ADVERTISEMENT

ശതകോടീശ്വരനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസിന്റെ ആദ്യ ബഹിരാകാശ യാത്ര ഇന്ന് വൈകീട്ട് 6.30 ന് (ഇന്ത്യൻ സമയം) തുടങ്ങും. ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ് എന്ന ബഹിരാകാശ വാഹനത്തിൽ യുഎസിലെ വെസ്റ്റ് ടെക്സസിലെ സ്പേസ്പോർട്ടിൽ നിന്നാണ് വിക്ഷേപണം. ആളുകളെ വഹിച്ചുള്ള ന്യൂ ഷെപ്പേഡിന്റെ കന്നിയാത്ര കൂടിയാണിത്. ബെസോസിന്റെ സഹോദരൻ മാർക് ബെസോസ് (53), ഒലിവർ ഡീമൻ (18), വാലി ഫങ്ക് (82) എന്നിവരാണ് മറ്റു യാത്രികർ. 11 മിനിറ്റാണ് ആകെ സഞ്ചാരസമയം.

 

∙ യാത്ര സുരക്ഷിതമോ?

 

ഇക്കാലത്ത് ഒരു അമേരിക്കന്‍ വിമാനം അപകടത്തില്‍ പെടാനുള്ള സാധ്യത 10 കോടിയിലൊന്നു മുതല്‍ 100 കോടിയിലൊന്നു വരെയാണ്. എന്നാല്‍, ന്യൂ ഷെപ്പേഡ് ബഹിരാകാശ പേടകത്തിന്റെ പരാജയ സാധ്യത 100ല്‍ ഒന്നു മുതല്‍, 1000ല്‍ ഒന്നു വരെയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബഹിരാകാശ വാഹനങ്ങളുടെ സുരക്ഷ എപ്പോഴും വലിയ വെല്ലുവിളിയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബെസോസിന്റെ സ്വന്തം കമ്പനിയായ ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ് ഇന്നു നടത്താന്‍ പോകുന്നത് ആളുകളെയും വഹിച്ചുള്ള കന്നിപ്പറക്കലാണ് എന്നത് ഉദ്വേഗം വര്‍ധിപ്പിക്കുന്നു.

ബ്ലൂ ഒറിജിന്റെ ബഹിരാകാശ വാഹനത്തിന്റെ പരീക്ഷണ വിക്ഷേപണം. ചിത്രം: റോയിട്ടേഴ്സ്
ബ്ലൂ ഒറിജിന്റെ ബഹിരാകാശ വാഹനത്തിന്റെ പരീക്ഷണ വിക്ഷേപണം. ചിത്രം: റോയിട്ടേഴ്സ്

 

ന്യൂ ഷെപ്പേഡ് ഇതിനു മുൻപ് 15 ആളില്ലാ പറക്കലുകള്‍ നടത്തിയിട്ടുണ്ട്. ഒരിക്കല്‍ മാത്രമാണ് ഭാഗികമായ പരാജയം സംഭവിച്ചത്. പരാജയപ്പെട്ട ദൗത്യത്തിലും ക്യാപ്‌സ്യൂള്‍ സുരക്ഷിതമായി ഇറങ്ങിയെങ്കിലും റോക്കറ്റ് ബൂസ്റ്റര്‍ തകര്‍ന്നു. കമ്പനിയുടെ ഇതുവരെയുള്ള ചരിത്രം ആത്മവിശ്വാസം പകരുന്ന ഒന്നാണെന്നു വിലയിരുത്തപ്പെടുന്നു. ബെസോസിന്റെയും കൂട്ടരുടെയും യാത്രയ്ക്കുള്ള മറ്റൊരു അനുകൂല ഘടകം അത് ഭ്രമണപഥത്തിലേക്ക് (orbit) കടക്കുന്നില്ല എന്നതാണ്. താരതമ്യേന സങ്കീര്‍ണമല്ലാത്ത ഒറ്റ എൻജിനാണ് ന്യൂ ഷെപ്പേഡില്‍ ഘടിപ്പിച്ചിരിക്കുന്നത് എന്നതും അനുകൂല ഘടകമാണെന്ന് നാസയുടെ ഇലക്ട്രിക്കല്‍ എൻജിനീയർ ബ്ലെയ്ക് പട്‌നി ലൈവ് സയന്‍സിനോടു പറഞ്ഞു. 

 

ന്യൂ ഷെപ്പേഡിന്റെ എൻജിന്‍ ഏകദേശം 50,000 കിലോഗ്രാം തള്ളലാണ് (thrust) ടേക്ക് ഓഫ് സമയത്ത് നടത്തുന്നത്. നാസയുടെ റോക്കറ്റ് വിക്ഷേപണവുമായി താരതമ്യപ്പെടുത്തിയാല്‍ ഇത് വളരെ കുറവാണ്. നാസയുടെ ബഹിരാകാശ ഷട്ടില്‍ ബൂസ്റ്ററുകള്‍, ലോഞ്ച് പാഡില്‍ വരുത്തുന്ന ത്രസ്റ്റ് 544,000 കിലോഗ്രാം ഒക്കെയാണ്. ബഹിരാകാശ യാത്രകളുടെ പരാജയ സാധ്യത നിര്‍ണയിക്കുന്ന ഘടകങ്ങള്‍ എൻജിന്‍ എത്ര ശക്തമാണ്, എത്ര സങ്കീര്‍ണമാണ്, എത്ര സമയം പറക്കുന്നു തുടങ്ങിയവയാണ്. നാസയുടെ ബഹിരാകാശ ഷട്ടില്‍ എൻജിനുകള്‍ കൂടുതല്‍ സങ്കീര്‍ണമാണ്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ ന്യൂ ഷെപ്പേഡിന്റെ എൻജിൻ അത്ര ശേഷിയുള്ളതല്ല. അമേരിക്കയുടെ ചലഞ്ചര്‍ ദുരന്തത്തിന് (1986) ശേഷം സങ്കീര്‍ണമായ ബഹിരാകാശ യാത്രകളുടെ പരാജയ സാധ്യത 120 ല്‍ 1 ആണെന്നു കണക്കു കൂട്ടിയിരുന്നു. ഇത് വളരെ കൃത്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. പിന്നീട് 30 വര്‍ഷത്തിനിടയില്‍ നടത്തിയ 135 ദൗത്യങ്ങളില്‍ രണ്ടു ദുരന്തങ്ങളാണ് സംഭവിച്ചതെന്ന് സ്‌പേസ്.കോം പറയുന്നു. 

 

jeff-bezos-walli-funk

പേടകത്തിലെ സാങ്കേതിക സംവിധാനങ്ങളിൽ ബഗുകള്‍ (bugs) ഉണ്ടായാല്‍ പോലും പരിഹരിക്കാന്‍ കഴിവുള്ള എൻജിനീയറിങ് ടീമുള്ള യാത്രകളില്‍ പോലും പരാജയ സാധ്യത 1000ത്തില്‍ 1 ആയിരിക്കുമത്രെ. ബെസോസിന്റെ കമ്പനിയുടെ പരിചയസമ്പത്ത് പരിഗണിച്ചാല്‍ കന്നി യാത്രയുടെ പരാജയ സാധ്യത 200ല്‍ 1 ആയിരിക്കുമെന്നും വിദഗ്ധർ പറയുന്നു. അതേസമയം, ന്യൂ ഷെപ്പേഡിന്റെ ക്രൂ ക്യാപ്‌സ്യൂളും എൻജിനും തമ്മില്‍ നല്ല അകലമുള്ളതിനാല്‍ പ്രശ്‌നമുണ്ടായാല്‍ പോലും യാത്രക്കാര്‍ സുരക്ഷിതരായിരിക്കും.

 

∙ യാത്ര വൈകീട്ട് 6.30ന്

 

jeff-bezos-blue-origin

അമേരിക്കന്‍ സമയം ചൊവ്വാഴ്ച രാവിലെ 8 മണിക്കാണ് ന്യൂ ഷെപ്പേഡ് കുതിച്ചുയരുക (ഇന്ത്യന്‍ സമയം വൈകീട്ട് 6.30.). കാലാവസ്ഥയും മറ്റും പരിഗണിച്ച് സമയം മാറ്റുമോ എന്ന കാര്യം പ്രവചിക്കാനാവില്ല. 

 

karmal-line-space

∙ ആരൊക്കെയാണ് യാത്രക്കാര്‍?

 

ജെഫ് ബെസോസിനൊപ്പം അദ്ദേഹത്തിന്റെ സഹോദരന്‍ മാര്‍ക്ക് ബെസോസ്, 18 വയസുകാരന്‍ ഒലിവർ ഡീമൻ, 82 കാരി വാലി ഫങ്ക് എന്നിവരാണ് യാത്ര പോകുന്നത്.

 

∙ ലൈവായി എങ്ങനെ കാണാം?

 

ലോഞ്ചും, തിരിച്ചു വരവും, തുടര്‍ന്ന് നടത്തുന്ന വാര്‍ത്താ സമ്മേളനവും ലൈവായി ബ്രോഡ്കാസ്റ്റ് ചെയ്യുമെന്ന് ബ്ലൂ ഒറിജിന്‍ അറിയിച്ചിട്ടുണ്ട്. ഇതു കാണാന്‍: https://www.blueorigin.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. മൊത്തം 11 മിനിറ്റാണ് ലോഞ്ച് മുതൽ തിരിച്ചു ലാന്‍ഡിങ് വരെ.

 

∙ മറ്റു സവിശേഷതകള്‍

 

സാധാരണ പൗരന്മാരെയും വഹിച്ചുകൊണ്ട് ബഹിരാകാശത്തേക്കുള്ള ലോകത്തെ ആദ്യത്തെ പൈലറ്റില്ലാ പറക്കലായിരിക്കും ഇത്. യാത്രക്കാര്‍ക്കോ, ന്യൂ ഷെപ്പേഡിനുള്ളില്‍ നിന്നോ ക്യാപ്‌സ്യൂളിനെ ഒരു തരത്തിലും നിയന്ത്രിക്കാനാവില്ല.

 

∙ ഷെപ്പേഡ് എന്ന പേരിനു പിന്നില്‍

 

അമേരിക്കയുടെ മെര്‍ക്കുറി പ്രോഗ്രാമിന്റെ ഭാഗമായി 1961ല്‍ ആദ്യമായി സബ്ഓര്‍ബിറ്റല്‍ പറക്കല്‍ നടത്തിയ അലന്‍ ഷെപ്പേഡിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.

 

∙ ഓര്‍ബിറ്റിലേക്കില്ല

 

നേരത്തെ ബഹിരാകാശത്തു പറന്ന വെര്‍ജിന്‍ ഗലാക്റ്റിക്കിന്റെ കാര്യത്തിലെന്ന പോലെ ന്യൂ ഷെപ്പേഡും ഓര്‍ബിറ്റിലേക്കു കടക്കില്ല. ഗലാക്റ്റിക് 86 കിലോമീറ്റര്‍ ഉയരത്തിലാണ് പറന്നതെങ്കില്‍ ന്യൂ ഷെപ്പേഡ് 100 കിലോമീറ്റര്‍ ഉയരെ എത്തും. 

 

കടപ്പാട്: ലൈവ്‌സയന്‍സ്, റോയിട്ടേഴ്‌സ്

 

English Summary: Jeff Bezos is going to space for 11 minutes. Here’s how risky that is

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com