sections
MORE

'ഉദ്വേഗത്തിന്റെ 10 മിനിറ്റുകൾ’, ബഹിരാകാശവും കീഴടക്കി ബെസോസും സംഘവും

blue-origin-launch-
SHARE

ശതകോടീശ്വരനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസിന്റെ ആദ്യ ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കി. ചൊവ്വാഴ്ച വൈകീട്ട് 6.43 നായിരുന്നു (ഇന്ത്യൻ സമയം) യാത്ര. ബെസോസിന്റെ തന്നെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ് എന്ന ബഹിരാകാശ വാഹനത്തിൽ യുഎസിലെ വെസ്റ്റ് ടെക്സസിലെ സ്പേസ്പോർട്ടിൽ നിന്നായിരുന്നു വിക്ഷേപണം. ആളുകളെ വഹിച്ചുള്ള ന്യൂ ഷെപ്പേഡിന്റെ കന്നിയാത്ര കൂടിയാണിത്. ബെസോസിനെ കൂടാതെ സഹോദരൻ മാർക് ബെസോസ് (53), ഒലിവർ ഡീമൻ (18), വാലി ഫങ്ക് (82) എന്നിവരായിരുന്നു മറ്റു യാത്രികർ. 10 മിനിറ്റ് 21 സെക്കൻഡായിരുന്നു ആകെ സഞ്ചാരസമയം.

സാധാരണ പൗരന്മാരെയും വഹിച്ചുകൊണ്ട് ബഹിരാകാശത്തേക്കുള്ള ലോകത്തെ ആദ്യത്തെ പൈലറ്റില്ലാ പറക്കലായിരുന്നു ഇത്. താഴെ നിന്നാണ് ന്യൂ ഷെപ്പേഡിനെ നിയന്ത്രിച്ചിരുന്നത്. ബ്ലൂ ഒറിജിന്റെ ആദ്യ ബഹിരാകാശ യാത്ര വൻ വിജയമായിരുന്നു എന്നാണ് മിക്കവരും വിലയിരുത്തുന്നത്. അമേരിക്കയുടെ മെര്‍ക്കുറി പ്രോഗ്രാമിന്റെ ഭാഗമായി 1961ല്‍ ആദ്യമായി സബ്ഓര്‍ബിറ്റല്‍ പറക്കല്‍ നടത്തിയ അലന്‍ ഷെപ്പേഡിന്റെ പേരാണ് പേടകത്തിനു നല്‍കിയത്. നേരത്തെ ബഹിരാകാശ യാത്ര നടത്തിയ വെര്‍ജിന്‍ ഗലാക്റ്റിക്കിന്റെ കാര്യത്തിലെന്ന പോലെ ന്യൂ ഷെപ്പേഡും ഓര്‍ബിറ്റിലേക്കു കടന്നില്ല. ഗലാക്റ്റിക് 86 കിലോമീറ്റര്‍ ഉയരത്തിലാണ് പറന്നതെങ്കില്‍ ന്യൂ ഷെപ്പേഡ് 100 കിലോമീറ്റര്‍ ഉയരത്തിലെത്തി. 

സഞ്ചാരികള്‍ക്കായി പ്രത്യേകം തയാറാക്കിയ പേടകമാണ് ന്യൂ ഷെപ്പേഡ് ക്യാപ്‌സ്യൂൾ. ഇതിൽ ആറ് പേര്‍ക്ക് സഞ്ചരിക്കാൻ സാധിക്കുന്നതാണ്. ഭൂമിക്ക് മുകളില്‍ 3.40 ലക്ഷം അടി വരെ ഉയരത്തില്‍ പോയി ഗുരുത്വമില്ലാത്ത അവസ്ഥയും ബഹിരാകാശത്തെ കാഴ്ചകളും കണ്ട ശേഷമാണ് ബെസോസും സംഘവും മടങ്ങിയത്.

2000ത്തിലാണ് ബഹിരാകാശ ടൂറിസം എന്ന ആശയത്തില്‍ ജെഫ് ബെസോസ് ബ്ലൂ ഒറിജിന്‍ സ്ഥാപിക്കുന്നത്. 2015 മുതല്‍ വെസ്റ്റ് ടെക്‌സാസിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും ബ്ലൂ ഒറിജിന്‍ റോക്കറ്റുകള്‍ വിക്ഷേപിക്കുന്നുണ്ട്. വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്ന ന്യൂ ഷെപ്പേഡ് ക്യാപ്‌സ്യൂള്‍ ഇതോടെ 16 പരീക്ഷണ വിക്ഷേപണങ്ങളും തിരിച്ചിറക്കവും നടത്തി.

60 അടി ഉയരമുള്ള റോക്കറ്റില്‍ സഞ്ചാരികളുടെ ക്യാപ്‌സ്യൂള്‍ ഏറ്റവും മുകളിലെ ഭാഗത്താണ് സജ്ജീകരിച്ചിരിക്കുന്നത്. 2.4 അടി വീതിയും 3.6 അടി നീളവുമുള്ള ചില്ലു ജനാലകള്‍ ഓരോ യാത്രികന്റേയും ഭാഗത്തുണ്ട്. ക്യാപ്‌സ്യൂളിന്റെ മൂന്നിലൊന്ന് ഭാഗമുള്ള ജനാലകളിലൂടെ പരമാവധി ദൃശ്യങ്ങള്‍ ഓരോ യാത്രികനും ആസ്വദിക്കാന്‍ സാധിച്ചു. ഹെലിക്കോപ്റ്ററുകളിലെ ഇരിപ്പിടങ്ങള്‍ക്ക് സമാനമായാണ് ബഹിരാകാശ ക്യാപ്‌സ്യൂളിലെ ഇരിപ്പിടങ്ങളും സജ്ജീകരിച്ചിരിക്കുന്നത്. ഇത് മുകളിലേക്ക് പോകുമ്പോഴും തിരിച്ചിറങ്ങുമ്പോഴുമുള്ള അധിക സമ്മര്‍ദത്തെ കുറക്കുന്നതാണ്. ഏതാണ്ട് 70 ഡിഗ്രി ചരിവിലാണ് ഓരോ ഇരിപ്പിടങ്ങളും സജ്ജീകരിച്ചിരിക്കുന്നത്.

ക്യാപ്‌സ്യൂളിലെ ഓരോ ഭാഗത്തും ക്യാമറകളുണ്ട്. അകത്തും പുറത്തുമുള്ള ദൃശ്യങ്ങളെല്ലാം ഇവ പകർത്തിയിട്ടുണ്ട്. എന്നാൽ വിക്ഷേപണ സമയത്ത് അകത്ത് നിന്നുള്ള തൽസമയ ദൃശ്യങ്ങൾ ലഭ്യമായിരുന്നില്ല. ബഹിരാകാശ വിനോദസഞ്ചാരികളുടെ ആ അവിസ്മരണീയ യാത്രയുടെ ദൃശ്യങ്ങള്‍ പിന്നീട് അവര്‍ക്ക് തന്നെ കൈമാറുമെന്ന് ബ്ലൂ ഒറിജിൻ അറിയിച്ചിരുന്നു.

English Summary: New Shepard First Human Flight

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA