ADVERTISEMENT

ഗൂഗിളിന്റെ ഹെഡ് ഓഫിസിൽ ആടിന് എന്തുകാര്യം? ഒന്നല്ല. ഒരു വലിയ ആട്ടിൻപറ്റം. എന്തിനും ഉത്തരം നൽകുന്ന ഗൂഗിളിന്റെ ഒരു ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഈ ആട്ടിൻപറ്റം. കലിഫോർണിയയിലെ ഗൂഗിളിന്റെ ഹെഡ് ഓഫിസായ ഗൂഗിൾ പ്ലെക്സിൽ ഇടയ്ക്കിടെ വിഐപികളായ ഈ ‘തൊഴിലാളികൾ’ ജോലിക്കെത്തും. ഒരാഴ്ചയോളം ജോലി ചെയ്ത് ഇവർ മടങ്ങും. ആട്ടിൻപറ്റത്തിന്റെ പ്രതിദിനവരുമാനം ഗൂഗിളിന്റെ നിലയ്ക്കും വിലയ്ക്കും ഒത്തതു തന്നെ. ദിവസം 750 ഡോളർ വരെ. അതയാത് ഏകദേശം 55000 രൂപ. ഗൂഗിൾപ്ലെക്സിലെ നാച്വറൽ ‘ലോൺ മോവേഴ്സ്’ ആണ് ഈ ആടുകൾ. അതായത് 26 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഗൂഗിളിന്റെ ഓഫിസ് ക്യാംപസിലെ ‘പുല്ല് വെട്ടുന്നവരാണ്’ ഈ ആടുകൾ. 2009ൽ ഗൂഗിൾ ഓപ്പറേറ്റിങ് ഓഫിസർ അവരുടെ തന്നെ ബ്ലോഗിൽ എഴുതിയതാണ് ഈ സംഭവം.

ആ കഥയിങ്ങനെ.. കലിഫോർണിയയിലെ ഹെഡ് ഓഫിസായ ഗൂഗിൾപ്ലെക്സ് കയറിയിറങ്ങി, കുന്നിൻചെരിവിന് സമാനമാണ്. ഹരിതാഭയും പച്ചപ്പുമൊക്കെയുള്ള ഈ വലിയ ക്യാംപസിൽ പ്രകൃതിക്ക് ദോഷമില്ലാതെ, വലിയ ശബ്ദകോലാഹലമില്ലാതെ ഓഫിസ് ക്യാംപസിലെ പുൽമേടുകൾ എങ്ങനെ പരിപാലിക്കാം എന്ന ചോദ്യത്തിന് ഗൂഗിൾ കണ്ടെത്തിയ ഉത്തരമാണ് ആടിനെ മേയാൻ വിടാം എന്നത്. ഇരുനൂറ്റിയൻപതോളം ആടുകളാണ് ഇങ്ങനെ ഗൂഗിളിന്റെ മുറ്റം വെടിപ്പാക്കാൻ ഇടയ്ക്കിടെ കലിഫോർണിയയിലെ ഓഫിസ് പരിസരത്ത് എത്തുന്നത്. ഈ ആടുകളെ ഗൂഗിൾ വാടകയ്ക്ക് എടുക്കുന്നതാണ്. ഇത് സപ്ലൈ ചെയ്യുന്നത് കലിഫോർണിയ ഗ്രേസിങ് എന്ന കമ്പനിയും. തുക ലഭിക്കുന്നത് കമ്പനിക്കാണ്. ആടിന് വയറു നിറയെ പുല്ലും. 

 

ആടുകൾക്ക് ഒരേക്കറിലെ പുല്ല് ‘തിന്ന്’ വെടിപ്പാക്കാൻ  5 ദിവസം വരെ വേണ്ടി വരും. അതുവരെ ആട് ഗൂഗിൾ പ്ലെക്സിന്റെ ക്യാംപസിൽ കറങ്ങി നടക്കും. ആട്ടിൻപറ്റത്തെ നിയന്ത്രിക്കാൻ ജെൻ ഉണ്ട്. ആടിനെ പരിപാലിക്കാൻ പരിശീലനം ലഭിച്ച വിദഗ്ധനായ ജെൻ ഈ സമയം മുഴുവൻ ആടുകളെ നിയന്ത്രിച്ചും വലിയ ചെടികളുടെ ശിഖരങ്ങളും മറ്റും വെട്ടിയൊതുക്കിയും ഇവിടെ കാണും.

CHINA-TRADE

 

പ്രകൃതിയെ ദ്രോഹിക്കാതെ, പെട്രോളും മറ്റ് ഇന്ധനങ്ങളും ചെലവാക്കാതെ, ശബ്ദകോലാഹലങ്ങളില്ലാതെ ഞങ്ങൾ തോട്ടം പരിപാലിക്കുന്നത് ഇങ്ങനെയാണ്.ബ്ലോഗിൽ ഒരിക്കൽ കുറിച്ചതിങ്ങനെ. പുല്ല് തിന്നു തീർക്കുമ്പോൾ ഒരേ നിരപ്പിലാകില്ല എന്ന പോരായ്മ മാത്രമേ ഉണ്ടാകൂ. ആട്ടിൻപറ്റം മേയുന്നത് കൊണ്ട് ഇവയുടെ കാഷ്ടം ലോണിന് വളമായി തീരുകയും ചെയ്യും. ആടുണ്ടെങ്കിൽ രണ്ടുണ്ട് കാര്യം എന്നാണ് ഗൂഗിളിന്റെ നിലപാട്.

google-office

 

എന്തായാലും 2009ൽ ഗൂഗിൾ  കാണിച്ച ഈ വഴിയിലൂടെ ചില സ്റ്റാർട് അപുകൾ ഉൾപ്പെടെ സജീവമാണിപ്പോൾ. ആട് മേയ്ക്കൽ ഒട്ടേറെ കമ്പനികൾ ഉപയോഗിക്കുന്നുണ്ട്. വലിയ കമ്പനികൾക്കു പുറമേ വ്യക്തികളും ഈ സേവനം വിനിയോഗിക്കുന്നു. എന്ന് റെന്റ് എ ഗോട്ട് എന്ന കമ്പനി അടുത്തിടെ പരസ്യപ്പെടുത്തിയിരുന്നു. റെന്റ് എ ഗോട്ട് എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് ആടിനെ വാടകയ്ക്ക് നൽകുന്ന കമ്പനിയാണിത്. ഒട്ടേറെ കമ്പനികൾ ഇപ്പോൾ ഈ രംഗത്ത് സജീവമാണ് യുഎസിൽ. ആടിനെ വാടകയ്ക്ക് നൽകുന്ന സ്ഥാപനം എങ്ങനെ ആരംഭിക്കാമെന്ന് കോഴ്സുകൾ വരെ ആരംഭിച്ചിട്ടുണ്ട് ഇപ്പോൾ. ഈ സംരംഭങ്ങൾക്ക് പേരുമിട്ടിട്ടുണ്ട്. ഗോട്സ്കേപിങ്...

 

26 ഏക്കറാണ് ഗൂഗിളിന്റെ ക്യാംപസ്. 2 മില്യൺ ചതുരശ്ര അടിയാണ് ഗൂഗിളിന്റെ ഓഫിസ്. 319 മില്യൺ ഡോളറിന് സിലികോൺ ഗ്രാഫിക്സിൽ നിന്ന് ഗൂഗിൾ വാങ്ങിയതാണ് ഈ സ്ഥലം. ജുറാസിക് പാർക്കിന്റെ സൃഷ്ടാക്കളാണ് സിലിക്കോൺ ഗ്രാഫിക്സ്. ഈ സ്നേഹം കൊണ്ടാകാം ക്യാംപസിൽ ഇപ്പോഴും ഒരു ഡൈനസോർ ഫോസിൽ സൂക്ഷിച്ചിട്ടുണ്ട് ഗൂഗിൾ. ക്ലൈവ് വിൽകിൻസൺ എന്ന സൗത്ത് ആഫ്രിക്കൻ ആർക്കിടെകറ്റ് ആണ് പരിസ്ഥിതിക്ക് യോജിച്ച രീതിയിൽ ഈ കെട്ടിടവും പരിസരവും ഡിസൈൻ ചെയ്തത്.

 

പാർക്കും റസ്റ്ററന്റുമൊക്കെ ഉൾപ്പെടുന്നതാണ് ക്യാംപസ്. ഓഫിസ് കെട്ടിടങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ടൂറിസ്റ്റുകൾക്ക് ഉൾപ്പെടെ ആർക്കും സന്ദർശിക്കാം. കറങ്ങി നടക്കാം. ആറ് കെട്ടിടങ്ങളുട മുകളിൽ സോളർ റൂഫിങ് ചെയ്തിട്ടുണ്ട് ഗൂഗിൾ.1.6 മെഗാവാട്ട് വൈദ്യുതി ഇങ്ങനെ ഉൽപാദിപ്പിക്കുന്നു. ഗൂഗിളിന് ആവശ്യമായ വൈദ്യുതിയുടെ 30% മാത്രമാണ് ഇതെങ്കിലും പരിസ്ഥിതി സൗഹൃദമായ മാതൃകകൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആട്ടിൻ പറ്റവും സോളർ എനർജിയുമെല്ലാം ഗൂഗിളിന്റെ തലയിൽ തെളിയുന്നത്. സൈക്കിൾ, ഇലക്ട്രിക് ബസ് തുടങ്ങിയവ ജീവനക്കാർക്കായി ഒരുക്കിയതും ഇതേ കാരണത്താലാണ്. ഗൂഗിളിന്റെ കെട്ടിടങ്ങളുടെ വലിയൊരു ഭാഗവും നിർമിച്ചിരിക്കുന്നത് കണ്ണാടികൾ കൊണ്ടാണ്. പ്രകൃതിദത്തമായ വെളിച്ചം കയറുന്നതിനാൽ വൈദ്യുതി ഉപഭോഗം കുറയ്ക്കാനാകും.  2013ൽ ഇറങ്ങിയ ദ് ഇന്റേൺഷിപ് എന്ന ചിത്രത്തിൽ ഗൂഗിൾപ്ലെക്സ് ആയിരുന്നു പ്രധാന ലൊക്കേഷൻ. അതിനു ശേഷം ക്യാംപസ് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ കൂടിയായി. എന്നാൽ ഓരോ വർഷവും നടക്കുന്ന വികസനപ്രവർത്തനങ്ങളിൽ ഗൂഗിൾപ്ലെക്സ് വളരുന്നുമുണ്ട്. ക്യാംപസിൽ ഏതു സ്ഥലത്തിരുന്നും ജോലി ചെയ്യാനുള്ള സൗകര്യവും ഗൂഗിൾ നൽകും. ഫ്രീ വൈഫൈ ലഭ്യമാണ് ഇവിടെ. എന്തിനും ഏതിനും സാങ്കേതിക വിദ്യകൾ അവതരിപ്പിച്ച് ഹിറ്റ് ആക്കുന്ന ഗൂഗിൾ പരിസ്ഥിതിയിലേക്ക് മടങ്ങാനുള്ള വഴികൾ ഇനിയും തുറക്കുമോ എന്ന കാത്തിരിപ്പാണ് ഇപ്പോൾ. പുതിയ ആശയങ്ങളുടെ ആടിനെയും തെളിച്ച് ഇനിയും വരാതിരിക്കില്ല ഗൂഗിൾ...

 

English Summary: Google Rents Goats to Mow the Lawn 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com