ADVERTISEMENT

സൂര്യന്റെ സമീപത്തുപോയി പഠിക്കാൻ വിക്ഷേപിച്ച നാസയുടെ പാർക്കർ സോളാർ പ്രോബ് മറ്റൊരു നേട്ടംകൂടി കൈവരിക്കാൻ പോകുന്നു. നവംബർ 20 ന് സൂര്യന്റെ അടുത്തേക്കുള്ള പത്താമത്തെ യാത്രയ്ക്ക് ഒരുങ്ങുകയാണ് പാർക്കർ സോളാർ പ്രോബ്. ഈ ദൗത്യത്തിനിടയിൽ പേടകം അതിന്റെ തന്നെ മറ്റൊരു റെക്കോർഡും തകർക്കുമെന്ന് ഗവേഷകർ അറിയിച്ചു. മണിക്കൂറിൽ 5,86,800 കിലോമീറ്റർ റെക്കോർഡ് വേഗത്തിലാകും പാർക്കർ സോളാർ പ്രോബ് സൂര്യനു സമീപത്തുകൂടി കടന്നുപോകുക. മറ്റൊരു ബഹിരാകാശ വാഹനവും ഇത്ര വേഗത്തില്‍ സഞ്ചരിക്കുകയോ സൂര്യന് ഇത്രയടുത്ത് എത്തുകയോ ചെയ്തിട്ടില്ല.

 

∙ സൂര്യ സിംഹത്തെ മടയിൽ പോയി കാണാൻ പാർക്കർ പ്രോബ്

 

ഭൂമിയിൽനിന്നു പല ഉപഗ്രഹങ്ങളും പ്രോബുകളും വിദൂര ഗ്രഹങ്ങളിലേക്കു പോയിട്ടുണ്ട്. എന്നാൽ പാർക്കർ പോയിരിക്കുന്നത് ഏതെങ്കിലുമൊരു ഗ്രഹത്തിനെക്കുറിച്ച് പഠിക്കാനാല്ല, മറിച്ച് സൗരയൂഥത്തിന്റെ ആണിക്കല്ലായ, ഊർജസ്രോതസ്സായ സൂര്യനിലേക്കാണ്. സൗരദൗത്യങ്ങൾ പുതിയ കഥയൊന്നുമല്ല, നാസയുടെ തന്നെ സോളർ ഡൈനമിക്സ് ഒബ്സർവേറ്ററി, ഹീലിയോ, സോഹോ തുടങ്ങിയവയും, ഹിനോഡ്, പിക്കാർഡ് തുടങ്ങിയ സംയുക്ത ദൗത്യങ്ങളുമൊക്കെ സൂര്യനെ നിരീക്ഷിക്കാനായി രംഗത്തുണ്ട്. പക്ഷേ ഇവയിൽ നിന്നെല്ലാം വ്യത്യസ്തനാണു പാർക്കർ.

e-parker-solar-probe

 

∙ സൂര്യൻ തൊട്ടടുത്ത്

 

സൂര്യനോട് ഏറ്റവും അടുത്ത് എത്തുന്ന ദൗത്യമാണ് ഇത്. സിംഹത്തെ മടയിൽ പോയി കാണുക! ലക്ഷക്കണക്കിനു ഡിഗ്രി സെൽഷ്യസ് താപനിലയെ അതിജീവിച്ച്, കത്തിജ്വലിക്കുന്ന നക്ഷത്രത്തിൽനിന്ന് 61 ലക്ഷം കിലോമീറ്റർ ദൂരെ നിന്നാകും പാർക്കറിന്റെ നിരീക്ഷണം. ഈ പഠനത്തില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ നാസയുടെ 2024ലെ ചാന്ദ്രദൗത്യത്തിനും പിന്നീടു വരുന്ന ചൊവ്വാ ദൗത്യത്തിനും വളരെയധികം ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024ല്‍ വീണ്ടും മനുഷ്യനെ ചന്ദ്രനിലെത്തിക്കുക എന്നതാണ് നാസയുടെ അടുത്ത പ്രധാന ലക്ഷ്യങ്ങളിലൊന്ന്. 2018 ഓഗസ്റ്റ് 02 നാണ് പാർക്കർ പ്രോബ് വിക്ഷേപിച്ചത്.

 

∙ സർവസന്നാഹങ്ങളോടെ യാത്ര

 

ഒരു കാറിന്റെ വലുപ്പമുള്ള പാർക്കറിന്റെ ഏറ്റവും വലിയ വെല്ലുവിളി വളരെ ഉയർന്ന താപനില എങ്ങനെ അതിജീവിക്കും എന്നതായിരുന്നു. നാലര ഇഞ്ച് കനത്തിൽ തയാറാക്കിയ കാർബൺ കോംപസിറ്റ് കവചം ദൗത്യത്തിനു സംരക്ഷണമേകുന്നുണ്ട്. 1377 ഡിഗ്രി സെൽഷ്യസ് ചൂട് പുറംകവചത്തിലുള്ളപ്പോഴും സാധാരണ നമ്മുടെ വീട്ടിലുള്ള താപനിലയാകും പാർക്കറിനുള്ളിൽ അനുഭവപ്പെടുകയെന്നു നാസ അധിക‍ൃതർ പറയുന്നു. അത്ര സവിശേഷമാണ് പ്രോബിലെ താപനിയന്ത്രണം. 

 

കാന്തിക മണ്ഡലം, പ്ലാസ്മ, മറ്റ് ഊർജകണങ്ങൾ എന്നിവയുടെ പഠനത്തിനായി നാലു പ്രോബുകളും പാർക്കർ ദൗത്യത്തിലുണ്ട്. ഏഴുവർഷം നീണ്ടുനിൽക്കുന്നതാണ് ഈ ദൗത്യം. നമ്മുടെ അയൽപക്ക ഗ്രഹമായ ശുക്രന്റെ ഗുരുത്വാകർഷണം ഉപയോഗിച്ചുള്ള പറക്കലുകളിലൂടെയാണ് (ഫ്ലൈബൈ) സൂര്യനോടടുത്തുള്ള ഭ്രമണപഥത്തിലേക്ക് പാർക്കർ എത്തിയത്. ഭ്രമണത്തിനിടയിൽ 24 തവണ പാർക്കർ സൂര്യനരികിലെത്തുമെന്നാണ് കരുതുന്നത്. നവംബർ 20 ന് നടക്കുന്നത് പത്താം ദൗത്യമാണ്. സൂര്യനടുത്തെത്തിയാൽ മണിക്കൂറിൽ ആറു ലക്ഷം കിലോമീറ്റർ എന്ന നിലയിലായിരിക്കും പ്രോബിന്റെ വേഗം. മനുഷ്യനിർമിതമായ ഒരു വസ്തു ഇതുവരെ കൈവരിച്ചിട്ടുള്ള ഏറ്റവും ഉയർന്ന വേഗമായിരിക്കും ഇത്.

 

∙ സൂര്യന്റെ കത്തുന്ന ചൂടിനെ പാർക്കർ അതിജീവിച്ചു

 

കടുത്ത വേനൽക്കാലത്ത് വെയിലേൽക്കുന്ന കാര്യംപോലും ചിന്തിക്കാൻ സാധിക്കില്ല. പിന്നെങ്ങനെ സൂര്യന്റെ തൊട്ടടുത്ത്, ലക്ഷക്കണക്കിനു ഡിഗ്രി സെൽഷ്യസ് വരുന്ന കടുത്ത താപനിലയിൽ നശിക്കാതെ നിൽക്കാൻ പാർക്കറിനു കഴിയുന്നു. ചൂടിനെ പ്രതിരോധിക്കാനുള്ള കോംപസിറ്റ് കവചമുണ്ടെന്നതൊക്കെ ശരി, പക്ഷേ ശരിക്കും പാർക്കറിനെ രക്ഷിക്കുന്നത് ഒരു ഭൗതികശാസ്ത്ര തത്വമാണ്.

 

കടുത്ത താപനില ഉണ്ടെങ്കിലും സൂര്യന്റെ കൊറോണയിൽ സാന്ദ്രത (density) കുറവാണ്. താപം വഹിക്കുന്ന കണങ്ങൾ കുറവാണെന്ന് അർഥം. 120 ഡിഗ്രി താപനിലയുള്ള ഒരു മൈക്രോവേവ് അവ്നും അതേ താപനിലയുള്ള ഒരു കെറ്റിലിലെ ചൂടുവെള്ളവും സങ്കൽപിക്കുക. കൈയിട്ടാൽ പെട്ടെന്നു പൊള്ളുക കെറ്റിലിലെ വെള്ളത്തിൽ നിന്നായിരിക്കും. സാന്ദ്രത കൂടിയതുമൂലം കൂടുതൽ കണങ്ങൾ ഉള്ളതിനാലാണ് ഇത്.

 

solar-storm

എത്ര താപനിലയുണ്ടായാലും, കൊറോണയിൽ താപം വഹിക്കുന്ന കണങ്ങൾ കുറവായതിനാൽ 1377 ഡിഗ്രി വരെ മാത്രമേ പാർക്കർ സോളർ പ്രോബിന്റെ കോംപസിറ്റ് പുറംകവചം ചൂടാകൂ എന്ന് നാസയിലെ ശാസ്ത്രജ്ഞർ പറഞ്ഞു. ഇതിനെ പ്രതിരോധിക്കാൻ കോംപസിറ്റ് കവചത്തിനു സാധിക്കും. അതിനാൽ പാർക്കറിന്റെ ഉള്ളിലുള്ള ഉപകരണങ്ങൾ സുരക്ഷിതമായിരിക്കും. 

 

യുഎസിലെ ജോൺ ഹോപ്കിൻസ് അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയാണ് നാസയ്ക്കുവേണ്ടി ഈ താപനിയന്ത്രണസംവിധാനം തയാർ ചെയ്തത്. താപകവചത്തിന്റെ സൂര്യനെതിരെയുള്ള ഭാഗത്തിൽ വെളുത്ത കോട്ടിങ് അടിച്ചിട്ടുണ്ട്. പ്രോബിൽ വീഴുന്ന സൂര്യപ്രകാശത്തെ കഴിയുന്നത്ര പ്രതിഫലിപ്പിച്ചു കളയാൻ ഇതു സഹായിക്കും. പ്രോബിന്റെ ഉപരിതലത്തിൽ ഒട്ടേറെ ചെറുസെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. സൂര്യപ്രകാശത്തിൽ നശിക്കാത്ത വിധം പ്രോബിന്റെ ദിശയുറപ്പിച്ചു നിർത്താൻ ഇതു സഹായിക്കുന്നു.

 

താപകവചത്തിന്റെ സംരക്ഷണത്തിനു പുറത്തുള്ള ഉപകരണവും പ്രോബിലുണ്ട്. ‘കപ്പ്’ എന്നു പേരിട്ടിട്ടുള്ള ഈ ഉപകരണം സൂര്യനിൽ നിന്നുള്ള വികിരണങ്ങളെ അളക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ടൈറ്റാനിയം–സിർക്കോണിയം–മോലിബ്ഡിനം എന്നിവയുടെ ലോഹക്കൂട്ട് കൊണ്ടുണ്ടാക്കിയ കപ്പ് 2349 ‍ഡിഗ്രി വരെ ചൂടിനെ പ്രതിരോധിക്കും. നിയോബിയം ഉപയോഗിച്ചാണു പ്രോബിനുള്ളിലെ ഇലക്ട്രോണിക് വയറിങ്ങുകൾ നിർമിച്ചിരിക്കുന്നത്.

 

∙ കൊറോണ എന്താ ഇങ്ങനെ?

 

എന്നും ശാസ്ത്രജ്ഞൻമാരിൽ സംശയം നിറയ്ക്കുന്ന ഒന്നാണ് സൂര്യനു ചുറ്റുമുള്ള പ്രഭാവലയമായ കൊറോണ. സൂര്യഗോളത്തിൽനിന്നു ലക്ഷക്കണക്കിനു കിലോമീറ്റർ പുറത്തേക്കു പരന്നിരിക്കുന്ന ഈ പ്രദേശത്തിന് സൂര്യോപരിതലത്തിനെക്കാൾ 150 മുതൽ 450 മടങ്ങ് താപനിലയുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. അവിടെയാണ് ചോദ്യം ഉയരുന്നത്.

 

ഒരു കാട്ടുതീ സംഭവിച്ച പ്രദേശത്തുനിന്നും ദൂരേക്കു പോകുംതോറും ചൂട് കുറയുകയാണു ചെയ്യുന്നത്. എന്നാൽ കൊറോണയുടെ കാര്യത്തിൽ സൂര്യോപരിതലത്തിൽനിന്ന് അകന്നിട്ടും താപനില കൂടുകയാണ്, ഇതെന്തുകൊണ്ട്? ഇക്കാര്യം പരിശോധിക്കുന്നത് പാർക്കറിന്റെ അജൻഡയിലുണ്ട്. സൂര്യന്റെ കൊറോണയിലുള്ള  ഊർജചലനങ്ങൾ പാർക്കർ പഠനവിഷയമാക്കും.

 

∙ നക്ഷത്രപഠനം

 

സൂര്യനെ അടുത്തുപോയി കണ്ട് പഠിക്കുന്നതിനു നാസയ്ക്ക് മറ്റൊരു കാരണം കൂടിയുണ്ട്. സൂര്യൻ ഒരു നക്ഷത്രമാണ്. ഇത്രയടുത്തു പോയി നക്ഷത്രപഠനം വേറെയെവിടെ സാധ്യമാകും. ഭൂമിയിലെ ജീവൻ സൂര്യപ്രകാശവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. ഭൂമിയിലെ ജീവന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള പഠനത്തിനും പ്രോബ് സഹായകമാകും.

 

∙ സൗരവാതം

 

ഇടയ്ക്കിടെയുണ്ടാകുന്ന സൗരവാത വ്യതിയാനങ്ങൾ മനുഷ്യർ വിക്ഷേപിച്ച പല ഉപഗ്രഹങ്ങളുടെയും ഭ്രമണപഥം തെറ്റിക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. സൗരവാതത്തിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള അറിവും നമുക്കു പരിമിതമാണ്. സൂര്യനിലെ ഏതോ ഒരു മേഖലയിൽ ഇവ ശബ്ദാതിവേഗം കൈവരിക്കുമെന്നു ശാസ്ത്രജ്ഞർ കണക്കുകൂട്ടിയിട്ടുണ്ടെങ്കിലും മേഖല അവ്യക്തമാണ്. ഇതുൾപ്പെടെയുള്ള നിർണായക വിവരങ്ങൾ നൽകി പാർക്കർ, മെച്ചപ്പെട്ട ബഹിരാകാശ ഉപകരണങ്ങളുടെ സൃഷ്ടിക്കും വഴിയൊരുക്കുമെന്നു കരുതപ്പെടുന്നു. കൂടാതെ സൂര്യനിൽനിന്നുള്ള അതീവ ഊർജകണങ്ങളെപ്പറ്റിയും പ്രോബ് മനസ്സിലാക്കും.

 

സോളർ പ്രോബ് കപ്, സ്വീപ്, സോളർ പ്രോബ് അനലൈസർ, ഫീൽഡ്സ് തുടങ്ങി വിവിധ നിരീക്ഷണ ഉപകരണങ്ങളിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ ‘ഹൈഗ്രെയിൻ ആന്റിന’ വഴി പാർക്കർ സോളർ പ്രോബ് നാസയുടെ കൺട്രോൾ സെന്ററിലെത്തിക്കുന്നുണ്ട്.

 

∙ ആരാണ് പാര്‍ക്കര്‍?

 

പിഎസ്പിയ്ക്ക് അതിന്റെ പേരു ലഭിക്കുന്നത് ഇപ്പോള്‍ 92 വയസുള്ള യൂജിന്‍ പാര്‍ക്കര്‍ എന്ന അസ്‌ട്രോഫിസിസിസ്റ്റില്‍ നിന്നാണ്. 1950കളില്‍ അദ്ദേഹം ഒരു വിവാദ പ്രസ്താവന നടത്തിയിരുന്നു. ചാര്‍ജുള്ള കണികകള്‍ സൂര്യനില്‍ നിന്ന് നിരന്തരം പ്രവഹിച്ചുകൊണ്ടിരിക്കുന്നു എന്നായിരുന്നുവത്. സൗരക്കാറ്റ് എന്നറിയപ്പെടുന്ന ഈ പ്രതിഭാസം അക്കാലത്തു തന്നെ തെളിയിക്കപ്പെട്ടിരുന്നു. സൂര്യനെ മനസ്സിലാക്കാനുതകുന്ന പല കാര്യങ്ങളും പാര്‍ക്കര്‍ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ അദ്ദേഹത്തന്റെ സംഭാവന അത്രമേലുള്ളതിനാല്‍, ആധൂനിക ഹെലിയോഫിസിക്‌സിന്റെ (heliophysics) പിതാവായി ആണ് അദ്ദേഹം അറിയപ്പെടുന്നത്. അതുകൊണ്ടാണ് ഈ സൗരദൗത്യത്തിന് ജീവിച്ചിരിക്കുന്ന ഒരു ശാസ്ത്രജ്ഞന്റെ പേരുതന്നെ നാസ നല്‍കിയത്. അദ്ദേഹം ഒരു പുതിയ ഊര്‍ജ്ജതന്ത്ര ശാഖയ്ക്കു തന്നെ ജന്മം നല്‍കി.

 

English Summary: Parker Solar Probe to become fastest human-made spacecraft flying at 5,86,800 kmph during closest approach to Sun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com