ADVERTISEMENT

രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ആശങ്കയുടെ മണിക്കൂര്‍ സൃഷ്ടിച്ച് റഷ്യന്‍ ബഹിരാകാശ ലബോറട്ടറി മൊഡ്യൂള്‍ നൗകയുടെ അപ്രതീക്ഷിത ജ്വലനം. ബഹിരാകാശ നിലയത്തിലേക്ക് കൂട്ടിയോജിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ നൗകയുടെ ദിശ മാറ്റാന്‍ ഉപയോഗിക്കുന്ന ചെറിയ റോക്കറ്റ് അപ്രതീക്ഷിതമായി ജ്വലിക്കുകയായിരുന്നു. ഇതോടെ ഏഴ് ബഹിരാകാശ സഞ്ചാരികള്‍ കഴിയുന്ന ഐഎസ്എസുമായുള്ള ഭൂമിയില്‍ നിന്നുള്ള ബന്ധം പൂര്‍ണമായും നഷ്ടപ്പെടുകയും ചെയ്തു.

 

റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്‌മോസിന്റെ ബഹിരാകാശ ലബോറട്ടറിയായ നൗകയുടെ വിക്ഷേപണം പലകുറി മാറ്റിവെച്ച ശേഷമാണ് ദിവസങ്ങള്‍ക്ക് മുൻപ് വിക്ഷേപിച്ചത്. വ്യാഴാഴ്ച്ച രാവിലെ രാജ്യാന്തര ബഹിരാകാശ നിലയവുമായി കൂട്ടിയോജിപ്പിച്ച ശേഷമായിരുന്നു നൗകയുടെ ത്രസ്റ്റര്‍ അപ്രതീക്ഷിതമായി ജ്വലിച്ചത്. ഇതോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ ദിശ മാറുകയും ഭൂമിയില്‍ നിന്നുള്ള വാര്‍ത്താ വിനിമയബന്ധം പൂര്‍ണമായും നഷ്ടമാവുകയും ചെയ്തു. ഇതോടെ നാസ അധികൃതര്‍ ബഹിരാകാശ നിലയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏതാണ്ട് 11 മിനിറ്റിന് ശേഷം ബഹിരാകാശ നിലയവുമായുള്ള ബന്ധം വീണ്ടെടുക്കാന്‍ ശാസ്ത്രജ്ഞര്‍ക്കായി.

 

രണ്ട് റഷ്യക്കാരും മൂന്ന് അമേരിക്കക്കാരും ഒരു ജപ്പാന്‍കാരനും ഒരു യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ യാത്രികനുമാണ് ഇപ്പോള്‍ ബഹിരാകാശ നിലയത്തിലുള്ളത്. ഇവരുടെ ജീവനു വരെ ഭീഷണിയാകുമായിരുന്ന സംഭവത്തില്‍ നാസയും റോസ്‌കോസ്‌മോസും സംയുക്ത അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

 

അതേസമയം, ബഹിരാകാശ നിലയത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും സഞ്ചാരികള്‍ സുരക്ഷിതരാണെന്നും നാസയുടെ രാജ്യാന്തര ബഹിരാകാശ നിലയം പദ്ധതിയുടെ തലവനായ ജോയല്‍ മോണ്ടല്‍ബാനോ പ്രതികരിച്ചിട്ടുണ്ട്. അപകടം നടന്ന സമയത്ത് നാസയുടെ ഹൗസ്റ്റണിലേയും ടെക്‌സസിലേയും നാസയുടെ കേന്ദ്രങ്ങള്‍ക്ക് ബഹിരാകാശ നിലയത്തിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. 

ഈ അപകടത്തെ തുടര്‍ന്ന് ഇന്ന് വിക്ഷേപണം നിശ്ചയിച്ചിരുന്ന ബോയിങ് സ്റ്റാര്‍ലൈനറിന്റെ ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യം നീട്ടിവെക്കുകയും ചെയ്തിട്ടുണ്ട്. നൗകയുടെ അപ്രതീക്ഷിത ജ്വലനത്തെ തുടര്‍ന്ന് ബഹിരാകാശ നിലയത്തിന് ഒരു പ്രശ്‌നവും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ സഞ്ചാരികള്‍ക്ക് സമയം നല്‍കുന്നതിനു വേണ്ടിയാണ് ഈ നീക്കം. 

 

അപൂര്‍വമായി മാത്രമാണ് ഇത്തരം അപ്രതീക്ഷിത ജ്വലനങ്ങള്‍ ബഹിരാകാശ നിലയത്തിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ മൂന്നോ നാലോ തവണ മാത്രമേ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളൂവെന്നാണ് നാസ അധികൃതര്‍ തന്നെ അറിയിച്ചത്. അതേസമയം, നേരത്തെ സാങ്കേതിക തകരാറുകള്‍ മൂലം വിക്ഷേപണം മാറ്റിയ റഷ്യന്‍ ബഹിരാകാശ ലബോറട്ടറി നൗകയെ ബഹിരാകാശ നിലയവുമായി കൂട്ടിയോജിപ്പിക്കാന്‍ അനുവാദം നല്‍കിയതിനെ വിമര്‍ശിച്ച് മുന്‍ നാസ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ലോറി ഗാര്‍വര്‍ രംഗത്തെത്തിയിട്ടുണ്ട്.

 

English Summary: International Space Station briefly loses control after new Russian module misfires

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com