ADVERTISEMENT

വ്യാഴത്തിന്റെ മുന്നിലും പിന്നിലുമായുള്ള ഛിന്നഗ്രഹങ്ങളുടെ കൂട്ടമായ ട്രോജന്‍ അസ്‌ട്രോയിഡിലേക്ക് പോകാന്‍ നാസയുടെ ലൂസി ഒരുങ്ങുന്നു. ഒക്ടോബര്‍ 26ന് ഫ്‌ളോറിഡയില്‍ നിന്നും അറ്റ്‌ലസ് വി റോക്കറ്റിലാണ് ലൂസി പറന്നുയരുക. ബീറ്റില്‍സ് അടക്കമുള്ളവരുടെ വാചകങ്ങള്‍ ആലേഖനം ചെയ്ത പുറംചട്ടയോടെയായിരിക്കും ലൂസി അന്യഗ്രഹ ജീവന്‍ തേടി പറന്നുയരുക. 

 

വ്യാഴത്തിന്റെ കുഞ്ഞുങ്ങള്‍ എന്നറിയപ്പെടുന്ന ട്രോജന്‍ ഛിന്നഗ്രഹങ്ങള്‍ ലക്ഷ്യമാക്കിയാണ് ലൂസി പോവുന്നത്. വ്യാഴത്തിന് മുന്നിലും പിന്നിലുമായി രണ്ട് കൂട്ടമായാണ് ട്രോജന്‍ ഛിന്നഗ്രഹങ്ങളുള്ളത്. നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ ജനനത്തിനിടെയാണ് ഈ ട്രോജന്‍ ഛിന്നഗ്രഹങ്ങളും ജനിച്ചതെന്നാണ് കരുതപ്പെടുന്നത്. 

ഇക്കൂട്ടത്തിലെ എട്ട് ട്രോജന്‍ ഛിന്നഗ്രഹങ്ങളെക്കുറിച്ച് അടുത്തറിയുകയാണ് 100 കോടി ഡോളര്‍ ചെലവ് വരുന്ന നാസയുടെ ലൂസിയുടെ ദൗത്യം. 1974ല്‍ ഇത്യോപ്യയിലെ അഫാറില്‍ നിന്ന് ലഭിച്ച മനുഷ്യ ഫോസിലിന്റെ പേരാണ് ലൂസി ബഹിരാകാശ പേടകത്തിന് നല്‍കിയിരിക്കുന്നത്. ഏതാണ്ട് 32 ലക്ഷം വര്‍ഷത്തെ പഴക്കമാണ് ഈ മനുഷ്യ ഫോസിലിന് കണക്കാക്കപ്പെടുന്നത്.

 

ഈ ഫോസിലിന് ലൂസി എന്ന് പേരിട്ടതിനു പിന്നിലും ഒരു കാരണമുണ്ട്. നരവംശശാസ്ത്രജ്ഞനായ ഡൊണാള്‍ഡ് ജൊവാന്‍സനാണ് ഈ ഫോസില്‍ കണ്ടെത്തിയത്. ആ സുപ്രധാന കണ്ടെത്തലിന്റെ തലേന്ന് ബീറ്റില്‍സിന്റെ ലൂസി ഇന്‍ ദ സ്‌കൈ വിത്ത് ഡയമണ്ട്‌സ് എന്ന പാട്ട് കേട്ടായിരുന്നു അദ്ദേഹം കിടന്നത്. അക്കാരണം കൊണ്ടാണ് ജൊവാന്‍സന്‍ ഫോസിലിന് ലൂസി എന്ന് പേരിട്ടത്. 

 

നാസയുടെ ലൂസി ട്രോജന്‍ ഛിന്നഗ്രഹങ്ങളിലേക്കുള്ള ദൗത്യത്തിന്റെ ഭാഗമായി ആറ് തവണ സൂര്യനെ വലം വെക്കും. ശേഷം ഭൂമിയുടെ ഭ്രമണപഥത്തിനും ട്രോജന്‍ ഛിന്നഗ്രഹങ്ങള്‍ക്കുമിടയില്‍ വര്‍ഷങ്ങളോളം ചലിച്ചുകൊണ്ടിരിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

നാസയുടെ പയനീര്‍ 10, 11 ദൗത്യങ്ങളെ പോലെ ലൂസിക്കും ലോഹച്ചട്ടയുണ്ടാകും. സൗരയൂഥവും കടന്നുപോയ വോയേജര്‍ 1ലും വോയേജര്‍ 2ലും ഉള്ള സുവര്‍ണ്ണ ഫലകങ്ങള്‍ പോലെ ഭൂമിയേയും മനുഷ്യരേയും സൂചകങ്ങളാകും ലൂസിയുടെ ലോഹച്ചട്ടയില്‍ ഉണ്ടാവുക. ഇത് അന്യഗ്രഹജീവികള്‍ക്ക് വേണ്ടിയുള്ളതല്ല, മറിച്ച് ഭാവിയില്‍ നക്ഷത്രാന്തര യാത്രകള്‍ മനുഷ്യന് സാധ്യമാവുന്ന കാലത്തേക്കുള്ളതായാണ് ഗവേഷകര്‍ കരുതുന്നത്. 

 

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, കാള്‍ സാഗന്‍, മാര്‍ട്ടിന്‍ ലൂതര്‍കിങ് ജൂനിയര്‍ എന്നിവര്‍ക്ക് പുറമേ ബീറ്റില്‍സ് സംഘാംഗങ്ങളുടേയും വാക്കുകള്‍ ലൂസിയുടെ ലോഹച്ചട്ടയില്‍ ആലേഖനം ചെയ്തിട്ടുണ്ടാവും. ഇതിനു പുറമേ ലൂസിയുടെ വിക്ഷേപണം നിശ്ചയിച്ച ദിവസത്തെ നമ്മുടെ സൗരയൂഥത്തിന്റെ ചിത്രവും ലൂസിയുടെ യാത്രാപഥവുമെല്ലാം വരച്ചു ചേര്‍ക്കും.

 

English Summary: Lucy: The First Mission to the Trojan Asteroids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com