sections
MORE

‘ ചൊവ്വയിൽ’ പോയി ഒരു വർഷം താമസിക്കാൻ നാസ ക്ഷണിക്കുന്നു

HIGHLIGHTS
  • ചൊവ്വയിൽ കോളനിയെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഭൂമിയിൽ 'ചൊവ്വ'യുടെ ഉപരിതലമുണ്ടാക്കി നാസ
mars-mission-nasa
SHARE

‘ ചൊവ്വയിൽ’ പോയി ഒരു വർഷം താമസിച്ചിട്ടു വരാം. കേട്ടാൽ തമാശയാണെന്നു തോന്നിയാലും ഓഫർ തരുന്നത് യുഎസ് സ്പേസ് ഏജൻസി നാസയാണ്. ചെറുതായിട്ട് വിശ്വാസം വരുന്നുണ്ടോ.. എന്നാൽ ഇതു കൂടി കേൾക്കൂ. യഥാർഥ ചൊവ്വയിലേക്ക് അല്ല നാസ നിങ്ങളെ ക്ഷണിക്കുന്നത്. ഹ്യൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിൽ കൃത്രിമമായി നിർമിച്ചിരിക്കുന്ന ‘ ചൊവ്വോപരിതല കോളനിയിലേക്ക്’ ആണ് ക്ഷണം. ഒരു വർഷം ഈ കോളനിയിൽ താമസിക്കാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് നാസ ഇപ്പോൾ. ചാടി വീഴും മുൻപ് 2 കാര്യം ഓർക്കണം. ആദ്യം യുഎസ് പൗരനാണോ എന്ന്.. പ്രഥമ പരിഗണന അവർക്കാണ്. രണ്ട് ശാസ്ത്ര വിഷയങ്ങളിൽ ഏതെങ്കിലുമാണോ ബിരുദം എന്ന്.. കാരണം ആദ്യഘട്ടത്തിൽ നാസ അപേക്ഷ ക്ഷണിച്ചിരിക്കുന്നത് ഈ യോഗ്യതകൾ ഉള്ളവർക്കാണ്.

ചൊവ്വയിൽ മനുഷ്യവാസം സാധ്യമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടു കാലം കുറച്ചായി. ഇതിന്റെ പടിപടിയായുള്ള പരീക്ഷണങ്ങൾ വളരെ വേഗത്തിൽ മുന്നേറുന്നുമുണ്ട്. പെഴ്സിവീയറൻസ് മിഷൻ ചൊവ്വയിൽ ഹെലികോപ്റ്റർ പറത്തിയതും ഓക്സിജൻ വേർതിരിച്ചെടുത്തതുമെല്ലാം ഇതിലേക്കുള്ള ചവിട്ടുപടിയായി തന്നെയാണ് നാസ കാണുന്നത്. ഈ പശ്ചാത്തലത്തിലാണ് ചൊവ്വയിൽ താമസിക്കാൻ സാധ്യമാണോ എന്ന പരിഗണനയിലേക്ക് നാസ എത്തിയിരിക്കുന്നത്. എന്നാൽ നേരെ പോയി വീട് പണിതു താമസിക്കാൻ പറ്റുന്ന സ്ഥലമല്ലല്ലോ ചൊവ്വ. അതുകൊണ്ട് ഭൂമിയിൽ ചൊവ്വയുടെ ഉപരിതലം പോലെ ഭൗതിക സാഹചര്യം ഒരുക്കി. അവിടെ പണിയാനുദ്ദേശിക്കുന്ന സംവിധാനങ്ങളെല്ലാം തയാറാക്കി പരീക്ഷണം നടത്താനാണ് നാസയുടെ ശ്രമം. ചൊവ്വയിൽ ഉണ്ടാകാൻ സാധ്യതയുള്ള കാലാവസ്ഥാ മാറ്റം, താപവ്യതിയാനം, യന്ത്രത്തകരാറുകൾ, ആരോഗ്യ പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം പരീക്ഷണ വിധേയമാക്കാനാണ് നാസയുടെ ശ്രമം. ഇതിൽ പങ്കെടുക്കാനാണ് നാസ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ചൊവ്വയുടെ ഉപരിതലത്തിൽ താമസത്തിന് നിർമിക്കാൻ ഉദ്ദേശിക്കുന്ന മാഴ്സ് ഡൂൺ ആൽഫ എന്ന കൂടാരങ്ങളാണ് ചൊവ്വയ്ക്കു സമാനമായ സാഹചര്യത്തിൽ ഒരുക്കിയിട്ടുള്ളത്. 1700 ചതുരശ്ര അടിയുള്ള സംവിധാനമാണിത്. ചൊവ്വയ്ക്കു സമാനമായ പ്രതലവും മറ്റും 3ഡി പ്രിന്റർ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമിച്ചിട്ടുള്ളതത്രേ. ബഹിരാകാശത്ത് എത്താതെ തന്നെ സ്പേസ് വാക് നടത്താനും മറ്റും കഴിയും. കൂടാതെ നാസയുടെ ശാസ്ത്രപരീക്ഷണങ്ങൾക്ക് സഹകരിക്കാനും അവസരമുണ്ടാകും. വിർച്വൽ റിയാലിറ്റി സംവിധാനം, റോബോട്ടിക് സാങ്കേതിക വിദ്യ എന്നിവ പ്രയോജനപ്പെടുത്താം. കൂടാതെ ‘ചൊവ്വയിൽ നിന്ന് ഭൂമിയിലേക്ക്’ സന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുകയും വേണം. യഥാർഥത്തിൽ ചൊവ്വയിൽ നിന്നും ഭൂമിയിലേക്ക് സന്ദേശം എത്താനെടുക്കുന്ന സമയം തന്നെ വേണ്ടി വരും ഹ്യൂസ്റ്റണിൽ തന്നെയുള്ള ഈ രണ്ടു കേന്ദ്രങ്ങളിൽ ആശയവിനിമയം നടത്താനും. ‘മാർഷിയൻ’ പൗരന്മാർ പൂർണമായി നിരീക്ഷണത്തിലുമായിരിക്കും ഇവിടെ. ഒരു വർഷത്തെ ‘ചൊവ്വാ’ ജീവിതത്തിലെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് നാസ പുതിയ ചൊവ്വാ ദൗത്യത്തിലേക്കുള്ള കടമ്പകൾ കണ്ടെത്തുന്നത്. ഇത് മറികടക്കാനും വാർഷിക ജീവിതം സഹായിക്കും.ഇത്തരത്തിൽ 3 മിഷൻ പൂർത്തിയാക്കാനാണ് നാസ ഉദ്ദേശിക്കുന്നത്. ആദ്യത്തേത് അടുത്ത വർഷം സെപ്റ്റംബറിൽ ആരംഭിക്കും. ക്രൂ ഹെൽത്ത് ആൻഡ് പെർഫോമൻസ് എക്പ്ലോറേഷൻ അനലോഗ് എന്നു പേരിട്ടാണ് പരീക്ഷണം നടപ്പാക്കുന്നത്.

ചൊവ്വയിൽ താമസിക്കുമ്പോൾ നേരിടേണ്ടി വരുന്ന ഗുരുതരമായ സാഹചര്യങ്ങളെ അറിയാൻ ഈ ഡേറ്റ അനിവാര്യമാണെന്ന് ശാസ്ത്രസംഘം പറയുന്നു, ഈ പഠനരേഖ ഉപയോഗിച്ചു വേണം ചൊവ്വാ ദൗത്യത്തിന് ബഹിരാകാശ യാത്രികരെ പ്രാപ്തരാക്കാനുള്ള ആരോഗ്യപ്രവർത്തനവും പൂർത്തിയാക്കാൻ.ആദ്യ ദൗത്യത്തിന് യുഎസ് പൗരന്മാർക്കോ യുഎസിൽ താമസിക്കുന്നവർക്കോ ആണ് പ്രഥമ പരിഗണന എന്നാണ് വിവരം. 

നിബന്ധനകളുമുണ്ട്.പുകവലിക്കാരൻ ആണെങ്കിൽ അപേക്ഷ അയയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കണ്ട.30നും 55നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ളവരെ ആണ് ഗ്രൂപ്പിലേക്ക് വേണ്ടത്. നന്നായി ഇംഗ്ലിഷും അറിഞ്ഞിരിക്കണം. ശാസ്ത്രവിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ ബിരുദമുള്ളവരെ ആണ് നാസ ആദ്യം പരിഗണിക്കുക.സൈനികർ, വൈമാനികർ തുടങ്ങിയ പല വിഭാഗക്കാരെയും പിന്നീട് പരിഗണിക്കുമെന്നും നാസയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Mars-Transit-2021-Photo-Credit-cobalt88

ശാസ്ത്രാഭിരുചി ഉള്ളവരിൽ പരീക്ഷണങ്ങളും പഠനങ്ങളും പൂർത്തിയാക്കിയ ശേഷം സാധാരണക്കാരിലേക്ക് ചൊവ്വാദൗത്യം എത്തിക്കുന്നതാകും ഉചിതമെന്നു മുൻപ് ബഹിരാകാശ യാത്രനടത്തിയിട്ടുള്ളവർ അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് ദൗത്യത്തിൽ ശാസ്ത്രസംഘത്തെയും സാങ്കേതിക ടീമിനെയുമെല്ലാം ഉൾപ്പെടുത്താൻ നാസ തീരുമാനിച്ചതിന് പിന്നിലുള്ള കാരണം. എന്തായാലും ചൊവ്വയിലെ കോളനിവൽക്കരണത്തിന് തീവ്രനടപടികളുമായാണ് യുഎസ് മുന്നോട്ട് പോകുന്നത്.

English Summary: Want to Spend a Year on Mars? This Epic New NASA Mission Is The Stuff of Dreams

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA