ADVERTISEMENT

ചന്ദ്രനെ പരമാവധി വാസയോഗ്യമാക്കുക എന്നത് മനുഷ്യന്റെ ഭാവിയിലെ അന്യഗ്രഹയാത്രകളുടെ വിജയത്തില്‍ പരമപ്രധാനമാണ്. ചന്ദ്രന്റെ അന്തരീക്ഷത്തില്‍ ഇല്ലെങ്കിലും ഉപരിതലത്തില്‍ ആവശ്യത്തിനു ഓക്‌സിജന്‍ ഉണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടെത്തല്‍. ഇപ്പോള്‍ ഭൂമിയിലുള്ള മുഴുവന്‍ മനുഷ്യര്‍ക്കും ഒരു ലക്ഷം വര്‍ഷം ശ്വസിക്കാന്‍ വേണ്ട ഓക്‌സിജന്‍ ചന്ദ്രന്റെ ഉപരിതലത്തിലുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

 

ഓസ്‌ട്രേലിയന്‍ നിര്‍മിത ബഹിരാകാശ പേടകം ചന്ദ്രനിലേക്ക് അയക്കാന്‍ നാസയുമായി ചേര്‍ന്ന് കഴിഞ്ഞ ഒക്ടോബറിലാണ് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി കരാറിലെത്തുന്നത്. ചന്ദ്രന്റെ ഉപരിതലത്തിലെ പാറകളിലും മറ്റും മനുഷ്യന് ശ്വസിക്കാന്‍ സാധിക്കുംവിധമുള്ള ഓക്‌സിജന്‍ അടങ്ങിയിട്ടുണ്ടോ എന്ന് പരീക്ഷിച്ചറിയുകയായിരുന്നു ഈ ഓസ്‌ട്രേലിയന്‍ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. 

 

വളരെ നേരിയ അന്തരീക്ഷമുണ്ടെങ്കിലും ചന്ദ്രന്റെ അന്തരീക്ഷത്തില്‍ ഓക്‌സിജന്‍ ഇല്ല. മറിച്ച് ഹൈഡ്രജന്‍, നിയോണ്‍, ആര്‍ഗോണ്‍ തുടങ്ങിയ വാതകങ്ങളാണ് ചന്ദ്രന്റെ അന്തരീക്ഷത്തിലുള്ളത്. അതുകൊണ്ടുതന്നെ ചന്ദ്രനിലെത്തിയാലും കൃത്രിമ സംവിധാനങ്ങളില്ലെങ്കില്‍ മനുഷ്യനുള്‍പ്പടെയുള്ള ജീവജാലങ്ങള്‍ക്ക് ജീവിക്കാനാവില്ല.

 

വാതകരൂപത്തിലല്ലെങ്കിലും മനുഷ്യനു വേണ്ട ഓക്‌സിജന്‍ ചന്ദ്രനിലുണ്ടെന്ന് തന്നെയാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ചന്ദ്രനിലെ റിഗോലിത്ത് പാറകളിലാണ് പ്രധാനമായും ഓക്‌സിജന്റെ സാന്നിധ്യമുള്ളത്. സിലിക്ക, അലൂമിനിയം, ഇരുമ്പ്, മഗ്നീഷ്യം ഓക്‌സൈറ്റ് തുടങ്ങിയ മൂലകങ്ങളാണ് ചന്ദ്രനിൽ പ്രധാനമായും ഉള്ളത്. ഈ ധാതുക്കളിലെല്ലാം തന്നെ നമുക്ക് ശ്വസിക്കാനാവുന്ന രൂപത്തിലല്ലെങ്കില്‍ പോലും ഓക്‌സിജന്‍ ഉണ്ടെന്നതാണ് വാസ്തവം.

 

ചന്ദ്രന്റെ ഉപരിതലത്തിലെ റിഗോളിത്ത് പാറകളില്‍ ഏതാണ്ട് 45 ശതമാനം ഓക്‌സിജന്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ പറഞ്ഞ ധാതുക്കളുമായി കലര്‍ന്നാണ് ഓക്‌സിജന്‍ ഇരിക്കുന്നതെന്ന് മാത്രം. ഈയൊരു ശക്തമായ ബന്ധനം വേർപ്പെടുത്തി ഓക്‌സിജനെ സ്വതന്ത്രമാക്കാന്‍ ഊര്‍ജം പ്രയോഗിക്കേണ്ടതുണ്ട്. അലൂമിനിയത്തിന്റെ നിര്‍മാണം പോലുള്ള അവസരങ്ങളില്‍ ഇത്തരം രീതികള്‍ ഉപയോഗിക്കാറുണ്ട്. അലൂമിനിയം ഓക്‌സൈഡിലൂടെ വൈദ്യുതി കടത്തിവിട്ടാണ് അലൂമിനിയവും ഓക്‌സിജനും വേര്‍തിരിക്കുന്നത്. ഇവിടെ അലൂമിനിയം പ്രധാന ഉത്പന്നവും ഓക്‌സിജന്‍ ഉപ ഉല്‍പന്നവുമാണെങ്കില്‍ ഇതേ വിദ്യ ചന്ദ്രനില്‍ പ്രയോഗിക്കാനായാല്‍ ഓക്‌സിജനാകും പ്രധാന ഉല്‍പന്നം. ഭൂമിയിലേതുപോലെ എളുപ്പത്തില്‍ ഇത്തരം രീതികള്‍ ചന്ദ്രനില്‍ പ്രയോഗിക്കാനാവില്ല. നിരവധി വെല്ലുവിളികള്‍ ഇതിനായി മറികടക്കേണ്ടതുണ്ട്. സൗരോര്‍ജം പോലുള്ള ഊര്‍ജസ്രോതസുകളുടെ ലഭ്യത ചന്ദ്രനില്‍ ഉറപ്പുവരുത്തേണ്ടതുമുണ്ട്. 

 

ഒരു ക്യുബിക് മീറ്റര്‍ റിഗോലിത്തില്‍ ഏതാണ്ട് 1.4 ടണ്‍ ധാതുക്കള്‍ ശരാശരി കാണപ്പെടുന്നു എന്നാണ് കണക്കുകൂട്ടുന്നത്. ഇതില്‍ നിന്നും ഏതാണ്ട് 630 കിലോഗ്രാം ഓക്‌സിജന്‍ ലഭിക്കുമെന്നും ഗവേഷകര്‍ പറയുന്നു. നാസയുടെ കണക്കുകള്‍ പ്രകാരം ഒരു ദിവസം മനുഷ്യന് കഴിയാന്‍ വേണ്ടത് 800 ഗ്രാം ഓക്‌സിജനാണ്. 315 കിലോഗ്രാം ഓക്‌സിജന്‍ ഉണ്ടെങ്കില്‍ ഒരാള്‍ക്ക് ഒരു വര്‍ഷം കഴിയാനാകും. ഈ കണക്കുവെച്ച് പത്തു മീറ്റര്‍ ആഴത്തിലുള്ള റിഗോലിത്ത് പാറകളിലെ ഓക്‌സിജന്‍ മാത്രം എടുത്താല്‍ ഇത് ഭൂമിയിലെ എണ്ണൂറ് കോടി മനുഷ്യര്‍ക്ക് ഒരു ലക്ഷം വര്‍ഷം വേണ്ടത്രയും ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് ഈ കണ്ടെത്തല്‍ മനുഷ്യന്റെ അന്യഗ്രഹയാത്രകള്‍ക്ക് ഊര്‍ജം പകരുന്നതാണെന്ന് പറയുന്നതും.

 

English Summary: The Moon's Surface Has Enough Oxygen to Keep Billions Alive For 100,000 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com