ADVERTISEMENT

കഴിഞ്ഞ വര്‍ഷം ആകെ നടത്തിയ റോക്കറ്റ് വിക്ഷേപണങ്ങളെ ഇക്കൊല്ലം പത്തുമാസം കൊണ്ട് കടത്തിവെട്ടി ചൈന. ഒക്ടോബര്‍ അവസാനിക്കുമ്പോഴേക്കും ചൈനയുടെ കണക്കില്‍ ഇക്കൊല്ലം രണ്ട് പരാജയം ഉള്‍പ്പടെ 40 വിക്ഷേപണങ്ങളായി. ഇതേ കാലയളവില്‍ മുഖ്യ എതിരാളിയായ അമേരിക്ക മൂന്ന് പരാജയം ഉള്‍പ്പടെ 39 വിക്ഷേപണങ്ങളാണ് നടത്തിയിട്ടുള്ളത്. ഡിസംബര്‍ തീരുമ്പോഴേക്കും കുറഞ്ഞത് ഏഴ് വിക്ഷേപണങ്ങള്‍ കൂടി ചൈന പദ്ധതിയിട്ടിട്ടുമുണ്ട്. 

china-rocket

ടിയാങ്കോങ് ബഹിരാകാശ നിലയം യാഥാര്‍ഥ്യമാക്കിയ വിക്ഷേപണങ്ങളായിരുന്നു ഇക്കൊല്ലം ചൈന നടത്തിയതില്‍ ഏറ്റവും സുപ്രധാനം. സ്വന്തം ബഹിരാകാശ നിലയത്തിലേക്ക് രണ്ട് തവണ സഞ്ചാരികളേയും കൊണ്ട് വിജയകരമായി വിക്ഷേപണം നടത്താനും ചൈനക്കായി. കഴിഞ്ഞ ആഴ്ചയില്‍ ഏറ്റവും വലിയ റിമോട്ട് സെന്‍സിങ് സംവിധാനത്തിന്റെ 31–ാമത്തെ സാറ്റലൈറ്റും ചൈന വിക്ഷേപിച്ചു. ആകെ 138 സാറ്റലൈറ്റുകളാണ് ജിന്‍ജിന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ സീരീസിലുള്ളത്. ചൈനക്കായി ഹൈ റെസലൂഷന്‍ ചിത്രങ്ങളും അതിവേഗ ഇന്റര്‍നെറ്റും സാധ്യമാക്കുന്ന സംവിധാനമാണിത്. 

ലോങ് മാര്‍ച്ച് 5ബിയും ലോങ് മാര്‍ച്ച് 7എയുമാണ് ചൈനയുടെ സുപ്രധാന വിക്ഷേപണ വാഹനങ്ങള്‍. നീട്ടിവെച്ചതോ പരാജയപ്പെട്ടതോ ആയ വിക്ഷേപണങ്ങള്‍ക്കൊടുവില്‍ വിജയിച്ച ദൗത്യങ്ങളാണ് ഈ രണ്ട് റോക്കറ്റുകള്‍ക്കും ഈ വര്‍ഷമുള്ളത്. ഈവര്‍ഷം 40 വിക്ഷേപണങ്ങളാണ് ചൈന എയറോസ്‌പേസ് സയന്‍സ് ആൻഡ് ടെക്‌നോളജി കോര്‍പറേഷന്‍ (CASC) നിശ്ചയിച്ചിരുന്നത്. ഇതില്‍ 36 എണ്ണം ഒക്ടോബറിനകം തന്നെ പൂര്‍ത്തിയാക്കാന്‍ ചൈനക്കായി. ചൈന എയറോസ്‌പേസ് സയന്‍സ് ആൻഡ് ഇന്‍ഡസ്ട്രി കോര്‍പറേഷന്റെ കീഴിലുള്ള എക്സ്പേസും സ്വകാര്യ കമ്പനിയായ ഐസ്പേസും രണ്ട് വീതം വിക്ഷേപണങ്ങള്‍ നടത്തി. 

അടുത്ത വര്‍ഷങ്ങളിലായി വലിയ തോതിലുള്ള നിക്ഷേപമാണ് ചൈന ബഹിരാകാശ മേഖലയില്‍ നടത്തിയിട്ടുള്ളത്. 2007ന് മുൻപ് പ്രതിവര്‍ഷം പത്തു വിക്ഷേപണങ്ങള്‍ പോലും നടത്താതിരുന്ന ചൈന കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 152 തവണയാണ് റോക്കറ്റുകളെ ബഹിരാകാശത്തേക്ക് എത്തിച്ചത്. ഈ കാലയളവില്‍ മറ്റേതു രാജ്യത്തേക്കാളും കൂടിയ എണ്ണമാണിത്. 2019ലും 2018ലും ചൈന ബഹിരാകാശ വിക്ഷേപണങ്ങളില്‍ അമേരിക്കയെ കടത്തിവെട്ടി. 2018ല്‍ ചൈന 38, യുഎസ് 32 തവണ വിക്ഷേപണം നടത്തി. 2019ല്‍ ഇത് ചൈനയുടെ കണക്കില്‍ 34, അമേരിക്കയുടേത് 21 ആയിരുന്നു. 2020ല്‍ 44 വിക്ഷേപണങ്ങള്‍ നടത്തി ഒന്നാംസ്ഥാനം അമേരിക്ക തിരിച്ചുപിടിച്ചു. 

china-rocket-long-march3

അങ്ങനെയിരിക്കിലും ശീതയുദ്ധകാലത്തെ സോവിയറ്റ്-അമേരിക്കന്‍ ബഹിരാകാശ മത്സരത്തിന്റെ അടുത്തെത്താന്‍ ചൈനക്കിപ്പോഴും സാധിച്ചിട്ടില്ല. 1957നും 1991നും ഇടക്കുള്ള കാലത്ത് സോവിയറ്റ് യൂണിയന്‍ 2309 തവണയാണ് വിജയകരമായി റോക്കറ്റ് ബഹിരാകാശത്തെത്തിച്ചത്. പ്രതിവര്‍ഷം ശരാശരി 66 വിക്ഷേപണങ്ങള്‍! വിക്ഷേപണത്തില്‍ എണ്ണങ്ങളുടെ കാര്യത്തില്‍ മുന്നിലെത്താനായിട്ടുണ്ടെങ്കിലും വാഹകശേഷിയില്‍ ചൈനീസ് റോക്കറ്റുകള്‍ ഇപ്പോഴും അമേരിക്കയേക്കാള്‍ പിന്നിലാണ്. 2019ല്‍ നിര്‍മിച്ച സിഇസഡ്5 എന്ന ഏറ്റവും ശേഷി കൂടിയ ചൈനീസ് റോക്കറ്റിന് 25 ടണ്‍ ഭാരം വഹിക്കാനാണ് ശേഷി. അമേരിക്കയുടെ ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിന്റെ വാഹക ശേഷി 64 ടണ്ണാണ്. ചന്ദ്രനിലേക്കും മറ്റു ഗ്രഹങ്ങളിലേക്കുമുള്ള ദൗത്യങ്ങള്‍ക്കുവേണ്ടി ചൈന പുതിയ രണ്ട് റോക്കറ്റുകള്‍ നിര്‍മിക്കുന്നുണ്ട്. ഈ റോക്കറ്റുകളുടെ നിര്‍മാണ പുരോഗതി കൂടിയാണ് ചൈനീസ് ബഹിരാകാശ നേട്ടങ്ങള്‍ക്ക് ഊര്‍ജമാവുക.

English Summary: China launches 40th orbital rocket mission of 2021, a new record: report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com