sections
MORE

മരിയാന ട്രഞ്ചിൽ കണ്ടെത്തിയത് ഭീമൻ വൈറസുകൾ, നിരീക്ഷിച്ച് ചൈനീസ് ശാസ്ത്രജ്ഞർ

submersible-china
SHARE

ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കൊടുമുടിയെ മരിയാന ട്രഞ്ചില്‍ ഇറക്കിവെച്ചാല്‍ അത് പൂര്‍ണമായും മുങ്ങിപോകും. സമുദ്രനിരപ്പില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ആഴത്തില്‍ മുങ്ങിയാല്‍ മാത്രമേ നിങ്ങള്‍ക്ക് മരിയാന ട്രഞ്ചില്‍ ഇറക്കിവെച്ച എവറസ്റ്റിന്റെ മുകള്‍ഭാഗം കാണാന്‍ പോലും പറ്റൂ! ഈ ഒടുക്കത്തെ ആഴം തന്നെയാണ് മരിയാന ട്രഞ്ചിനെ ഗവേഷകരുടെ ഇഷ്ട മേഖലയാക്കുന്നത്. മരിയാന ട്രഞ്ചില്‍ നിന്നും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ പോലും സാധിക്കുന്ന വലുപ്പത്തിലുള്ള വൈറസുകളെ കണ്ടെത്തിയിരിക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞര്‍. 

മരിയാന ട്രഞ്ചിലെ ഏറ്റവും ആഴം കൂടിയ ഭാഗമായ ചലഞ്ചര്‍ ഡീപ്പിന് ഏതാണ്ട് 36000 അടിയിലേറെ ആഴമുണ്ട്. അന്തരീക്ഷ മര്‍ദത്തേക്കാള്‍ 1100 മടങ്ങ് കൂടുതലുള്ള ഈ പ്രദേശത്തിന്റെ ഏഴയലത്ത് സൂര്യപ്രകാശം (പരമാവധി 3300 അടി വരെ) എത്തില്ല. എന്നാല്‍ ഇവിടെയും ജീവന്റെ സാന്നിധ്യമുണ്ടെന്നതാണ് അദ്ഭുതപ്പെടുത്തുന്നത്. 18 കോടി വര്‍ഷങ്ങള്‍ക്ക് മുൻപ് രൂപംകൊണ്ടതെന്ന് കരുതപ്പെടുന്ന ഈ സമുദ്രഭാഗം സമുദ്രഗവേഷകരെ സംബന്ധിച്ച് അക്ഷയ ഖനിയാണ്. 1872 മുതല്‍ 1876 വരെ നടത്തിയ ആദ്യ ചലഞ്ചര്‍ പര്യവേഷണത്തില്‍ ഏതാണ്ട് 4700 ജീവി വര്‍ഗങ്ങളെയാണ് തിരിച്ചറിഞ്ഞത്. 

ചലഞ്ചര്‍ ഡീപ്പില്‍ നിന്നും സാംപിളുകള്‍ കൊണ്ടുവരികയെന്നത് സാങ്കേതികമായി നിരവധി വെല്ലുവിളികള്‍ നിറഞ്ഞതാണ്. എന്നാല്‍ അഞ്ച് വര്‍ഷം മുൻപ് ചൈനീസ് ഗവേഷണ കപ്പലായ ഷാങ് ജിയാന്‍ ഈ ദൗത്യം വിജയകരമായി നിര്‍വ്വഹിച്ചു. ഈ സാംപിളില്‍ നിന്നും 15 വ്യത്യസ്ത വൈറസുകളേയും നൂറിലേറെ സൂഷ്മജീവികളേയുമാണ് തിരിച്ചറിഞ്ഞത്. ഉയര്‍ന്ന മര്‍ദത്തിന് പുറമേ കഠിനമായ തണുപ്പും വളരെക്കുറച്ച് ഭക്ഷണ സാധ്യതയുമൊക്കെയാണ് ഈ ഭൂമിയിലെ ഒറ്റപ്പെട്ട പ്രദേശത്തുള്ളതെന്ന് ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ പ്രൊഫ. ലി സുവാന്‍ പഠനത്തില്‍ പറയുന്നു. 

ചലഞ്ചര്‍ ഡീപ്പിന്റെ അടിത്തട്ടില്‍ നിന്നും ശേഖരിച്ച വസ്തുക്കളില്‍ നിന്നും കണ്ടെത്തിയതില്‍ നാല് ശതമാനവും മിമി വൈറസുകളായിരുന്നു. ഈ മിമി വൈറസുകളെ ആദ്യകാലത്ത് ബാക്ടീരിയകളാണെന്ന് ശാസ്ത്ര സമൂഹം തെറ്റിദ്ധരിച്ചിട്ടുണ്ട്. ഏതാണ്ട് 700 നാനോമീറ്റര്‍ വരെയുള്ള വലുപ്പവും നാരുകള്‍ നിറഞ്ഞ ശരീരവും നഗ്നനേത്രങ്ങള്‍ കൊണ്ട് ചിലപ്പോഴെങ്കിലും കാണാന്‍ സാധിക്കുമെന്നതുമൊക്കെയായിരുന്നു ഈ തെറ്റിദ്ധാരണക്ക് പിന്നില്‍. 

പഠനം നടത്തിയ ലീക്കും സംഘത്തിനും ചലഞ്ചര്‍ ഡീപ്പില്‍ നിന്നും ശേഖരിച്ച സാംപിളുകള്‍ നേരിട്ട് പഠിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ ഗവേഷകര്‍ വേര്‍തിരിച്ച വിവരങ്ങളില്‍ നിന്നും നിര്‍ണായകമായ കണ്ടെത്തലുകള്‍ നടത്താന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. മറ്റു വൈറസുകളെ അപേക്ഷിച്ച് വലിയ ഈ മിമി വൈറസുകള്‍ ചില സസ്തനികളില്‍ കോശങ്ങള്‍ നശിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മനുഷ്യര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള വെല്ലുവിളി ഇതുവഴിയുണ്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

English Summary: China scientists discover giant viruses in the deepest place on Earth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA