ADVERTISEMENT

കുട്ടികളെ സൗമ്യമായി തഴുകിപ്പോകാനാണ് കോവിഡ്- 19 ന് താത്പര്യമെന്ന് പറയുന്ന ആശ്വാസകരമായ പഠനങ്ങൾ പുറത്തു വരുന്നത് ഇംഗ്ലണ്ടിൽ നിന്നാണ്. അതിതീവ്ര പരിചരണം ആവശ്യമായി വരുന്ന രോഗാവസ്ഥയിലേക്കും മരണത്തിലേക്കും പോകാനുള്ള സാധ്യത കുട്ടികളിലും കൗമാരക്കാരിലും കുറവാണെന്ന നിഗമനത്തിലാണ് ഇംഗ്ലണ്ടിലെ  ആശുപത്രി പ്രവേശനങ്ങളുടെയും മരണറിപ്പോർട്ടുകളുടെയും സമഗ്രമായ അപഗ്രഥനം നടത്തിയ ഗവേഷകർ എത്തുന്നത്. കോവിഡിന്റെ അടുത്ത തരംഗം കുട്ടികളെയാവും അധികമായി കുഴപ്പത്തിലാക്കുകയെന്ന മുന്നറിയിപ്പുകളുടെ സമയത്ത് ഈ പഠനവിവരങ്ങൾ ആശ്വാസം നൽകുന്നതാണ്.

പതിനെട്ടു വയസ്സിൽ താഴെയുള്ളവരിൽ 2020 മാർച്ച് മുതൽ 2021 ഫെബ്രുവരി വരെയുള്ള സമയത്തുണ്ടായ മുഴുവൻ ആശുപത്രി വാസങ്ങളുടെയും മരണങ്ങളുടെയും റിപ്പോർട്ടുകൾ പരിശോധിച്ച ഗവേഷകർ കണ്ടെത്തിയത് കേവലം 25 കോവിഡ്- 19 മരണങ്ങൾ മാത്രമാണ്. ഇതിൽ തന്നെ പകുതിയോളം പേരും കൂടുതൽ ആരോഗ്യ ശ്രദ്ധയാവശ്യമുള്ള പ്രശ്നങ്ങൾ, ഉദാഹരണത്തിന് ട്യൂബ് ഫീഡിങ്ങ്, ശ്വസന സഹായം ഉണ്ടായിരുന്നവരായിരുന്നു. നീണ്ട കോവിഡിന്റെ പ്രശ്നങ്ങളോ, മിതമായ രോഗാവസ്ഥയുടെ നിരക്കോ ഈ പഠനങ്ങൾ കണക്കിലെടുത്തില്ലെങ്കിലും അതിതീവ്ര രോഗബാധയുടെ എണ്ണത്തിലുള്ള കുറവ് പ്രാധാന്യമുള്ളതാണ്. അതോടൊപ്പം തന്നെ കോവിഡ്- 19 കുട്ടികൾക്ക് ഒരു പ്രശ്നമേയല്ലെന്ന നിലപാട് അപകടകരമാണെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. കുട്ടികളിലെ കോവിഡിനെ അമിതമായി ഭയക്കേണ്ടതില്ലെങ്കിലും പ്രതിരോധമാർഗങ്ങളിലും വാക്സീനേഷനിലും ഒട്ടും അമാന്തം പാടില്ലായെന്നും ശിശുരോഗ വിദഗ്ധർ പറയുന്നു.

 

അമിതവണ്ണം, ഹൃദയ നാഡീപ്രശ്നങ്ങൾ എന്നിവയാണ് മരണത്തിനും അതിതീവ്ര രോഗാവസ്ഥയ്ക്കും സാധ്യത കൂടുന്ന ഘടകങ്ങളെന്ന് 19 രാജ്യങ്ങളിൽ നിന്നുള്ള 57 പഠനങ്ങൾ വിശകലനം ചെയ്ത ഗവേഷകർ കണ്ടെത്തി. പക്ഷേ ഇവ പോലും അപകട സാധ്യതയിൽ നേരിയ വർധനവു മാത്രമാണ് വരുത്തുന്നത്. ഇംഗ്ലണ്ടിൽ മാത്രമായി കേന്ദ്രീകരിച്ച പഠനങ്ങളുടെ ഫലമനുസരിച്ച്, 18 വയസിൽ താഴെയുള്ള 6338 പേരെ കോവിഡ് ചികിൽസക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 259 പേർക്കു മാത്രമേ കുട്ടികൾക്കായുള്ള തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തേടേണ്ടി വന്നിട്ടുള്ളൂ. തീവ്രപരിചരണം ആവശ്യമായി വരുന്ന കോവിഡ്- 19 രോഗത്തിനും കോവിഡിനുശേഷം കുട്ടികളിൽ കണ്ടുവരുന്ന മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോമിനുമുള്ള സാധ്യത കറുത്ത വർഗത്തിൽപ്പെട്ട കുട്ടികളിൽ വെളുത്ത വംശത്തിൽ പെട്ടവരേക്കാൾ കൂടുതലായിരുന്നു. എങ്കിൽ പോലും മൊത്തത്തിൽ കണക്കു കൂട്ടിയാൽ കുട്ടികളിൽ തീവ്രപരിചരണം ആവശ്യമായ രോഗാവസ്ഥകൾ അവിശ്വസനീയമാംവിധം കുറവായിരുന്നു.

 

ഇംഗ്ലണ്ടിലെ 12 ദശലക്ഷത്തോളം വരുന്ന പതിനെട്ടു വയസ്സിൽ താഴെയുള്ള കുട്ടികളിൽ മേൽപ്പറഞ്ഞ കാലയളവിൽ പല കാരണങ്ങളാൽ സംഭവിച്ച 3105 മരണങ്ങളിൽ 25 എണ്ണം മാത്രമാണ് കോവിഡ്- 19 മൂലമുണ്ടായത്. അതായത് കുട്ടികളിൽ കോവിഡ് മൂലമുണ്ടായ മരണനിരക്ക് കേവലം ദശലക്ഷത്തിൽ രണ്ടു മാത്രമെന്ന നിരക്കിൽ ആയിരുന്നു. മരിച്ചവരിൽ ആസ്തമയോ ടൈപ്പ് 1 പ്രമേഹമോ ഉണ്ടായിരുന്നവർ ആരുമില്ലായിരുന്നു. പക്ഷേ മരിച്ച കുട്ടികളിൽ പകുതി പേർക്കും മരണസാധ്യത വർധിപ്പിക്കുന്ന മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മേൽ പറഞ്ഞ പഠനഫലങ്ങൾ രക്ഷിതാക്കൾക്ക് ഒരു പരിധിവരെ ആശ്വാസം നൽകുന്നതാണ്. എങ്കിലും ലക്ഷണങ്ങളില്ലാതെയും തീവ്രതയില്ലാതെയും കോവിഡ് വന്ന കുട്ടികളിൽ ദീർഘകാല പ്രശ്നങ്ങൾ മുതിർന്നവരുടെ അത്രയുമല്ലെങ്കിലും ഉണ്ടാകുന്നുവെന്ന മറ്റു ചില പഠനങ്ങൾ പറയുന്നത് ആശങ്കാജനകമാണ്.

 

കോവിഡ് തീവ്രരോഗബാധയും മരണനിരക്കും  കുട്ടികളിൽ കുറവാണെങ്കിലും മാസ്ക്കും സാമൂഹ്യ അകലവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ വീഴ്ച പാടില്ലായെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. മുതിർന്നവരും ലഭ്യമാകുമ്പോൾ കുട്ടികളും വാക്സീൻ എടുക്കണം. രക്ഷിതാക്കളും മുതിർന്നവരും വാക്സീൻ സ്വീകരിക്കുന്നത് കുട്ടികളിലെ രോഗനിരക്ക് കുറയ്ക്കാൻ സഹായിക്കും. എന്താണെങ്കിലും കുട്ടികളിലെ രോഗബാധ കുറയ്ക്കാൻ സാധ്യമായതെല്ലാം നാം ചെയ്യുകതന്നെ വേണമെന്ന് വിദഗ്ധർ പറയുന്നു.

 

English Summary: Deaths from COVID ‘incredibly rare’ among children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com