ADVERTISEMENT

രാജ്യാന്തര ബഹിരാകാശ നിലയം അതിന്റെ അവസാന വര്‍ഷങ്ങളിലേക്ക് കടന്നിരിക്കുകയാണ്. 23 വര്‍ഷം നീണ്ട ബഹിരാകാശ നിലയത്തിന്റെ കാലഘട്ടത്തില്‍ നിരവധി പ്രതിസന്ധിഘട്ടങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. ബഹിരാകാശ സഞ്ചാരികളുടെ ജീവനെ പോലും അപകടത്തിലാക്കുന്ന ചില അപൂര്‍വ സന്ദര്‍ഭങ്ങളും ഇതിനിടെ ഉണ്ടായി. ടീ ബാഗ് വരെ ജീവന്‍ രക്ഷിച്ച സാഹചര്യങ്ങളും മനുഷ്യ മാലിന്യങ്ങൾ പോലും അപകടമുയര്‍ത്തിയ ഘട്ടങ്ങളും ഇതിനിടെയുണ്ടായി. രാജ്യാന്തര ബഹിരാകാശ നിലയം നേരിട്ട അപൂര്‍വ വെല്ലുവിളികളില്‍ ചിലത് നോക്കാം. 

 

∙ ജീവന്‍ രക്ഷിച്ച ടീബാഗ്

 

2020ല്‍ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഒരു വാതക ചോര്‍ച്ച കണ്ടെത്തിയിരുന്നു. പെട്ടെന്നുണ്ടായ ആ പ്രതിസന്ധിയെ മറികടക്കാന്‍ ബഹിരാകാശ സഞ്ചാരികള്‍ ചെയ്തത് എന്താണെന്നോ, കൈവശമുണ്ടായിരുന്ന ടീബാഗ് എടുത്ത് ദ്വാരം അടച്ചുകളയുകയാണ് അവര്‍ ചെയ്തത്. അതായത് 15,000 കോടി ഡോളർ (ഏകദേശം 1,114,881 കോടി രൂപ) ചെലിവിട്ട് നിർമിച്ച, ഭൂമിയില്‍ നിന്ന് 400 കിലോമീറ്റർ മുകളിലൂടെ സഞ്ചരിക്കുന്ന ബഹിരാകാശ നിലയത്തെ രക്ഷിച്ചത് കേവലം ഒരു ടീബാഗ്. എപ്പോഴും ഐഎസ്എസില്‍ നിന്നും കുറച്ച് വാതക ചോര്‍ച്ചയുണ്ടാവാറുണ്ടെങ്കിലും ഇതിന്റെ അളവ് വര്‍ധിച്ചാല്‍ സഞ്ചാരികളുടെ ജീവന് പോലും അപകടമാവുകയും ചെയ്യും. 

 

റഷ്യന്‍ സഞ്ചാരി അനറ്റോളി ഇവാനിഷിനാണ് ടീബാഗ് ഉപയോഗിച്ച് ദ്വാരം പെട്ടെന്ന് അടച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൂര്‍ണമായും വായു പുറത്തേക്ക് പോവാത്ത വിധത്തിലല്ല ബഹിരാകാശ നിലയത്തിന്റെ നിര്‍മാണം. പ്രതിദിനം ഏതാണ്ട് ഒരു കിലോഗ്രാം വായു സ്വാഭാവികമായും ഐഎസ്എസില്‍ നിന്നും പുറത്തെത്തും. എന്നാല്‍ ഐഎസ്എസിന്റെ റഷ്യന്‍ ഭാഗമായ സ്വേദയില്‍ ഉണ്ടായ ചോര്‍ച്ചയാണ് വലിയ അപകട മുന്നറിയിപ്പ് നല്‍കിയത്. അടിയന്തര സാഹചര്യത്തില്‍ സൊയൂസ് മൊഡ്യൂളിലേക്ക് രക്ഷപ്പെടാനുള്ള ഏക മാര്‍ഗമാണെന്നതും സ്വേദയിലെ ചോര്‍ച്ചയുടെ ഗൗരവം വര്‍ധിപ്പിച്ചു. 

 

∙ ബഹിരാകാശ മാലിന്യം

international-space-station

 

ഭൂമിക്ക് ചുറ്റും ആയിരക്കണക്കിന് കൃത്രിമ ഉപഗ്രഹങ്ങള്‍ ഭ്രമണം ചെയ്യുന്നുണ്ട്. ഇതില്‍ പലതും പ്രവര്‍ത്തിക്കുന്നു പോലുമില്ല. കാലാവധി കഴിയുകയും മറ്റേതെങ്കിലും കാരണവശാല്‍ പ്രവര്‍ത്തനരഹിതമാവുകയും എന്നാല്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്ന എല്ലാ മനുഷ്യ നിര്‍മിത വസ്തുക്കളും ബഹിരാകാശ മാലിന്യത്തിന്റെ പരിധിയില്‍ പെടും. രാജ്യാന്തര ബഹിരാകാശ നിലയത്തിനും ഇത്തരം ബഹിരാകാശ മാലിന്യങ്ങള്‍ വലിയ തോതില്‍ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ഇത്തരം വസ്തുക്കളുമായുള്ള ചെറിയൊരു കൂട്ടിയിടി പോലും വലിയ ദുരന്തത്തിലാകും കലാശിക്കുക. 

 

നിലവില്‍ അപകടമാകാന്‍ സാധ്യതയുള്ള 27,000 ബഹിരാകാശ മാലിന്യങ്ങളെ നാസ നിരീക്ഷിച്ചു വരുന്നുണ്ട്. ഇത്തരം വസ്തുക്കളില്‍ ഭൂരിഭാഗവും വലുപ്പം തീരെ കുറഞ്ഞവയാണെന്നതാണ് പ്രധാന വെല്ലുവിളി. മണിക്കൂറില്‍ 25,000 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കുന്ന ഇത്തരം ബഹിരാകാശ മാലിന്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി ചില്ലറയല്ല. 1999ന് ശേഷം 29 തവണയാണ് ബഹിരാകാശത്തെ കൂട്ടിയിടി ഒഴിവാക്കാന്‍ ബഹിരാകാശ നിലയത്തിന് സ്ഥാനം മാറേണ്ടി വന്നത്. 

 

∙ നിലതെറ്റിയപ്പോള്‍

 

കഴിഞ്ഞ ഓഗസ്റ്റില്‍ ഐഎസ്എസിന് അതിന്റെ ഭ്രമണ പഥത്തില്‍ നിന്നും നേരിയ വ്യതിചലനമുണ്ടായി. നാസ ഭൂമിയില്‍ നിന്നയച്ച വസ്തുക്കള്‍ ബഹിരാകാശ നിലയത്തില്‍ ഘടിപ്പിക്കുന്നതിന് വേണ്ടി വന്ന കാലതാമസമായിരുന്നു ഇതിന്റെ ഫലം. ഒടുവില്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്‌മോസിന്റെ കൂടി സഹകരണത്തിലാണ് പ്രശ്‌നം പരിഹരിച്ചത്. റഷ്യന്‍ മൊഡ്യൂള്‍ നൗക ബഹിരാകാശ നിലയത്തില്‍ ചേരുന്നതിനിടെ അപ്രതീക്ഷിതമായ എൻജിന്‍ ജ്വലിച്ചതോടെയാണ് ബഹിരാകാശ നിലയത്തിന്റെ തുലനില തെറ്റിയതും ഭ്രമണപഥത്തില്‍ നിന്നും മാറിയതും. നൗകയുടെ സോഫ്റ്റ്‌വെയറിലുണ്ടായ പാളിച്ചയായിരുന്നു അപകടകാരണമെന്ന് കരുതപ്പെടുന്നു. റഷ്യയുടെ ഭൂമിയിലെ നിയന്ത്രണ കേന്ദ്രത്തില്‍ നിന്നുള്ള സമയബന്ധിതമായ ഇടപെടലാണ് കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവാക്കിയത്. 

 

∙ മനുഷ്യ വിസര്‍ജനം എന്ന വെല്ലുവിളി

 

ബഹിരാകാശത്ത് ഗുരുത്വമില്ലെന്നത് നമുക്കെല്ലാം അറിയാം. നിയന്ത്രിതമാക്കിവെച്ചില്ലെങ്കില്‍ ബഹിരാകാശ നിലയത്തില്‍ എല്ലാം പറന്നു നടക്കും. ശുചിമുറിയില്‍ നിന്നും ബഹിരാകാശ സഞ്ചാരികളുടെ അശ്രദ്ധ കൊണ്ടോ മറ്റോ മനുഷ്യ മാലിന്യങ്ങൾ പോലും പുറത്തേക്ക് പറന്നു വരാനുള്ള സാധ്യതയുണ്ട്. മാത്രമല്ല ഇത് സഞ്ചാരികളുടെ ആരോഗ്യ നിലയെ പോലും ബാധിക്കാവുന്ന ഗുരുതര പ്രശ്‌നങ്ങള്‍ക്കും വഴിവെച്ചേക്കാം. 

 

1961ല്‍ ബഹിരാകാശത്തേക്ക് എത്തിയ ആദ്യത്തെ അമേരിക്കക്കാരനായ അലന്‍ ഷെപ്പേഡിന്റെ അനുഭവമാണ് ശുചിമുറികളുടെ പ്രാധാന്യം ബഹിരാകാശ ഗവേഷകരെ ബോധിയപ്പെടുത്തിയത്. കുറച്ച് സമയത്തേക്കാണ് അലന്‍ ഷെപ്പേഡിന്റെ യാത്ര നിശ്ചയിച്ചിരുന്നതെങ്കിലും ബഹിരാകാശത്ത് വെച്ച് അദ്ദേഹത്തിന് മൂത്രശങ്കയുണ്ടായി. ഒടുവില്‍ വേറെ മാര്‍ഗമില്ലാതെ വന്നതോടെ അദ്ദേഹം സ്‌പേസ് സ്യൂട്ടില്‍ തന്നെ മൂത്രമൊഴിക്കുകകയും ചെയ്തു. അമേരിക്കയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ മൂത്രത്തില്‍ നനഞ്ഞ അടിവസ്ത്രത്തോടെയാണ് തന്റെ ചരിത്ര ദൗത്യം പൂര്‍ത്തിയാക്കിയത്. 

 

ഇതോടെയാണ് ബഹിരാകാശ യാത്രകളില്‍ ശുചിമുറികളുടെ ആവശ്യകത ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് ബോധ്യപ്പെട്ടത്. 2018ല്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കായി നാസ നിര്‍മിച്ച ശുചിമുറിക്ക് ഏതാണ്ട് 23 ദശലക്ഷം ഡോളറാണ് ചെലവു വന്നത്. മൂത്രമൊഴിക്കുന്നതിനും മലവിസര്‍ജനം നടത്തുന്നതിനും പ്രത്യേകം അറകളുണ്ട് ഈ ശുചിമുറിക്ക്. വനിതാ സഞ്ചാരികള്‍ക്ക് പ്രയാസമില്ലാതെ ഉപയോഗിക്കാന്‍ സാധിക്കുമെന്നതായിരുന്നു ഇതിന്റെ പ്രത്യേകതകളിലൊന്ന്.

 

English Summary: How Astronauts Used A Teabag To Save $150 Billion Space Station 400 Km Above Earth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com