sections
MORE

മുന്നിലുള്ളത് താലിബാന്റെ വധശിക്ഷ! വധിക്കാൻ ശ്രമിച്ചത് രണ്ട് തവണ - ഭീതിയോടെ ശാസ്ത്രജ്ഞൻ

Afghanistan-students
അഫ്ഗാനിസ്ഥാനിലെ വിദ്യാര്‍ഥികള്‍
SHARE

അഫ്ഗാനി ശാസ്ത്രജ്ഞനായ ഖൈബര്‍ മാഷലിനെ (പേര് യഥാര്‍ഥമല്ല) രണ്ട് തവണയാണ് താലിബാന്‍ വധിക്കാന്‍ ശ്രമിച്ചത്. 2009ല്‍ ഒരു അമേരിക്കന്‍ ഏജന്‍സിക്കു കീഴില്‍ ജോലിയെടുക്കുമ്പോള്‍ ആദ്യ ശ്രമം. അന്ന് മാഷലിന്റെ ഓഫിസില്‍ താലിബാന്‍ ഭീകരര്‍ ബോംബ് വെക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ മാഷലിന്റെ അഞ്ച് സഹപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായി. അഫ്ഗാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ ജോലിയെടുക്കുമ്പോള്‍ 2019ല്‍ ഒരു മനുഷ്യബോംബ് ആക്രമണമാണുണ്ടായത്. ഒരു പൊലീസുകാരന്‍ സമയോചിതമായി ഇടപെട്ട് സ്‌ഫോടക വസ്തു നിര്‍വീര്യമാക്കിയതോടെയാണ് അന്ന് കൊലപാതക ശ്രമം പരാജയപ്പെട്ടത്. 

എന്തുകൊണ്ടാണ് നിങ്ങളെ താലിബാന്‍ വധിക്കാന്‍ ശ്രമിക്കുന്നത് എന്ന ചോദ്യത്തിന് ഖൈബര്‍ മാര്‍ഷലിന് 'ഞാനൊരു ശാസ്ത്രജ്ഞനായതുകൊണ്ട്' എന്നാണ് ഉത്തരം. അവര്‍ ശാസ്ത്രവിരുദ്ധരാണ്. വിദ്യാസമ്പന്നര്‍ രാജ്യത്തെ മാറ്റുമെന്ന് അവര്‍ ഭയക്കുന്നു. അമേരിക്കന്‍ സ്ഥാപനങ്ങളുമായുള്ള മാര്‍ഷലിന്റെ സഹകരണവും അദ്ദേഹത്തെ താലിബാന്റെ പ്രധാന നോട്ടപ്പുള്ളിയാക്കുന്നു. ജര്‍മന്‍ സര്‍വകലാശാലയില്‍ ഫെല്ലോഷിപ്പ് നേടിയ മാര്‍ഷല്‍ 2020 ഡിസംബര്‍ മുതല്‍ കുടുംബത്തോടൊപ്പം ജര്‍മനിയിലാണ്. ഇപ്പോള്‍ ജര്‍മനിയില്‍ രാഷ്ട്രീയ അഭയം തേടാനുള്ള ശ്രമത്തിലാണ് മാര്‍ഷല്‍. 

1996-2001കാലത്തെ താലിബാന്‍ ഭരണത്തിന് ശേഷമുള്ള രണ്ട് പതിറ്റാണ്ടില്‍ അഫ്ഗാനിസ്ഥാനില്‍ ഏറെ മാറ്റങ്ങളുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം വിരലിലെണ്ണാവുന്നവയില്‍ നിന്നും നൂറിലേറെയായി മാറിയെന്ന് സയന്‍സ് മാഗസിന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. രാജ്യത്തെ വനിതാ തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായത്. 

ശരീഅത്ത് നിയമം നടപ്പാക്കുമെന്ന് ആവര്‍ത്തിക്കുമ്പോള്‍ തന്നെ തങ്ങളുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടായെന്നാണ് താലിബാന്‍ നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ വാഗ്ദാനം മുഖവിലക്കെടുക്കാന്‍ അഫ്ഗാനികള്‍ പോലും തയാറാവുന്നില്ല. 2016ല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 50ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുൻപ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും ബോംബ് സ്‌ഫോടനം നടത്തിയ താലിബാന്‍ ഭീകരരുടെ കാഴ്ചപ്പാടില്‍ മാറ്റം വരുമെന്ന് അധികമാരും വിശ്വസിക്കുന്നുമില്ല.

അഫ്ഗാന്‍ സമൂഹത്തില്‍ സ്ത്രീകള്‍ നേടിയ മുന്നേറ്റം തടസപ്പെടാനും ഇല്ലാതാവാനുമാണ് സാധ്യതയെന്ന് അവിസെന സര്‍വകലാശാലയിലെ ഒരു വനിതാ എൻജിനീയര്‍ പറയുന്നു. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഇവരുടെ പേര് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്ത സയന്‍സ് മാഗസിന്‍ പുറത്തുവിട്ടിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ ഗവേഷകരുടേയും ശാസ്ത്രജ്ഞരുടേയും ഭാവി ഇരുണ്ടതാണെന്നാണ് ജലവിഭവ വിദഗ്ധനായ മുഹമ്മദ് അസം മായര്‍ പറയുന്നത്. കാബൂള്‍ പോളിടെക്‌നിക് സര്‍വകലാശാലയിൽ പ്രവർത്തിക്കുന്ന അദ്ദേഹം കലിഫോര്‍ണിയ സര്‍വകലാശാലയുമായും യുഎസ് ജിയോളജിക്കല്‍ സര്‍വേയുമായി സഹകരിച്ച് അഫ്ഗാനിസ്ഥാനിലെ വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ചുള്ള പഠനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

അമേരിക്കന്‍ കമ്പനികളുമായി സഹകരിച്ചിരുന്ന ഒരു വനിതാ അഫ്ഗാന്‍ എൻജിനീയര്‍ പറയുന്നത് അവരുടെ കാബൂളിലെ അപ്പാര്‍ട്ട്‌മെന്റ് ഉപേക്ഷിച്ചെന്നാണ്. 'ഞങ്ങളെ പോലുള്ളവരെ പിടിക്കാനായി താലിബാന്‍ ഓരോ വാതിലും കയറിയിറങ്ങുകയാണെന്ന് സുഹൃത്തിന്റെ വീട്ടില്‍ താല്‍ക്കാലിക അഭയം തേടിയ അവര്‍ പറഞ്ഞു. ആറ് വര്‍ഷങ്ങള്‍ക്ക് മുൻപ് തന്നെ അവര്‍ അമേരിക്കന്‍ വിസക്കായി ശ്രമിച്ചെങ്കിലും ഇപ്പോഴും ലഭിച്ചിട്ടില്ല. അവരുടെ അമേരിക്കയിലെ സുഹൃത്തുക്കള്‍ ചേര്‍ന്ന് അമേരിക്കന്‍ വിസ സംഘടിപ്പിച്ച് രക്ഷിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ തങ്ങള്‍ക്ക് തുടരാനാകുമെന്ന് പ്രതീക്ഷയില്ലെന്നാണ് ഇവര്‍ പറയുന്നത്.

നൂറുകണക്കിന് അഫ്ഗാന്‍ ഗവേഷകരും ശാസ്ത്രജ്ഞരുമാണ് അമേരിക്കയിലേക്കും യൂറോപ്പിലേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കുമെല്ലാം അഭയം തേടി പോകാന്‍ ശ്രമിക്കുന്നത്. അനുമതി ലഭിച്ചാല്‍ പോലും അഫ്ഗാന്‍ വനിതകള്‍ക്ക് കാബൂളില്‍ മേധാവിത്വം ഉറപ്പിച്ച താലിബാന്റെ നിരവധി ചെക് പോസ്റ്റുകള്‍ താണ്ടിക്കൊണ്ട് വിമാനത്താവളത്തിലേക്ക് എത്തുകയെന്നത് അസാധ്യമായിക്കൊണ്ടിരിക്കുകയാണ്. പിടിക്കപ്പെട്ടാല്‍ മരണശിക്ഷയോ തടവറയോ ആയിരിക്കും തങ്ങളെ കാത്തിരിക്കുന്നതെന്ന ചിന്ത ഇവരെ കൂടുതല്‍ ഭയപ്പെടുത്തുന്നു. 

അഫ്ഗാനിസ്ഥാനിലെ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും അമേരിക്കന്‍ വിസാ നിയമത്തില്‍ ഇളവുകള്‍ നല്‍കണമെന്ന് കാണിച്ച് കഴിഞ്ഞ ഓഗസ്റ്റ് 18ന് 2500ലേറെ ശാസ്ത്രജ്ഞര്‍ ഒപ്പിട്ട നിവേദനം യുഎസ് സ്റ്റേറ്റ് സെക്രട്ടറിക്ക് നല്‍കിയിരുന്നു. താലിബാന്റെ നോട്ടപ്പുള്ളികളല്ലെങ്കില്‍ പോലും ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും അഫ്ഗാനിസ്ഥാനില്‍ വലിയ ഭാവിയില്ലെന്നാണ് കരുതപ്പെടുന്നത്. കാരണം ഇത്തരം ഗവേഷണങ്ങള്‍ക്കുള്ള വിഭവങ്ങളുടെ വിതരണവും ശമ്പളം നല്‍കുന്നത് അടക്കമുള്ള ആനുകൂല്യങ്ങളും തടയപ്പെടാനുള്ള സാധ്യത വളരെ വലുതാണ്. 

ഗവേഷണ സ്ഥാപനങ്ങള്‍ കൊള്ളയടിക്കാനുള്ള സാധ്യതയും വലുതാണെന്നാണ് അഫ്ഗാനിസ്ഥാനിലെ ആദ്യ ദേശീയ പാര്‍ക്കായ ബാന്‍ഡ് ഇ അമിര്‍ സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്ത അലക്‌സ് ദേഗന്‍ പറയുന്നു. 2006 മുതല്‍ 2008 വരെയുള്ള കാലത്ത് വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ അഫ്ഗാന്‍ ഘടകത്തിന്റെ ഡയറക്ടറായും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ രാജ്യത്ത് നടക്കുന്ന, സംഭവിക്കുന്ന കാര്യങ്ങള്‍ കണ്ടു നില്‍ക്കുന്നത് പോലും ദുഷ്‌കരമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

'ഉന്നത ശാസ്ത്രീയ വിദ്യാഭ്യാസം താലിബാന്റെ പ്രത്യയശാസ്ത്രത്തിന് അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. താലിബാന്‍ നേതൃത്വത്തില്‍ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവര്‍ പോലും വളരെ കുറവാണെന്ന് ഖൈബര്‍ മാഷലിനെ ഉദ്ധരിച്ച് സയന്‍സ് മാഗസിന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 2005ല്‍ മാഷലിന്റെ മൃഗഡോക്ടറായ അമ്മാവനെ താലിബാന്‍ കൊന്നിരുന്നു. അദ്ദേഹത്തിന്റെ ഭാര്യാ പിതാവ് താലിബാന്‍ മനുഷ്യബോംബ് സ്‌ഫോടനത്തിലാണ് കൊല്ലപ്പെടുന്നത്. ഭാര്യാ സഹോദരന്‍ ഒരു ബാങ്കിന് മുന്നില്‍ നില്‍ക്കുമ്പോള്‍ താലിബാന്‍ ഭീകരരുടെ വെടിയേറ്റ് മരിക്കുകയും ചെയ്തു. താലിബാന്‍ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചുപോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ലെന്ന് മാഷല്‍ പറയുന്നു. ‘എനിക്ക് മരിക്കാൻ ആഗ്രഹമില്ല’, എന്നാണ് ഇതിനുള്ള കാരണമായി അദ്ദേഹം തുറന്നുപറയുന്നത്.

English Summary: ‘I don’t want to die.’ Afghan researchers fear for their safety – and the future of science

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA