sections
MORE

രോഗം കണ്ടെത്താൻ സ്മാർട് ഫോണ്‍ ക്യാമറ മതി, പുതിയ കണ്ടെത്തലുമായി ഗവേഷകർ

anemia-test
SHARE

രക്തത്തില്‍ കാണപെടുന്ന ചുവന്ന രക്താണുക്കളില്‍ അടങ്ങിയിട്ടുള്ള ഹീമോഗ്ലോബിനാണ് ശരീരത്തിനു വേണ്ട ഓക്‌സിജനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നത്. ഹീമോഗ്ലോബിന്റെ കുറവാണ് അനീമിയ അഥവാ വിളര്‍ച്ചയ്ക്കുള്ള പ്രധാന കാരണം. ഇനി വിളര്‍ച്ചയുണ്ടോ എന്നറിയാന്‍ സ്മാര്‍ട് ഫോണില്‍ എടുത്ത ഒരു ചിത്രം മതിയെന്നാണ് പുതിയ കണ്ടെത്തൽ. പ്ലൊസ് വൺ (PLOS One) ജേണലിലാണ് ഇതേക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ കണ്ടുവരുന്ന സര്‍വസാധാരണ ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് രക്തക്കുറവ്. നവജാത ശിശുക്കളിലെ മരണങ്ങള്‍ നല്ലൊരു ശതമാനവും രക്തക്കുറവുള്ള അമ്മമാര്‍ക്ക് പിറക്കുന്ന കുഞ്ഞുങ്ങളിലാണ് സംഭവിക്കുന്നത്. ഹൃദയാഘാതം സംഭവിക്കാനും അനീമിയ കാരണമാവുന്നുണ്ട്. അതുകൊണ്ടുതന്നെ എത്രയും വേഗത്തില്‍ വിളര്‍ച്ചയെ കണ്ടെത്തിയാല്‍ അത്രയും നല്ലതാണ്.

ഡോക്ടര്‍മാര്‍ വിളര്‍ച്ചയുണ്ടോ എന്ന് എളുപ്പത്തില്‍ പരിശോധിച്ചറിയുക താഴത്തെ കണ്‍പോളകള്‍ക്ക് ഉള്‍ഭാഗം നോക്കിയാണ്. രക്തക്കുറവുണ്ടെങ്കില്‍ വിളറിയ വെള്ള നിറത്തിലായിരിക്കും കണ്‍പോളകളുടെ ഉള്‍ഭാഗം കാണപ്പെടുക. ബ്രൗണ്‍ സര്‍വകലാശാലയിലേയും റോഡ് ഐഡന്റ് ആശുപത്രിയിലേയും ഗവേഷകരാണ് രക്തക്കുറവ് മൊബൈല്‍ ചിത്രങ്ങളില്‍ നിന്നും തിരിച്ചറിയാനുള്ള സംവിധാനം കണ്ടെത്തിയിരിക്കുന്നത്. രക്തക്കുറവ് ബാധിച്ച രോഗികളുടെ ചിത്രങ്ങള്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പരിശോധിച്ചാണ് ഇത് കണ്ടെത്തുക.

വ്യത്യസ്ത അളവില്‍ രക്തക്കുറവുള്ള ഏതാണ്ട് 344 രോഗികളുടെ ചിത്രങ്ങളാണ് ഇതിനുവേണ്ടി ശേഖരിച്ചത്. കണ്‍പോളയുടെ ഉള്‍ഭാഗത്തെ നിറവും ചുറ്റുമുള്ള ചര്‍മ്മത്തിന്റെ നിറവും കണ്‍വെള്ളയുടെ നിറവുമൊക്കെ നിര്‍മിത ബുദ്ധിയുടെ സഹായത്തില്‍ പരിശോധിച്ചു. സൂം ടൂള്‍ ഉപയോഗിച്ച് കളര്‍ റെസല്യൂഷന്‍ വര്‍ധിപ്പിച്ചാണ് പരിശോധന. 

ഗവേഷകര്‍ വികസിപ്പിച്ചെടുത്ത അല്‍ഗോരിതം ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ രക്തക്കുറവുള്ളവരുടെ ചിത്രങ്ങള്‍ 72 ശതമാനം കൃത്യതയില്‍ തിരിച്ചറിയാന്‍ സാധിച്ചു. അതേസമയം, ഗുരുതരമായ രക്തക്കുറവുള്ള രോഗികളെ 94.4 ശതമാനം വരെ കൃത്യതയില്‍ കണ്ടെത്താനും ഗവേഷകര്‍ നിര്‍മിച്ച സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനു സാധിച്ചു. രക്ത പരിശോധനയെ അപേക്ഷിച്ച് എളുപ്പത്തില്‍ രോഗനിര്‍ണയം സാധ്യമാവുമെന്നതാണ് ഈ രീതിക്കുള്ള ഗുണമായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. 

ആഗോളതലത്തില്‍ കോടിക്കണക്കിനു മനുഷ്യരെ ബാധിക്കുന്ന ശാരീരിക അവസ്ഥയാണ് രക്തക്കുറവ്. സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷന്‍ വഴി എളുപ്പത്തില്‍ രക്തക്കുറവ് കണ്ടെത്താനാവും. വേഗത്തില്‍ രോഗം തിരിച്ചറിയാനായാല്‍ ചികിത്സയും സാധ്യമാവുമെന്നത് ഗുണകരമാണ്. ആരോഗ്യ സംവിധാനങ്ങള്‍ പരിമിതമായതും അവികസിതവുമായ പ്രദേശങ്ങളില്‍ ഇത്തരം സാങ്കേതികവിദ്യകള്‍ കൊണ്ടുള്ള നേട്ടം വളരെ വലുതാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

വിവരങ്ങൾക്ക് കടപ്പാട്: സ്പുട്നിക് ന്യൂസ്

English Summary: New App Would Be Able to Detect Anemia at Different Stages With Smartphone Camera, Study Says

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA