ADVERTISEMENT

കോവിഡ് രോഗികള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞത് ചൈനക്ക് തിരിച്ചടിയാവുന്നു. കോവിഡിന്റെ പുതിയ ഡെല്‍റ്റാ വകഭേദം വ്യാപകമാവുന്നുവെന്ന സൂചനകളെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് രാജ്യം. തലസ്ഥാനമായ ബെയ്ജിങ്ങിലേക്ക് കോവിഡ് രോഗികള്‍ കൂടുതലുള്ള പ്രദേശത്തു നിന്നുള്ളവര്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. വുഹാന്‍ പ്രവിശ്യയില്‍ 1.10 കോടി പേരില്‍ വിപുലമായ കോവിഡ് പരിശോധനയും ചൈന പൂര്‍ത്തിയാക്കി.

 

വുഹാനിലാണ് ആദ്യമായി കോവിഡ് റിപ്പോര്‍ട്ടു ചെയ്തതെങ്കിലും കര്‍ശനമായ നിയന്ത്രണങ്ങളിലൂടെ കോവിഡ് രോഗികളുടെ എണ്ണം പരമാവധി കുറയ്ക്കാന്‍ ചൈനക്കായി. ഇതോടെ മാസ്‌ക് ധരിക്കുന്നതും അകലം പാലിക്കുന്നതും അടക്കമുള്ള മുന്‍കരുതലുകള്‍ ഇല്ലാതായി. കൂടിച്ചേരലുകളും ആഘോഷങ്ങളും പൂര്‍വാധികം ശക്തിയോടെ ആരംഭിച്ചത് അവര്‍ക്കു തന്നെ തിരിച്ചടിയായെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. അതിവേഗത്തില്‍ പടരുന്ന കോവിഡിന്റെ ഡെല്‍റ്റാ വകഭേദം ചൈനയില്‍ പടര്‍ന്നുപിടിക്കുന്നുവെന്നാണ് സൂചനകള്‍. 

 

∙ നിയന്ത്രണം വീണ്ടും

 

അപകട മുന്നറിയിപ്പ് ലഭിച്ചതോടെ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ട് ചൈനീസ് അധികൃതര്‍. യാത്രകള്‍ പരമാവധി കുറയ്ക്കണമെന്നും കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ വഴി ചൈനീസ് ഭരണകൂടം പൗരന്മാരെ അറിയിച്ചു കഴിഞ്ഞു. ദീര്‍ഘദൂര ബസ് സര്‍വീസുകളും ചില ട്രെയിന്‍- വിമാന സര്‍വീസുകളും മുന്‍കരുതലെന്ന നിലയ്ക്ക് റദ്ദാക്കിയിട്ടുമുണ്ട്.

 

തലസ്ഥാനമായ ബെയ്ജിങ്ങിലേക്കും പുറത്തേക്കുമുള്ള യാത്രകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബെയ്ജിങ്ങിലേക്ക് പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ യാത്രാ ടിക്കറ്റിന് ശ്രമിച്ചാല്‍ ലഭ്യമാവില്ല. 15 ചൈനീസ് നഗരങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ബെയ്ജിങ്ങിലെ ഡാക്‌സിങ് രാജ്യാന്തര വിമാനത്താവളത്തില്‍ വിലക്കേർപ്പെടുത്തി.

 

വുഹാനിലെ 1.10 കോടി ജനസംഖ്യയില്‍ ആറ് വയസിനു താഴെയുള്ള കുഞ്ഞുങ്ങളൊഴികെ മുഴുവന്‍ പേരിലും കോവിഡ് പരിശോധന നടത്തി. രണ്ടാംവരവില്‍ ശനിയാഴ്ച്ച വരെ 37 കോവിഡ് പോസിറ്റീവ് കേസുകളാണുണ്ടായിരുന്നത്. മുഴുവന്‍ പേരിലും പരിശോധന നടത്തിയതില്‍ നിന്നും 41 അധിക കോവിഡ് കേസുകള്‍ കൂടി കണ്ടെത്താനായി. 28,000 ആരോഗ്യപ്രവര്‍ത്തകരെ 2,800 പരിശോധനാ കേന്ദ്രങ്ങളിലായി വിന്യസിച്ചാണ് വുഹാന്‍ ഈ ബൃഹത്തായ പരിശോധനാ ക്യാംപ് പൂര്‍ത്തിയാക്കിയത്. 

 

∙ ചൈനയുടെ പിഴവുകള്‍ 

 

കോവിഡ് നിയന്ത്രണങ്ങളില്‍ വന്ന ഇളവുകളാണ് തിരിച്ചടിയായതെന്ന സൂചനകള്‍ ചൈന നല്‍കുന്നുണ്ട്. ചൈനീസ് നഗരമായ നാന്‍ജിയാങ്ങില്‍ ജൂലൈ 10ന് വന്നിറങ്ങിയ എയര്‍ ചൈന വിമാനത്തിലുണ്ടായിരുന്ന മോസ്‌കോയില്‍ നിന്നുള്ള യാത്രക്കാരനിലൂടെയാണ് കോവിഡിന്റെ മാരകമായ ഡെല്‍റ്റാ വകഭേദം ചൈനയിലെത്തിയത് എന്നാണ് കരുതപ്പെടുന്നത്. നിലത്തിറങ്ങിയ വിമാനം വൃത്തിയാക്കാന്‍ വന്ന ശുചീകരണ തൊഴിലാളികള്‍ വഴിയാണ് രോഗം പൊതു സമൂഹത്തിലേക്കെത്തിയതെന്നാണ് റിപ്പോർട്ട്. ശുചീകരണ തൊഴിലാളികള്‍ മാസ്‌ക് ധരിക്കാതിരുന്നത് രോഗ വ്യാപന സാധ്യത വര്‍ധിപ്പിച്ചതായും കണക്കാക്കപ്പെടുന്നു. 

 

മോസ്‌കോയില്‍ നിന്നുള്ള വിമാനത്തിലെ യാത്രക്കാര്‍ മാത്രമല്ല കോവിഡിന്റെ ഡെല്‍റ്റാ വകഭേദത്തെ ചൈനയില്‍ വ്യാപിപ്പിക്കാന്‍ സഹായിച്ചത്. കോവിഡിന്റെ തുടക്കകാലത്തെ അപേക്ഷിച്ച് മാസ്‌ക് ധരിക്കുന്നത് അടക്കമുള്ള മുന്‍കരുതലുകള്‍ സമീപകാലത്ത് ചൈനയില്‍ കുറഞ്ഞിരുന്നു. കൂടിച്ചേരലുകളും ആഘോഷങ്ങളും മുറക്ക് നടക്കുകയും ചെയ്തു. സാങ്ജിയാജി എന്ന വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഒരു നാടകം കാണാന്‍ മാത്രം തടിച്ചുകൂടിയത് രണ്ടായിരത്തിലേറെ പേരായിരുന്നു. ഇതില്‍ വകഭേദം വന്ന കോവിഡ് ബാധിച്ചിരുന്നവരും ഉണ്ടായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞിട്ടുണ്ട്. 

 

∙ അടച്ചുപൂട്ടല്‍ ഫലപ്രദമോ?

 

ചൈനയുടെ കോവിഡ് പ്രതിരോധ നയത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യങ്ങളും ഇതിനകം തന്നെ ഉയര്‍ന്നുകഴിഞ്ഞു. ചൈനീസ് സര്‍ക്കാരിനെ കോവിഡ് കാര്യങ്ങളില്‍ ഉപദേശം നല്‍കുന്ന വിദഗ്ധനായ സാങ് വെന്‍ഹോങ് അടുത്തിടെ എഴുതിയ ലേഖനത്തില്‍ ഇതേക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ബ്രിട്ടന്‍, ഇസ്രയേല്‍ പോലുള്ള രാജ്യങ്ങളെ കോവിഡ് പ്രതിരോധ നയത്തില്‍ ചൈന മാതൃകയാക്കണമെന്നാണ് അദ്ദേഹം പറയുന്നത്. പരമാവധി പേരിലേക്ക് വാക്‌സീന്‍ എത്തിച്ച ശേഷം കോവിഡ് മുന്‍കരുതലുകളോടു കൂടി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന രീതിയിലാണ് ഇവിടങ്ങളിലുള്ളത്. പൂര്‍ണമായും അടച്ചിട്ടുകൊണ്ട് കോവിഡിനെ നേരിടുന്ന രീതി പുനപരിശോധിക്കണമെന്നാണ് നിര്‍ദേശം.

 

അതേസമയം, അടച്ചിടലുമായി മുന്നോട്ടു പോകാനാണ് തല്‍ക്കാലം ചൈനീസ് അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി സാങ്ജിയാജി, സുസൗ തുടങ്ങിയ ചൈനീസ് നഗരങ്ങളിലെ 54 ലക്ഷം പേര്‍ക്ക് വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന നിര്‍ദേശം നല്‍കി കഴിഞ്ഞു. കോവിഡിന്റെ ഡെല്‍റ്റാ വകഭേദം ആദ്യം തിരിച്ചറിഞ്ഞ നാന്‍ജിയാങ് മേഖലയിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ നാല് തവണയാണ് പലപ്പോഴായി കോവിഡ് പരിശോധനക്ക് വിധേയരായത്. 

 

∙ ചൈനീസ് വാക്‌സീന്റെ വിശ്വാസ്യത

 

പൗരന്മാര്‍ക്ക് വാക്‌സീന്‍ നല്‍കുന്നതില്‍ വലിയ പുരോഗതി നേടാന്‍ ചൈനയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതുവരെ രണ്ട് ഡോസുകളിലായി ഏതാണ്ട് 170 കോടി കോവിഡ് പ്രതിരോധ വാക്‌സീനാണ് ചൈനയില്‍ വിതരണം ചെയ്തിട്ടുള്ളത്. ആകെയുള്ള 140 കോടി ജനങ്ങളില്‍ ഏതാണ്ട് 60 ശതമാനത്തിലേറെ പേര്‍ക്ക് പൂര്‍ണമായും പ്രതിരോധ കുത്തിവെപ്പ് ലഭിച്ചുവെന്നാണ് കണക്ക്. ബെയ്ജിങ്, ഷാങ്ജിയാങ് പോലുള്ള വന്‍ നഗരങ്ങളില്‍ പ്രായപൂര്‍ത്തിയായവരില്‍ യഥാക്രമം 91, 85 ശതമാനം പേര്‍ക്ക് കോവിഡ് പ്രതിരോധകുത്തിവെപ്പ് നല്‍കാനായി. 

 

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്‌സീനാണ് പ്രതിരോധ കുത്തിവെപ്പിനായി ചൈന ഉപയോഗിക്കുന്നത്. സ്വകാര്യ കമ്പനിയായ സിനോവാകിന്റേയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിനോഫാമിന്റേയും വാക്‌സീനുകളാണവ. ചൈനയിലെ പ്രശസ്ത പകര്‍ച്ചവ്യാധി വിദഗ്ധനായ സോങ് നന്‍ഷന്‍ കോവിഡിന്റെ ഡെല്‍റ്റാ വകഭേദം ബാധിച്ചാല്‍ ഗുരുതരമാകുന്ന അവസ്ഥയില്‍ നിന്നും 100 ശതമാനം സുരക്ഷ ചൈനീസ് വാക്‌സീനുകള്‍ നല്‍കുന്നുവെന്നാണ് അവകാശപ്പെട്ടത്. അതേസമയം, ഈ അവകാശവാദത്തെ സാധൂകരിക്കാന്‍ വേണ്ട കണക്കുകളൊന്നും തന്നെ നിരത്തിയിട്ടുമില്ല. തങ്ങളുടെ വാക്‌സീനുകളുടെ വിശ്വാസ്യതയിലുള്ള കുറവാണ് ചൈനയെ കടുത്ത നിയന്ത്രണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതെന്ന വാദവും ഉയരുന്നുണ്ട്.

 

English Summary: Sinovac in Dock as China's Zero Covid Strategy Goes for a Toss Amid Delta's Entry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com