ADVERTISEMENT

ആദ്യത്തെ യാത്രയിൽ എപ്പോഴും അപകടസാധ്യത കൂടുതലാണ്. അപ്പോൾ ആ യാത്ര ചന്ദ്രനിലേക്കായാലോ? വിജയിക്കാൻ വെറും 50 ശതമാനം പോലും സാധ്യതയില്ലെന്ന തിരിച്ചറിവ് പുലർത്തിക്കൊണ്ട് തന്നെയാണ് നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ആൽഡ്രിനും മൈക്കൽ കോളിൻസും ചന്ദ്രയാത്ര എന്ന ഉദ്യമത്തിനിറങ്ങിയത്. ഇന്നത്തെ പോലെ കംപ്യൂട്ടേഷൻ അത്രത്തോളം വളർന്നിട്ടില്ലാത്ത അറുപതുകളിൽ, നാസ നേരത്തെ വിട്ട സർവേയർ തുടങ്ങിയ ദൗത്യങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കണക്കുകൂട്ടിയ നാസയിലെ പ്രഗത്ഭരായ തലച്ചോറുകളെ വിശ്വസിച്ചായിരുന്നു അവരുടെ യാത്ര.തികഞ്ഞ സർക്കസ് എന്നോ സാഹസികതയെന്നോ അതിനെ വിളിക്കാമായിരുന്നു.

 

അതിതീവ്രമായ അപകടസാധ്യതകളെയാണു ചന്ദ്രനിൽ ഇറങ്ങിയ നീൽ ആംസ്‌ട്രോങ്ങിനും എഡ്വിൻ ആൽഡ്രിനും നേരിടേണ്ടി വന്നത്. പലപ്പോഴും അവസാനമായെന്ന പ്രതീതി ഉളവാക്കിയ അപകടങ്ങൾ. ലാൻഡിങ്ങായിരുന്നു ചന്ദ്രയാത്രയിലെ ഏറ്റവും നിർണായകഘട്ടം. ശക്തമായ അന്തരീക്ഷമുള്ള ഭൂമിപോലൊരു ഗ്രഹത്തിൽ ഒരു വ്യോമയാന വാഹനം ലാൻഡ് ചെയ്യാൻ എളുപ്പമാണ്. എന്നാൽ പരിഗണിക്കാനാകാത്ത അന്തരീക്ഷവും ഭൂമിയുടെ ആറിലൊന്നു മാത്രം ഗുരുത്വബലവുമുള്ള ചന്ദ്രനിൽ ലാൻഡിങ് വിജയിക്കണമെങ്കിൽ അശ്രാന്ത പരിശ്രമം വേണമായിരുന്നു...അപാരമായ ഭാഗ്യവും.

 

ചന്ദ്രോപരിതലത്തിലെത്തുന്നതിനു മുൻപ് തന്നെ പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു. കമാൻഡ് മൊഡ്യൂളായ കൊളംബിയയിൽ നിന്ന് അധിക ഊർജം നേടിയായിരുന്നു ലൂണാർ അല്ലെങ്കിൽ ഈഗിൾ മൊഡ്യൂൾ ചന്ദ്രനിലേക്ക് ഊളിയിട്ടിറങ്ങിയത്. വളരെ സുരക്ഷിതമായ ഒരു സ്ഥലം കണക്കുകൂട്ടിയായിരുന്നു 9 മിനിറ്റുകൾ നീണ്ടു നിന്ന ആ യാത്ര.എന്നാൽ കണക്കുകൂട്ടലുകൾ പിഴച്ചു.

 

നിശ്ചിത സ്ഥാനത്തിനും ആറു കിലോമീറ്റർ അകലേക്കാണ് ഈഗിൾ യാത്രികരെ എത്തിച്ചത്. സുരക്ഷിതസ്ഥാനം പിന്നിട്ട് കുഴികളും ഗർത്തങ്ങളും പാറകളും നിറഞ്ഞ പ്രകൃതിക്കു മേലെകൂടി ഈഗിൾ പറന്നു. സ്ഥാനം തെറ്റിയത് മനസ്സിലാക്കിയ ഈഗിളിന്റെ കംപ്യൂട്ടർ നിരന്തരം അലാറം അടിപ്പിച്ചുകൊണ്ടിരുന്നു. ദുസ്സഹമായ ഈ അലാറം ശബ്ദം വഴിതെറ്റിയ യാത്രികരെ കൂടുതൽ കുഴപ്പിച്ചു. ഗർത്തങ്ങളിലേക്കെങ്ങാനുമാണ് ഇറങ്ങുന്നതെങ്കിൽ അത് അവസാനയാത്രയാണ്. മനസ്സാന്നിധ്യം തിരിച്ചെടുത്ത ആംസ്‌ട്രോങ്ങും ആഡ്രിനും യാഥാർഥ്യം മനസ്സിലാക്കുകയും മറ്റൊരു സുരക്ഷിത ലാൻഡിങ് സ്ഥലം തേടുകയും ചെയ്തു.

 

അപ്പോഴാണ് മറ്റൊരു പ്രശ്‌നം. രണ്ട് സ്‌റ്റേജുകളുള്ള എൻജിനാണ് ഈഗിളിലുണ്ടായിരുന്നത്. ഇറക്കത്തിനായുള്ള ഡിസൻഡിങ് സ്റ്റേജും തിരിച്ചു മുകളിലേക്കു പറക്കാനുള്ള അസൻഡിങ് സ്റ്റേജും. ഡിസൻഡിങ് സ്റ്റേജിലെ ഇന്ധനം അധികയാത്ര മൂലം തീരാറായിരുന്നു. വെറും 30 സെക്കൻഡുകൾ കൂടി പറക്കാനുള്ള ഇന്ധനം മാത്രം. അതിനുള്ളിൽ ഇറങ്ങിയില്ലെങ്കിൽ ഈഗിൾ നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രോപരിതലത്തിൽ പതിക്കും. തുടർന്ന് സ്‌ഫോടനം നടക്കും. അല്ലെങ്കിൽ എന്നന്നേക്കുമായി യാത്രികർ ചന്ദ്രനിൽപെട്ടുപോകും. മരണത്തിന്റെ കൈകൾ അവർക്കു നേരെ നീണ്ടുതുടങ്ങിയിരുന്നു.

 

എന്നാൽ, ഇവിടെയാണ് നീൽ ആംസ്‌ട്രോങ്ങിന്റെ പരിചയസമ്പത്ത് തുണയ്‌ക്കെത്തിയത്. നിരവധി ബഹിരാകാശ പേടകങ്ങളെയും ചെറുതും വലുതുമായ വിമാനങ്ങളെയും നയിച്ചിട്ടുള്ള ആ വൈമാനികൻ പ്രതിസന്ധികൾക്കിടയിലൂടെ ഈഗിളിനെ താരതമ്യേന സുരക്ഷിതമായ ഒരു സ്ഥാനത്തിറക്കി. പിൽക്കാലത്ത് പ്രശാന്തിയുടെ കടൽ എന്ന പേരിൽ വിഖ്യാതമായ ചന്ദ്രനിലെ മനുഷ്യന്റെ ആദ്യ താവളത്തിൽ.

 

എന്നാൽ, അപ്പോഴും ഭീകരത വിട്ടുമാറിയിരുന്നില്ല. ഈഗിളിന്റെ എൻജിനുള്ളിലെ സമ്മർദ്ദം വലിയ തോതിൽ വർധിച്ചു. വാൽവുകളിൽ ഐസ് ഉറഞ്ഞുകൂടിയതിനാലായിരുന്നു ഇത്. വലിയ ഒരു പൊട്ടിത്തെറിയിലേക്കാണ് ഈഗിൾ നീങ്ങുന്നതെന്ന് ഹൂസ്റ്റണിലെ ദൗത്യ നിയന്ത്രണ വിഭാഗത്തിനു മനസ്സിലായി. അവർ ഇത് ഈഗിൾ മൊഡ്യൂൾ നിർമിച്ച എൻജിനീയറിങ് കമ്പനിയെ അറിയിക്കുകയും പ്രതിവിധി തേടുകയും ചെയ്തു. ഐസ് എങ്ങനെയും ഒഴിവാക്കാനുള്ള മാർഗങ്ങൾ ആംസ്‌ട്രോങ്ങിനെയും ആൽഡ്രിനെയും അറിയിക്കാൻ ഹൂസ്റ്റൺ തയാറെടുത്തു. എന്നാൽ അതിന്റെ ആവശ്യമില്ലായിരുന്നു. ദുരന്തം താനെ ഒഴിഞ്ഞു. ഭാഗ്യത്തിന്റെ കടാക്ഷം യാത്രികർക്കുണ്ടായിരുന്നു.

 

എന്നാൽ, മറ്റൊരാശങ്ക കൂടി ശേഷിക്കുന്നുണ്ടായിരുന്നു. ഇറങ്ങിയ സ്ഥലത്തെ മണ്ണിനെപ്പറ്റി ഹൂസ്റ്റണിലെ ദൗത്യ നിയന്ത്രണ വിഭാഗത്തിന് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. ഒരു പക്ഷേ ഭൂമിയിലെ ചതുപ്പുപോലെ ഒരു കുടുക്കുന്ന നിലമാണെങ്കിലോ ഇത്. എന്നാൽ ആംസ്‌ട്രോങ് ഉറച്ചുതന്നെയായിരുന്നു. നരകത്തിലൂടെയുള്ള ആ യാത്രയ്ക്കു ശേഷം അദ്ദേഹം ഈഗിളിൽ നിന്നു പുറത്തിറങ്ങി. പ്രശസ്തമായ ആ സന്ദേശം അദ്ദേഹം ഹൂസ്റ്റണിലേക്ക് അയച്ചു.

ദി ഈഗിൾ ഹാസ് ലാൻഡഡ്.... പിന്നീട് നടന്നത് ചരിത്രം.

 

English Summary: Terrifying Moments During the Apollo 11 Moon Landing Mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com