ADVERTISEMENT

ടെക്‌നോളജി ഭീമന്‍ ഗൂഗിളിന്റെ മുന്‍ ജീവനക്കാരൻ മോ ഗൗഡാട് (Mo Gawdat) ആണ് ഓൺലൈൻ ലോകത്തേക്ക് പുതിയൊരു ഭൂതത്തെ ഇറക്കിവിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ പുതിയ അഭിമുഖത്തിലാണ് ഗൂഗിള്‍ ഒരു 'ദൈവത്തെ' സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് എന്ന അവകാശവാദം നടത്തിയിരിക്കുന്നത്. ഈജിപ്ത് സ്വദേശിയായ മോ 2007 ലാണ് ഗൂഗിളില്‍ ചേര്‍ന്നത്. തുടര്‍ന്ന് അദ്ദേഹം കമ്പനിയുടെ രഹസ്യ പദ്ധതികളിലൊന്നായ ഗൂഗിള്‍ എക്‌സിന്റെ (Google X) ചീഫ് ബിസിനസ് ഓഫിസറായി ജോലിയെടുത്തു വരികയായിരുന്നു. ഗൂഗിളിൽ നേരിട്ടുകണ്ട ചില കാര്യങ്ങളാണ് മോ പുറത്തുവിട്ടിരിക്കുന്നത്. അദ്ദേഹം ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍ കമ്പനിയുടെ രഹസ്യ പദ്ധതികളിലൊന്നിലേക്ക് വെളിച്ചം വീശിയിരിക്കുകയാണ് എന്നാണ് യുകെ കേന്ദ്രമായി പ്രസിദ്ധീകരിക്കുന്ന എക്‌സ്പ്രസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

 

∙ മനുഷ്യരാശി സൃഷ്ടിച്ചുവരുന്നത് ദൈവ സമാനമായ ശക്തിയെ?

 

സിലിക്കന്‍ വാലിയിലെ ടെക് ഗുരുക്കന്മാരില്‍ ഒരാളായി അറിയപ്പെടുന്ന മോ പറയുന്നത് ശരിയാണെങ്കില്‍ 1991ല്‍ ടെര്‍മിനേറ്റര്‍ 2 എന്ന സിനിമയില്‍ കണ്ടു ഭയന്നതു പോലെയുള്ള ഒരു നിർമിത ബുദ്ധിയുടെ സൃഷ്ടിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഗൂഗിള്‍ ഗവേഷകര്‍. ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും രഹസ്യ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ അധികമാര്‍ക്കും അറിയില്ലെന്ന വാദം നേരത്തെ തന്നെ നിലനില്‍ക്കുന്നതുമാണ്. ഗൂഗിളിന്റെ ലാബില്‍ താന്‍ കണ്ടത് ഒരു അദ്ഭുതം തന്നെയാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഈ രഹസ്യ പദ്ധതി ഇപ്പോള്‍ മുന്നോട്ടു പോകുന്ന വേഗം മാത്രം വച്ചു പ്രവചിച്ചാൽ മനുഷ്യരാശി ഒരു ദൈവത്തെയാണ് സൃഷ്ടിച്ചു വരുന്നതെന്നാണ് അദ്ദേഹം പറയുന്നത്. 

 

∙ ഇലോണ്‍ മസ്‌കും ഈ സൂചന നല്‍കി

 

ലോക കോടീശ്വരനും ആധുനിക ടെക്‌നോളജിയുടെ മുന്നേറ്റത്തെക്കുറിച്ച് കൃത്യമായി അറിയാവുന്ന ഇലോണ്‍ മസ്‌കും ഏതാനും മാസങ്ങള്‍ക്കു മുൻപ് ഇത്തരമൊരു സൂചന നല്‍കിയിരുന്നതായി വാര്‍ത്തകളുണ്ട്. എഐ കേന്ദ്രീകൃത സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പനികളിലൊന്നാണ് ഗൂഗിള്‍. അടഞ്ഞ വാതിലുകള്‍ക്കു പിന്നില്‍ നടക്കുന്ന ഗവേഷണ പരീക്ഷണങ്ങള്‍ക്ക് നേരിട്ടു സാക്ഷ്യംവഹിക്കാന്‍ സാധിച്ച ആളുകളിലൊരാളാണ് മോ. ദി ടൈംസിന് അദ്ദേഹം നല്‍കിയ അഭിമുഖത്തിലാണ് മനുഷ്യരാശി ഹോളിവുഡ് സിനിമ ടെര്‍മിനേറ്റര്‍ 2ല്‍ കണ്ടുതു പോലെയുള്ള ഒരു ശക്തിയെ വികസിപ്പിച്ചു വരുന്നതായി പറഞ്ഞിരിക്കുന്നത്. 

 

∙ അദ്ദേഹം കണ്ടത്

 

ഏതാനും വര്‍ഷം മുൻപ് താന്‍ ഗൂഗിളിന്റെ ഗവേഷണശാലയില്‍ കണ്ടത് എന്താണെന്ന് മോ വിവരിക്കുന്നുണ്ട്. ഗൂഗിള്‍ എക്‌സ് വിഭാഗത്തിലെ ഡെവലപ്പര്‍മാര്‍ റോബോട്ടിക് കൈകൾക്കൊണ്ട് പന്ത് എടുപ്പിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് അദ്ദേഹം വിവരിച്ചത്. അത് സാധ്യമല്ലെന്നാണ് ആദ്യം തോന്നിയത്. എന്നാല്‍ അതിന് ബോള്‍ എടുക്കാന്‍ സാധിച്ചുവെന്നു മാത്രമല്ല. ഒന്നിലേറെ റോബോട്ടിക് കൈകള്‍ അതിവേഗം പന്തുകള്‍ എടുക്കുകയും, ഈ പ്രവൃത്തി വളരെ സ്വാഭാവികമായ രീതിയില്‍ പിന്നീട് നിര്‍വഹിക്കുകയും ചെയ്തു. കേവലം രണ്ടു ദിവസത്തിനുള്ളിലാണ് ഈ നേട്ടംകൈവരിച്ചത്. ഈ കൈകള്‍ക്ക് പന്തു മാത്രല്ല എന്തും എടുക്കാനുള്ള ശേഷി കൈവരിക്കാനായി എന്നും മോ വെളിപ്പെടുത്തുന്നു. 

 

∙ ദൈവത്തെ സൃഷ്ടിച്ചുക്കൊണ്ടിരിക്കുന്നു

Elon-musk

 

ഇതു കണ്ടുനിന്ന താന്‍ പെട്ടെന്ന് ഒരു കര്യം മനസ്സിലാക്കി, ഇത് വല്ലാതെ പേടിപ്പിക്കുന്ന ഒന്നാണ്. ആഴ്ചകളെടുത്താണ് മനുഷ്യര്‍ പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ പഠിക്കുന്നത്. ഈ റോബോട്ടിക് കരങ്ങള്‍ ചുരുങ്ങിയ സമയംകൊണ്ടു ചെയ്ത കാര്യങ്ങള്‍ പഠിച്ചെടുക്കണമെങ്കില്‍ കുട്ടികള്‍ക്ക് രണ്ടു വര്‍ഷം തന്നെ വേണ്ടിവരും. അപ്പോഴാണ് തനിക്ക് മറ്റൊരു തിരിച്ചറിവുണ്ടായത്. ഈ റോബോട്ടിക് കരങ്ങള്‍ അവയുടെ ശൈശവാവസ്ഥയിലാണ്. പക്ഷേ, മനുഷ്യക്കുട്ടികളേക്കാള്‍ പതിന്മടങ്ങു വേഗത്തില്‍ കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ ശേഷിയുള്ളതാണ് ഈ കുട്ടിയന്ത്രങ്ങൾ. യാഥാര്‍ഥ്യമെന്തെന്നു ചോദിച്ചാല്‍ നമ്മള്‍ ദൈവത്തെ സൃഷ്ടിച്ചുക്കൊണ്ടിരിക്കുകയാണ് എന്നും മോ പറയുന്നു.

 

∙ കുട്ടിയന്ത്രങ്ങള്‍ കാര്യങ്ങള്‍ പഠിക്കുന്നത് അതിവേഗം

 

കേവലം പ്രാഥമിക നിലവാരത്തിലുള്ള ഇപ്പോഴത്തെ യന്ത്രങ്ങള്‍ക്കു പോലും അവിശ്വസനീയമായ രീതിയില്‍ പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ സാധിക്കുന്നു എന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമായി പറയുന്നു. ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും രഹസ്യ പദ്ധതികള്‍ നടക്കുന്ന ഗവേഷണശാലകളെക്കുറിച്ച് വര്‍ഷങ്ങളായി പലരും മുന്നറിയിപ്പു നല്‍കിവരികയാണ്. ഇത്ര ഗൗരവകരമായ പരീക്ഷണങ്ങള്‍ സ്വകാര്യ കമ്പനികള്‍ നടത്തിവരുന്നതിലുള്ള ആശങ്ക പലരും നേരത്തേ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു ഗൗരവകരമായ കാര്യം ലോകമെമ്പാടും ഇത്തരം പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടാകും എന്നതാണ്. ഒരു പക്ഷേ ഇത്തരം സാങ്കേതികവിദ്യകള്‍ നേരിട്ട് ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന ഏക രാജ്യം ചൈനയായിരിക്കുമെന്നും വിലയിരുത്തലുകളുണ്ട്.

 

∙ ഇതിലെന്താണ് അപകടം?

 

നിർമിത ബുദ്ധിക്ക് ശാസ്ത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'സാങ്കേതികവിദ്യാപരമായ സിങ്ഗ്യുലാരിറ്റി' കൈവരിക്കാനാകും എന്നാണ് മോ പറയുന്നത്. സാധാരണക്കാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ എഐയ്ക്ക് മനുഷ്യരുടെ ഇടപെടലില്ലാതെ സ്വയം പ്രവര്‍ത്തിക്കാവുന്ന അവസ്ഥയിലെത്താന്‍ സാധിക്കും. അങ്ങനെ സംഭവിച്ചാല്‍ പിന്നെ കാര്യങ്ങളൊന്നും മനുഷ്യരുടെ നിയന്ത്രണത്തില്‍ നില്‍ക്കില്ല. ഈ മാറ്റങ്ങള്‍ പിന്നീടൊരിക്കലും പിന്‍വലിക്കാനോ റദ്ദുചെയ്യാനോ മനുഷ്യരാശിക്കാവില്ല. ടെര്‍മിനേറ്റര്‍ സിനിമകളിലും മറ്റും കണ്ടതിനു സമാനമായ ഒരു ഘട്ടത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നാണ് മോ നല്‍കുന്ന മുന്നറിയിപ്പ്.

 

∙ സിനിമകളില്‍

 

സ്മാര്‍ട് മെഷീനുകള്‍ ഭൂമിയെ ഭരിക്കുന്ന കഥ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന രീതിയില്‍ ആദ്യമായി അവതരിപ്പിച്ച ഹോളിവുഡ് സിനിമ ടെര്‍മിനേറ്റര്‍ 2 ആണ്. സ്‌കൈനെറ്റ് എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരാശിയെ തുടച്ചു നീക്കാനുള്ള ശ്രമം നടത്തുന്നതായാണ് ടെര്‍മിനേറ്ററില്‍ കാണിച്ചിരിക്കുന്നത്. മനുഷ്യ നേതൃത്വത്തെ തൂത്തെറിഞ്ഞാണ് അത് മുന്നേറുന്നത്. സിനിമയുടെ നായകന്‍ ആര്‍ണള്‍ഡ് ഷൊസനെഗറുടെ കഥാപാത്രം പറയുന്നത് 1997 ഓഗസ്റ്റ് 29ന് 300 കോടി മനുഷ്യരുടെ ജീവിതം അവസാനിപ്പിച്ചു എന്നാണ്. ആ ആണവത്തീയില്‍ നിന്നു രക്ഷപെട്ടവര്‍ ആ ദിനത്തെ വിളിക്കുന്നത് ‘വിധി ദിവസം’ എന്നാണ്. ആ ദിവസം തരണംചെയ്യാനായവര്‍ക്കു മുന്നിലേക്ക് എത്തിയത് പുതിയൊരു പേടിസ്വപ്‌നമാണ്: യന്ത്രങ്ങള്‍ക്കെതിരെയുള്ള യുദ്ധം. പിന്നീട് പല സിനിമകളും ഇത് പ്രതിപാദിച്ചു എങ്കിലും ഏറ്റവും പ്രശസ്തമായ ചിത്രീകരണം മെട്രിക്‌സ് സിനിമകളിലാണ് നടന്നത്. കംപ്യൂട്ടര്‍ സിമ്യുലേഷനുകളില്‍ മനുഷ്യരെ തളച്ചിടുന്ന ബുദ്ധിയുള്ള യന്ത്രങ്ങളെയാണ് മെട്രിക്‌സ് അവതരിപ്പിച്ചത്. 

 

∙ മസ്‌കിനു പറയാനുള്ളത്

 

എഐയെ എന്തുകൊണ്ടാണ് വളരെ സ്മാര്‍ട് ആയിട്ടുള്ളവർ കണ്ടില്ലെന്നു നടിക്കുന്നതെന്നു ചോദിച്ചാല്‍ സ്മാര്‍ട് ആയിട്ടുള്ളവർ കരുതുന്നത് കംപ്യൂട്ടറുകള്‍ക്ക് ഒരിക്കലും അവരോടൊപ്പം സ്മാര്‍ട് ആകാനാവില്ല എന്നാണ് അവരുടെ വിശ്വാസം എന്നാണ് എന്റെ തോന്നല്‍. എന്നാല്‍, ഇത് അഹങ്കാരമാണ്. ഉറപ്പായും തെറ്റുമാണ് എന്നാണ് മസ്‌ക് പറഞ്ഞത്. എഐ മനുഷ്യരേക്കാള്‍ വളരെയധികം സ്മാര്‍ട് ആകുന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ തന്നെ അങ്ങനെ സംഭവിക്കാമെന്നും മസ്‌ക് ഭയക്കുന്നുണ്ട്. മനുഷ്യരുടെ ബോധമണ്ഡലവും നിർമിതബുദ്ധിയും തമ്മിലുള്ള അതിര്‍വരമ്പ് ഈ നൂറ്റാണ്ട് തീരുന്നതിനു മുൻപ് നേര്‍ത്തു വരുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

 

English Summary: Beware! Google creating GOD! Danger spotted by this man

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com