ADVERTISEMENT

വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമീഡിന്റെ അന്തരീക്ഷത്തില്‍ ആദ്യമായി നീരാവിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. നമ്മുടെ സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡില്‍ ജീവന്റെ സാധ്യതകള്‍ തേടാനുള്ള പിടിവള്ളിയായിരിക്കുകയാണ് ഈ കണ്ടെത്തല്‍. കിലോമീറ്ററുകളോളം ഉയരത്തില്‍ മഞ്ഞു പാളികള്‍ നിറഞ്ഞ ഉപരിതലമുള്ള ഗാനിമീഡില്‍ 161 കിലോമീറ്റര്‍ ആഴത്തില്‍ സമുദ്രമുണ്ടെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു. 

 

ഹബിള്‍ ദൂരദര്‍ശിനിയില്‍ നിന്നുള്ള കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്തെ വിവരങ്ങള്‍ പരിശോധിച്ച് നാസ തന്നെയാണ് ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വ്യാഴത്തിന്റെ ഈ ഉപഗ്രഹത്തിന്റെ നേരിയ അന്തരീക്ഷത്തില്‍ നീരാവിയുടെ സാന്നിധ്യമുണ്ടെന്നാണ് നാസ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, ഈ നീരാവി ഗാനിമീഡില്‍ കിലോമീറ്ററുകള്‍ ആഴത്തില്‍ ഉണ്ടെന്ന് കരുതപ്പെടുന്ന സമുദ്രത്തില്‍ നിന്നാവണമെന്നില്ല. ഗാനിമീഡിന്റെ ഉപരിതലത്തിലെ മഞ്ഞുരുകി ഉണ്ടായതാവാനുള്ള സാധ്യതയാണ് ഗവേഷകര്‍ മുന്നോട്ടുവെക്കുന്നത്. 

 

നിരവധി പ്രത്യേകതകളുള്ള ഗാനിമീഡിനെ 1610 ജനുവരി ഏഴിന് ഗലിലിലോയാണ് കണ്ടെത്തുന്നത്. വ്യാഴത്തിന്റെ ഏഴാമത്തെ ഉപഗ്രഹമായ ഗാനിമീഡിന് 5268 കിലോമീറ്റര്‍ വ്യാസമുണ്ട്. സ്വന്തമായി കാന്തിക മണ്ഡലമുള്ള സൗരയൂഥത്തിലെ ഒരേ ഒരു ഉപഗ്രഹമാണ് ഗാനിമേഡ്. ഭൂമിയില്‍ ഉള്ളതിനേക്കാള്‍ വളരെ അധികം ജലം ഗാനിമേഡില്‍ ഉണ്ടെന്നും അനുമാനിക്കപ്പെടുന്നുണ്ട്. 1972ല്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞരാണ് ഗാനിമേഡിന്റെ അന്തരീക്ഷം സ്ഥിരീകരിച്ചത്.

 

1998 മുതലുള്ള ഗാനിമീഡിന്റെ ഹബിള്‍ ടെലസ്‌കോപ് എടുത്ത ചിത്രങ്ങളാണ് ഗവേഷകര്‍ പരിശോധിച്ചത്. ഹബിള്‍ എടുത്ത ഗാനിമീഡിന്റെ അള്‍ട്രാവയലറ്റ് ചിത്രങ്ങളില്‍ വന്ന മാറ്റത്തിന് പിന്നില്‍ അന്തരീക്ഷത്തിലെ ഓക്‌സിജന്‍ കണികകളാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ വിശദമായ പരിശോധനയില്‍ സൂര്യരശ്മികള്‍ പതിക്കുന്ന സമയത്ത് ഗാനിമീഡിന്റെ ഉപരിതലത്തിലെ ഊഷ്മാവിലുണ്ടായ വര്‍ധനവാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.

ഗാനിമീഡിന്റെ അന്തരീക്ഷത്തില്‍ നിന്നും ഓക്‌സിജന്റെ സൂഷ്മകണങ്ങള്‍ കണ്ടെത്തിയെന്നത് തന്നെ വലിയ നേട്ടമാണ്. കാരണം മഞ്ഞു നിറഞ്ഞ ഉപരിതലത്തില്‍ നിന്നും ചാര്‍ജ്ജുള്ള കണങ്ങള്‍ പുറത്തേക്ക് വന്നാല്‍ മാത്രമേ ഇങ്ങനെ സംഭവിക്കൂ എന്നാണ് സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമിലുള്ള കെടിഎച്ച് റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില ലോറന്‍സ് റോത്ത് വിശദീകരിക്കുന്നത്. ഈ നിര്‍ണായ കണ്ടെത്തല്‍ നടത്തിയ ഗവേഷക സംഘത്തെ നയിച്ചത് ലോറന്‍സ് റോത്തായിരുന്നു. പഠനത്തിന്റെ പൂര്‍ണ രൂപം നേച്ചുര്‍ അസ്‌ട്രോണമി ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

 

English Summary: Astronomers Detect Water Vapor on Jupiter's Moon Ganymede For The First Time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com