മൊസാദ് ആക്രമിക്കാൻ പദ്ധതിയിട്ടു; മൊറാർജിയുടെ സംഭാഷണത്തിലുണർന്ന് പാക്കിസ്ഥാനും

Mail This Article
പാക്കിസ്ഥാന് എളുപ്പത്തില്‍ അണ്വായുധം നിര്‍മിക്കാനായതിനു പിന്നില്‍ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ ചില തീരുമാനങ്ങളും കാരണമായതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോയുടെ ഭീകരവിരുദ്ധവിഭാഗം മേധാവിയായിരുന്ന ബി. രാമന്റെ ‘കൗബോയ്സ് ഓഫ് റോ’ (Kaoboys of R&AW) എന്ന പുസ്തകം വെളിപ്പെടുത്തുന്നു.
സ്വാതന്ത്ര്യലബ്ധിക്കു പിന്നാലെ അയല്‍ക്കാരായ ചൈനയുമായും (1962) പാക്കിസ്ഥാനുമായും (1965) ഇന്ത്യയ്ക്ക് രണ്ടു യുദ്ധങ്ങള്‍ ചെയ്യേണ്ടി വന്നു. ഇതോടെയാണ് രാജ്യത്തിനു സ്വന്തമായി രഹസ്യാന്വേഷണ ഏജന്‍സി വേണമെന്ന തീരുമാനത്തിലേക്ക് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി എത്തുന്നത്. ഇതിന്റെ ഫലമായാണ് റിസര്‍ച്ച് ആൻഡ് അനാലിസിസ് വിങ് അഥവാ റോ സ്ഥാപിക്കുന്നത്. 1968 ല്‍ സ്ഥാപിക്കപ്പെട്ട റോ, തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരങ്ങളെക്കുറിച്ചും പ്രധാനമന്ത്രിക്കു നേരിട്ടാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. രഹസ്യവിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യത്തിനൊപ്പം ശാന്തപ്രകൃതത്തിനും പേരുകേട്ട ആര്‍.എന്‍. കോ ആയിരുന്നു ആദ്യ റോ മേധാവി.
പാക്കിസ്ഥാന്റെയും ചൈനയുടെയും പ്രതിരോധ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു റോയുടെ ആദ്യകാലത്തെ പ്രധാന ലക്ഷ്യം. വര്‍ഷങ്ങളുടെ ശ്രമഫലമായി ഇരു രാജ്യങ്ങളിലും വിവരങ്ങള്‍ ചോര്‍ത്താന്‍ മോശമല്ലാത്ത ശൃംഖല സ്ഥാപിക്കാനും റോയ്ക്കായി. ഇതിനിടെ 1974 ല്‍ ഇന്ത്യ അണ്വായുധം പരീക്ഷിച്ചു. റോയുടെ മേല്‍നോട്ടത്തില്‍ അതീവരഹസ്യമായിട്ടായിരുന്നു പൊഖ്‌റാന്‍ ആണവപരീക്ഷണം. അതുകൊണ്ടുതന്നെ വിവരങ്ങളൊന്നും അയല്‍രാജ്യങ്ങള്‍ക്ക് ലഭിച്ചില്ല. പരീക്ഷണം വിജയമായത് പാക്കിസ്ഥാനെ പ്രകോപിപ്പിച്ചു. അണ്വായുധം തങ്ങളുടെ ആവനാഴിയിലെത്തിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമം തുടങ്ങി.
ചൈനക്കും ഫ്രാന്‍സിനുമൊപ്പം ചേര്‍ന്ന് അണ്വായുധം നിര്‍മിക്കാനായിരുന്നു പാക്ക് ശ്രമം. എന്നാല്‍ ഈ കൂട്ടായ്മ സാങ്കേതികവിദ്യയുടെ കാര്യങ്ങളില്‍ മാത്രമേ ഫലവത്തായുള്ളൂ. അപ്പോഴും അണ്വായുധമെന്നത് പാക്കിസ്ഥാന് സ്വപ്‌നമായി അവശേഷിച്ചു. പാക്കിസ്ഥാന്‍ അണ്വായുധം നിര്‍മിക്കാന്‍ ശ്രമം നടത്തുന്നതായി റോയ്ക്ക് വിവരം ലഭിച്ചിരുന്നു. റാവല്‍പിണ്ടിക്ക് സമീപത്തുള്ള കഹൂത്ത എന്ന പ്രദേശത്ത് ഇതിനായി ലബോറട്ടറി സ്ഥാപിച്ചതായി ഊഹാപോഹങ്ങളുണ്ടായിരുന്നു.അതു സ്ഥിരീകരിക്കാനുള്ള ശ്രമങ്ങള്‍ റോ ആരംഭിച്ചു.

പാക്കിസ്ഥാന്റെ ആണവസ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയത് ഡോ. എ.ക്യു. ഖാന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ നിരന്തരമായ ഉത്തര കൊറിയന്‍ സന്ദര്‍ശനങ്ങള്‍ റോയുടെ ശ്രദ്ധയില്‍ പെട്ടു. മറ്റു രാജ്യങ്ങളും ഖാന്റെ ഈ സന്ദര്‍ശനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പാക്കിസ്ഥാനും ഉത്തരകൊറിയയും ചേര്‍ന്നാണ് ആണവശക്തിയാകാനുള്ള ശ്രമങ്ങള്‍ നടത്തുന്നതെന്ന സൂചന വൈകാതെ റോയ്ക്ക് ലഭിച്ചു. ഇതിനിടെ പാക്കിസ്ഥാന്റെ ആണവപദ്ധതിയുമായുള്ള സഹകരണം ഫ്രാന്‍സ് അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഉത്തര കൊറിയയുമായി ചേര്‍ന്ന് പൂര്‍വാധികം ശക്തിയോടെ അണ്വായുധം നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ പാക്കിസ്ഥാന്‍ തുടര്‍ന്നു.
ഇതേസമയത്ത് ഇന്ത്യയില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങളുണ്ടായി. ഭരണം നഷ്ടമായ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥക്കുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിര തോറ്റു. മൊറാര്‍ജി ദേശായി ഇന്ത്യന്‍ പ്രധാനമന്ത്രിയായി. സാത്വികനായ അദ്ദേഹം മഹാത്മാഗാന്ധിയുടെ അഹിംസാവാദത്തിന്റെ പ്രയോക്താവായിരുന്നു. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായതോടെ റോ അദ്ദേഹത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിനു കീഴിലായി. റോയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കിയെങ്കിലും കാര്യമായി ഇടപെടാന്‍ തയാറായില്ല. ഇന്ദിരാഗാന്ധിയാണ് റോ സ്ഥാപിച്ചതെന്നതും അകല്‍ച്ചയ്ക്കു കാരണമായിരിക്കാം. റോയുടെ ബജറ്റ് 30-40 ശതമാനം കുറച്ചു. ഇത് ഏജന്‍സിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. ഈ നടപടികളിലെ അതൃപ്തിയെ തുടര്‍ന്ന് റോയുടെ മേധാവിസ്ഥാനം ആര്‍.എന്‍. കോ രാജിവെച്ചു.

അപ്പോഴും ഇന്ത്യയ്ക്ക് പാക്കിസ്ഥാനിലും ചൈനയിലും സജീവമായ രഹസ്യാന്വേഷണ ശൃംഖലയുണ്ടായിരുന്നു. പാക്കിസ്ഥാന്റെ ആണവപദ്ധതിയെക്കുറിച്ച് നിര്‍ണായകമായ പല വിവരങ്ങളും റോ ഏജന്റുമാര്‍ക്ക് ലഭിച്ചു. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദും പാക്കിസ്ഥാന്റെ ഈ നീക്കത്തിനെതിരെ രംഗത്തുണ്ടായിരുന്നു. അപ്പോഴും എവിടെയാണ് എ.ക്യു. ഖാന്റെ ആണവപരീക്ഷണ ശാലയെന്ന് കണ്ടെത്താനായിരുന്നില്ല.
ഇതിനായി റോ ഏജന്റുമാര്‍ ബുദ്ധിപരമായ ഒരു നീക്കം നടത്തി. എ.ക്യു. ഖാന്റെ റിസര്‍ച്ച് ലബോറട്ടറിക്ക് സമീപത്തെ സലൂണില്‍ നിന്നാണ് നിര്‍ണായക വിവരം ലഭിച്ചത്. ഇവിടെ ഖാനും അദ്ദേഹത്തിന്റെ ശാസ്ത്രജ്ഞരില്‍ ചിലരും മുടിവെട്ടാന്‍ വരുമായിരുന്നു. അവരുടെ മുടിയുടെ സാംപിളുകള്‍ റോ ഏജന്റുമാര്‍ അതീവരഹസ്യമായി ശേഖരിച്ചു. സലൂണിലെ മുടിവെട്ടുകാര്‍ പോലും അറിയാതെയായിരുന്നു ഈ നീക്കം.
രഹസ്യമായി ശേഖരിച്ച മുടി ഇന്ത്യയിലേക്ക് എത്തിച്ചു. ഈ മുടിയില്‍ ന്യൂക്ലിയര്‍ റേഡിയേഷന്‍ സ്ഥിരീകരിക്കാനായി. ഇതോടെ പാക്കിസ്ഥാന്റെ ആണവപരീക്ഷണശാല എ.ക്യു. ഖാന്റെ ലബോറട്ടറിയാണെന്ന് ഉറപ്പായി. ഈ ലബോറട്ടറി ബോംബിട്ട് തകര്‍ക്കാന്‍ മൊസാദ് ഒരുങ്ങി. അതിനായി കൃത്യമായ പദ്ധതിയും തയാറായി. യുദ്ധവിമാനങ്ങള്‍ക്ക് പറന്നുയരാന്‍ പാക്കിസ്ഥാനോട് അടുത്തുള്ള വ്യോമതാവളം ഇതിനായി മൊസാദിന് വേണ്ടിയിരുന്നു. ഗുജറാത്തിലെ വ്യോമതാവളം ഇതിന് ഏറ്റവും യോജ്യമായിരുന്നു. മൊസാദും റോയും സംയുക്തമായി നീക്കം ആരംഭിച്ചു.
ഇതിനിടെ മറ്റൊരു സുപ്രധാന നേട്ടം കൂടി റോ ഏജന്റുമാര്‍ സ്വന്തമാക്കി. ഖാന്റെ ലബോറട്ടറിയുടെ ബ്ലൂപ്രിന്റ് 10,000 അമേരിക്കന്‍ ഡോളറിന് കൈമാറാന്‍ തയാറുള്ള ഒരു ശാസ്ത്രജ്ഞനെ റോ കണ്ടെത്തി. ഈ വിവരം റോയുടെ ആസ്ഥാനത്തെത്തി. പ്രധാനമന്ത്രിയെ റോ മേധാവി വിവരങ്ങള്‍ ധരിപ്പിച്ചു. പണം അനുവദിക്കാന്‍ പ്രധാനമന്ത്രി തയാറായില്ല. പാക്കിസ്ഥാന്റെ ആഭ്യന്തരകാര്യത്തില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടാണ് മൊറാര്‍ജി ദേശായി സ്വീകരിച്ചത്.
പാക്കിസ്ഥാനിലും ഭരണമാറ്റമുണ്ടായി. സുൽഫിക്കര്‍ അലി ഭൂട്ടോയെ അട്ടിമറിച്ച് പട്ടാളമേധാവി സിയാ ഉൾ ഹഖ് ഭരണം പിടിച്ചു. പരമാവധി ലോകനേതാക്കളുമായി ബന്ധം സ്ഥാപിക്കാന്‍ സിയാ ഉള്‍ ഹഖ് ശ്രമിച്ചു. മൊറാര്‍ജി ദേശായിയുമായും പാക്ക് പ്രസിഡന്റ് ഫോണില്‍ സംസാരിക്കുക പതിവായിരുന്നു. ഇത്തരം സംസാരങ്ങള്‍ക്കിടെ ഒരു ദിവസം കഹൂട്ട ആണവ പദ്ധതിയെക്കുറിച്ച് മൊറാര്‍ജി ദേശായി അബദ്ധത്തിൽ പറഞ്ഞു.
തങ്ങള്‍ അതീവരഹസ്യമായി ചെയ്യുന്ന ആണവപദ്ധതിയെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അറിവുണ്ടെന്നത് പാക്ക് പ്രസിഡന്റിന് ഞെട്ടിക്കുന്ന വിവരമായിരുന്നു. സൗഹൃദ സംഭാഷണത്തിനിടെ ഒരുപടി കൂടി കടന്ന് പാക്കിസ്ഥാനിലെ റോ ശൃംഖലയെക്കുറിച്ചും മൊറാര്‍ജി സൂചന നല്‍കി. ഇത്രയും മതിയായിരുന്നു പാക്കിസ്ഥാനും സിയാ ഉള്‍ ഹഖിനും. പാക്കിസ്ഥാനിലെ റോ ഏജന്റുമാരെ ഒന്നൊന്നായി അവര്‍ പിടികൂടി വധിച്ചു. വര്‍ഷങ്ങളായി രഹസ്യാന്വേഷണ ശൃംഖല കെട്ടിപ്പടുത്ത റോയ്ക്ക് സംഭവിച്ച നികത്താനാവാത്ത നഷ്ടമായിരുന്നു അത്. മാത്രമല്ല എ.ക്യു. ഖാന്റെ ലബോറട്ടറി രായ്ക്കുരാമാനം അവിടെനിന്നു മാറ്റാനും പാക്കിസ്ഥാനായി.

അന്ന് റോയുടേയും മൊസാദിന്റേയും സംയുക്ത നീക്കത്തിന്റെ ഭാഗമായി പാക്ക് ലബോറട്ടറി തകര്‍ന്നിരുന്നെങ്കില്‍ അവര്‍ക്ക് ഇത്രയെളുപ്പത്തില്‍ ആണവശക്തിയാകാന്‍ സാധിക്കുമായിരുന്നില്ല.1998 മേയ് 28ന് പാക്കിസ്ഥാന്‍ വിജയകരമായി അണ്വായുധം പരീക്ഷിച്ചു. ലോകത്ത്, അണ്വായുധമുള്ള ഒൻപതാമത്തെ രാഷ്ട്രമായി മാറുകയും ചെയ്തു.
English Summary: How Former Indian PM helped Pakistan become a nuclear state