ADVERTISEMENT

ദിവസങ്ങൾക്ക് മുൻപ് റഷ്യ സ്വന്തം സാറ്റലൈറ്റിനെ മിസൈൽ തൊടുത്ത് തകർത്തത് ഭാവിയിൽ വൻ ദുരന്തമായേക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. സ്ഫോടനത്തിൽ 1500 ഭാഗങ്ങളായാണ് സാറ്റലൈറ്റ് പൊട്ടിത്തെറിച്ചത്. മനുഷ്യരുടെ ഇടപെടല്‍ ഭൂമിയുടെ അന്തരീക്ഷവും അപകടകരമാം വിധം മാലിന്യത്താല്‍ നിറഞ്ഞിരിക്കുന്നു എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. 1957 മുതല്‍ ഇതുവരെ പലപ്പോഴായി മനുഷ്യര്‍ വിക്ഷേപിച്ച 26,000ത്തിലേറെ ബഹിരാകാശ വസ്തുക്കളുടെ വലിയ അവശിഷ്ടങ്ങളാണ് ഭൂമിക്ക് ചുറ്റുമായി കറങ്ങി നടക്കുന്നത് എന്നാണ് നാസയുടെ റിപ്പോർട്ട്. ഒരു ആപ്പിളിന്റെ വലുപ്പം മുതല്‍ വലിയൊരു ബസിന്റെ അത്രയും വരുന്ന മനുഷ്യ നിര്‍മിത വസ്തുക്കളാണ് ഭൂമിക്കു ചുറ്റും കറങ്ങുന്നത്.

 

asat-russia

ഈ അവശിഷ്ടങ്ങൾ പഴയ ഉപഗ്രഹങ്ങളുടെ ഭാഗങ്ങളും പ്രവർത്തനരഹിതമായ ഉപഗ്രഹങ്ങളും റോക്കറ്റ് ബോഡികളും ചേർന്നതാണ്. നാസയുടെ ജനുവരി റിപ്പോർട്ട് അനുസരിച്ച്, ഭൂമിയെ ചുറ്റുന്ന ബഹിരാകാശ മാലിന്യങ്ങളിൽ കുറഞ്ഞത് 26,000 കഷണങ്ങൾ ഒരു സോഫ്റ്റ് ബോളിന്റെ വലുപ്പമോ അതിലും വലുതോ ആണെന്നാണ്. ഇതെല്ലാം നിലവിലെ ഒരു ഉപഗ്രഹത്തെ തകർക്കാൻ പര്യാപ്തമാണ്. 500,000-ലധികം അവശിഷ്ടങ്ങൾ ചെറിയ കല്ലുകളുടെ വലുപ്പമുള്ളവയാണ്. ബഹിരാകാശ പേടകങ്ങളെ നശിപ്പിക്കാൻ കഴിവുള്ളവയാണ് ഇതെല്ലാം. അതേസമയം, 10 കോടിയിലധികം കഷണങ്ങൾ ധാന്യത്തിന്റെ വലുപ്പമുള്ളതാണ്. ഇതെല്ലാം അതിവേഗത്തിലാണ് സഞ്ചരിക്കുന്നത്. ഈ കഷണങ്ങൾ പരസ്പരം ഇടിക്കുമ്പോൾ കൂടുതൽ ചെറിയ അവശിഷ്ടങ്ങളായി മാറുകയും ചെയ്യുന്നുണ്ട്.

 

മനുഷ്യര്‍ നടത്തുന്ന വിവിധ ബഹിരാകാശ പരീക്ഷണങ്ങളുടെ ഭാഗമായി ബോധപൂര്‍വമോ അപകടം മൂലമോ ബഹിരാകാശത്ത് ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളെയാണ് ബഹിരാകാശ മാലിന്യങ്ങളായി കണക്കാക്കുന്നത്. മനുഷ്യര്‍ ആദ്യമായി നിര്‍മിച്ച കൃത്രിമോപഗ്രഹമായ സ്ഫുട്‌നിക്കിനെ വഹിച്ച റോക്കറ്റിന്റെ ഭാഗമാണ് ആദ്യത്തെ മനുഷ്യ നിര്‍മിത ബഹിരാകാശ മാലിന്യം. ലോകരാജ്യങ്ങള്‍ തമ്മില്‍ ബഹിരാകാശ മത്സരത്തിന് വഴിവെച്ച സ്ഫുട്‌നിക്കിന്റെ വിക്ഷേപണം 1957 ഒക്ടോബര്‍ നാലിനായിരുന്നു നടന്നത്.

space-junks

 

പിന്നീട് ഇന്നുവരെ ആയിരക്കണക്കിന് മനുഷ്യ നിര്‍മിത വസ്തുക്കളാണ് ഭൂമിക്ക് ചുറ്റുമുള്ള അന്തരീക്ഷത്തിലേക്ക് എത്തിയത്. സ്ഫുട്‌നികിനെ വഹിച്ച റോക്കറ്റിന്റെ പുറംഭാഗം പ്രകാശം പ്രതിഫലിക്കുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ റോക്കറ്റ് ഭാഗത്തെ ഭൂമിയില്‍ നിന്നും നോക്കിയാല്‍ പോലും കാണാനാകും. സോവിയറ്റ് യൂണിയന്റെ അഭിമാനത്തിളക്കമായാണ് ഈ റോക്കറ്റിനെ അവര്‍ അക്കാലത്ത് കണ്ടിരുന്നത്.

 

സ്ഫുട്‌നിക്കിന് ശേഷം ലോകരാജ്യങ്ങള്‍ വിക്ഷേപിച്ച കൃത്രിമോപഗ്രഹങ്ങളുടേയും അവയെ വഹിച്ച റോക്കറ്റുകളുടേയും ഭാഗങ്ങളും പ്രവര്‍ത്തനം നിലച്ച കൃത്രിമോപഗ്രഹങ്ങളും ഭൂമിക്ക് ചുറ്റും കറങ്ങുന്നുണ്ട്. അതിവേഗത്തില്‍ ഭൂമിക്ക് ചുറ്റും കറങ്ങുന്നതിനാല്‍ ഇവ ബഹിരാകാശത്തെ സജീവ സാറ്റലൈറ്റുകള്‍ക്കും ഭീഷണിയാണ്. ബഹിരാകാശ മാലിന്യങ്ങളുടെ അളവ് കൂടുന്നത് ഇവ തമ്മില്‍ കൂട്ടിയിടിക്കാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. ഓരോ കൂട്ടിയിടിയും ഇവയുടെ എണ്ണം കൂട്ടുന്നതിനാല്‍ വീണ്ടും കൂട്ടിയിടിക്കാനുള്ള സാധ്യതയും ഇരട്ടിയാകുന്നു. കെസ്ലര്‍ എഫക്ട് എന്നാണ് ഈ അവസ്ഥയെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്.

 

ബഹിരാകാശ മാലിന്യങ്ങള്‍ പരിധിയില്‍ കൂടിയാല്‍ ഇവ നീക്കം ചെയ്യാതെ പുതിയ കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത് അസാധ്യമാകും. 2000ത്തില്‍ വെറും 9000 മായിരുന്നു ബഹിരാകാശ അവശിഷ്ടങ്ങളുടെ എണ്ണം. 2007ല്‍ ചൈന നടത്തിയ ഒരു ബഹിരാകാശ മിസൈല്‍ പരീക്ഷണം ഒറ്റയടിക്ക് രണ്ടായിരം അവശിഷ്ടങ്ങളെയാണ് കൂടുതലായി ബഹിരാകാശത്ത് എത്തിച്ചത്. 2009ല്‍ രണ്ട് കൃത്രിമോപഗ്രഹങ്ങള്‍ കൂട്ടിയിടിച്ചതോടെ മറ്റൊരു രണ്ടായിരം അവശിഷ്ടങ്ങള്‍ കൂടി ബഹിരാകാശത്ത് നിറഞ്ഞു. പിന്നീട് ഇന്ത്യയും റഷ്യയും ബഹിരാകാശത്തെ ശക്തിതെളിയിക്കാൻ കൃത്രിമോപഗ്രഹങ്ങള്‍ മിസൈൽ തൊടുത്ത് തകർത്തു.

 

English Summary: Space junk is a massive problem. Russia's anti-satellite missile test just made it worse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com