ADVERTISEMENT

2797 വര്‍ഷങ്ങള്‍ക്ക് മുൻപ് ജീവിച്ചിരുന്നവരെന്ന് കരുതപ്പെടുന്ന മൂന്ന് ഈജിപ്തുകാരുടെ മുഖങ്ങള്‍ പുനര്‍നിര്‍മിച്ച് ശാസ്ത്രം. അവരുടെ മമ്മികളില്‍ നിന്നും ലഭിച്ച ജനിതക വിവരങ്ങള്‍ ഉപയോഗിച്ചാണ് സഹസ്രാബ്ദങ്ങള്‍ക്കപ്പുറം ഈ മനുഷ്യരൂപങ്ങള്‍ വീണ്ടും ജനിച്ചത്. ബിസി 780നും എഡി അഞ്ചിനും ഇടയിലാണ് കെയ്‌റോയിലെ പൗരാണിക നഗരത്തില്‍ ഈ മമ്മികളെ സംസ്‌ക്കരിച്ചതെന്ന് കരുതപ്പടുന്നു. ജര്‍മനിയിലെ മാക്‌സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് 2017ല്‍ ഈ മമ്മികളുടെ ഡിഎന്‍എ വേര്‍തിരിച്ചെടുക്കുന്നത്. അമേരിക്കയിലെ വിര്‍ജീനിയയിലുള്ള പാരബോണ്‍ നാനോലാബ്‌സ് ആണ് ഫോറന്‍സിക് ഡിഎന്‍എ ഫെനോടൈപിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ മമ്മികളുടെ മുഖം പുനര്‍നിര്‍മിച്ചത്.

 

പാരബോണ്‍ നാനോലാബ്‌സ് മമ്മികളുടെ ത്രിഡിയിലുള്ള മുഖങ്ങളാണ് നിര്‍മിച്ചിരിക്കുന്നത്. ജനിതക പാരമ്പര്യം, കൃഷ്ണമണിയുടെ നിറം, മുടിയുടെ നിറം, ചര്‍മത്തിന്റെ നിറം, മുഖത്തിന്റെ ആകൃതി തുടങ്ങി നിര്‍ണായകമായ പല വിവരങ്ങളും ഫോറന്‍സിക് ഡിഎന്‍എ ഫെനോടൈപിങ് സാങ്കേതികവിദ്യ വഴി ഗവേഷകര്‍ക്ക് ലഭിക്കും. ഉദാഹരണത്തിന് ഒരാളുടെ കൃഷ്ണമണിക്ക് പച്ച നിറമാണോ എന്ന് 61 ശതമാനം കൃത്യതയോടെയും നീലനിറമാണോന്ന് 79 ശതമാനം കൃത്യതയോടെയും ജനിതകവിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ഫോറന്‍സിക് ഡിഎന്‍എ ഫെനോടൈപിങ് വഴി തിരിച്ചറിയാനാകും.

 

ലഭ്യമായ ഈ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് 3 ഡി രൂപം പാരബോണ്‍ നാനോലാബ്‌സ് നിര്‍മിച്ചിരിക്കുന്നത്. ജനിതകവിവരങ്ങള്‍ ഉപയോഗിച്ച് ആള്‍രൂപങ്ങള്‍ തിരിച്ചറിയുന്ന ഈ സാങ്കേതികവിദ്യ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും ഉപയോഗിക്കാനാകും. എങ്കിലും ഇത്രയേറെ പഴക്കമുള്ള ഡിഎന്‍എയില്‍ നിന്നും മുഖം നിര്‍മിച്ചെടുക്കുന്നത് ആദ്യമായാണെന്ന് പാരബോണ്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

 

ബിസി 3250 മുതല്‍ എഡി 700 വരെയുള്ള കാലത്ത് നൈല്‍ നദിയുടെ തീരത്ത് മനുഷ്യവാസമുണ്ടായിരുന്ന പ്രദേശത്തു നിന്നാണ് ഈ മമ്മികള്‍ കണ്ടെത്തിയത്. ബിസി 1380 മുതല്‍ എഡി 425 വരെയുള്ള കാലത്ത് ജീവിച്ചിരുന്ന 151 മമ്മികളില്‍ മൂന്നെണ്ണത്തിന്റെ മുഖമാണ് വീണ്ടെടുത്തിരിക്കുന്നത്. ഈ പൗരാണിക ഈജിപ്തുകാര്‍ക്ക് ഇപ്പോഴത്തെ ഈജിപ്തുകാരേക്കാള്‍ മെഡിറ്ററേനിയന്‍ തീരത്തുള്ളവരുമായും പശ്ചിമേഷ്യയിലേയും മനുഷ്യരുമായാണ് കൂടുതല്‍ ജനിതക ബന്ധമുള്ളതെന്നും ഗവേഷകര്‍ പറയുന്നു.

 

English Summary: Faces of three ancient Egyptian men who lived up to 2,797 years ago are reconstructed using DNA extracted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com