റഷ്യ തകർത്ത ഉപഗ്രഹം 1500 കഷ്ണങ്ങളായി ചിതറി; ഭയാനകമായ സാഹചര്യമെന്നു അമേരിക്ക

asat-russia
SHARE

ഭൂമിയില്‍ നിന്നും മിസൈല്‍ തൊടുത്ത് ബഹിരാകാശത്തെ ഉപഗ്രഹം തകര്‍ത്ത റഷ്യന്‍ പരീക്ഷണത്തിനെതിരെ അമേരിക്ക. ബഹിരാകാശ മാലിന്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമായ പരീക്ഷണം മൂലം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ വരെ സുരക്ഷാ മുന്‍കരുതകലുകള്‍ സ്വീകരിക്കേണ്ടി വന്നുവെന്നും നാസ അറിയിച്ചു. തിരിച്ചറിയാവുന്ന വലുപ്പത്തിലുള്ള 1500 ലേറെ വസ്തുക്കള്‍ ഈ റഷ്യന്‍ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം മൂലമുണ്ടായെന്നാണ് കരുതപ്പെടുന്നത്.

നവംബർ 15നാണ് റഷ്യയുടെ മിസൈൽ പരീക്ഷണം നടന്നതെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. അപകടകരവും നിരുത്തരവാദപരവുമായ പ്രവൃത്തിയെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ റഷ്യന്‍ പരീക്ഷണത്തെ വിശേഷിപ്പിച്ചത്. ഈയൊരു പരീക്ഷണം മൂലം തിരിച്ചറിയാനും പിന്തുടരാനും സാധിക്കുന്ന വലുപ്പത്തിലുള്ള 1500 ഓളം വസ്തുക്കള്‍ ബഹിരാകാശത്ത് ഉണ്ടായി. ഈ പരീക്ഷണത്തിന്റെ ഫലമായുണ്ടായ ആയിരക്കണക്കിന് ചെറു വസ്തുക്കളും മാലിന്യങ്ങളായി ഇനി ഭൂമിക്ക് ചുറ്റും കറങ്ങും. ഇത് ഭാവിയിലെ ബഹിരാകാശ യാത്രകള്‍ക്കും രാജ്യാന്തര ബഹിരാകാശ നിലയത്തിനും സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്ന ആശങ്കയും നെഡ് പ്രൈസ് പങ്കുവെക്കുന്നുണ്ട്. 

1982ല്‍ സോവിയറ്റ് കാലത്ത് വിക്ഷേപിച്ച കോസ്‌മോസ് 1408 സാറ്റലൈറ്റാണ് റഷ്യ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത്. ദശാബ്ദങ്ങള്‍ക്ക് മുൻപ് തന്നെ പ്രവര്‍ത്തനം അവസാനിപ്പിച്ച സാറ്റലൈറ്റാണിത്. എല്ലാ ലോകരാജ്യങ്ങളുടേയും ബഹിരാകാശ പദ്ധതികളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന പ്രവൃത്തിയാണ് റഷ്യ നടത്തിയതെന്നാണ് അമേരിക്കന്‍ ആരോപണം. റഷ്യയുടെ സാറ്റലൈറ്റ് വേധ മിസൈല്‍ പരീക്ഷണം മൂലം രാജ്യാന്തര ബഹിരാകാശ നിലയത്തിന് അടിയന്തര സുരക്ഷാ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കേണ്ടി വന്നുവെന്നും നാസ അറിയിച്ചു. 

റഷ്യന്‍ മിസൈല്‍ പരീക്ഷണം മൂലം രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സഞ്ചാരികളെ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തേണ്ടി വന്നുവെന്നും നാസ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പുലര്‍ച്ചെ രണ്ട് മുതല്‍ നാല് വരെയുള്ള സമയത്ത് മുന്‍കരുതലെന്ന വണ്ണം രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സഞ്ചാരികള്‍ സ്‌പേസ്‌ക്രാഫ്റ്റില്‍ കഴിയുകയും ചെയ്തു. ഓരോ 90 മിനിറ്റിലും രാജ്യാന്തര ബഹിരാകാശ നിലയം പരീക്ഷണത്തെ തുടര്‍ന്നുണ്ടായ ബഹിരാകാശ മാലിന്യങ്ങളുടെ സമീപത്തുകൂടി പോകേണ്ടി വരുമെന്നും നാസ അറിയിക്കുന്നു.

രാജ്യാന്തര ബഹിരാകാശ നിലയത്തിലുള്ള റഷ്യന്‍ സഞ്ചാരികളുടെ ജീവനും ഭീഷണിയാകാനിടയുള്ള പ്രവൃത്തി റഷ്യയുടെ ഭാഗത്തു നിന്നുണ്ടായത് ചിന്തിക്കാനാവുന്നില്ല എന്നാണ് മുന്‍ ഫ്‌ളോറിഡ സെനറ്ററും നിലവില്‍ നാസ അഡ്മിനിസ്‌ട്രേറ്ററുമായ ബില്‍ നെല്‍സണ്‍ പ്രതികരിച്ചത്. ബഹിരാകാശ വിവരങ്ങള്‍ പങ്കുവെക്കുന്ന സ്വകാര്യ കമ്പനിയായ സെറഡാറ്റയാണ് റഷ്യന്‍ പരീക്ഷണത്തെക്കുറിച്ച് ആദ്യം പുറത്തുവിടുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ തന്നെ സെറഡേറ്റ ഈ വിവരം ട്വീറ്റു ചെയ്തിരുന്നു. ആദ്യ ട്വീറ്റ് കഴിഞ്ഞ് ഒരു മണിക്കൂറിനകം തന്നെ അത് ASAT(ആന്റി സാറ്റലൈറ്റ്) മിസൈല്‍ പരീക്ഷണമാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ബ്രിട്ടിഷ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസും റഷ്യന്‍ പരീക്ഷണത്തെ അപലപിച്ചുകൊണ്ട് വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.

English Summary: US Accuses Russia of Generating Orbital Debris After 'Destructive' Satellite Test, Vows to Respond

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘പഞ്ചയുദ്ധം’ ജയിച്ചെത്തുമോ മോദി, ബിജെപി ?- എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA