sections
MORE

നിന്നനിൽപിൽ മരിച്ചുവീണത് ലക്ഷങ്ങൾ, അവശേഷിച്ചത് വിചിത്രമായ ആ ‘നിഴലുകൾ’

shadow-Hiroshima
SHARE

1945 ഓഗസ്റ്റ് 6, 9... മനുഷ്യരാശി ഒരിക്കലും മറക്കരുതാത്ത രണ്ട് ദിവസങ്ങള്‍. അന്നായിരുന്നു ജപ്പാനിലെ വന്‍ നഗരങ്ങളായിരുന്ന ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോംബ് ഇട്ടത്. നിന്ന നില്‍പില്‍ ജീവന്‍ നഷ്ടപ്പെട്ട നിരവധി മനുഷ്യരും വസ്തുക്കളുമെല്ലാം വിടപറയും മുൻപേ നിഴലുകള്‍ അവശേഷിപ്പിച്ചിരുന്നു. ജീവന്‍ നഷ്ടപ്പെടുന്നതിന് തൊട്ടു മുൻപുള്ള നിമിഷത്തെ കാലം നിഴലുകള്‍കൊണ്ട് അടയാളപ്പെടുത്തിയതിനു പിന്നിലെ രഹസ്യം എന്തായിരിക്കും?

ലോകത്താദ്യമായി മനുഷ്യനു നേരെ ആറ്റംബോംബ് പരീക്ഷിച്ച ജപ്പാനില്‍ അന്നുവരെ ലോകം കണ്ടിട്ടില്ലാത്ത ദുരന്തത്തിന്റെ കാഴ്ചകളാണ് തുടര്‍ന്നു കണ്ടത്. അന്നത്തെ ദുരന്ത നിമിഷത്തില്‍ പടികയറുന്ന മനുഷ്യരുടേയും കാല്‍നട യാത്രക്കാര്‍ക്കുള്ള പാതകളിലൂടെ നടന്നവരുടേയും റോഡില്‍ സൈക്കിളില്‍ സഞ്ചരിച്ചിരുന്നവരുടേയുമെല്ലാം നിഴലുകള്‍ ഹിരോഷിമയിലും നാഗസാക്കിയിലും അവശേഷിച്ചിരുന്നു. നിന്ന നില്‍പില്‍ മനുഷ്യന്‍ നിഴലുകള്‍ മാത്രം അവശേഷിപ്പിച്ച് ഇല്ലാതായി പോയതിന്റെ വിശദീകരണം ന്യൂമെക്‌സിക്കോയിലെ നാഷണല്‍ മ്യൂസിയം ഓഫ് ന്യൂക്ലിയര്‍ സയന്‍സ് ആന്റ് ഹിസ്റ്ററിയിലെ ഡോ. മിഖായേല്‍ ഹാര്‍ട്ട്‌സ്‌റ്റോണ്‍ നല്‍കുന്നുണ്ട്. 

ഓരോ ആറ്റംബോബ് സ്‌ഫോടനത്തിനും പിന്നാലെ വളരെ ഉയര്‍ന്ന വെളിച്ചവും ചൂടുമാണ് പുറത്തേക്ക് വന്നത്. ഈ വെളിച്ചത്തിന്റെ സഞ്ചാരത്തിന് മനുഷ്യരടങ്ങുന്ന ജീവജാലങ്ങളും വസ്തുക്കളുമെല്ലാം തടസം സൃഷ്ടിച്ചു. ഉയര്‍ന്ന ആവൃത്തിയിലുള്ള വെളിച്ചം തുടര്‍ന്ന് കോണ്‍ക്രീറ്റിലും കല്ലുകളിലും റോഡിലുമെല്ലാം പതിച്ച മനുഷ്യരുടേയും വസ്തുക്കളുടേയും ‘പ്രേത നിഴലുകള്‍’ അതേ പോലെ അവശേഷിപ്പിക്കുകയായിരുന്നു. 

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ആണവസ്‌ഫോടനത്തിന് തൊട്ട് മുൻപ് ഹിരോഷിമയിലേയും നാഗസാക്കിയിലേയും മനുഷ്യരും വസ്തുക്കളും എങ്ങനെയിരുന്നിരുന്നുവെന്നതിന്റെ അവശേഷിപ്പുകളാണ് ഈ നിഴല്‍ രൂപങ്ങള്‍ പിന്നീട് നല്‍കിയത്. നിഴല്‍പതിച്ച പ്രദേശത്തിന് പുറത്തെ ഭാഗം വെളിച്ചത്തിന്റെ അതിപ്രസരത്തില്‍ വിളറുകയും ചെയ്തു. ഇതോടെയാണ് നിഴലുകള്‍ക്ക് കൂടുതല്‍ തെളിച്ചം ലഭിക്കുകയും താല്‍ക്കാലികമായെങ്കിലും പതിഞ്ഞു പോവുകയും ചെയ്തത്. 

ന്യൂക്ലിയര്‍ ഫിഷനെ തുടര്‍ന്നാണ് ആണവസ്‌ഫോടനങ്ങളില്‍ വലിയ തോതില്‍ ഊര്‍ജം പുറത്തേക്ക് വരുന്നത്. യുറേനിയം 235, പ്ലൂട്ടോണിയം 239 തുടങ്ങിയ ഭാരമേറിയ മൂലകങ്ങളുടെ ന്യൂക്ലിയസില്‍ ന്യൂട്രോണ്‍ ഇടിക്കുമ്പോഴാണ് ഫിഷന്‍ സംഭവിക്കുന്നത്. ഈ കൂട്ടിയിടിയുടെ ഫലമായി വലിയ തോതില്‍ ഊര്‍ജം പുറത്തേക്ക് വരുന്നതാണ് ആണവസ്‌ഫോടനമായി പരിണമിക്കുന്നത്. ന്യൂക്ലിയസിന്റെ വിഭജനം വഴി ന്യൂട്രോണുകള്‍ പുറന്തള്ളുമ്പോള്‍ സമീപത്തുള്ള മറ്റു ന്യൂക്ലിയസുകളിലും വിള്ളലും വിഭജനവും ചങ്ങല പോലെ നടക്കുന്നു. ഒരു സെക്കൻഡിന്റെ ചെറിയൊരു ഭാഗം കൊണ്ടാണ് ഇത് നടക്കുക. 

അണുബോംബ് സ്‌ഫോടനങ്ങളെ തുടര്‍ന്നുള്ള ഗാമ റേഡിയേഷനുകള്‍ മൂലം 5538 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവ് വരെ പുറത്തേക്ക് വരുമെന്നാണ് റിയല്‍ ക്ലിയര്‍ സയന്‍സ് റിപ്പോര്‍ട്ടു ചെയ്യുന്നത്. വലിയ രീതിയില്‍ പുറത്തേക്കുവരുന്ന ഈ ഊര്‍ജം മനുഷ്യ ശരീരം വലിച്ചെടുക്കപ്പെടും. ആണവസ്‌ഫോടനത്തെ തുടര്‍ന്നുള്ള തീവ്രവെളിച്ചത്തില്‍ നിഴലുകള്‍ക്ക് പുറത്തുള്ള ഭാഗം കൂടുതല്‍ വിളറി വെളുക്കുകയും ചെയ്യും. ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബ്‌ സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ ഇത്തരം നിരവധി നിഴലുകള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ചൂടും കാറ്റും മഴയും അടക്കമുള്ളവ ഈ നിഴലുകളെ മായ്ച്ചുകളയുകയായിരുന്നു.

English Summary: Why did the atomic bomb dropped on Hiroshima leave shadows of people etched on sidewalks?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA