ADVERTISEMENT

ഭൂമിയിലെ ജീവജാലങ്ങളുടെ ഊര്‍ജകേന്ദ്രമായ സൂര്യനെക്കുറിച്ച് ഇന്നും ആഴത്തിലുള്ള അറിവ് നമുക്കില്ല. സൂര്യന്റെ ഉപരിതലത്തേക്കാള്‍ പുറംഭാഗമായ സോളാര്‍ കൊറോണയില്‍ ചൂട് എന്തുകൊണ്ട് കൂടിയിരിക്കുന്നുവെന്നതിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. അതായത് സൂര്യന്റെ ഉപരിതലം കൊറോണയേക്കാൾ തണുത്തതാണ്. ഇതടക്കമുള്ള നിര്‍ണായക ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടിയാണ് നാസയുടെ എക്‌സ് റേ സോളാര്‍ ഇമേജര്‍ മാജിക്‌സ് ( Marshall Grazing Incidence X-ray Spectrometer) പുറപ്പെട്ടിരിക്കുന്നത്. 

 

സൂര്യന്റെ കൊറോണ ചൂടുപിടിക്കുന്നത് എങ്ങനെയെന്നതിനെക്കുറിച്ച് നമുക്ക് ഇന്നും വ്യക്തതയില്ല. സൂര്യനിലെ ചൂടിന്റെ വിതരണം എങ്ങനെയാണെന്നതിനെക്കുറിച്ച് വിശദമായ അറിവ് ലഭിക്കേണ്ടതുണ്ടെന്ന് ഹീലിയോഫിസിസിസ്റ്റായ ആമി വൈന്‍ബാര്‍ഗര്‍ മാഷല്‍ പറയുന്നു. ന്യൂമെക്‌സിക്കോയിലെ വൈറ്റ് സാന്‍ഡ്‌സ് മിസൈല്‍ റേഞ്ചില്‍ നിന്നായിരുന്നു മാജിക്‌സിന്റെ വിക്ഷേപണം. അതിശക്തമായ ക്യാമറ, ടെലസ്‌കോപ്, എക്‌സ്‌റേ സ്‌പെക്ടോമീറ്റര്‍ എന്നിവയാണ് മാജിക്‌സിലെ പ്രധാന ഉപകരണങ്ങള്‍. 

 

നേരത്തേയും സോഫ്റ്റ് എക്‌സ് റേ സ്‌പെക്ടോമീറ്റര്‍ ദൗത്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവ സൂര്യന്റെ കൊറോണയിലെ ഊര്‍ജവിതരണത്തെ രേഖപ്പെടുത്താന്‍ കഴിവുള്ളവയായിരുന്നില്ല. അതേസമയം മാജിക്‌സ് ( MaGIXS) വഴി സൂര്യന്റെ കൊറോണയിലെ താപ വിതരണത്തെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാനാകുമെന്നാണ് നാസയുടെ പ്രതീക്ഷ. എപ്പോഴെല്ലാം എത്ര ഇടവേളയില്‍ സൂര്യന്റെ കൊറോണ ചൂടുപിടിക്കുന്നുണ്ടെന്ന് തിരിച്ചറിയാന്‍ ഈ വിവരങ്ങള്‍ സഹായിച്ചേക്കും.

 

സൂര്യന്റെ പുറം ഭാഗത്തെ വാതകം നിറഞ്ഞ ഭാഗമാണ് അന്തരീക്ഷമെന്ന് വിളിക്കപ്പെടുന്നത്. സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറത്തെ ഭാഗമാണ് കൊറോണ. സൂര്യനില്‍ നിന്നുള്ള ശക്തമായ വെളിച്ചം മൂലം സാധാരണ രീതിയില്‍ കൊറോണ ദൃശ്യമാവുകയില്ല. അതുകൊണ്ടുതന്നെ സൂര്യന്റെ കൊറോണ നിരീക്ഷിക്കാന്‍ പ്രത്യേകം ഉപകരണങ്ങള്‍ ആവശ്യമാണ്. അതേസമയം, പൂര്‍ണ സൂര്യഗ്രഹണത്തിന്റെ സമയത്ത് ചന്ദ്രന്‍ സൂര്യന്റെ പ്രധാന ഭാഗങ്ങള്‍ മറക്കുമ്പോള്‍ സൂര്യന്റെ കൊറോണ ദൃശ്യമാവുകയും ചെയ്യും. 

 

തീയില്‍ നിന്നും അകന്നു പോകുമ്പോഴാണ് ചൂട് കുറയുകയെങ്കില്‍ സൂര്യന്റെ കാര്യത്തില്‍ തിരിച്ചാണ് സംഭവിക്കുന്നത്. ഫിഷന്‍ സംഭവിക്കുന്ന സൂര്യന്റെ ഉപരിതലത്തേക്കാള്‍ കൊറോണയില്‍ പലമടങ്ങ് ചൂട് കൂടുതലാകുന്നത് എന്തുകൊണ്ടാണ് ശാസ്ത്രലോകത്തെ കുഴക്കുന്ന ചോദ്യം. കൊറോണയില്‍ 18 ലക്ഷം ഡിഗ്രി ഫാരന്‍ഹീറ്റാണ് സൂര്യന്റെ ചൂടെങ്കില്‍ 1000 മൈല്‍ താഴെ സൂര്യന്റെ ഉപരിതലത്തിലെ ചൂട് 10000 ഫാരന്‍ഹീറ്റ് മാത്രമാണ്. 

 

സൂര്യന്‍ മുന്നോട്ടുവെച്ചിട്ടുള്ള ഈ കുഴപ്പിക്കുന്ന ചോദ്യത്തിന്റെ ഉത്തരം തേടുകയെന്നത് ഗോളോര്‍ജതന്ത്രത്തില്‍ (Astrophysics) നിര്‍ണായകമാണ്. സൂര്യന്റെ ഉള്‍ഭാഗത്ത് തുടര്‍ച്ചയായതോ ഇടവേളകളിലോ സംഭവിക്കുന്ന ഊര്‍ജ വിസ്‌ഫോടനങ്ങളാണോ ഈ താപത്തിന് പിന്നിലെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഈ ചോദ്യത്തിന് രണ്ട് സാധ്യതകളാണ് പ്രധാനമായും ശാസ്ത്രലോകം മുന്നോട്ടുവെക്കുന്നത്. നാനോ ഫ്‌ളെയറുകള്‍ എന്ന് വിളിക്കുന്ന സൂര്യനിലെ ചെറു ഊര്‍ജസ്‌ഫോടനങ്ങളാണ് ഇതിനു പിന്നിലെന്നതാണ് ആദ്യത്തേത്. ഊഷ്മാവിന്റെ തിരരൂപമാണ് അടുത്തത്. ഒരു വാഷിങ് മെഷീനിലേതുപോലെ ഊര്‍ജ പ്രവാഹങ്ങള്‍ നിരന്തരം സംഭവിക്കുന്നതുകൊണ്ട് സൂര്യന്റെ ഉപരിതലത്തിലേക്ക് ഊഷ്മാവ് തിരയായി വന്നുകൊണ്ടിരിക്കുന്നുവെന്നതാണ് ഈ സാധ്യത. 

 

സൂര്യനെക്കുറിച്ച് കൂടുതല്‍ അറിയുന്നതോടെ സൗരക്കാറ്റുകളെക്കുറിച്ചും അവയെ നേരത്തെ പ്രവചിക്കാനുള്ള സാധ്യതയെക്കുറിച്ചും മനസ്സിലാക്കാനാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. സൂര്യന്റെ കൊറോണയിലെ താപ വ്യതിയാനങ്ങളാണ് സൗരക്കാറ്റിന് കാരണമെന്നാണ് കരുതപ്പെടുന്നത്. ഇത്തരം സൗരക്കാറ്റുകള്‍ക്ക് നമ്മുടെ  വാര്‍ത്താവിനിമയ സംവിധാനങ്ങളേയും സാറ്റലൈറ്റുകളേയും വൈദ്യുതി വിതരണ ശൃംഖലയേയും ബാധിക്കാനുള്ള ശേഷിയുണ്ട്.

 

English Summary: Why is Sun's surface cooler than its atmosphere?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com