ബഹിരാകാശത്തെ സാറ്റലൈറ്റ് ഭൂമിയില്‍ നിന്നും മിസൈല്‍ തൊടുത്ത് തകര്‍ത്ത റഷ്യന്‍ പരീക്ഷണം ആഗോളതലത്തില്‍ വലിയ എതിര്‍പ്പുകളാണ് വിളിച്ചുവരുത്തിയിരിക്കുന്നത്. തിരിച്ചറിയാന്‍ സാധിക്കുന്ന 1500ലേറെ ബഹിരാകാശ മാലിന്യങ്ങള്‍ റഷ്യന്‍ പരീക്ഷണം വഴി സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങള്‍ക്കും നിലവില്‍ ഭൂമിയെ ചുറ്റുന്ന സാറ്റലൈറ്റുകള്‍ക്കും ഭീഷണിയാണെന്നതാണ് പ്രധാന ആരോപണം. എന്നാൽ, ബഹിരാകാശത്ത് ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചവരാണ് റഷ്യയുടെ ഉത്തരവാദിത്വമില്ലായ്മയെക്കുറിച്ച് വാചാലരാകുന്നത് എന്നാണ് റഷ്യന്‍ മാധ്യമങ്ങളുടെ പ്രതികരണം.
ദശാബ്ദങ്ങളായി പ്രവര്‍ത്തനരഹിതമായിട്ടുള്ള സോവിയറ്റ് കാലത്തെ സാറ്റലൈറ്റ് സെലിന ഡിയെ ആണ് മിസൈല്‍ ഉപയോഗിച്ച് റഷ്യ തകര്‍ത്തുകളഞ്ഞത്. ഈ സാറ്റലൈറ്റ് അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളില്‍ എത്തിയപ്പോള്‍ ചെയ്ത പരീക്ഷണത്തിന്റെ ഭാഗമായുള്ള പ്രത്യാഘാതങ്ങള്‍ പരമാവധി കുറയ്ക്കാനും ശ്രദ്ധിച്ചിരുന്നുവെന്ന് റഷ്യ അവകാശപ്പെട്ടു. പ്രത്യേകിച്ചും രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തില്‍ നിന്നും കിലോമീറ്ററുകള്‍ വ്യത്യാസത്തിലുള്ളപ്പോഴാണ് സാറ്റലൈറ്റിനെ തകര്‍ത്തത്.
റഷ്യന്‍ ന്യായീകരണങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ പോലും അമേരിക്കയും നാറ്റോ സഖ്യകക്ഷികളും അടക്കം വലിയ വിമര്‍ശനങ്ങളാണ് റഷ്യന്‍ സാറ്റലൈറ്റ് വേധ മിസൈല്‍ പരീക്ഷണത്തിനെതിരെ ഉയര്‍ത്തിയത്. ബഹിരാകാശ സഞ്ചാരികളേയും രാജ്യാന്തര ബഹിരാകാശ നിലയത്തേയും കൂടുതല്‍ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് റഷ്യ നടത്തിയതെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പോക്‌സ്‌പേഴ്‌സണ്‍ നെഡ് പ്രൈസ് വാര്‍ത്താക്കുറിപ്പിലൂടെ കുറ്റപ്പെടുത്തിയത്. അപകടകരവും ഉത്തരവാദിത്വമില്ലാത്തതുമായ പ്രവൃത്തിയായാണ് ഈ പരീക്ഷണത്തെ നെഡ് പ്രൈസ് വിശേഷിപ്പിച്ചത്. സമാനമായ വിമര്‍ശനങ്ങള്‍ ബ്രിട്ടന്റേയും ഫ്രാന്‍സിന്റേയും പ്രതിരോധ മന്ത്രാലയങ്ങള്‍ റഷ്യക്കെതിരെ ഉന്നയിച്ചിരുന്നു.
ഇത്തരം വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും കണ്ട് ഒരിക്കല്‍ പോലും സാറ്റലൈറ്റ് വേധ മിസൈല്‍ പരീക്ഷണം നടത്താത്തവരാണ് അമേരിക്കയെന്ന് തെറ്റിദ്ധരിക്കരുതെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ ഓര്‍മിപ്പിക്കുന്നത്. 1962ല്‍ അമേരിക്ക നടത്തിയ സ്റ്റാര്‍ഫിഷ് പ്രൈം ടെസ്റ്റാണ് സ്ഫുട്‌നിക് ന്യൂസ് എടുത്തുപറയുന്നത്. അണ്വായുധങ്ങള്‍ ഉയരങ്ങളില്‍ വച്ച് സ്‌ഫോടനം നടത്തുമ്പോള്‍ കൂടുതല്‍ ആഘാതം സംഭവിക്കുന്നതിനെക്കുറിച്ചുള്ള പരീക്ഷണങ്ങളായിരുന്നു ഈ ശ്രേണിയില്‍ നടത്തിയിരുന്നത്. നേരത്തെ തന്നെ അമേരിക്കയും സോവിയറ്റ് യൂണിയനും ചെറു ആണവസ്‌ഫോടന പരീക്ഷണങ്ങള്‍ ബഹിരാകാശത്ത് നടത്തിയിരുന്നെങ്കിലും ഇത്രയും വിപുലമായ ഒന്ന് ആദ്യമായിട്ടായിരുന്നു.
1962 ജൂലൈ 9നാണ് 1.4 മെഗാടണ്‍ ശേഷിയുള്ള ഹൈഡ്രജൻ ബോംബ് ബഹിരാകാശത്ത് വച്ച് അമേരിക്ക പരീക്ഷിച്ചത്. പസിഫിക് സമുദ്രത്തിന് 240 മൈല്‍ ഉയരത്തില്‍ ബാലിസ്റ്റിക് മിസൈലില്‍ ബോംബ് എത്തിച്ചായിരുന്നു സ്‌ഫോടനം നടത്തിയത്. ഈ സ്‌ഫോടനം മൂലമുണ്ടായ വൈദ്യുത കാന്തിക തരംഗങ്ങള്‍ക്ക് ഭൂമിയിലേക്ക് എത്താന്‍ ശേഷിയുണ്ടായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ കൃത്രിമ ജ്വലനത്തിന്റെ ദൃശ്യം ഒരു വിമാനയാത്രികന്‍ അന്ന് പകര്‍ത്തുകയും ചെയ്തിരുന്നു.
അമേരിക്കയുടെ അന്നത്തെ ബഹിരാകാശ ആണവ സ്‌ഫോടനം മൂലമുള്ള പ്രശ്‌നങ്ങള്‍ ഇതുകൊണ്ടും അവസാനിച്ചില്ല. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വൈദ്യുത കാന്തിക തരംഗങ്ങള്‍ ഭൂമിക്ക് ചുറ്റും ഒരു റേഡിയേഷന്‍ ബെല്‍റ്റിന് രൂപം നല്‍കുകയും ഇത് ആറ് സാറ്റലൈറ്റുകളുടെ അന്തകനാവുകയും ചെയ്തിരുന്നു. ബ്രിട്ടന്റെ ആദ്യ സാറ്റലൈറ്റായ ഏരിയല്‍ 1ഉം ഒരു സോവിയറ്റ് സാറ്റലൈറ്റും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ഡിസ്‌കവര്‍ മാസിക റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
ഉയരങ്ങളില്‍ മാത്രമല്ല, ഇങ്ങ് താഴെ ഭൂമിയിലും ഈ അമേരിക്കന്‍ ബഹിരാകാശ ആണവ പരീക്ഷണത്തിന്റെ പ്രതികരണങ്ങളുണ്ടായി. ഹവായില്‍ നിന്നും 900 മൈല്‍ അകലെയുള്ള ഹനോളുളുവില്‍ ആകാശത്ത് ഈ സ്‌ഫോടനം ദൃശ്യമായിരുന്നു. ഏതാണ്ട് 300ഓളം തെരുവുവിളക്കുകള്‍ സ്‌ഫോടനത്തെ തുടര്‍ന്നുള്ള വൈദ്യുത കാന്തിക തരംഗത്തില്‍ തകരുകയും ചെയ്തു. മേഖലയിലൂടെ പറന്ന പല വിമാനങ്ങളും പൊടുന്നനെ വൈദ്യുതി വിതരണത്തിലുണ്ടായ ഏറ്റക്കുറച്ചില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. പല മുന്നറിയിപ്പ് അലാമുകളും മുഴങ്ങുകയും ടെലഫോണ്‍ സേവനങ്ങള്‍ തടസപ്പെടുകയും ചെയ്തു. ശക്തിയേറിയ സൗര കാറ്റ് ഭൂമിയില്‍ ആഞ്ഞടിച്ചാലുണ്ടാകുന്നതിന് സമാനമായിരുന്നു ഇതെന്നാണ് റഷ്യന്‍ മാധ്യമമായ സ്ഫുട്‌നിക് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.
സോവിയറ്റ് യൂണിയന്‍ സാറ്റലൈറ്റുകളെ ലക്ഷ്യം വെച്ച് 24 മണിക്കൂറും ഇരിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ സംവിധാനവും റോബര്‍ട്ട് മക്‌നാമറ പ്രതിരോധ സെക്രട്ടറിയായിരുന്ന കാലത്ത് അമേരിക്ക സജ്ജമാക്കിയിരുന്നു. 1970കളില്‍ തോര്‍ മിസൈലുകള്‍ക്കും അമേരിക്ക സാറ്റലൈറ്റ് വേധ മിസൈലാവാനുള്ള ശേഷി നല്‍കിയിരുന്നു. എഫ് 15 ഈഗിള്‍ പോര്‍വിമാനത്തില്‍ നിന്നും തൊടുക്കാന്‍ സാധിക്കുന്ന പ്രത്യേകം സാറ്റലൈറ്റ് വേധ മിസൈലും 1985ല്‍ അമേരിക്ക വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതുപയോഗിച്ച് 1985 സെപ്റ്റംബര്‍ 13ന് സോള്‍വിന്റ് പി 78-1 എന്ന സാറ്റലൈറ്റ് അമേരിക്ക തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. അന്നത്തെ അമേരിക്കന്‍ സാറ്റലൈറ്റ് വേധ മിസൈല്‍ പരീക്ഷണത്തിന്റെ ഫലമായി 285 വലിയ ബഹിരാകാശ മാലിന്യങ്ങളാണുണ്ടായത്. ഇവ പൂര്‍ണമായും നശിക്കാനായി 19 വര്‍ഷമെടുത്തുവെന്നാണ് എയര്‍ ആൻഡ് സ്‌പേസ് മാഗസിന്‍ റിപ്പോര്‍ട്ടു ചെയ്തത്.
English Summary: Country That Set Off H-Bomb in Space Calls Russian Shootdown of Own Satellite ‘Reckless’