ADVERTISEMENT

അമേരിക്കയിലെ എന്നല്ല ലോകത്തിലെ തന്നെ എണ്ണപ്പെട്ട സാങ്കേതിക സർവകലാശാലയായ മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) 1972ൽ ഒരു പഠനത്തിലൂടെ പ്രവചനം നടത്തി– 21–ാം നൂറ്റാണ്ടിന്റെ മധ്യം ആവുമ്പോഴേക്കും ലോകമാകെ സാമൂഹിക തകർച്ച ഉണ്ടാവും. കുടുംബവും സമൂഹവും സാമൂഹിക സ്ഥാപനങ്ങളും തകർന്നു കൂട്ടക്കുഴപ്പമാവും. സാമ്പത്തിക പുരോഗതി നിലയ്ക്കും, പരിസ്ഥിതി നാശം വിതയ്ക്കും...!!!

 

കുറേ സാങ്കേതികവിദഗ്ധരുടെ വെറും പ്രവചനം എന്നു കരുതി തഴയാൻ കഴിയില്ലെങ്കിലും മറവിയിൽ മുങ്ങിയ ഈ പഠന റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ ഇപ്പോൾ പ്രസക്തമാവുന്നു. ഇക്കൊല്ലം കെപിഎംജി നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളുണ്ട്. 1972ൽ അരനൂറ്റാണ്ട് മുൻപ് നടത്തിയ പ്രവചനങ്ങൾക്കനുസരിച്ചാണു ലോകത്തിന്റെ ഇതുവരെയുള്ള പോക്ക്. 2021ലും അതിലെ നിരീക്ഷണങ്ങൾ കൃത്യമാണ്. ലോകം സാമൂഹികമായി തകർച്ചയിലേക്കുള്ള പ്രയാണം കൃത്യമായി തുടരുന്നു...!!!

 

എംഐടി വിദഗ്ധരുടെ പഠനം ശരിയായോ തെറ്റിയോ എന്നു തെളിയിക്കുന്നതിനുള്ള വിശകലനത്തിന് നേതൃത്വം കൊടുത്തത് കെപിഎംജിയിലെ സസ്റ്റെയ്നബിലിറ്റി ആൻഡ് ഡൈനാമിക് സിസ്റ്റം അനാലിസിസ് വിഭാഗം മേധാവിയായ ഗയ ഹെറിംഗ്ടണാണ്. നിരന്തരം മാറ്റത്തിനു വിധേയമാകുന്ന 10 പ്രധാന വിഷയങ്ങളിലെ (വേരിയബിൾസ്) മാറ്റങ്ങളാണ് വിശകലനം ചെയ്തത്. ജനസംഖ്യ, വ്യവസായ ഉത്പാദനം, മലിനീകരണം തുടങ്ങിയവ. എല്ലാം പതിവുപോലെ നടന്നോളുമെന്ന നമ്മുടെ മനോഭാവത്തിനു വൻ തിരിച്ചടി നേരിടാൻ പോകുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.

 

എംഐടിയുടെ പഠനത്തിൽ 21–ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സമൂഹനാശം എന്നാണു പറഞ്ഞിരുന്നതെങ്കിൽ കെപിഎംജിയുടെ പഠനത്തിൽ അതു 10 വർഷം മുൻപേ തുടങ്ങും. 2040ൽ. സാമൂഹിക തകർച്ച എന്നാ‍ൽ ഉദ്ദേശിക്കുന്നത് ജീവിത നിലവാര തകർച്ച, ഭക്ഷ്യോൽപ്പാദനും വ്യവസായ ഉത്പാദനത്തിലും തകർച്ച എന്നിവ മാത്രമല്ല. മനുഷ്യന്റെ ജനസംഖ്യയിലും കുറവു വരും. കോവിഡ് 19 മഹാമാരി അതിന്റെ തുടക്കമാണോ? ആരും പ്രതീക്ഷിച്ചിരുന്നില്ലല്ലോ ഇങ്ങനെയൊരു മഹാമാരിയും അതുവഴിയുള്ള സാമ്പത്തിക തകർച്ചയും ലക്ഷങ്ങളുടെ മരണവും?

 

എംഐടി 1900 മുതൽ 2060 വരെയുള്ള കാലം പഠനത്തിനു വിധേയമാക്കിയിരുന്നു. വേൾഡ് വൺ എന്ന കംപ്യൂട്ടർ പ്രോഗ്രാം അതിനായി ഉപയോഗിച്ചു. എംഐടി പഠനത്തിലുൾപ്പെട്ട ജെറി ഫോസ്റ്റർ അതേക്കുറിച്ച് ഒരു വിഡിയോയും തയാറാക്കിയിരുന്നു. അതിലെ ഗ്രാഫുകളെല്ലാം 1972നു ശേഷം മുകളിലേക്കാണ്. പക്ഷേ 2000 കഴിഞ്ഞ് ഏതാനും വർഷമെത്തുമ്പോൾ മുകളിലേക്കു കയറുന്ന ഗ്രാഫ് താഴേക്കാവുന്നു. തകർച്ചയാണതു സൂചിപ്പിക്കുന്നത്. ജനസംഖ്യയും വ്യവസായ ഉത്പാദനവുമെല്ലാം അതിലുൾപ്പെടും. ജീവിത നിലവാരം 2040 വരെ ഉയർന്നിട്ട് പിന്നെ താഴേക്ക് പോകുന്നു.

 

ഞെട്ടിപ്പിക്കുന്ന മറ്റൊരു കണ്ടെത്തൽ അതിലുണ്ട്. മാനവരാശിയുടെ തകർച്ചയുടെ തുടക്കവർഷം ഏതാണെന്നാ? 2020!!! അതെ! മഹാമാരി തുടങ്ങിയ വർഷം. ജനസംഖ്യ അമിതമാവും, ജനങ്ങൾ പരസ്പരം കൊല്ലും, ഇന്നു കാണുന്ന സിവിൽ സമൂഹം 2040–2050ൽ ഇല്ലാതാവും.

 

ഹെറിങ്ടൺ ഇതേ മോഡൽ പഠനത്തിന് ഉപയോഗിച്ചു. അതിൽ ജനസംഖ്യാവളർച്ചാ നിരക്കും, മരണനിരക്കും സേവനങ്ങളും ഊർജസ്രോതസുകളും പരിസ്ഥിതി നാശവുമെല്ലാം ഉൾപ്പെടുത്തി. പഠന റിപ്പോർട്ട് യേൽ സർവകലാശാലയുടെ ഇൻഡസ്ട്രിയൽ ഇക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ചു. പക്ഷേ കെപിഎംജിയുടെ പഠനത്തിൽ ശുഭാപ്തി നൽകുന്ന ഒരു കണ്ടെത്തലുമുണ്ട്–സാങ്കേതിക പുരോഗതിയും പൊതുസേവനങ്ങളുടെ വർധനയും സമ്പൂർണ തകർച്ചയിൽ മാറ്റം വരുത്താം. അതിന് മനുഷ്യരാശി കൂട്ടായി ശ്രമിക്കണം. എല്ലാം മുറപോലെ എന്നു കരുതി അലസമായിരുന്നാൽ സർവനാശം!!

 

English Summary: MIT Predicted Society's Collapse By 2040, And Humanity Is Right On Track

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com