രിത ബഹിരാകാശ വിമാനത്തോടാണു ചൈന തങ്ങളുടെ ബഹിരാകാശ പേടകത്തെ ഉപമിച്ചത്. ബഹിരാകാശത്ത് ഏറെ നാൾ തങ്ങാനും ദൗത്യം കഴിഞ്ഞു സ്വയം തിരികെയെത്തി ഭൂമിയിൽ റൺവേയിൽ പറന്നിറങ്ങാനും കഴിവുള്ളതാണ് എക്സ് 37–ബി വിമാനം. എന്നാൽ, തങ്ങളുടെ ബഹിരാകാശ പേടകത്തിന്റെ പേരോ സാങ്കേതികവിശദാംശങ്ങളോ ദൃശ്യങ്ങളോ ഒന്നും ചൈന പുറത്തുവിട്ടിട്ടില്ല.

 

English Summary: China successfully completes the first flight test of a reusable suborbital vehicle, which can land like an airplane

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com