ADVERTISEMENT

സമീപ ഭാവിയില്‍ അമേരിക്കയ്ക്ക് വെല്ലുവിളി ഉയര്‍ത്താവുന്ന ബഹിരാകാശ പദ്ധതികളുമായി ചൈന മുന്നോട്ട്. 2030 ആകുമ്പോഴേക്കും ലോങ് മാര്‍ച്ച് 5 റോക്കറ്റില്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനാണ് ചൈനീസ് പദ്ധതി. അതേസമയം, നാസയുടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യം 2024ല്‍ നിന്നും 2026ലേക്ക് നീണ്ടതും ചൈനയുടെ ആവേശം കൂട്ടുന്നുണ്ട്. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ പതിറ്റാണ്ടുകള്‍ക്ക് മുൻപ് നടന്ന ബഹിരാകാശ ശീതയുദ്ധത്തിന് ശേഷം അമേരിക്കക്കെതിരെ ചൈനയാണ് ഇപ്പോള്‍ വെല്ലുവിളി ഉയര്‍ത്തുന്നത്.

∙ ലക്ഷ്യമിടുന്നത് രണ്ട് വിക്ഷേപണങ്ങൾ

2030ല്‍ രണ്ട് റോക്കറ്റ് വിക്ഷേപണത്തിലൂടെ ചാന്ദ്ര ദൗത്യം നടത്താനാണ് ചൈനീസ് പദ്ധതിയെന്ന് ചൈനീസ് അക്കാദമി ഓഫ് എൻജിനീയറിങ്ങിലെ വിദഗ്ധന്‍ ലോങ് ലെഹാവോ പറയുന്നു. ചന്ദ്രനു ചുറ്റും ഭ്രമണം ചെയ്യുകയും നിശ്ചിത സമയത്ത് മനുഷ്യരുമായി ചന്ദ്രനിലിറങ്ങുകയും ചെയ്യുന്ന ലാന്‍ഡറാകും ആദ്യ വിക്ഷേപണത്തിലുണ്ടാവുക. അടുത്ത വിക്ഷേപണത്തിലാകും മനുഷ്യരെ ലാന്‍ഡറിലേക്ക് എത്തിക്കുക. പുതിയ റോക്കറ്റിന് പകരം ലോങ് മാര്‍ച്ച് 5 എന്ന ചൈനയുടെ തന്നെ നിലവിലെ റോക്കറ്റില്‍ മാറ്റങ്ങള്‍ വരുത്തിയാകും ഈ ചാന്ദ്ര ദൗത്യം നടത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

∙ യാത്രയ്ക്ക് ലോങ് മാർച്ച് 5 റോക്കറ്റ്

നേരത്തെ ലോങ് മാര്‍ച്ച് 9 റോക്കറ്റിലാകും ചൈനയുടെ ചന്ദ്രനിലേക്കുള്ള യാത്രയെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴും നിര്‍മാണ ഘട്ടത്തിലുള്ള ഈ റോക്കറ്റ് പൂര്‍ത്തിയാകാന്‍ 2030 വരെ കാക്കേണ്ടി വരും. ഇതാണ് പുതിയ സാധ്യതകളിലേക്ക് ചൈനയെ കൊണ്ടെത്തിച്ചത്. ചൈനയില്‍ നടന്ന 35ാം നാഷണല്‍ യൂത്ത് സയന്‍സ് ആൻഡ് ടെക്‌നോളജി ഇന്നൊവേഷന്‍ കോംപെറ്റീഷനില്‍ സംസാരിക്കവേയാണ് ലോങ് മാര്‍ച്ച് 5ആയിരിക്കും ചാന്ദ്ര ദൗത്യത്തില്‍ ഉപയോഗിക്കുന്ന റോക്കറ്റെന്ന് ലെഹാവോ അറിയിച്ചത്.

∙ ചന്ദ്രനിൽ ആറു മണിക്കൂർ ചെലവഴിക്കും

ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കുന്നതിന് ലോങ് മാര്‍ച്ച് 5DY റോക്കറ്റിന്റെ നിര്‍മാണം മാത്രമല്ല ചൈനക്ക് മുന്നിലെ വെല്ലുവിളി. ചന്ദ്രനില്‍ മനുഷ്യരുമായി സുരക്ഷിതമായി ഇറങ്ങുകയും തിരിച്ച് പറന്നുയരുകയും ചെയ്യേണ്ട ലാന്‍ഡറിന്റെ നിര്‍മാണവും ചൈനക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ചൈനീസ് സഞ്ചാരികള്‍ ഏതാണ്ട് ആറ് മണിക്കൂര്‍ ചന്ദ്രനില്‍ ചെലവഴിക്കാനാണ് ലക്ഷ്യമിടുന്നത്. 1969ലെ അപ്പോളോ 11 ദൗത്യത്തില്‍ നീല്‍ ആംസ്‌ട്രോങും ബസ് ആല്‍ഡ്രിനും ഏതാണ്ട് 21 മണിക്കൂറാണ് ചന്ദ്രനില്‍ ചെലവഴിച്ചിരുന്നത്. 

∙ ചന്ദ്രനിൽ നിന്ന് വസ്തുക്കൾ ഭൂമിയിലെത്തിച്ചത് ദൗത്യത്തിന് വേഗം കൂട്ടി

2020 ഡിസംബറില്‍ ചൈനയുടെ ചാങ് ഇ 5 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനില്‍ നിന്നും 1731 ഗ്രാം വസ്തുക്കള്‍ ഭൂമിയിലേക്കെത്തിച്ചതോടെയാണ് ചൈനയുടെ ചാന്ദ്ര പര്യവേഷണത്തിന് വേഗം കൂടിയത്. അടുത്ത ചാങ് ഇ 6 ദൗത്യം 2024ല്‍ നടത്തുമെന്നും ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. ചന്ദ്രന്റെ മറ്റൊരു ഭാഗത്തു നിന്നാകും ഈ ദൗത്യത്തില്‍ സാംപിളുകള്‍ ശേഖരിക്കുക. ചന്ദ്രന്റെ ഉപരിതലം സര്‍വേ നടത്തുന്നതിന് 2024ല്‍ തന്നെ ചാങ് ഇ 7 ദൗത്യവും ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. ചന്ദ്രനു ചുറ്റും കറങ്ങുന്ന ഓര്‍ബിറ്റര്‍, ചന്ദ്രനിലിറങ്ങുന്ന ലാന്‍ഡര്‍, ചന്ദ്രനില്‍ സഞ്ചരിക്കുന്ന റോവര്‍, ചന്ദ്രനില്‍ പറക്കുന്ന ചെറു ഡ്രോണ്‍ എന്നിവയെല്ലാം ഈ ദൗത്യത്തിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാകും ചാങ് ഇ 7 ഇറങ്ങുക.

∙ അമേരിക്കയുടെ ആർട്ടിമിസ് ദൗത്യത്തിലേക്ക് കൂടുതൽ രാജ്യങ്ങൾ

2030ല്‍ ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കാനുള്ള ചൈനീസ് ലക്ഷ്യം അമേരിക്കയുമായുള്ള ബഹിരാകാശ ശീതയുദ്ധത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നുണ്ട്. സോവിയറ്റ് - അമേരിക്കന്‍ ശീതയുദ്ധകാലത്തെ അപേക്ഷിച്ച് ചൈനയും അമേരിക്കയും മറ്റു രാജ്യങ്ങളെ കൂടി തങ്ങളുടെ ബഹിരാകാശ പദ്ധതികളില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. നാസയുടെ ആര്‍ട്ടിമിസ് ദൗത്യത്തില്‍ ഓസ്‌ട്രേലിയ, ഇറ്റലി, ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ സഹകരിക്കുന്നുണ്ട്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും ജപ്പാന്റെ ജാക്‌സയും ചാന്ദ്ര ബഹിരാകാശ നിലയം സ്ഥാപിക്കാന്‍ നാസക്കൊപ്പം ചേരുന്നുണ്ട്. മറുവശത്ത് ചാന്ദ്ര ബഹിരാശ നിലയം സ്ഥാപിക്കുന്നതിനും ചന്ദ്രനില്‍ താവളം ഒരുക്കുന്നതിനും റഷ്യയുമായാണ് ചൈന കൂട്ടു കൂടിയിരിക്കുന്നത്.

English Summary: China may use an existing rocket to speed up plans for a human mission to the moon by 2030

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com