sections
MORE

24 മണിക്കൂറും ഇന്ത്യൻ ഭൂഖണ്ഡത്തെ നിരീക്ഷിക്കാൻ ഇഒഎസ് -3, വിക്ഷേപണം വ്യാഴാഴ്ച

GSLV-F10-
SHARE

ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-3 വ്യാഴാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ജിഎസ്എൽവി-എഫ് 10 റോക്കറ്റ് കുതിച്ചുയരുക. 24 മണിക്കൂറും ഇന്ത്യൻ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ഇഒഎസ് 03 ഉപഗ്രഹം വിക്ഷേപിക്കുന്നത്. വിക്ഷേപണത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങിയെന്ന് ഇസ്രോ അറിയിച്ചു.

ബുധനാഴ്ച രാവിലെയാണ് ജിഎസ്എൽവി-എഫ് 10 റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചത്. ജിയോ ഇമേജിങ് സാറ്റലൈറ്റ് -1 (ജിസാറ്റ് -1) എന്ന ഉപഗ്രഹത്തിന്റെ പേര് ഇഒഎസ് -03 എന്ന് പുനർനാമകരണം ചെയ്തതാണ്. 51.70 മീറ്റർ ഉയരവും 416 ടൺ ഭാരവുമുള്ള ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ -എഫ് 10 (ജിഎസ്എൽവി -എഫ് 10) കാലാവസ്ഥാ അനുകൂലമാണെങ്കിൽ നിശ്ചയിച്ച സമയത്ത് തന്നെ വിക്ഷേപിക്കുമെന്ന് ഇസ്രോ അറിയിച്ചു.

2,268 കിലോഗ്രാം ഭാരമുള്ള ഇഒഎസ് -03 വിക്ഷേപിച്ച് 18 മിനിറ്റിനുള്ളിൽ ഭ്രമണപഥത്തിലെത്തും. പിന്നീട് ഉപഗ്രഹത്തിലെ ഓൺബോർഡ് മോട്ടോറുകൾ പ്രവർത്തിപ്പിച്ച് ലക്ഷ്യ സ്ഥാനത്ത് എത്തിക്കുമെന്ന് ഇസ്രോ വക്താവ് പറഞ്ഞു. ജിഎസ്എൽവി ഒരു ത്രീ സ്റ്റേജ്, എൻജിൻ റോക്കറ്റ് ആണ്. ആദ്യ ഘട്ടത്തിൽ ഖര ഇന്ധനവും രണ്ടാമത്തേതിൽ ദ്രാവക ഇന്ധനവും മൂന്നാമത്തേതിൽ ക്രയോജനിക് എൻജിനുമാണ് പ്രവർത്തിക്കുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി റോക്കോറ്റിന്റെ മുൻഭാഗം വെടിയുണ്ടയുടെ ആകൃതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. കൂടുതൽ വേഗം ലഭിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.

ദിവസവും നാലോ അഞ്ചോ തവണ രാജ്യത്തിന്റെ സമഗ്രവും വ്യക്തവുമായ ചിത്രങ്ങൾ പകർത്തുകയാണ് ഇഒഎസ്–3യുടെ പ്രധാന ജോലി. പ്രകൃതി ദുരന്തം, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകാനും ഈ ഉപഗ്രഹത്തിന് സാധിക്കും. ജലാശയങ്ങളുടെ സ്ഥിതി, കൃഷി, വനം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും ശേഖരിക്കും.

കഴിഞ്ഞ വർഷം മാർച്ച് 5 ന് വിക്ഷേപിക്കാൻ നിശ്ചയിച്ചിരുന്ന ഉപഗ്രഹമാണ് ഇഒഎസ്–3. എന്നാൽ, വിക്ഷേപണത്തിന് മണിക്കൂറുകൾക്ക് മുൻപ് ചില സാങ്കേതിക തകരാറുകൾ കാരണം ദൗത്യം മാറ്റിവെക്കുകയായിരുന്നു. തുടർന്ന് 2021 മാർച്ചിൽ വിക്ഷേപണം നടത്താൻ തീരുമാനിച്ചെങ്കിലും ഉപഗ്രഹത്തിന്റെ ബാറ്ററി പ്രശ്നങ്ങൾ കാരണം വീണ്ടും വൈകി. ബാറ്ററി മാറ്റി ഉപഗ്രഹവും റോക്കറ്റും ശ്രീഹരിക്കോട്ടയിൽ പറന്നുയരാൻ തയാറെടുക്കുമ്പോഴാണ് കോവിഡ് -19 ന്റെ രണ്ടാം തരംഗം വരുന്നത്. റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലെ പലരെയും കോവിഡ് ബാധിച്ചിരുന്നു.

English Summary: Countdown Begins For India To Open Its Sky Eye GISAT-1

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA