ADVERTISEMENT

ഇതുവരെയുള്ള ശാസ്ത്ര സാങ്കേതികമേഖലയിലെ ഏറ്റവും തിളക്കമാർന്ന അധ്യായമാണ് മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയത്. കിലോമീറ്ററുകൾക്കിപ്പുറം ഭൂമിയിലിരുന്ന് ചന്ദ്രനെ നോക്കിയും അതിന്റെ മനോഹാരിത ആസ്വദിച്ചും കവിതകളും കഥകളുമെഴുതിയ മനുഷ്യൻ അക്കാലത്ത് സ്വപ്നേവി വിചാരിച്ചു കാണില്ല ഒരു നാൾ ചന്ദ്രനിൽ തന്റെ കാൽസ്പർശമുണ്ടാകുമെന്ന്. എന്നാൽ 1969ൽ അമേരിക്ക അതു സാധിച്ചു. നീൽ ആംസ്ട്രോങ്, എഡ്വി‍ൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നീ യാത്രികർ സാറ്റേൺ ഫൈവ് എന്ന റോക്കറ്റിലേറി ചന്ദ്രനിലേക്കു കുതിച്ചു. ആംസ്ട്രോങ്ങും ആൽഡ്രിനും ചന്ദ്രനിലേക്കുള്ള ഇറക്കത്തിൽ പങ്കാളികളായി. ഒടുവിൽ ചന്ദ്രോപരിതലത്തിലെ മണ്ണിൽ കാലെടുത്തു വച്ച് ആംസ്ട്രോങ് ആദ്യമായി പറഞ്ഞു... മനുഷ്യന് ഒരു ചെറിയ കാൽവയ്പ്, മനുഷ്യരാശിക്ക് ഒരു വമ്പൻ കുതിച്ചുചാട്ടം.

 

പിന്നീട് ഒട്ടേറെ യാത്രികർ വിവിധ അപ്പോളോ ദൗത്യങ്ങളിലായി ചന്ദ്രനിലെത്തി. അവിടെ ഗോൾഫ് കളിച്ചവർ പോലുമുണ്ട്. എന്നാലും ചന്ദ്രയാത്ര ഒരു വലിയ ദുരൂഹതയായി ഒരു വിഭാഗം ആളുകളിൽ നിലനിന്നു. ദുരൂഹതാ സിദ്ധാന്തങ്ങളുടെ രാജാവെന്ന് ചന്ദ്രയാത്ര വ്യാജമാണെന്നുള്ള തിയറികളെ വിശേഷിപ്പിക്കാം. അവർക്ക് അവരുടേതായ ന്യായങ്ങളുണ്ടായിരുന്നു, വാദമുഖങ്ങളും. 

 

∙ അതിർത്തി വിട്ട ശീതയുദ്ധം

 

രണ്ടാം ലോകയുദ്ധ ശേഷം യുഎസും സോവിയറ്റ് റഷ്യയും തമ്മിൽ ഉടലെടുത്ത വമ്പൻ ശീതയുദ്ധമാണ് ചന്ദ്രയാത്രയുടെ പിറവിക്കുള്ള പ്രധാന കാരണമായി മാറിയത്. എവിടെയും ഒന്നാംസ്ഥാനത്തെത്തണമെന്ന് ആഗ്രഹിച്ച ഈ ലോകശക്തികൾ തമ്മിലുള്ള പോരാട്ടം ബഹിരാകാശത്തേക്കും നീണ്ടു. ആദ്യമായി മനുഷ്യനെ ബഹിരാകാശത്തെത്തിക്കുക എന്ന അമേരിക്കയുടെ ലക്ഷ്യം വോസ്റ്റോക് 1 ദൗത്യത്തിൽ യൂറി ഗഗാറിനെ അയയ്ക്കുക വഴി സോവിയറ്റ് റഷ്യ തച്ചുടച്ചു. 

 

പകരം ശക്തമായ മറുപടി യുഎസിനു നൽകണമായിരുന്നു. അതിനു ചന്ദ്രയാത്ര എന്ന ബൃഹദ്പദ്ധതിക്ക് കഴിയുമെന്നു യുഎസ് തിരിച്ചറിഞ്ഞു. ശീതയുദ്ധത്തിന്റെ മുൻനിര പോരാളിയായ ജോൺ എഫ്. കെന്നഡി തന്നെയായിരുന്നു അമേരിക്കൻ പ്രസിഡന്റ്. ചന്ദ്രയാത്രയ്ക്കുള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ അദ്ദേഹം നാസയ്ക്ക് എല്ലാവിധ സഹായങ്ങളും നിർദേശങ്ങളും നൽകി. ഒടുവിൽ ആ ചരിത്രലക്ഷ്യത്തിനു സാക്ഷാത്കാരമായി.

 

∙ തീരാത്ത സംശയങ്ങൾ

moon-walk

 

എന്നാൽ വർഷങ്ങൾ കഴിഞ്ഞതോടെ ചിലരുടെ മനസ്സുകളിൽ സംശയം നുരപൊന്തിത്തുടങ്ങി. സോവിയറ്റ് റഷ്യയ്ക്കു മേൽ മേൽക്കൈ നേടാനായി അമേരിക്കൻ സർക്കാർ നടത്തിയ നാടകമാണിതെന്നായിരുന്നു അവരുടെ വിശ്വാസം. ചന്ദ്രനെന്ന രീതിയിൽ ടെക്സസിലെ ഏതോ മരുഭൂമിയിലാണു ചിത്രങ്ങൾ ഷൂട്ട് ചെയ്തതെന്നും പ്രചരണമുണ്ടായി.

ആയിടയ്ക്ക് വിയറ്റ്നാം യുദ്ധത്തിലെ അമേരിക്കയുടെ വിവാദ ഇടപെടലുകളിലേക്കു വെളിച്ചം വീശി പുറത്തിറങ്ങിയ പെന്റഗൺ പേപ്പേഴ്സും പ്രസിഡന്റ് നിക്സന്റെ പുറത്താകലിനു വഴി വച്ച വാട്ടർഗേറ്റ് വിവാദവുമൊക്കെ ചൂടുപിടിച്ച കാലമാണ്. സർക്കാരിലുള്ള പൗരജനങ്ങളുടെ വിശ്വാസത്തിൽ വലിയ തോതിൽ ഇടിവു സംഭവിച്ചിരുന്നു. ചന്ദ്രയാത്ര വ്യാജമാണെന്നും കെട്ടിച്ചമയ്ക്കപ്പെട്ടതാണെന്നുമുള്ള വാദങ്ങൾക്ക് ശക്തി പകരാൻ ഈ വിവാദങ്ങൾ സഹായകമായി.

ദുരൂഹതാ സിദ്ധാന്തക്കാർ ചില വാദങ്ങൾ മുന്നോട്ടുവച്ചു. ഇതിനെല്ലാമുള്ള ഉത്തരങ്ങൾ ശാസ്ത്രസമൂഹം നൽകിയെങ്കിലും ഇവയിൽ പല ചോദ്യങ്ങളും ശക്തമായി ഈ അരനൂറ്റാണ്ടിനു ശേഷവും തുടരുന്നെന്നുള്ളത് ദുരൂഹതാ സിദ്ധാന്തങ്ങൾ ജനമനസ്സുകളിൽ എത്രത്തോളം സ്വാധീനം ചെലുത്താമെന്നുള്ളതിനു തെളിവാണ്.

 

∙ പതാക മുതൽ നക്ഷത്രങ്ങൾ വരെ

 

ഏറ്റവും പ്രമുഖമായ വാദം ചന്ദ്രനിൽ യാത്രികർ നാട്ടിയ പതാകയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. അന്തരീക്ഷം വളരെ നേർത്ത, വായുചലനമില്ലാത്ത ചന്ദ്രനിൽ ചിത്രത്തിൽ കാണുന്നതു പോലെ പതാക പാറിപ്പറക്കുന്നതെങ്ങനെയായിരുന്നു ചോദ്യം. ഇതിനുള്ള ഉത്തരം പലതവണ വിദഗ്ധർ വിശദീകരിച്ചു നൽകിയിട്ടുണ്ട്. പ്രത്യേക തരം പതാകയാണ് യാത്രികർ ഉപയോഗിച്ചതെന്നായിരുന്നു ഈ ഉത്തരം. സാധാരണ പതാക ചന്ദ്രനിൽ നാട്ടിയാൽ കാറ്റില്ലാത്തപ്പോൾ ഭൂമിയിൽ കാണുന്നതു പോലെ താഴേക്കു തൂങ്ങിക്കിടക്കും. ചിത്രങ്ങളെടുക്കുന്നതിനായി പ്രത്യേക തരത്തിൽ പതാക നിർമിച്ചെന്നാണ് നാസ പറയുന്നത്.

 

മറ്റൊരു പ്രധാനവാദം ചൂണ്ടിക്കാണിക്കപ്പെടുന്നത് ചിത്രങ്ങളിൽ നക്ഷത്രങ്ങളില്ലെന്നതാണ്. നക്ഷത്രങ്ങളുള്ള ചിത്രങ്ങളെടുത്താൽ ഫോട്ടോയിലെ വ്യത്യാസം മനസ്സിലാക്കി ആളുകൾ കള്ളി വെളിച്ചത്താക്കുമെന്നതിനാൽ ഇവ മായ്ച്ചുകളഞ്ഞ് നാസ പുറത്തിറക്കിയതാണെന്ന രീതിയിലുള്ള ആരോപണങ്ങളുണ്ടായി. എന്നാൽ ചന്ദ്രനിൽ നിന്നു പ്രതിഫലിക്കുന്ന സൂര്യപ്രകാശത്തിന്റെ പ്രഭ മൂലം യാത്രികരുടെ ക്യാമറയിൽ നക്ഷത്രങ്ങൾ പതിയാത്തതാണെന്നതായിരുന്നു വിശദീകരണം.

 

ചന്ദ്രനിൽ നിന്നുള്ള ചിത്രങ്ങളിൽ നിഴൽവീണു കിടക്കുന്നിടങ്ങളിലും വസ്തുക്കളെ കാണാൻ സാധിക്കും. സൂര്യൻ മാത്രമാണ് ചന്ദ്രനിലെ പ്രകാശശ്രോതസ്സ് എന്നാണു വയ്പ്. അപ്പോൾ പിന്നെ സൂര്യപ്രകാശം വീഴാത്ത നിഴലിടങ്ങളിലെ വസ്തുക്കൾ എങ്ങനെ ദൃശ്യമാകും ? സൂര്യപ്രകാശം ചന്ദ്രോപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്നുണ്ടെന്നും ഇതാണ് പ്രതിഭാസത്തിനു വഴിവയ്ക്കുന്നതെന്നും വിദഗ്ധർ പറയുന്നു.

 

എഡ്വിൻ ആൽഡ്രിന്റെ ഒരു ചിത്രം ആംസ്ട്രോങ് എടുത്തത് നാസയ്ക്കു ലഭിച്ചിരുന്നു.ഇതിൽ ആൽഡ്രിൻ ധരിച്ച ഹെൽമറ്റിൽ ആംസ്ട്രോങ്ങിന്റെ പ്രതിഫലനം കാണാം, എന്നാൽ കൈയിൽ ക്യാമറയില്ല.പിന്നെങ്ങനെ ചിത്രം വരും, ഇതു തട്ടിപ്പല്ലേ? ഈ ചോദ്യത്തിനുള്ള ഉത്തരം നാസ തന്നിട്ടുണ്ട്. കൈയിലല്ല, മറിച്ച് ആംസ്ട്രോങ്ങിന്റെ സ്പേസ്‌സ്യൂട്ടിൽ ഘടിപ്പിച്ച നിലയിലായിരുന്നു ക്യാമറ.

 

ഇത്തരത്തിലുള്ള ഒട്ടേറെ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും വിഷയത്തെക്കുറിച്ച് ഉയർന്നിട്ടുണ്ട്. ദുരൂഹതാ സിദ്ധാന്തക്കാർ ചോദിക്കുന്ന മറ്റൊരു പ്രധാന ചോദ്യം എന്തു കൊണ്ടാണ് അമേരിക്ക ചന്ദ്രയാത്രാ പദ്ധതികൾ അവസാനിപ്പിച്ചതെന്നാണ്. ശരിയാണ്, 1972ൽ യുഎസ് തങ്ങളുടെ ചന്ദ്രയാത്രാ പദ്ധതികളെല്ലാം നിർത്തിയിരുന്നു.എന്നാൽ ഇതിനു പല കാരണങ്ങളുണ്ട്. ഒന്നാമത്തേത് വലിയ ബജറ്റും ജനങ്ങൾക്കിടയിൽ ചന്ദ്രയാത്രയെക്കുറിച്ചുള്ള അഭിപ്രായം നഷ്ടപ്പെട്ടതുമാണ്. ശതകോടിക്കണക്കിനു തുക ചെലവഴിച്ച് എന്തിനാണ് ഇടയ്ക്കിടയ്ക്ക് മനുഷ്യരെ ചന്ദ്രനിലേക്ക് അയയ്ക്കുന്നതെന്നുള്ള ചോദ്യം ഇടയ്ക്കിടെ ഉയരുന്നുണ്ടായിരുന്നു. സോവിയറ്റ് റഷ്യയുമായുള്ള ശീതസമരത്തിൽ ബഹിരാകാശരംഗത്ത് ചന്ദ്രയാത്രയിലൂടെ തങ്ങൾ അനശ്വരമായ ആധിപത്യം നേടിയെന്നുള്ളതും യുഎസിന്റെ തുടർന്നുള്ള ഉത്സാഹം കുറച്ചു. അപ്പോഴേക്കും ഇരു രാജ്യങ്ങൾക്കും വിയറ്റ്നാം യുദ്ധം പോലുള്ള പുതിയ കളങ്ങളിൽ ഇടപെടേണ്ടിയും വന്നു.

 

എൻജിനീയർമാർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ മറ്റു തൊലിലാളികൾ എന്നിവരുൾപ്പെടെ നാലുലക്ഷത്തോളം ജീവനക്കാരുടെ സഹായം അപ്പോളോ ദൗത്യങ്ങളൊരുക്കാൻ യുഎസിനു വേണ്ടിവന്നിരുന്നു. വ്യാജമായ ഒരു കാര്യത്തിനായാണെങ്കിൽ ഇവരുടെ ആരുടെയെങ്കിലും ഭാഗത്ത് നിന്നു സത്യം വെളിപ്പെട്ടേനെ. ഒരു വലിയ കള്ളം ഒരുപാടുപേർക്ക് ഒരുപാടുകാലം മൂടിവയ്ക്കാനാകില്ലല്ലോ. എന്നാൽ അങ്ങനെയുണ്ടായില്ല. ഫോട്ടോഗ്രാഫുകൾ കൂടാതെ ചന്ദ്രനിൽ നിന്നുള്ള കല്ലുകളും മണ്ണും മറ്റു സാംപിളുകളും യാത്രികർ കൊണ്ടുവന്നിട്ടുണ്ട്. ഇതും തെളിവാണ്.

ഇനിയും സംശയമുള്ളവർക്കു ചന്ദ്രനിൽ പോയി നോക്കാമെന്നു വിദഗ്ധർ പറയുന്നു. അവിടെ ഇന്നും മായാതെ കിടപ്പുണ്ട്, പഴയ സഞ്ചാരികളുടെ കാൽപ്പാടുകൾ...

 

English Summary: A Brief History of Conspiracy Theories About the Moon Landing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com