ADVERTISEMENT

ഡിസംബർ പകുതിയോടെ ഭൂമിക്കു സമീപത്തുകൂടി ബുർജ് ഖലീഫയുടെ വലുപ്പമുള്ള ഛിന്നഗ്രഹം കടന്നുപോകുമെന്ന് ശാസ്ത്രജ്ഞർ. 163899 എന്നു പേരിട്ടിരിക്കുന്ന ഛിന്നഗ്രഹത്തിന്റെ വ്യാസം ഏകദേശം 791 മീറ്ററാണ്, രണ്ടു കിലോമീറ്ററോളം നീളവുമുണ്ട്. ഭൂമിയിലെ ഏറ്റവും ഉയരമുള്ള മനുഷ്യനിർമിത കെട്ടിടമാണു ബുർജ് ഖലീഫ.

 

എന്നാൽ പ്യൂർട്ടോറിക്കോയിൽ സ്ഥിതി ചെയ്യുന്ന അരെസിബോ നിരീക്ഷണകേന്ദ്രം നേരത്തെ നടത്തിയ നിരീക്ഷണങ്ങൾ അനുസരിച്ച് ഈ ഛിന്നഗ്രഹത്തിന് ഇതിലും കൂടുതൽ വലുപ്പമുണ്ടാകുമെന്ന് പറയുന്നു. മധുരക്കിഴങ്ങിന്റെ ആകൃതിയാണ് ഇതിനെന്ന് അരെസിബോ നിരീക്ഷണകേന്ദ്രവും അതല്ല ഹിപ്പോപ്പൊട്ടാമസിന്റെ ആകൃതിയാണെന്ന് നാസയും ഛിന്നഗ്രഹത്തെക്കുറിച്ചു പറഞ്ഞത് ശാസ്ത്രലോകത്ത് ചിരി പടർത്തിയിരുന്നു.

 

ഡിസംബർ 17നു ഛിന്നഗ്രഹം ഭൂമിക്ക് 54 ലക്ഷം കിലോമീറ്റർ അടുത്തുകൂടി സെക്കൻഡിൽ 5.4 കിലോമീറ്റർ എന്ന വേഗത്തിൽ യാത്ര പോകുമെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം വെറും 3.85 ലക്ഷം കിലോമീറ്ററുകൾ മാത്രമാണ്. വലുപ്പം മൂലം അപകടകാരിയായ ഛിന്നഗ്രഹങ്ങളുടെ വിഭാഗത്തിൽ ചേർക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇത്ര ദൂരത്തു യാത്ര ചെയ്യുന്നതിനാൽ ഭൂമിക്കോ ഭൂമിയിലെ മനുഷ്യർക്കോ മറ്റു ജീവനുകൾക്കോ ഒരു തരത്തിലുമുള്ള അപകടസാധ്യതയും ഈ ഛിന്നഗ്രഹം മൂലമില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

 

എന്നാൽ ഇത്തരം ഛിന്നഗ്രഹങ്ങളിൽ റോബട്ടിക് പര്യവേക്ഷണ പഠനങ്ങൾ നടത്താനുള്ള സാധ്യതകളും ശാസ്ത്രജ്ഞർ മുന്നോട്ടുവയ്ക്കുന്നുണ്ട്.  ഛിന്നഗ്രഹ പര്യവേക്ഷണം ഇപ്പോൾ ബഹിരാകാശ മേഖയിലെ ഒരു സജീവമായ രംഗവുമാണ്. ജപ്പാന്റെ ഹയബൂസ ദൗത്യങ്ങൾ റ്യൂഗു എന്ന ഛിന്നഗ്രഹത്തിൽ നിന്നു സാംപിളുകൾ ശേഖരിച്ച് ഭൂമിയിലേക്കു തിരികെക്കൊണ്ടുവന്നിരുന്നു. ഛിന്നഗ്രഹദൗത്യം നടത്തുന്ന ആദ്യ അറബ് രാജ്യമാകാനുള്ള പദ്ധതികൾ യുഎഇയും കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു.2028ലാണ് ഈ ദൗത്യം തുടങ്ങുക.

 

ജപ്പാനുൾപ്പെടെ മൂന്ന് രാജ്യങ്ങൾ ഇതുവരെ ഛിന്നഗ്രഹ ദൗത്യങ്ങൾ നടത്തിയിട്ടുണ്ട്.ഭാവിയിൽ ഇവയിൽ നിന്നു സൗരയൂഥത്തിന്റെ ആദ്യകാലങ്ങളെ പറ്റി പഠിക്കാമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ഇതോടൊപ്പം തന്നെ ഛിന്നഗ്രഹങ്ങളെ ഖനനം ചെയ്യാനുള്ള പദ്ധതികളും സജീവം. ബെന്നു പോലെയുള്ള ചില ഛിന്നഗ്രഹങ്ങളിൽ കോടികൾ വിലമതിക്കുന്ന ലോഹനിക്ഷേപമുണ്ട്.

എന്നാൽ ഭൂമിക്കരികിലൂടെ കടന്നു പോകുന്ന ഛിന്നഗ്രഹങ്ങൾ ഉയർത്തുന്ന ഭീഷണിയും ചർച്ചയാകുന്നുണ്ട്. അടുത്ത 100 വർഷങ്ങളിൽ ഭൂമിയിൽ ഛിന്നഗ്രഹങ്ങളൊന്നും പതിക്കാനിടയില്ലെന്നു നാസ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതു പൂർണ വിശ്വാസത്തിൽ എടുക്കപ്പെട്ടിട്ടില്ല. പലപ്പോഴും ഛിന്നഗ്രഹങ്ങൾ ഭൂമിക്കരികിലൂടെ കടന്നു പോകുന്നത് ശാസ്ത്രലോകം അറിയാറുപോലുമില്ലെന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഈ വർഷം തന്നെ ഒട്ടേറെ ഛിന്നഗ്രഹങ്ങൾ ഭൂമിക്കരികിലൂടെ കടന്നുപോയി. ഛിന്നഗ്രഹം ഭൂമിയിലിടിച്ചാൽ വൻ പ്രത്യാഘാതങ്ങളുണ്ടാകും. ഒരു കാലത്ത് ദിനോസറുകളുടെ തുടച്ചുനീക്കലിനു ഹേതുവായതു തന്നെ ഇത്തരമൊരു ഇടിച്ചിറക്കമായിരുന്നു.

 

ഛിന്നഗ്രഹങ്ങൾക്കെതിരെ പ്രതിരോധമൊരുക്കാനായി നാസ വിക്ഷേപിക്കുന്ന ഡാർട്ട് ദൗത്യം ഈ മാസം വിക്ഷേപിക്കാനൊരുങ്ങുകയാണ്. ഛിന്നഗ്രഹത്തെ ഇടിച്ച് തെറിപ്പിച്ച് അതിന്റെ പാത മാറ്റാൻ കഴിയുമോയെന്ന അന്വേഷണമാണ് ‍ഡാർട്ട്.

 

English Summary: Asteroid as large as Burj Khalifa to skim past earth on December

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com