ADVERTISEMENT

വാക്സീനുകളും മരുന്നുകളുമൊക്കെ മനുഷ്യരിൽ പരീക്ഷിക്കുന്നതിനു മുൻപ് കുരങ്ങുകൾക്ക് നൽകി പരിശോധിച്ച്  സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പു വരുത്തുന്നതാണ് ജൈവവൈദ്യശാസ്ത്ര ഗവേഷണങ്ങളുടെ അംഗീകൃതരീതി. കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനു ശേഷം നിരവധി വാക്സീനുകളും ചികിൽസാ രീതികളുമൊക്കെ പരീക്ഷിക്കപ്പെടാൻ തുടങ്ങിയതോടെ പരീക്ഷണത്തിനുപയോഗിക്കുന്ന കുരങ്ങുകളുടെ ലഭ്യതയിൽ വലിയ കുറവുണ്ടായിരുന്നു. ഇപ്പോഴിതാ പരീക്ഷണത്തിനുപയോഗിക്കുന്ന കുരങ്ങുകളെ പരിപാലിച്ച് പ്രജനനം നടത്തുന്ന ഗവേഷണസ്ഥാപനക്കൾക്കുള്ള ധനസഹായം യുഎസ് സർക്കാർ വലിയ തോതിൽ വർധിപ്പിച്ചിരിക്കുന്നു. കോവിഡ്- 19 മഹാമാരിയുടെ സമയത്ത് സംഭവിച്ച കുരങ്ങുകളുടെ കുറവ് നികത്താൻ മാത്രമല്ല ഈ പ്രത്യേക സഹായമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പറയുന്നത്. അടുത്ത മൂന്ന് വർഷത്തിനുളളിലെങ്ങാനും മറ്റൊരു വൈറസ് മഹാമാരി വന്നാലോയെന്ന സാധ്യത പരിഗണിച്ച് ഒരുങ്ങിയിരിക്കാനാണത്രെ പുതിയ ഗവേഷണസഹായം അനുവദിച്ചിരിക്കുന്നത്.

∙ റീസസ് കുരങ്ങുകൾ പ്രധാനം

 

മനുഷ്യരിൽ പരീക്ഷണങ്ങൾ തുടങ്ങുന്നതിനു മുൻപും, പരീക്ഷണങ്ങൾ മനുഷ്യരിൽ സാധ്യമല്ലാത്ത സന്ദർഭങ്ങളിലും ജനിതകമായും ശരീരശാസ്ത്രപരമായും മനുഷ്യരോട് സമാനത പുലർത്തുന്ന ആൾക്കുരങ്ങുകളെയാണ് (primates) പ്രഥമ പരിശോധനകൾക്കായി വൈദ്യശാസ്ത്ര ഗവേഷണത്തിൽ ഉപയോഗിക്കുന്നത്. സാംക്രമികരോഗങ്ങൾ ഉൾപ്പടെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങളേക്കുറിച്ച് പഠിക്കാനായി കുരങ്ങുകളെ ആവശ്യമുണ്ട്. റീസസ് കുരങ്ങുകളെയാണ് ( Macaca mulatta ) ഏറ്റവും സാധാരണയായി ഈ ആവശ്യത്തിനായി ഉപയോഗിക്കുന്നത്. യുഎസ് സർക്കാരിന്റെ കണക്കനുസരിച്ച് 2019 -ൽ അമേരിക്കയിൽ 68,257 ആൾക്കുരങ്ങുകളെ ഗവേഷണങ്ങൾക്കായി ഉപയോഗിച്ചിരുന്നു. പക്ഷേ കോവിഡ് മഹാമാരി വന്നെത്തിയതോടെ പരീക്ഷണമൃഗങ്ങളുടെ ആവശ്യം കുതിച്ചുയരുകയും ലഭ്യതയിൽ വലിയ കുറവുണ്ടാവുകയും ചെയ്തു. പ്രൈമറ്റുകളിലെ ഗവേഷണം മെച്ചപ്പെടുത്തന്നതിന് പുതിയ നിക്ഷേപം സഹായിക്കുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. പക്ഷേ ഇപ്പോൾ നിക്ഷേപിക്കുന്ന പണത്തിന്റെ മൂല്യം കുരങ്ങുകളുടെ എണ്ണത്തിൽ പ്രതിഫലിക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരുമെന്ന് മാത്രം. സ്വിച്ചിട്ടതു പോലെ കുരങ്ങുകൾ പെറ്റുപെരുകില്ലായെന്നതിനാൽ കാത്തിരിക്കണമെന്നാണ് ഗവേഷകർ പറയുന്നത്. യുഎസ് നാഷണൽ പ്രൈമറ്റ് റിസർച്ച് സെന്ററുകളിൽ കുരങ്ങുകൾക്കായി താമസസൗകര്യവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊരുക്കാനായി ഏകദേശം 29 ദശലക്ഷം യുഎസ് ഡോളറാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് കഴിഞ്ഞ രണ്ടു വർഷം കൊണ്ട് ചെലവഴിച്ചത്. ഈ ഒക്ടോബറോടെ 7.5 ദശലക്ഷം ഡോളർ കൂടി ഇൻസ്റ്റിറ്റ്യൂട്ട് ചെലവാക്കിയേക്കുമെന്നാണ് കരുതുന്നത്. മഹാമാരിയുടെ പ്രാധാന്യം കണക്കിലെടുത്ത ബൈഡൻ സർക്കാരാകട്ടെ ഒരു പടി കൂടി മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുന്നു. പ്രൈമറ്റ് റിസർച്ച് സെന്ററുകളുടെ 2022 വർഷത്തേക്കുള്ള ധനവിഹിതത്തിൽ 27 ശതമാനം  വർധനവ് വരുത്താനുള്ള നിർദേശമാണ് അമേരിക്കൻ കോൺഗ്രസിനു മുൻപിൽ വച്ചിട്ടുള്ളത്. അനുമതി ലഭിച്ചാൽ ഏകദേശം 30 ദശലക്ഷം ഡോളർ കൂടി പ്രൈമറ്റ് സെന്ററുകൾക്ക് ലഭിക്കും. അടുത്ത മൂന്നുവർഷത്തിനുള്ളിൽ മറ്റൊരു വൈറസ് മഹാമാരി വന്നാൽ തടയിടാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള നിക്ഷേപമാണിതെന്നാണ് ഗവേഷണ മേധാവികൾ കരുതുന്നത്.

 

∙ നേരിടുന്നത് കനത്ത ക്ഷാമം

 

ജീവ, വൈദ്യശാസ്ത്ര മേഖലകളിലെ ഗവേഷണത്തിനായി ഉപയോഗിക്കുന്ന ആൾക്കുരങ്ങുകൾക്കായുള്ള ആവശ്യകത കഴിഞ്ഞ അഞ്ചു വർഷമായി അമേരിക്കയിൽ കൂടി വരികയായിരുന്നു. 2016-ൽ എച്ച് ഐ വി | എയ്ഡ്സ് രോഗഗവേഷണത്തിനായി നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹെൽത്ത് വൻതുക അനുവദിച്ചതോടെയാണ് പരീക്ഷണത്തിനാവശ്യമായ റീസസ് കുരങ്ങുകൾക്കുള്ള ഡിമാൻഡിൽ മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള കുതിച്ചു ചാട്ടമുണ്ടായത്. കുരങ്ങുകൾക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നത് നല്ല ചെലവേറിയ പരിപാടിയായതിനാൽ അനുവദിക്കുന്ന പണം സെന്ററുകൾക്ക് മതിയാകാതെ വരുന്നു. റീസസ്, മർമ്മോസെറ്റ്സ്, ബബൂൺ തുടങ്ങിയ ഇനം  കുരങ്ങുകളുടെ ആവശ്യകത സെന്ററുകളുടെ നിലവിലുള്ള പ്രാപ്തിക്കപ്പുറമാകുമെന്ന് 2018-ൽ തന്നെ ഗവേഷകർ കരുതിയിരുന്നു. നാഡീക്ഷയം മുതൽ അർബുദം വരെയുള്ള രോഗങ്ങളെക്കുറിച്ച് പഠിക്കാനും ചികിത്സാരീതികൾ വികസിപ്പിക്കാനും കുരങ്ങുകളിലെ പരീക്ഷണം ആവശ്യമായതിനാൽ കുരങ്ങ് ദൗർലഭ്യം ഒരു പൊതുജനപ്രശ്നമായി ഉയരുകയും ചെയ്തിരുന്നു. ഒപ്പം മൃഗാവകാശ സംഘടനകൾ ഇത്തരം പരീക്ഷണങ്ങൾക്കെതിരെയുള്ള നിലപാടും ശക്തമാക്കുന്നു. കുരങ്ങുകളുടെ രാജ്യാന്തര ഗതാഗതമാണ് മറ്റൊരു വലിയ പ്രശ്നമായി എപ്പോഴും ഉയരാറുള്ളത്. മൃഗാവകാശ സംഘടനകളുടെ ആവശ്യപ്രകാരം പല വിമാനക്കമ്പനികളും കഴിഞ്ഞ പത്തു വർഷമായി കുരങ്ങുകളെ കൊണ്ടുവരാൻ അനുവദിക്കാറില്ല. കഴിഞ്ഞ മാസം തൊണ്ണൂറോളം യൂണിവേഴ്സിറ്റികളും, നിരവധി ശാസ്ത്ര സ്ഥാപനങ്ങളും ഇക്കാര്യം ഉന്നയിച്ച് പരാതി നൽകിയിരുന്നു. കോവിഡ് വന്നതോടെ സ്ഥിതിയാകെ വഷളായി. റീസസ് കുരങ്ങുകൾക്കായുള്ള ആവശ്യമേറിയതോടെ കോവിഡ്- 19 ഗവേഷണങ്ങൾക്ക് മുൻഗണന നൽകുന്ന നയമാണ് നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് സ്വീകരിച്ചത്. സൈനോമോൾഗസ് കുരങ്ങുകളുടെ ( Macaca fascicularis ) മുഖ്യ വിതരണക്കാരായ ചൈനയാകട്ടെ കോവിഡെത്തിയപ്പോൾ തങ്ങളുടെ സപ്ലൈ നിർത്തിയത് മരുന്നുകളുടെ പരീക്ഷണത്തിന് അത്തരം കുരങ്ങുകളെ ഉപയോഗിക്കുന്ന കമ്പനികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. അക്കാദമിക് ലാബറട്ടറികളിൽ വലിയ ആവശ്യമുള്ള റീസസ് കുരങ്ങുകൾക്കാണ് യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പ്രാധാന്യം നൽകുന്നത്. ഗവേഷണ പരിതസ്ഥിതികളോട് നന്നായി ചേർന്നു പോകുന്ന ഇവയുടെ ജനിതകവും ജീവശാസ്ത്രവും നമുക്ക് അത്രമേൽ അടുത്തറിയാവുന്നതുമാണെന്നതും ഇവയെ പരീക്ഷണങ്ങൾക്ക് ചേർന്ന ഇനമാക്കുന്നു.

 

∙ കോവിഡ് കൊണ്ടുവന്ന മാറ്റം

 

കഴിഞ്ഞ വർഷമാണ് അമേരിക്കൻ സർക്കാർ CARES ( Coronavirus Aid, Relief, and Economic Security Act ) നിയമത്തിലൂടെ കോവിഡ്- 19 മായി ബന്ധപ്പെട്ട പ്രത്യേക ധനസഹായപദ്ധതി ആവിഷ്ക്കരിച്ചത്. ഇതിന്റെ ഭാഗമായുള്ള ധനസഹായം പ്രൈമറ്റ് ഗവേഷണത്തിനും ലഭിച്ചതിനാൽ കോവിഡ് - 19 ബാധിതരാക്കിയ പരീക്ഷണ കുരങ്ങുകളെ കൂടുതൽ ജൈവ സുരക്ഷയിൽ പാർപ്പിക്കാൻ കഴിയുന്നവിധം ലബോറട്ടറി ആനിമൽ സൗകര്യങ്ങൾ ഒരുക്കുവാൻ കഴിഞ്ഞിരുന്നു. ന്യൂയോർക്ക് സിറ്റി ആസ്ഥാനമായ ഫൈസർ രൂപം കൊടുത്ത എംആർഎൻഎ വാക്സീൻ പരീക്ഷിക്കാനായി ടെക്സസിലെ നാഷണൽ പ്രൈമറ്റ് റിസർച്ച് സെന്ററുമായി സഹകരിക്കാനെത്തിയ കമ്പനിയോട് കുരങ്ങുകളേക്കൂടി നൽകാൻ പറയേണ്ട സ്ഥിതിയുണ്ടായിരുന്നു. കോവിഡിനെയും ഭാവി മഹാമാരികളെയും മുന്നിൽ കണ്ട് നാഷണൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് ഹെൽത്ത് അനുവദിച്ചിരിക്കുന്ന നടപടി അസാധാരണവും നവീനവുമായ നടപടിയാണെന്ന് ഗവേഷകർ കരുതുന്നു. പക്ഷേ അപ്പോഴും വിശാലമായ പരിഗണനയിൽ ഇത് സമുദ്രത്തിലെ ഒരു തുള്ളി വെള്ളത്തിന്റെ നിലയിലേ ആവുന്നുള്ളൂ എന്നും അവർ പറയുന്നു.

 

വിവരങ്ങൾക്ക് കടപ്പാട്: നേച്ചർ ജേണൽ

 

English Summary: The US is boosting funding for research monkeys in the wake of COVID

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com