ADVERTISEMENT

ബഹിരാകാശ മാലിന്യങ്ങളെ പിടികൂടി നശിപ്പിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിലാണ് ചൈന ഷിജിയാന്‍ 21 കൃത്രിമോപഗ്രഹം വിക്ഷേപിച്ചത്. എന്നാല്‍, ഈ ഉപഗ്രഹത്തെ ചൊല്ലിയുള്ള ആശങ്ക ഇതിനിടെ പലതവണ അമേരിക്ക പരസ്യമാക്കി കഴിഞ്ഞു. ശത്രു രാജ്യങ്ങളുടെ കൃത്രിമോപഗ്രഹങ്ങള്‍ പിടികൂടി നശിപ്പിക്കാന്‍ വേണ്ടിയാണ് ചൈന ഷിജിയാന്‍ 21 വിക്ഷേപിച്ചതെന്നാണ് അമേരിക്കന്‍ ആരോപണം. ഷിജിയാന്‍ 21ന്റെ ഭാഗമായ അസാധാരണമായ വസ്തുവാണ് അമേരിക്കയുടെ ആശങ്കയ്ക്ക് കാരണം. 

 

ഒക്ടോബര്‍ 23ന് ചൈന വിക്ഷേപിച്ച ഷിജിയാന്‍ 21നെക്കുറിച്ചുള്ള ആശങ്ക അമേരിക്കന്‍ ബഹിരാകാശ സേന തന്നെ പരസ്യമാക്കി കഴിഞ്ഞു. കൃത്രിമോപഗ്രഹങ്ങള്‍ക്ക് നിശ്ചിത ഭ്രമണപഥത്തിലേക്കെത്താനുള്ള അവസാനവട്ട തള്ളിന് സഹായിക്കുന്ന അപ്പോജി കിക്ക് മോട്ടോർ (AKM) എന്ന ഭാഗമാണ് സംശയത്തിന് ആധാരമെന്നാണ് കരുതപ്പെടുന്നത്. അതേസമയം, ഇത് മറ്റു സാറ്റലൈറ്റുകളെ പിടിച്ചെടുക്കാനും പ്രവര്‍ത്തന രഹിതമാക്കാനും ഉപയോഗിക്കാന്‍ സാധിക്കുന്ന യന്ത്രക്കൈ ആണെന്നാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ ആശങ്ക. ചൈനയുടെ ഇത്തരം നീക്കങ്ങള്‍ ബഹിരാകാശത്തെ തങ്ങളുടെ മേല്‍ക്കൈ തകര്‍ക്കുമെന്നും അമേരിക്ക കരുതുന്നു. 

 

ലോങ്മാര്‍ച്ച് 3ബി റോക്കറ്റിലാണ് ഷിജിയാന്‍ 21 ചൈന വിക്ഷേപിച്ചത്. ഷിചാങ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നു ഒക്ടോബര്‍ 23ന് ചൈനീസ് സമയം രാവിലെ 9.27ന് ആയിരുന്നു വിക്ഷേപണം. ബഹിരാകാശത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയെന്നതാണ് തങ്ങളുടെ സാറ്റലൈറ്റിന്റെ ദൗത്യം എന്നായിരുന്നു ചൈനീസ് എയറോസ്‌പേസ് സയന്‍സ് ആൻഡ് ടെക്‌നോളജി കോര്‍പറേഷന്‍ വിശദീകരിച്ചത്. ഇത് യാഥാര്‍ഥ്യമാക്കാന്‍ വേണ്ട പരീക്ഷണങ്ങളും ഷിജിയാന്‍ 23 നടത്തുമെന്നും ചൈനീസ് ബഹിരാകാശ ഏജന്‍സി വിശദീകരിച്ചിരുന്നു. 

 

2016 ലാണ് ചൈന ആദ്യമായി ബഹിരാകാശ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയെന്ന ദൗത്യത്തില്‍ സാറ്റലൈറ്റ് വിക്ഷേപിക്കുന്നത്. ഷിജിയാന്‍ 17 എന്ന ഈ സാറ്റലൈറ്റ് വാര്‍ത്താവിനിമയ ദൗത്യവുമായാണ് വിക്ഷേപിക്കുന്നത് എന്നായിരുന്നു ചൈന തുടക്കത്തില്‍ നല്‍കിയ വിശദീകരണം. മറ്റു രാജ്യങ്ങളുടെ സാറ്റലൈറ്റുകളെ കൂടി ആക്രമിക്കാനുള്ള ശേഷി കൈവരിച്ചുകൊണ്ട് ബഹിരാകാശ ശക്തിയാവാനാണ് ചൈന ശ്രമിക്കുന്നതെന്നും ഇതിന്റെ ഭാഗമാണ് ഷിജിയാന്‍ 21 പോലുള്ള കൃത്രിമോപഗ്രഹങ്ങളുടെ വിക്ഷേപണമെന്നുമാണ് അമേരിക്കന്‍ ബഹിരാകാശ കമാന്‍ഡിലെ കമാന്‍ഡര്‍ എയര്‍ഫോഴ്‌സ് ജനറല്‍ ജെയിംസ് ഡിക്കിന്‍സണ്‍ ഏപ്രിലില്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്. 

 

അതേസമയം, തങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ സുതാര്യവും സമാധാനപരവുമാണെന്നാണ് ചൈന ആവര്‍ത്തിക്കുന്നത്. ബഹിരാകാശത്ത് കറങ്ങി നടക്കുന്ന മനുഷ്യ നിര്‍മിത മാലിന്യങ്ങള്‍ പിടിച്ചെടുത്ത് അപകടസാധ്യത കുറക്കുകയെന്നതാണ് ഷിജിയാന്‍ 21 പോലുള്ള കൃത്രിമോപഗ്രഹങ്ങളുടെ ലക്ഷ്യമെന്നും ചൈന പറയുന്നുണ്ട്. മണിക്കൂറില്‍ 24,000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന 20,000 ലേറെ മനുഷ്യ നിര്‍മിത ബഹിരാകാശ മാലിന്യങ്ങള്‍ ഭൂമിയുടെ ഭ്രമണപഥത്തിലുണ്ട്. ഇവ സമീപഭാവിയില്‍ കൃത്രിമോപഗ്രഹങ്ങള്‍ക്കും ഭൂമിക്ക് പുറത്തേക്കുള്ള മനുഷ്യ ദൗത്യങ്ങള്‍ക്കുമെല്ലാം വെല്ലുവിളിയാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

English Summary: An object is now orbiting alongside China’s Shijian-21 debris mitigation satellite

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com