ADVERTISEMENT

മൈനസ് 30 ഡിഗ്രിയില്‍ ആറ് മണിക്കൂര്‍ തണുത്തുറഞ്ഞ് കിടന്നിട്ടും ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരു അദ്ഭുത പെണ്‍കുട്ടിയുണ്ട്. പേര് ജീന്‍ ഹില്യാര്‍ഡ്. നാല് പതിറ്റാണ്ട് മുന്‍പ് പുതുവര്‍ഷ തലേന്ന് അമേരിക്കയിലെ മിനസോട്ടയിലായിരുന്നു ഈ മരണത്തെ തോല്‍പിച്ച സംഭവമുണ്ടായത്. ഈ അദ്ഭുതസംഭവത്തിനും ശാസ്ത്രത്തിന് വ്യക്തമായ വിശദീകരണമുണ്ട്.

1980ലെ പുതുവര്‍ഷത്തിന്റെ തലേന്ന് രാവിലെ വീടിന്റെ വാതില്‍ തുറന്ന വാലി നെല്‍സണ്‍ എന്ന ചെറുപ്പക്കാരന്‍ ഞെട്ടിപ്പോയി. ഏതാനും അടി മുന്നില്‍ തന്റെ സുഹൃത്ത് മഞ്ഞില്‍ തണുത്തു മരവിച്ചു കിടക്കുന്ന കാഴ്ചയാണ് നെല്‍സണെ ഞെട്ടിച്ചത്. മണിക്കൂറുകള്‍ മഞ്ഞിലുറഞ്ഞു കിടന്നതിനാല്‍ മരത്തടി പോലെയായിരുന്നും ജീന്‍ ഹില്യാര്‍ഡിന്റെ ശരീരം. 

സാധാരണ തണുപ്പുകാലത്ത് ധരിക്കുന്ന കോട്ടും കയ്യുറകളും കൗബോയ് ഷൂവുമായിരുന്നു വേഷം. പാര്‍ട്ടി കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് പോവുന്നതിനിടെ നെല്‍സണിന്റെ വീടിനടുത്തുവെച്ച് കാര്‍ കേടായപ്പോള്‍ സഹായം അന്വേഷിച്ചിറങ്ങിയതാണ്. ഏതാനും അടി നടക്കുമ്പോഴേക്കും കൊടും തണുപ്പില്‍ ബോധംകെട്ട് വീണ ജീന്‍ ആറ് മണിക്കൂറോളമാണ് മഞ്ഞിലുറഞ്ഞുപോയത്. 

ജീനിന്റെ ശരീരം കോളറില്‍ പിടിച്ച് വലിച്ച് കാര്‍പോര്‍ച്ചിലേക്ക് കൊണ്ടുപോവുമ്പോള്‍ നെല്‍സണ്‍ കരുതിയത് സുഹൃത്ത് മരിച്ചുപോയെന്നായിരുന്നു. മൂക്കില്‍ നിന്നും വായു കുമിളകള്‍ പുറത്തേക്ക് വരുന്നത് കണ്ടതോടെയാണ് ജീവന്റെ പ്രതീക്ഷ നെല്‍സണുണ്ടായത്. അവളുടെ മുഖം ചാരനിറത്തിലായിരുന്നു, കണ്ണുകള്‍ മരവിച്ചിരുന്നു, ചര്‍മ്മം സൂചി ഉപയോഗിച്ച് കുത്തിവെക്കുന്നതിന് പോലും സാധിക്കാത്തവിധം കടുപ്പമേറിയതായി മാറുകയും ചെയ്തിരുന്നു. 

 

എന്നിട്ടും ഹീറ്റിങ് പാഡുകള്‍ വഴി ചൂടു പകര്‍ന്നതോടെ ജീന്‍ ഹില്ലാര്‍ഡിന്റെ ശരീരം പതിയേ സ്വാഭാവിക നിലയിലേക്ക് വന്നു. ഉച്ചയോടെ അവര്‍ സംസാരിച്ചു തുടങ്ങി. വൈകാതെ ഒരിക്കലും മറക്കാനാകാത്ത, മരണത്തോളം തണുത്ത ഒരു രാത്രിയില്‍ നിന്നും ജീന്‍ ജീവിതത്തിന്റെ പകലിലേക്ക് ഉണര്‍ന്നു. ഇതില്‍ അദ്ഭുതമില്ലെന്നും ഏതൊരാളുടേയും ശരീരം മരവിച്ചുപോയാല്‍ ആവശ്യമായ ഊഷ്മാവ് നല്‍കി പരിശോധിച്ചതിന് ശേഷം മാത്രമേ മരണം ഉറപ്പു വരുത്താനാവൂ എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.

 

ആരെങ്കിലും തണുത്തുറയുന്ന ഹൈപ്പോതെര്‍മിയ എന്ന അവസ്ഥയിലേക്കെത്തിയാലും അത് മരണമാണെന്ന് ഉറപ്പിക്കാനാവില്ല. ഊഷ്മാവ് കുറയുന്നതോടെ ശരീരത്തിലും ചില മാറ്റങ്ങളുണ്ടാവുന്നുണ്ട്. ഉപാപചയ പ്രവര്‍ത്തനങ്ങളുടെ വേഗം വളരെയധികം കുറയും. ഇതോടെ ശരീരത്തിന്റെ ഓക്‌സിജന്‍ ആവശ്യവും കുത്തനെ കുറയും. മരവിച്ച ശരീരത്തില്‍ നാഡീസ്പന്ദന നിരക്ക് പോലും കുറഞ്ഞിരിക്കുമെന്നും വൈദ്യശാസ്ത്രം ഓര്‍മിപ്പിക്കുന്നു. ഇതേ നിലയിലൂടെയാവണം ഹില്ലാര്‍ഡും കടന്നു പോയത്. 

 

എല്ല് തുളക്കുന്ന തണുപ്പ് എന്ന് പറയുമെങ്കിലും ജീന്‍ ഹെല്ലാര്‍ഡിന്റെ ശരീരത്തിനുള്ളില്‍ മഞ്ഞില്‍ വീണ് മണിക്കൂറുകള്‍ക്ക് ശേഷവും ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട ഊഷ്മാവ് ഉണ്ടായിരുന്നിരിക്കണം. അപ്പോഴും സാഹചര്യത്തിന് അനുസരിച്ച് സുഹൃത്ത് വാലി നെല്‍സണ്‍ നടത്തിയ ജീവന്‍ രക്ഷാ ഇടപെടലുകളും നിര്‍ണായകമായി. ഇല്ലായിരുന്നെങ്കില്‍ കടുത്ത തണുപ്പിനെ തുടര്‍ന്ന് ഓരോ വര്‍ഷവും സംഭവിക്കുന്ന ആയിരക്കണക്കിന് മരണങ്ങളില്‍ ഒന്നായി ജീന്‍ ഹെല്ലാര്‍ഡിന്റേയും മാറിയേനേ.

 

വിവരങ്ങൾക്ക് കടപ്പാട്: സയൻസ് അലർട്ട്

 

English Summary: 40 Years Ago, a Woman Famously Survived Being 'Frozen Solid'. Here's The Science

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com