sections
MORE

നാസയെപ്പോലും ഞെട്ടിച്ചു; ഇൻജെന്യുയിറ്റി പറന്നത് ഒരു കിലോമീറ്റർ, ചരിത്ര നേട്ടം

HIGHLIGHTS
  • ചൊവ്വോപരിതലത്തിൽ കുഞ്ഞൻ ഹെലികോപ്റ്ററിന് വീണ്ടും റെക്കോർഡ്
Ingenuity-helicopter-nasa
SHARE

ഇൻജെന്യൂയിറ്റി... ഓർമയുണ്ടോ കക്ഷിയെ..? ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തിൽ പോയി പറന്ന ആദ്യ ഹെലികോപ്റ്റർ എന്നു പേരെടുത്തയാളെ അത്ര പെട്ടന്നു മറക്കാനാവില്ലല്ലോ? ചൊവ്വയുടെ ഉപരിതലത്തിൽ ഇടയ്ക്കിടെ പറക്കൽ നടത്തിയ ഇൻജ്യുനൂയിറ്റി പുതിയ റെക്കോർഡിട്ടതാണ് പുതിയ വാർത്ത. പത്താമത്തെ പറക്കലിൽ ഇൻജ്യുനൂയിറ്റി ഒരു കിലോമീറ്റർ സഞ്ചരിച്ചു. ആദ്യപറക്കൽ കഴിഞ്ഞ് മൂന്നാം മാസമാണ് ഈ നേട്ടം. ഒരു കിലോമീറ്റർ ഇത്ര വലിയ കാര്യമാണോ എന്നു ചിന്തിക്കണ്ട. സംഗതി ചരിത്രസംഭവമാണ്. മനുഷ്യനിർമിതമായ കോപ്റ്റർ ഭൂമിക്ക് പുറത്ത് ഏതെങ്കിലും ഗ്രഹത്തിൽ പറക്കുന്നത് തന്നെ ആദ്യമാണ്. അപ്പോഴാണ് ഇൻജ്യുനൂയിറ്റി ഒരു കിലോമീറ്റർ മാർക് താണ്ടുന്നത്. അതിലും വലിയ കൗതുകമെന്തെന്നാൽ, നിർമിച്ചവർ പോലും ഇൻജുന്യൂയിറ്റി ഇത്ര കിടിലനാകുമെന്ന് കരുതിയിരുന്നില്ല എന്നതാണ്.

ഫെബ്രുവരിയിൽ ചൊവ്വയിലെത്തിയ പെഴ്സിവീയറൻസ് ദൗത്യത്തിനൊപ്പമാണ് കൊച്ചു റോട്ടോർക്രാഫ്റ്റും അയച്ചിരുന്നത്. ഭൂമിക്കു പുറത്ത് മറ്റൊരു ഗ്രഹത്തിൽ ആദ്യമായി നടത്തിയ വിജയകരമായ നിയന്ത്രിത വ്യോമപരീക്ഷണമായിരുന്നു ഇത്. 

ചൊവ്വയിലെ ജെസീറോ ക്രേറ്റർ മേഖലയിലാണ് ഇൻജ്യുനൂയിറ്റിയും പെഴ്സിവീയറൻസുമുള്ളത്. 3 മീറ്റർ പൊക്കം താണ്ടിയ ഇൻജെന്യൂയിറ്റിയുടെ ആദ്യ പറക്കൽ 30 സെക്കൻഡ്  ആണ് നീണ്ടത്.1.8 കിലോഗ്രാം ഭാരമുള്ള കോപ്റ്റർ പറക്കലിനുശേഷം തിരിച്ചിറങ്ങി ഉപരിതലം തൊട്ടു. 

ചൊവ്വയിലെ ‘കിറ്റി ഹോക്ക് ’ ഇൻജെന്യൂയിറ്റി ദൗത്യം റൈറ്റ് സഹോദരന്മാർ നടത്തിയ ആദ്യ വിമാനയാത്രയോടാണു താരതമ്യപ്പെടുത്തുന്നത്. 1903 ഡിസംബർ 17ന് യുഎസിലെ നോർത്ത് കാരലൈനയിലെ കിറ്റി ഹോക്കിലെ ബീച്ചിലാണു വിൽബർ റൈറ്റും‌ ഓർവിൽ റൈറ്റും 6.4 മീറ്റർ നീളവും 274 കിലോഗ്രാം ഭാരവുമുള്ള വിമാനം പരീക്ഷിച്ചത്. ഓർവിൽ റൈറ്റായിരുന്നു പൈലറ്റ്. ഇതിന്റെ സ്മരണാർഥം, റൈറ്റ് സഹോദരന്മാർ പറത്തിയ വിമാനത്തിൽ നിന്ന് ഒരു തുണിക്കഷ്ണം ഇൻജെന്യൂയിറ്റിൽ സ്ഥാപിച്ചിട്ടുണ്ട്.

1.8 കിലോഗ്രാം ഭാരവും 4 ചിറകുകളും വീതമുള്ള 2 റോട്ടറുകളുമുള്ള റോട്ടർക്രാഫ്റ്റ് ആണ് ഇൻജ്യുനൂയിറ്റി.റെയ്സ്ഡ് റിഡ്ജസ് എന്നു പേരിട്ടു വിളിക്കുന്ന മേഖലയിലാണ് ഇത്തവണ ഹെലികോപ്റ്റർ പറത്തിയത്. ഈ യന്ത്രം താഴെ ഭൂമിയിലിരുന്നാണ് നിയന്ത്രിക്കുന്നത്. ഐഐടി മദ്രാസിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ് നേടിയ, നാസ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ റോബോട്ടിക്‌സ് വിദഗ്ധൻ ഡോ.ബോബ് ബലറാമാണ് ഇൻജെന്യൂയിറ്റി വികസിപ്പിച്ചെടുത്തത്.  

ഹെലികോപ്റ്റർ പറക്കുന്നതിനിടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി പെഴ്സിവീയറൻസ് വഴി ഭൂമിയിലേക്ക് അയയ്ക്കും. ഈ ദ്യശ്യങ്ങളിൽ നിന്ന് കൂടുതൽ പഠനങ്ങൾ നടത്താനാകും. ജോയിന്റ് പ്രൊപ്പൽഷൻ ലബോറട്ടറി(ജെപിഎൽ) ആണ് ഭൂമിയിലിരുന്ന് ഹെലികോപ്റ്ററിനെ നിയന്ത്രിക്കുന്നത്. ഇതുവരെ നടത്തിയ പറക്കലുകളിൽ നിർണായകമായത് എന്നാണ് പത്താമത്തെ പറക്കലിനെ കുറിച്ച് ജെപിഎൽ വിശേഷിപ്പിക്കുന്നത്. 165 അടി ഉയരത്തിൽ വരെ കോപ്റ്ററിനെ എത്തിക്കാനായതും പത്താം പറക്കലിലാണ്.165 സെക്കൻഡ് ആണ് സഞ്ചാരസമയം.

ഇൻജെന്യൂയിറ്റി പെഴ്സിവീയറൻസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം 100ൽ അധികം സോൾ (ചൊവ്വയിലെ ദിനം) പിന്നിട്ടു. പ്രതീക്ഷിച്ചിരുന്നത് 76 സോൾ ആയിരുന്നു. ചൊവ്വയിലായിരിക്കുമ്പോൾ തന്നെ സോഫ്റ്റ്‌വെയറിൽ വരുത്തിയ മാറ്റവും മറ്റും ഇതിനു സഹായിച്ചു എന്നു ജെപിഎൽ അവകാശപ്പെട്ടു. ലക്ഷക്കണക്കിനു വർഷങ്ങൾ പഴക്കമുള്ള മൺകൂനകളും മറ്റും കണ്ടെത്താൻ കോപ്റററിന്റെ പുതിയ പറക്കലിനു കഴിഞ്ഞിട്ടുണ്ട്. ഭൂമിയിലേക്ക് അയച്ച ഹൈ ഡെഫനിഷൻ ചിത്രങ്ങൾ സംയോജിപ്പിച്ച് കൂടുതൽ പഠനത്തിലാണ് ജെപിഎൽ സംഘം. ഇൻജ്യൂനൂയിറ്റി പുതിയ ഉരവും ദൂരവും കീഴടക്കുമെന്നാണ് ജെപിഎൽ കരുതുന്നത്.

Mars Helicopter

ഇതുവരെ നടത്തിയിട്ടുള്ള ചൊവ്വാ പര്യവേക്ഷണ പറക്കലുകളിൽ നിർണായകമായ ദൗത്യമായാണ് പെഴ്സിവീയറന്ഡസിനെ കരുതുന്നത്. പറക്കൽ ദൗത്യം പൂർത്തിയാക്കിയതിനു പുറമേ മോക്‌സി എന്ന യന്ത്രം ഉപയോഗിച്ച് ചൊവ്വയിൽ ഓക്സിജൻ വേർതിരിച്ചു നിർമിക്കുന്ന പരീക്ഷണത്തിലും ഈ മിഷൻ വിജയിച്ചിരുന്നു. ചൊവ്വയിൽ കോളനി എന്ന സങ്കൽപ്പത്തിനു കരുത്തേകുന്നതാണ് ഈ രണ്ട് സാധ്യതകളും എന്നു ശാസ്ത്രലോകം വിലയിരുത്തുന്നു.

English Summary: Mars Helicopter Zooms Past Its First Mile Marker During 10th Flight!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA