ADVERTISEMENT

ഭൂമിയിലെ ഉല്‍ക്കാപതനത്തിന്റെ അവശേഷിപ്പുകളും കൂറ്റന്‍ ഗര്‍ത്തങ്ങളും നേരത്തെയും കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ഭൂരിഭാഗവും മൂന്നു ലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് ആധുനിക മനുഷ്യന്‍ ആവിര്‍ഭവിക്കുന്നതിനും മുൻപുള്ളതായിരുന്നു. മനുഷ്യന്റെ ആവിര്‍ഭാവത്തിന് ശേഷമുള്ള ഭൂമിയിലെ ഏറ്റവും വലിയ ഉല്‍ക്കാപതനത്തിന്റെ തെളിവുകളാണ് ഇപ്പോള്‍ ചൈനീസ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 100 മീറ്റര്‍ വ്യാസം കണക്കാക്കുന്ന ഈ ഗര്‍ത്തത്തിന് കാരണമായ ഉല്‍ക്കാപതനം ഏതാണ്ട് 49,000 വര്‍ഷങ്ങള്‍ക്ക് മുൻപാണ് സംഭവിച്ചതെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്.

 

ചൈനയിലെ യിലാന്‍ പ്രവിശ്യയില്‍ പെട്ട ഹെയ്‌ലോങ്ജിയാങ് മേഖലയിലാണ് ഈ ഉല്‍ക്കാ പതനത്തെ തുടര്‍ന്നുള്ള ഗര്‍ത്തം കണ്ടെത്തിയിരിക്കുന്നത്. ദിനോസറുകളുടെ വംശനാശത്തിന് കാരണമായി എന്ന് കരുതപ്പെടുന്ന ഉല്‍ക്കക്ക് ഏതാണ്ട് പത്ത് കിലോമീറ്റര്‍ വ്യാസമാണ് കരുതപ്പെടുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ ഉല്‍ക്കയാണ് ഇവിടെ പതിച്ചതെങ്കിലും കുത്തനെ വീണതിനാല്‍ ആഘാതം വളരെ കൂടുതലായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. 

 

ഹിരോഷിമയില്‍ അമേരിക്ക ഇട്ട അണുബോംബിന്റെ 500 മുതല്‍ 2000 ഇരട്ടി വരെ ആഘാതം ഈ ഉല്‍ക്കാ പതനത്തെ തുടര്‍ന്നുണ്ടായെന്ന് കരുതപ്പെടുന്നു. ഏതാണ്ട് പത്ത് കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശത്ത് ഇത് സര്‍വനാശം വരുത്തി. ഗ്രാനൈറ്റിനെ ചില്ലാക്കി മാറ്റാന്‍ മാത്രം ശേഷിയുള്ള ഊഷ്മാവും ഇതേ തുടര്‍ന്നുണ്ടായെന്ന് ഗവേഷകര്‍ പറയുന്നു. ഉല്‍ക്ക പതിച്ചതിനെ തുടര്‍ന്ന് ഏതാണ്ട് 579 മീറ്റര്‍ ആഴത്തിലുള്ള ഗര്‍ത്തമാണ് ഉണ്ടായത്. ഇത് 2010 വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്ന തായ്‌പേയ് 101 ടവറിനോളം വരും. കഴിഞ്ഞ മാസത്തെ മെറ്റിയോരിറ്റിക്‌സ് ആൻഡ് പ്ലാനെറ്ററി സയന്‍സ് ജേണലില്‍ ഇതേക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരുന്നു. 

 

മനുഷ്യര്‍ക്കായാലും മറ്റു ജീവജാലങ്ങള്‍ക്കായാലും ഈയൊരു ഉല്‍ക്കാ പതനം വലിയ ദുരന്തമാണ് സൃഷ്ടിച്ചതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗുവാങ്‌സു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോകെമിസ്ട്രിയിലെ പ്രൊഫ. ചെന്‍ മിങ് പറയുന്നു. ആധുനിക മനുഷ്യന്റെ പൂര്‍വികര്‍ 70,000 വര്‍ഷങ്ങള്‍ക്ക് മുൻപ് തന്നെ ആഫ്രിക്കയില്‍ നിന്നും പുറത്തേക്കെത്തിയെന്നാണ് കരുതപ്പെടുന്നത്. ഏതാണ്ട് പതിനായിരം വര്‍ഷങ്ങള്‍ക്ക് മുൻപ് തെക്കുകിഴക്കന്‍ ഏഷ്യയിലും മനുഷ്യര്‍ എത്തിയിട്ടുണ്ട്. ഇതിനു ശേഷമാണ് നിലവിലെ ചൈനയിലേക്ക് കടന്നിട്ടുണ്ടാവുക. മനുഷ്യ പൂര്‍വികരും മനുഷ്യനും അടങ്ങുന്ന ജന്തുവര്‍ഗമായ ഹാമനിഡുകള്‍ ഇക്കാലത്ത് ചൈനയിലുണ്ടായിരുന്നുവെന്നത് തര്‍ക്കവിഷയമാണ്. 

 

വടക്കു കിഴക്കന്‍ ചൈനയിലെ പല ഭാഗങ്ങളിലും ഡ്രാഗണ്‍ മാന്‍ എന്ന് വിളിക്കുന്ന കുട്ടി മനുഷ്യന്മാര്‍ ഉണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ആധുനിക മനുഷ്യനേക്കാള്‍ വലിയ തലച്ചോറും കുറിയതും ദൃഢതയുള്ളതുമായ ശരീരവുമായിരുന്നു ഡ്രാഗണ്‍ മാനുണ്ടായിരുന്നത്. ഹോമോസാപ്പിയന്‍സ് എന്ന ആധുനിക മനുഷ്യര്‍ ഈ മേഖലയിലേക്കെത്തി മേധാവിത്വം സ്ഥാപിച്ചതാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ചെന്‍ കൂട്ടിച്ചേര്‍ക്കുന്നത്.

 

സോങ്ഗുവ നദീ തീരത്തെ ഫലഭൂവിഷ്ടമായ പ്രദേശത്താണ് ഈ ഉല്‍ക്കാ ഗര്‍ത്തം കണ്ടെത്തിയിരിക്കുന്നത്. ഇന്നത്തേക്കാളും ചൂടേറിയ കാലാവസ്ഥയായിരുന്നു അന്നത്തെ കാലത്ത് ഈ പ്രദേശത്ത് ഉണ്ടായിരുന്നതെന്നാണ് കരുതപ്പെടുന്നത്. മനുഷ്യനും ആനകള്‍ അടക്കമുള്ള വലിയ ജീവികള്‍ക്കും ജീവിക്കാന്‍ അനുയോജ്യമായ സാഹചര്യം ഇത് സൃഷ്ടിക്കുകയും ചെയ്തു. 

 

സമാനമായ വലുപ്പത്തിലുള്ള ഉല്‍ക്കകള്‍ സൃഷ്ടിച്ചതിനേക്കാളും ചെറിയ ഗര്‍ത്തമാണ് യിലാനിലുണ്ടായിരിക്കുന്നത്. ഏതാണ്ട് 1.85 കിലോമീറ്റര്‍ മാത്രമാണ് ഈ ഗര്‍ത്തത്തിന്റെ വ്യാസം. ഇതിന്റെ കാരണവും ഗവേഷകരെ കുഴക്കിയിരുന്നു. സാധാരണ ഉല്‍ക്കാപതനങ്ങളെ തുടര്‍ന്ന് ആഴം വെച്ച് നോക്കുമ്പോള്‍ അര്‍ധവൃത്താകൃതിയില്‍ കൂടുതല്‍ വിസ്തൃതിയിലാണ് ഗര്‍ത്തങ്ങള്‍ രൂപപ്പെടാറ്. ഉദാഹരണത്തിന് ദിനോസറുകളുടെ വംശനാശത്തിന് കാരണമായെന്ന് കരുതപ്പെടുന്ന മെക്‌സിക്കോയിലെ ചിക്‌സ്യൂലബ് ഗര്‍ത്തത്തിന് 150 കിലോമീറ്റര്‍ വിസ്തൃതിയും 20 കിലോമീറ്റര്‍ ആഴവുമാണ് കരുതപ്പെടുന്നത്. യിലാന്‍ ഗര്‍ത്തത്തിന്റെ കൂടിയ ആഴത്തിനു കാരണം ഉല്‍ക്ക ഭൂമിയിലേക്ക് കുത്തനെ വന്നു പതിച്ചതാണെന്നാണ് കണ്ടെത്തല്‍.

 

പരമാവധി 300 മീറ്റര്‍ മാത്രം ആഴം പ്രതീക്ഷിച്ച് നടത്തിയ കുഴിക്കല്‍ 579 മീറ്റര്‍ വരെ തുടരേണ്ടി വന്നു ചെന്നിനും സംഘത്തിനും. ഇത് തങ്ങളുടെ ബജറ്റിനെ പോലും താളം തെറ്റിക്കുന്നതായിരുന്നെന്നും അദ്ദേഹം പറയുന്നു. എങ്കിലും മനുഷ്യന്‍ ആവിര്‍ഭവിച്ചതിന് ശേഷമുള്ള ഏറ്റവും ശക്തമായ ഉല്‍ക്കാപതനത്തിന്റെ തെളിവുകളായിരുന്നു ഈ അസാധാരണ ഉത്ഖനനം വഴി ചെന്നും സംഘവും കണ്ടെത്തിയത്.

 

English Summary: Chinese scientists find evidence of most powerful asteroid strike humans ever experienced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com