ADVERTISEMENT

ലോകമെമ്പാടും കോവിഡ്- 19 മഹാമാരിക്കെതിരായ വാക്സീനേഷൻ യജ്ഞം സജീവമായി മുന്നേറുകയാണ്. ചില രാജ്യങ്ങൾ വാക്സീൻ ലഭ്യതയാൽ സമ്പന്നരാണെങ്കിൽ ബഹുഭൂരിപക്ഷത്തിനും ആവശ്യത്തിനുള്ള വാക്സീൻ ലഭിക്കുന്നില്ല. മിക്ക രാജ്യങ്ങളും വാക്സീനേഷൻ നിരക്കിലും പിന്നിലാണ്. മുതിർന്നവർക്കുപോലും കൃത്യമായി വാക്സീൻ ലഭിക്കാത്ത സാഹചര്യത്തിൽ കുട്ടികൾക്ക് വാക്സീൻ നൽകുന്നത് ആഡംബരമാണെന്ന് ചിന്തിക്കേണ്ട അവസ്ഥയാണ് പല രാജ്യങ്ങൾക്കുമുള്ളത്. യുഎസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ കുട്ടികളുടെ വാക്സീനേഷനിൽ മുന്നേറുമ്പോൾ, വാക്സീൻ ആവശ്യത്തിന് ലഭിക്കുമ്പോൾ കുട്ടികൾക്ക് നൽകാമെന്ന ചിന്തയിലാണ് മറ്റു ചില രാജ്യങ്ങൾ.

 

കുട്ടികളിൽ ഗൗരവമായ കോവിഡ് രോഗബാധയുണ്ടാകാൻ സാധ്യത കുറവായതിനാൽ യുകെയിൽ 16 വയസ്സിൽ താഴെയുള്ളവരുടെ വാക്സീനേഷൻ വൈകിപ്പിച്ചിരിക്കുകയാണ്. എന്തായാലും ആഗോളതലത്തിൽ കൃത്യമായ ഒരു പൊതുനിലപാട് കുട്ടികളുടെ വാക്സീനേഷന്റെ കാര്യത്തിൽ പല കാരണങ്ങളാലും ഇല്ലായെന്നു പറയാം. ഈ വിഷയത്തിൽ ശാസ്ത്രലോകത്തിന്റെ നിലപാട് എന്തെന്നു നോക്കാം.

 

∙ കുട്ടികളിൽ വാക്സീൻ അനിവാര്യമോ?

 

മുതിർന്നവരുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികളിൽ കോവിഡ്- 19 രോഗം ഗൗരവപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലായെന്ന പൊതു ആശ്വാസമാണ് മാതാപിതാക്കൾക്ക് കോവിഡിന്റെ തുടക്കത്തിൽ ഉണ്ടായിരുന്നത്. പക്ഷേ കുറച്ചു കുട്ടികളിലെങ്കിലും രോഗം ഗൗരവതരമാകുന്നതായും ചിലരിൽ മൃദുവായ രോഗബാധയ്ക്ക് ശേഷം പോലും ദീർഘകാലകോവിഡിന്റെ പ്രശ്നങ്ങൾ കാണപ്പെടുന്നതായും പിന്നീട്  മനസ്സിലാക്കാൻ കഴിഞ്ഞു. അതോടെയാണ് കുട്ടികളിൽ വാക്സീൻ എത്രയും വേഗം നൽകണമെന്ന അഭിപ്രായം ശിശുരോഗ വിദഗ്ധർ ഉന്നയിക്കാൻ തുടങ്ങിയത്. എണ്ണത്തിൽ തീരെ കുറവാണെങ്കിലും കുട്ടികളിലും ചിലപ്പോഴെങ്കിലും രോഗം കഠിനമാകാമെന്ന ബോധ്യമാണ് ഇപ്പോഴുള്ളത്. യുകെയിലെ വാക്സീൻ ഉപദേശകരുടെ അഭിപ്രായത്തിൽ രോഗസാധ്യത കൂടുതലുള്ള കൗമാരക്കാർക്കും രോഗസാധ്യതയേറെയുള്ള മുതിർന്നവർക്കൊപ്പം കഴിയുന്ന കുട്ടികൾക്കുമാണ് തൽക്കാലം വാക്സീൻ നൽകേണ്ടത്. അതിതീവ്ര രോഗബാധയും മരണനിരക്കും ദീർഘകാലകോവിഡ് പ്രശ്നങ്ങളുമൊക്കെ ആരോഗ്യമുള്ള കുട്ടികളിലും കൗമാരക്കാരിലും തീരെ കുറവാണെന്നതാണ് ഇവരുടെ ന്യായം. ഇതു സംബന്ധിച്ച ഡേറ്റയും അവർ ശേഖരിച്ചിട്ടുണ്ട്. മാത്രമല്ല രോഗ സാധ്യതയുള്ള മുതിർന്നവർ ഉടൻതന്നെ രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ചു കഴിയുന്നതോടെ കുട്ടികളിലെ അപകടസാധ്യത കുറയുമെന്നും അവർ കരുതുന്നു. എന്നാൽ മറ്റു പല രാജ്യങ്ങളുടെയും കാര്യമെടുത്താൽ അവിടത്തെ കുട്ടികളെ കോവിഡ് എങ്ങനെയാണ് ബാധിച്ചത് എന്നതിനേക്കുറിച്ചുള്ള പ്രാഥമികവിവരം പോലും ലഭ്യമല്ല. സബ്സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളിലെ കുട്ടികളെ കോവിഡ് എങ്ങനെ ബാധിച്ചു എന്നതിനൊന്നും കൃത്യമായ വിവരങ്ങളില്ല. ദാരിദ്ര്യവും പോഷകാഹാരക്കുറവും ക്ഷയം, എയ്ഡ്സ് തുടങ്ങിയ രോഗങ്ങളുമൊക്കെ നിലനിൽക്കുന്ന പ്രദേശങ്ങളിലെ കുട്ടികളെ കോവിഡ് ബാധിച്ചത് എങ്ങനെയെന്നത് സംബന്ധിച്ച വിവരങ്ങൾ കുറവാണ്. കുട്ടികളിൽ ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന റെസ്പിരേറ്ററി സിൻസീഷ്യൽ വൈറസ് കോവിഡ് രോഗത്തോടൊപ്പം എങ്ങനെ പെരുമാറുന്നുവെന്നും അറിയേണ്ടതുണ്ട്. ഇത്തരം അറിവുകളും തെളിവുകളും ചേർത്തുവെച്ചാൽ മാത്രമേ കുട്ടികളിലെ വാക്സിനേഷന്റെ അനിവാര്യത വ്യക്തമാകുകയുള്ളൂ.

 

∙ കുട്ടികളിലെ വാക്സീനേഷൻ സുരക്ഷിതമോ?

wayanad-68000-dose-vaccine

 

നിരവധി വാക്സീനുകൾ 12 വയസ്സിനു മുകളിൽ പ്രായമുള്ള കൗമാരക്കാരിൽ നൽകി പരീക്ഷിച്ചിട്ടുണ്ട്. ഫൈസറിന്റെയും മൊഡേണയുടെയും എംആർഎൻഎ വാക്സീനുകൾ, ചൈനയുടെ സിനോവാക്, സിനോഫാം വാക്സീനുകൾ എന്നിവയൊക്കെ ഈ വിഭാഗത്തിൽ ടെസ്റ്റ് ചെയ്യപ്പെട്ടവയാണ്. 12 വയസ്സിനു മുകളിലുള്ളവർക്ക് യുഎസും ഇസ്രയേലും ചൈനയുമൊക്കെ വാക്സീൻ നൽകിത്തുടങ്ങിയിരിക്കുന്നു. സിഡസ് കാഡില, കോവാക്സീൻ എന്നീ ഇന്ത്യൻ വാക്സീനുകൾ ഈ പ്രായത്തിലുള്ളവർക്ക് നൽകിയതിന്റെ വിവരങ്ങൾ ഉടൻ പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതെല്ലാം വച്ച് നോക്കുമ്പോൾ കോവിഡ് വാക്സീനുകൾ കൗമാരക്കാരിൽ സുരക്ഷിതമാണെന്നാണ് ഇതുവരെയുള്ള സൂചന. ചില കമ്പനികളാകട്ടെ ആറു മാസം പ്രായം വരെയുള്ള കുട്ടികളിൽ വരെ വാക്സീൻ ട്രയൽ നടത്തി തുടങ്ങിയിരിക്കുന്നു. യുഎസിൽ ഈ വർഷം തന്നെ 12 വയസ്സിൽ താഴെയുള്ളവർക്ക് വാക്സീൻ നൽകി തുടങ്ങിയേക്കും. ഫൈസർ വാക്സീനും കൗമാരക്കാരിലെ മയോക്കാർഡൈറ്റിസ്, പെരിക്കാർഡൈറ്റിസ് തുടങ്ങിയ ഹൃദയ പ്രശ്നങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന സംശയം ഇസ്രയേൽ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുണ്ടായെങ്കിലും സാധൂകരിക്കാൻ തക്കതായ തെളിവുകൾ ലഭിച്ചില്ല. മാത്രമല്ല പ്രശ്നങ്ങൾ കണ്ടവർ സുഖം പ്രാപിക്കുകയും ചെയ്‌തിരുന്നു. മാത്രമല്ല ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ നേരിയ തോതിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. 12 നും 17നും ഇടയിൽ  പ്രായമുള്ള ആൺകുട്ടികളിൽ ഇത്തരം ഹൃദയവീക്ക പ്രശ്നങ്ങൾ ദശലക്ഷം സെക്കൻഡ് ഡോസിൽ 67 കേസുകളും പെൺകുട്ടികളിൽ ഒൻപതു കേസുകളും എന്ന നിരക്കിലാണ് കാണപ്പെട്ടത്.

 

∙ കുട്ടികളിലെ വാക്സീനേഷൻ കോവിഡിന്റെ ഗതി മാറ്റുമോ?

 

മാൾട്ട രാജ്യത്തെ കൗമാരക്കാരിലെ വാക്സീനേഷൻ സംബന്ധമായ കൗതുകകരമായ നിരീക്ഷണങ്ങൾ ശാസ്ത്രലോകം പങ്കുവയ്ക്കുന്നുണ്ട്. ജനസംഖ്യയുടെ 80 ശതമാനത്തോളം ആളുകളെ പൂർണമായി വാക്സീനേറ്റ് ചെയ്ത, ലോകത്തിലെ ഏറ്റവും ഉയർന്ന വാക്സീനേഷൻ നിരക്കുള്ള രാജ്യമാണിത്. രാജ്യത്തെ 12 വയസ്സിന് മുകളിലുള്ള കൗമാരക്കാരെ ഈ രാജ്യം വാക്സീനേറ്റ് ചെയ്തു തുടങ്ങിയിരിക്കുന്നു. യുവജനങ്ങളിലെ വാക്സീനേഷൻ യജ്ഞം തുടങ്ങാൻ മാൾട്ട രാജ്യത്തെ പ്രേരിപ്പിച്ച സവിശേഷമായ ചില ഘടകങ്ങളുണ്ട്. കൗമാരക്കാരും മുത്തച്ഛനും മുത്തശ്ശിമാരുമൊക്കെയായി അടുത്ത സമ്പർക്കം വരുന്ന ശക്തമായ കുടുംബ സംവിധാനമാണ് ഇവിടെയുള്ളത്. അതുകൊണ്ട് ചെറുപ്പക്കാർക്ക്  വാക്സീൻ നൽകുന്നത് രോഗസാധ്യത കൂടിയ മുതിർന്ന തലമുറയേയും രോഗബാധയിൽ നിന്ന് സംരക്ഷിക്കുമെന്ന പ്രതീക്ഷയാണ് ശാസ്ത്രകാരൻമാർക്കുള്ളത്. വിദേശ വിദ്യാലയങ്ങളിലും മറ്റും പഠിക്കാൻ കൂടുതലായി പോകുന്നവരാണ് മാൾട്ടയിലെ ചെറുപ്പക്കാർ. ഇവർ നാട്ടിലേക്ക് കൊണ്ടുവരാൻ സാധ്യതയുള്ള വൈറസിനെയും വകഭേദങ്ങളെയും ഒഴിവാക്കാനും കഴിയുമെന്ന് അവർ കരുതുന്നു.

 

കുട്ടികൾ പ്രത്യേകിച്ച് കൗമാരക്കാർ കൊറോണ വൈറസ് വ്യാപനത്തിൽ നിർണായക പങ്കുവഹിക്കുന്നവരാണെന്നാണ് ഇതുവരെയുള്ള ഡേറ്റ പറയുന്നത്. പുതിയ വൈറസ് വകഭേദങ്ങൾ ഉദയം ചെയ്യുന്നതോടെ രോഗവ്യാപനത്തിൽ ഈ വിഭാഗം പ്രാധാന്യമുള്ള ഘടകമാണെന്ന തിരിച്ചറിവ് കൂടുതലായി ഉണ്ടായിട്ടുണ്ട്. മാത്രമല്ല കൂടുതൽ വ്യാപനശേഷിയുള്ള വൈറസ് വകഭേദങ്ങൾ ശക്തമെന്നു കരുതുന്ന ചെറുപ്പക്കാരുടെ രോഗപ്രതിരോധ സംവിധാനത്തെ മറികടന്നേക്കാമെന്ന അപകടവുമുണ്ട്. പ്രതിരോധ കുത്തിവയ്പിലൂടെ സാമൂഹ്യപ്രതിരോധം കൈവരിക്കാമെന്ന പ്രതീക്ഷ കുറഞ്ഞതോടെ ഓരോ രാജ്യങ്ങളും തങ്ങളാൽ കഴിയുന്നതൊക്കെ രോഗവ്യാപനം തടയാൻ ചെയ്യേണ്ടിയിരിക്കുന്നു. വളരെ ദരിദ്രമായി വാക്സീനേഷൻ നടന്ന ഒരു ജനസമൂഹം മതിയാകും ഒരു ആഗോള വൈറസ് വകഭേദം ഉണ്ടാകാൻ എന്നതോർക്കുക.

 

∙ കുട്ടികൾക്കായി വാക്സീൻ മാറ്റിവയ്ക്കുന്നത് നീതിയോ?

 

വളരെ ഉയർന്ന വാക്സീനേഷൻ നിരക്കുള്ള മറ്റൊരു രാജ്യമായ ചിലെയും 12 വയസ്സിന് മുകളിലുള്ളവരുടെ വാക്സീനേഷന് തുടക്കമിട്ടിരുന്നു. പക്ഷേ ഇപ്പോൾ അത് മന്ദഗതിയിലാക്കാനുള്ള ശ്രമത്തിലാണ് അവർ. ഉയർന്ന രോഗസാധ്യതയുള്ള വിഭാഗത്തിന് പൂർണമായും വാക്സീൻ നൽകാതെ കുട്ടികൾക്കായി വാക്സീൻ നൽകാൻ തിടുക്കം വേണ്ടതില്ലെന്നാണ് ചിലെയിലെ വിദഗ്ധർ ഇപ്പോൾ നൽകുന്ന ഉപദേശം. ലോകത്തിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളും അവരുടെ മുതിർന്ന ജനങ്ങൾക്ക് നൽകാനാവശ്യമായ വാക്സീൻ ഇല്ലാതെ ബുദ്ധിമുട്ടുമ്പോൾ വിലയേറിയ വാക്സീൻ കുട്ടികൾക്കായി മാറ്റി വയ്ക്കുന്നത് നീതിയല്ലെന്ന വാദവുമുണ്ട്. സമ്പന്ന രാജ്യങ്ങളിലെ കുട്ടികൾക്ക് വാക്സീൻ ലഭിക്കുമ്പോൾ ദരിദ്രരാജ്യങ്ങളിലെ മുൻനിര ആരോഗ്യ പ്രവർത്തകർക്ക് വാക്സീൻ ലഭിക്കാത്ത അവസ്ഥ വാക്സീൻ അസമത്വത്തിന്റെ ഭീതിദമായ ചിത്രമാണ് നൽകുന്നത്. പക്ഷേ ഇത്തരം വാദത്തിൽ വലിയ കാര്യമില്ലെന്ന് പറയുന്നവരുമുണ്ട്. വാക്സീൻ സമ്പന്നരായ രാജ്യങ്ങളിലെ കുട്ടികളുടെ വാക്സീനേഷൻ താമസിപ്പിച്ചല്ല, ആഗോള വാക്സീൻ വിതരണത്തിന് പുതിയ മാനദണ്ഡങ്ങൾ ആവിഷ്ക്കരിച്ചാവണം വാക്സീൻ അസമത്വം നേരിടേണ്ടതെന്ന് ഇവർ പറയുന്നു.

 

എന്തായാലും കുട്ടികളിലെ കോവിഡ് വാക്സീനേഷൻ സംബന്ധിച്ച പൊതുനയം ആഗോളതലത്തിൽ ഇനിയും ഉരുത്തിരിഞ്ഞിട്ടില്ലായെന്നതാണ് വസ്തുത.

 

വിവരങ്ങൾക്ക് കടപ്പാട്: നേച്ചർ, ലാൻസറ്റ് ഇൻഫക്ഷ്യസ് ഡിസീസസ്

 

English Summary: Should children get COVID vaccines? What the science says

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com