ADVERTISEMENT

ഒന്നരവർഷത്തിനു ശേഷം ചൈനയിൽ വീണ്ടും കൊറോണവൈറസ് വ്യാപിക്കുകയാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഒരു നഗരത്തിൽ മാത്രം 1.12 കോടി ജനങ്ങളെയാണ് പരിശോധിച്ചത്. കൊറോണവൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത പ്രദേശത്ത് തന്നെയാണ് കോവിഡ്–19 ന്റെ പുതിയ വകഭേദവും കണ്ടെത്തിയിരിക്കുന്നത്. ഇതിനിടെ വുഹാനിലെ ലാബില്‍ നിന്നാണോ കോവിഡ്–19 പടര്‍ന്നതെന്ന് തെളിയിക്കുന്ന രേഖകളുടെ നിര്‍ണായക പരിശോധനയിലാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളെന്ന സിഎന്‍എന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. 

 

വുഹാനിലെ ലാബില്‍ പരിശോധിച്ചിരുന്ന വൈറസുകളുടെ നിര്‍ണായക വിവരങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ സംഘങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ വൈറസിന്റെ ഉല്‍ഭവം സംബന്ധിച്ച വിവാദത്തില്‍ വ്യക്തത വരുത്താന്‍ 90 ദിവസത്തെ സമയം ബൈഡന്‍ ഭരണകൂടം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിരുന്നു. 

 

വൈറസുകളുടെ പഠനം പോലുള്ള വിപുലമായ വിവരശേഖരണം ആവശ്യമായ വിഷയങ്ങള്‍ സാധാരണ ക്ലൗഡ് സെര്‍വറുകളിലാണ് ഗവേഷകര്‍ സൂക്ഷിക്കാറ്. ഇത്തരം സെര്‍വറുകളില്‍ നിന്നാകാം അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഹാക്കര്‍മാര്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചതെന്നാണ് കരുതപ്പെടുന്നത്. അങ്ങനെ ശേഖരിക്കുമ്പോള്‍ പോലും യാതൊരു പ്രയോജനവുമില്ലാത്ത വലിയ വിവരശേഖരത്തില്‍ നിന്നും ആവശ്യമുള്ളത് മാത്രമായി തരംതിരിച്ചെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. അതിനായി അമേരിക്കന്‍ സര്‍ക്കാരിന് കീഴിലെ 17 ഗവേഷണ സ്ഥാപനങ്ങളുടേയും സൂപ്പര്‍ കംപ്യൂട്ടറുകളുടേയും സേവനം ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട്.

 

ഇതിനൊപ്പം നിരവധി വെല്ലുവിളികളും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ഈയൊരു ദൗത്യത്തില്‍ നേരിട്ടിരുന്നു. ഇത്തരം ശാസ്ത്രവിഷയങ്ങളില്‍ ധാരണയുള്ള അമേരിക്കന്‍ വിശ്വസ്ഥരെ കണ്ടെത്തുക എന്നതായിരുന്നു അതിലൊന്ന്. വുഹാന്‍ ലാബിലെ വിവരങ്ങള്‍ ചൈനീസ് മണ്ഡാരിന്‍ ഭാഷയിലാണ് സൂക്ഷിച്ചിരുന്നത്. ചൈനീസ് മണ്ഡാരിന്‍ ഭാഷ അറിയുന്ന വൈറസുകളുടെ പഠനത്തെക്കുറിച്ച് ധാരണയുള്ള വിശ്വസ്തരായവരെ കണ്ടെത്തുക എന്നതായിരുന്നു പ്രധാന വെല്ലുവിളി.

 

വുഹാന്‍ ലാബില്‍ നിന്നും ഈ വൈറസ് ചോര്‍ന്നതാണോ അതോ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കെത്തിയതാണോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ഈ അമേരിക്കന്‍ നീക്കത്തിന് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരീക്ഷണം നടത്തിയിരുന്ന 22,000 വൈറസുകളുടെ ജനിതക വിവരങ്ങള്‍ നല്‍കണമെന്ന് കോവിഡിന്റെ തുടക്കകാലത്തെ ആവശ്യപ്പെടുന്നുണ്ട്.

 

എന്നാൽ, അമേരിക്കക്കോ ലോകാരോഗ്യ സംഘടനക്കോ ഈ വിവരങ്ങള്‍ നല്‍കാന്‍ ചൈന തയാറായിട്ടില്ല. അതേസമയം 2019 സെപ്റ്റംബറില്‍ തന്നെ ഈ വിവരങ്ങള്‍ ചൈനീസ് അധികൃതര്‍ ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്തിരുന്നുവെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം ചൈനീസ് അധികൃതര്‍ നിഷേധിക്കുകയാണ്. ഈ 22,000 വൈറസുകളുടെ ജനിതക വിവരങ്ങളില്‍ നിന്നാണ് കോവിഡ്–19 രോഗത്തിന് കാരണമാകുന്ന സാര്‍സ് കോവ് 2 വൈറസിനെ അമേരിക്കന്‍ സംഘത്തിനു വേര്‍തിരിച്ചെടുക്കേണ്ടത്. 

 

സാര്‍സ് കോവ് 2 വൈറസിന്റെ ഉല്‍ഭവം സംബന്ധിച്ച് വ്യക്ത വരുത്തുന്നതിന് ബൈഡന്‍ ഭരണകൂടം 90 ദിവസത്തെ സമയം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയെന്ന് സിഎന്‍എന്‍ നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. വൈറസ് വുഹാന്‍ ലാബില്‍ നിന്നും ചോര്‍ന്നുവെന്ന വാദത്തെ കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ ഡെമോക്രാറ്റുകള്‍ പരസ്യമായി എതിര്‍ത്തിരുന്നു. വൈറസിന്റെ തുടക്കം സംബന്ധിച്ച നിര്‍ണായക വിവരങ്ങളുടെ കുറവ് പരിഹരിക്കുകയെന്നതായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന് ബൈഡന്‍ ഭരണകൂടം നല്‍കിയ 90 ദിവസ ദൗത്യത്തില്‍ പറഞ്ഞിരുന്നത്. ഈ ദൗത്യത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തെ സഹായിക്കുന്നതിനാണ് ഒരു ഡസനിലേറെ വൈറസ് ഗവേഷണത്തില്‍ മുന്‍പരിചയമുള്ള മുതിര്‍ന്ന ഗവേഷക സ്ഥാപനങ്ങളുടെ സേവനം ഉറപ്പാക്കിയതെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് പറയുന്നു. 

 

സാര്‍സ് കോവ് 2 വൈറസിന്റെ ആദ്യം മുതലുള്ള ജനിതക രേഖ ലഭിക്കുകയെന്നതിന് വലിയ പ്രാധാന്യമുണ്ട്. കൊറോണ വൈറസിന്റെ ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളുടെ വ്യത്യാസത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കാന്‍ ശാസ്ത്രലോകത്തെ ഇത് സഹായിക്കും. കാലാകാലങ്ങളില്‍ എന്തൊക്കെ ജനിതക മാറ്റങ്ങളാണ് വൈറസിന് വന്നതെന്നും എങ്ങനെയാണ് വന്നതെന്നും തിരിച്ചറിയാനാവും. 

 

മൃഗങ്ങളിലേക്ക് പടര്‍ന്ന കൊറോണവൈറസ് അനുകൂല സാഹചര്യത്തില്‍ മനുഷ്യരിലേക്കെത്തുകയായിരുന്നുവെന്നാണ് ഇപ്പോഴും ശാസ്ത്രലോകത്തിലെ വലിയൊരു വിഭാഗം കരുതുന്നത്. എന്നാല്‍ ആയിരക്കണക്കിന് ജന്തുജാലങ്ങളെ പരിശോധിച്ചിട്ടും ഇപ്പോഴും ഏതാണ് മനുഷ്യരിലേക്ക് രോഗം പകര്‍ത്തിയ രോഗവാഹക ജീവിയെന്ന് ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. 

 

വുഹാനിലെ വൈറോളജി ലാബില്‍ ജനിതകമാറ്റം വരുത്തിയ കൊറോണ വൈറസാണ് മനുഷ്യരിലേക്കെത്തിയത് എന്നാണ് ഒരുവിഭാഗം ഗവേഷകരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ അടക്കമുള്ള നേതാക്കളും ഇപ്പോഴും കരുതുന്നത്. ഇത്തരം വൈറസ് സ്വാഭാവികമായും ഗവേഷകരിലേക്കും പിന്നീട് മറ്റു മനുഷ്യരിലേക്കും പടര്‍ന്നുവെന്നാണ് ഇവരുടെ വാദം. ഏത് ഗവേഷകരാണ് വുഹാനിലെ വൈറോളജി ലാബില്‍ കൊറോണ വൈറസിന്റെ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്ന വിവരം വളരെ നിര്‍ണായകമാണ്. ഈ വിവരം ലഭിച്ചാല്‍ വൈറസ് വൈറോളജി ലാബ് വഴിയാണോ പകര്‍ന്നതെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുകയും ചെയ്യും. രഹസ്യാന്വേഷണ ദൗത്യം എന്നതിനൊപ്പം ശാസ്ത്രീയമായി ഈ നിര്‍ണായക ചോദ്യത്തിന് ഉത്തരം ലഭിക്കാനുള്ള വഴിയാണ് ബൈഡന്‍ ഭരണകൂടം തേടുന്നത്. 

 

വിവരങ്ങൾക്ക് കടപ്പാട്: സിഎൻഎൻ

 

English Summary: US Intel agencies scour reams of genetic data from Wuhan lab in Covid origins hunt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com