ADVERTISEMENT

നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി (ജെപിഎൽ) ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ആയിരാമത്തെ ഛിന്നഗ്രഹത്തെയും കണ്ടെത്തി. ഭൂമിയിൽ നിന്ന് 17 ലക്ഷം കിലോമീറ്റർ അകലെ കൂടിയാണിത് കടന്നുപോകുക. പുതിയ ഛിന്നഗ്രഹം ഭൂമിയ്ക്ക് ഭീഷണിയാകില്ലെന്നാണ് ഗവേഷകർ പറയുന്നത്.

ചെറിയ ഛിന്നഗ്രഹമാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. പ്രാഥമിക റഡാർ നിരീക്ഷണങ്ങൾ പ്രകാരം ഛിന്നഗ്രത്തിന് 65 മുതൽ 100 അടി വരെ വീതിയാണുള്ളത്. ചെറിയ വലുപ്പമായിരുന്നിട്ടും ഈ ഛിന്നഗ്രഹത്തെ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന 1000-ാമത്തെ ബഹിരാകാശ വസ്തുവായി രേഖപ്പെടുത്തുകയായിരുന്നു. 2021 പിജെ വൺ എന്നാണ് ഈ ഛിന്നഗ്രഹത്തിന് പേര് നൽകിയിരിക്കുന്നത്.

ആയിരാമത്തെ ഛിന്നഗ്രഹത്തെ കണ്ടെത്തി ഏഴ് ദിവസങ്ങൾക്ക് ശേഷം ജെപിഎൽ 1001 -ാമത്തെ വസ്തുവിനെയും കണ്ടെത്തിയിരുന്നു. ഇത് മുൻപത്തേതിനേക്കാൾ വലുതാണ്. 2016 AJ193 എന്ന് പേരിട്ടിരിക്കുന്ന ഇത് ഭൂമിയുടെ ഏകദേശം 34 ലക്ഷം കിലോമീറ്റർ അകലെ കൂടിയാണ് കടന്നുപോയത്. ഛിന്നഗ്രഹത്തിൽ നിന്നുള്ള റേഡിയോ തരംഗങ്ങളുടെ രൂപം, വലുപ്പം, രൂപകൽപ്പന എന്നിവ മനസ്സിലാക്കാൻ ഡീപ് സ്പേസ് നെറ്റ്‌വർക്ക് ഉപയോഗിക്കുന്നുണ്ട്.

ഭൂമിക്കു നേരെ വരുന്ന ഛിന്നഗ്രഹങ്ങളും ഉൽക്കകളും ഉൾപ്പെടെയുള്ള ഭീഷണികളെ നേരിടാൻ അമേരിക്കൻ ബഹിരാകാശ ഏജൻസി ഒരു വൻ സംഘത്തെ തന്നെ സജ്ജമാക്കിയിട്ടുണ്ട്. കലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ‘നിയർ ഏർത്ത് ഓബ്ജക്ട് വൈഡ്–ഫീൽഡ് ഇൻഫ്രാറെഡ് സർവേ എക്സ്പ്ലോറർ അഥവാ നിയോവൈസ്’ എന്ന സംവിധാനത്തിലൂടെയാണ് നിരീക്ഷണങ്ങളെല്ലാം. നിയോവൈസിന്റെ കണ്ണിൽപ്പെടാതെ അപ്രതീക്ഷിതമായി ചില ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ തൊട്ടടുത്തു വരെയെത്തിയ സംഭവങ്ങളുമുണ്ട്.

ഭാരമേറിയ പാറയും ലോഹങ്ങളുമെല്ലാം ചേർന്നതാണ് മിക്ക ഛിന്നഗ്രഹങ്ങളും. എന്നാൽ ഇവയുടെ യഥാർഥ ഘടന എന്താണെന്ന് ഇപ്പോഴും ശാസ്ത്രലോകത്തിന് വ്യക്തമായിട്ടില്ല. അതിനാൽത്തന്നെ എങ്ങനെ ഈ ഭീഷണി ഇല്ലാതാക്കുമെന്നും നിശ്ചയമില്ല. ഭൂമിക്കു നേരെ വരുന്ന ഛിന്നഗ്രഹത്തിൽ ന്യൂക്ലിയർ ബോംബ് സ്ഥാപിച്ച് തകർത്തുകളയാൻ ഓയിൽ ഡ്രില്ലിങ് വിദഗ്ധരെ അയയ്ക്കുന്ന ആർമഗെഡൻ’ പോലുള്ള സിനിമകൾ നേരത്തേ ഇറങ്ങിയിട്ടുണ്ട്. അപൂർവവും വിലയേറിയതുമായ ലോഹങ്ങളാലും സമ്പന്നമാണ് ഛിന്നഗ്രഹങ്ങള്‍. ഇവ ‘ഖനനം’ ചെയ്തെടുക്കാനുള്ള പദ്ധതിയുമായി ചൈനയും അമേരിക്കയും നിലവിൽ രംഗത്തുണ്ട്. ഇതിനിടെയാണ് ഛിന്നഗ്രഹങ്ങളെ കൂടുതലറിയാനും ഭൂമിക്കു നേരെയുള്ള അവയുടെ ഭീഷണി ഇല്ലാതാക്കാനുമുള്ള ‘ആസ്റ്ററോയ്ഡ് ഇംപാക്ട് മിഷനു’മായി നാസ എത്തുന്നത്.

English Summary: Nasa detects 1000th asteroid to come close to Earth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com