ADVERTISEMENT

പൗരാണിക ഭൂഗര്‍ഭ കല്ലറകള്‍ മുതല്‍ ആധുനിക തുരങ്കപാതകള്‍ വരെ... മനുഷ്യന്‍ ചരിത്രത്തിലും വര്‍ത്തമാനത്തിലും ഭൂഗര്‍ഭത്തെ പല രീതിയില്‍ ഉപയോഗിച്ചിരുന്നു. എങ്കിലും ഏതെങ്കിലും മനുഷ്യ സമൂഹം പൂര്‍ണമായും ഭൂമിക്കടിയിലെ ജീവിതം നയിച്ചിരുന്നോ? ഉണ്ട്, എന്നാണ് ഉത്തരമെങ്കിലും പ്രകൃതിയില്‍ നിന്നും ശത്രുക്കളില്‍ നിന്നുമുള്ള പ്രതിസന്ധിയുടെ കാലത്ത് മാത്രമായിരുന്നു ഇങ്ങനെ സംഭവിച്ചിരുന്നത് എന്നുകൂടി കൂട്ടിച്ചേര്‍ക്കേണ്ടി വരും. എന്നാൽ, നിരവധി ഭൂഗര്‍ഭ നഗരങ്ങള്‍ ഗവേഷകർ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. 

 

ഭൂഗര്‍ഭത്തിലെ ജീവിതത്തെ കുറിച്ച് പറയുമ്പോള്‍, അത്തരമൊരു ജീവിതം നയിക്കാന്‍ പോന്ന ശാരീരിക പ്രത്യേകതകള്‍ നമുക്കില്ലായിരുന്നു എന്നുകൂടി പറയേണ്ടി വരും. ശാരീരികമായി മാത്രമല്ല മാനസികമായും നമ്മുടെ ശരീരം ഭൂഗര്‍ഭ ജീവിതങ്ങള്‍ക്ക് പരുവപ്പെടുന്നതല്ല എന്നാണ് ‘ഭൂഗര്‍ഭം: കാല്‍ക്കീഴിലെ ലോകങ്ങളെ സൃഷ്ടിച്ച മനുഷ്യരുടെ ചരിത്രം’ എന്ന പുസ്തകം രചിച്ച വില്‍ ഹണ്ട് അഭിപ്രായപ്പെട്ടത്. എങ്കില്‍ പോലും ഭൂമിക്കടിയില്‍ ജീവിതം നയിച്ചവർ പല മനുഷ്യ സമൂഹങ്ങളിലും ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 

 

വീടു നിര്‍മിക്കാന്‍ വേണ്ട അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമമുള്ള പ്രദേശങ്ങളിലും തുരങ്കങ്ങളുണ്ടാക്കി വീടാക്കി മാറ്റിയവരുമുണ്ടായിരുന്നു. അതീവ ദുഷ്‌ക്കരമായ കാലാവസ്ഥയുള്ള പ്രദേശങ്ങളില്‍ വേനല്‍ക്കാലത്ത് ചൂടില്‍ നിന്നും മഞ്ഞുകാലത്ത് തണുപ്പില്‍ നിന്നും രക്ഷപ്പെടാനായി ഭൂഗര്‍ഭ വീടുകളെയാണ് പലരും ആശ്രയിച്ചിരുന്നത്. തുര്‍ക്കിയിലെ കപ്പഡോഷ്യ മേഖലയില്‍ കാലാവസ്ഥയില്‍ നിന്നും യുദ്ധത്തില്‍ നിന്നും രക്ഷതേടാനുമായി നിരവധി ഭൂഗര്‍ഭ നഗരങ്ങള്‍ നിര്‍മിക്കപ്പെട്ടിരുന്നു. ആഴ്ചകളോളം ഭൂഗര്‍ഭത്തില്‍ കഴിയേണ്ടി വന്നിരുന്നെങ്കിലും അവരും ഭൂമിക്കടിയില്‍ സ്ഥിരതാമസമാക്കിയിരുന്നില്ല. 

 

കാപ്പഡോഷ്യയിലെ തന്നെ ഡെറിന്‍കുയുവില്‍ മാത്രം ഏതാണ്ട് 20,000ത്തിലേറെ പേര്‍ക്ക് താമസിക്കാന്‍ കഴിയുമായിരുന്നു. എഡി ഏഴ്, എട്ട് നൂറ്റാണ്ടുകളിലായിരുന്നു ഇത് സജീവമായിരുന്നത്. ഇതേ പ്രദേശത്ത് അടുത്തിടെ പുതിയൊരു ഭൂഗര്‍ഭ നഗരം കൂടി കണ്ടെത്തിയിരുന്നു. ഏതാണ്ട് 4.60 ലക്ഷം ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള ഈ നഗരം 371 അടി വരെ ആഴത്തില്‍ പടര്‍ന്നു കിടക്കുന്നുവെന്നാണ് നാഷണല്‍ ജിയോഗ്രഫിക്ക് റിപ്പോര്‍ട്ടു ചെയ്യുന്നത്. 

 

അദ്ഭുത നിര്‍മിതിയെന്നാണ് കാപ്പഡോഷ്യയിലെ ഭൂഗര്‍ഭ നഗരങ്ങളെ ഹണ്ട് വിശേഷിപ്പിക്കുന്നത്. ഭൂഗര്‍ഭ ജലവിതാനത്തിനും താഴേക്ക് ആഴമുണ്ട് ഇവയില്‍ പലതിനും. നൂറുകണക്കിന് അടി ആഴത്തില്‍ പോകുമ്പോഴും വായുസഞ്ചാരം ഉറപ്പുവരുത്താനും ഇവര്‍ ശ്രദ്ധിച്ചിരുന്നു. ആവശ്യം വന്നാല്‍ കൂറ്റന്‍ കല്ലുകള്‍ ഉരുട്ടിയിട്ട് ഭൂഗര്‍ഭ അറകളുടെ വാതില്‍ അടക്കാവുന്ന രീതിയിലുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു. ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളിലൊന്നായിരുന്നു ഇത്. കൃത്രിമമായുണ്ടാക്കിയതു പോലെ പ്രകൃത്യാ സൃഷ്ടിക്കപ്പെട്ട ഭൂഗര്‍ഭ അറകളിലും മനുഷ്യര്‍ താമസിച്ചിരുന്നു. അനുയോജ്യമായ ഭൂപ്രകൃതിയുള്ള എല്ലായിടത്തും ഭൂഗര്‍ഭ വാസം മനുഷ്യന്‍ തിരഞ്ഞെടുത്തിരുന്നു. 

 

ഭൂഗര്‍ഭ വാസത്തിന് വേണ്ട സാങ്കേതികവിദ്യ ഇപ്പോള്‍ തന്നെ മനുഷ്യര്‍ക്ക് സ്വന്തമാണെന്ന് നോട്ടിങ്ഹാം സര്‍വകലാശാലയിലെ മനശാസ്ത്ര വിഭാഗം പ്രൊഫസര്‍ യുന്‍ ഹീ ലീ പറയുന്നു. ഭൂമിക്കടിയിലെ താമസം മനശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. വെളിച്ചം താഴേക്കെത്തിക്കുന്ന കിണറുകളും സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്ന നിറങ്ങളുമൊക്കെ ഉപയോഗിച്ച് ഭൂമിക്കടിയിലെ വെളിച്ചക്കുറവ് പരിഹരിക്കാനാകും. എങ്കിലും പുറത്തുള്ളവരെ അപേക്ഷിച്ച് ഭൂമിക്കടിയില്‍ താമസിക്കുമ്പോള്‍ കൂടുതല്‍ ഒറ്റപ്പെടല്‍ അനുഭവിക്കാനിടയുണ്ട്. 

 

വൈകാതെ തന്നെ മനുഷ്യര്‍ക്ക് ഭൂഗര്‍ഭവാസത്തെക്കുറിച്ച് ഗൗരവമായി തന്നെ ചിന്തിക്കേണ്ടി വരുമെന്ന് ലീ പറയുന്നു. കാനഡയിലെ മോണ്ട്രിയാലിലുള്ള റെസോ ഭൂഗര്‍ഭ നഗരമാണ് ഇതിന്റെ മാതൃകയായി ലീ എടുത്തുകാണിക്കുന്നത്. ഷോപ്പിങ് മാളുകളും ഹോട്ടലുകളും സ്‌കൂളുകളുമെല്ലാമുള്ള റെസോക്ക് 20 മൈലിലേറെ നീളമുണ്ട്. ഏതാണ്ട് മൂന്ന് പതിറ്റാണ്ടിനുള്ളില്‍ തന്നെ നമ്മള്‍ കൂടുതല്‍ ഭൂഗര്‍ഭ ജീവിതങ്ങള്‍ ആരംഭിക്കേണ്ടി വരുമെന്ന് വേണം യാഥാര്‍ഥ്യബോധത്തോടെ ചിന്തിച്ചാല്‍ കരുതാനെന്നാണ് ലീ പറയുന്നത്. അധികകാലം ഭൂഗര്‍ഭ നഗരങ്ങളെന്നത് ആശയത്തിലൊതുങ്ങില്ലെന്നും അവര്‍ പ്രവചിക്കുന്നു. 

 

English Summary: In All of Human History, Have Any Societies Truly Lived Underground?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com