ADVERTISEMENT

സിനിമകളിലും മറ്റും കണ്ടു ശീലിച്ച ബഹിരാകാശത്തു നിന്നുള്ള ആക്രമണങ്ങളെ തടയുന്നതു യാഥാർഥ്യമാകുന്നു. ബഹിരാകാശത്തു പോയി പടപൊരുതി ഭൂമിയെ സുരക്ഷിതമാക്കുന്ന നായകന്റെ വേഷത്തിൽ നാസയാണുള്ളത്. ഭൂമിയിലേക്ക് ഇടിച്ചിറങ്ങി വൻ നാശനഷ്ടമുണ്ടാക്കാവുന്ന ഛിന്നഗ്രഹങ്ങളെയും ഉൽക്കകളെയും ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതിനു മുൻപായി തന്നെ തകർക്കുകയാണ് ലക്ഷ്യം. മനുഷ്യന്റെ പുതിയൊരു കുതിച്ചു ചാട്ടത്തിനു തുടക്കം കുറിക്കപ്പെട്ടിരിക്കുകയാണ്.

 

pd-dart-mission-impact

പല കാലങ്ങളിൽ വിവിധ വലുപ്പത്തിലുള്ള ഛിന്നഗ്രഹങ്ങളും മറ്റു ബഹിരാകാശ വസ്തുക്കളും ഭൂമിയിലേക്ക് ഇടിച്ചിറങ്ങിയിട്ടുണ്ട്. ചെറിയ വസ്തുക്കളും ബഹിരാകാശ അവശിഷ്ടങ്ങളും അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതു നിത്യ സംഭവമാണ്. അവയുടെ വേഗവും അന്തരീക്ഷത്തിന്റെ ഘർഷണവും കാരണം ഭൂമിയിൽ പതിക്കുന്നതിനു മുൻപായി കത്തിത്തീരുകയാണു ചെയ്യുക. എന്നാൽ ഛിന്നഗ്രഹങ്ങളെ പോലുള്ള വലിയ വസ്തുക്കൾ ഇത്തരത്തിൽ കത്തിത്തീരില്ല. അവയുടെ വേഗത്തിനൊപ്പം ഭൂമിയുടെ ഗുരുത്വാകർഷണം കൂടിയാകുന്നതോടെ ഭയാനകമായ വേഗത്തിൽ ഇടിച്ചിറങ്ങും. പതിക്കുന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലും വൻ നാശനഷ്ടമുണ്ടാക്കും. മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും പ്രകൃതിക്കും ഇതു പ്രഹരമേൽപ്പിക്കും. ബഹിരാകാശത്തു വച്ചുതന്നെ ഇത്തരം ഭീഷണികൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ബഹിരാകാശ ഗവേഷണ ഏജൻസികൾ പ്രവ‍ർത്തിക്കാൻ തുടങ്ങിയിട്ടു കാലമേറെയായി. ഇപ്പോഴിതാ, ഫലപ്രാപ്തിയിലേക്ക് എത്തുകയാണ് പ്രവർത്തനങ്ങൾ.

 

∙ ചരിത്രമെഴുതുന്ന ഡാർട്ട്

Nasa-Dart-mission-JPG

 

ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്‌ഷൻ ടെസ്റ്റ് (Double Asteroid Redirection Test-DART) എന്ന ദൗത്യത്തിലൂടെ ഛിന്നഗ്രഹത്തിന്റെ സഞ്ചാര പാത മാറ്റുകയാണു നാസ ലക്ഷ്യമിടുന്നത്. ഇതിന്റെ സഞ്ചാരപാതയിൽ ഭൂമിയില്ല, ഭീഷണിയില്ലാതെ അടുത്തുകൂടി കടന്നു പോകുക മാത്രമേ ഉണ്ടാകൂ. പരീക്ഷണമെന്ന നിലയിലാണ് ഈ ഛിന്നഗ്രഹത്തിൽ ബഹിരാകാശ പേടകം ഉപയോഗിച്ച് ഇടിച്ചു ഗതി മാറ്റാൻ ശ്രമിക്കുന്നത്. ഭാവിയിൽ ഭൂമിയിൽ പതിക്കാൻ സാധ്യതയുള്ള ഛിന്നഗ്രഹങ്ങൾ വരുമ്പോൾ സമാനമായ പ്രവർത്തനം പിഴവില്ലാതെ നടത്തുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

 

നവംബർ 24നു രാജ്യാന്തര സമയം രാവിലെ 11,50നാണു പേടകം വിക്ഷേപിച്ചത്. കലിഫോർണിയയിലെ വാൻഡർബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നു സ്പേസ് എക്സിന്റെ ഫാൽക്കൺ–9 റോക്കറ്റിലാണ് ഡാർട്ട് പേടകം പറന്നുയർന്നത്. നാസയുടെ ചെലവുകുറഞ്ഞ ദൗത്യങ്ങളിലൊന്നാണു ഡാർട്ട്. വിക്ഷേപണ സമയത്തു 610 കിലോഗ്രാമും ഛിന്നഗ്രഹത്തിൽ ഇടിക്കുന്ന സമയത്തു 550 കിലോയുമാകും പേടകത്തിന്റെ ഭാരം. ഒന്നര മീറ്ററോളം നീളവും വീതിയും ഉയരവുമുള്ള ചതുരപ്പെട്ടിയുടെ രൂപമാണു ഡാർട്ടിന്. രണ്ടു സോളർ പാനലുകളാണു ഡാർട്ടിനുള്ളത്. ഗതിമാറ്റാൻ ഹൈഡ്രസീൻ പ്രൊപ്പലന്റും ഉപയോഗിക്കുന്നു.

 

∙ മറ്റു പരീക്ഷണങ്ങളും

 

നാസയുടെ പുതിയ ത്രസ്റ്ററുകളും ഹൈ റെസല്യൂഷൻ ഇമേജറും ഡാർട്ട് മിഷനൊപ്പം പരീക്ഷിക്കുന്നുണ്ട്. 10 കിലോഗ്രാം സെനോൺ ആണു പേടകത്തിൽ ഉൾപ്പെടുത്തുക. ഇതുപയോഗിച്ചാണു നാസയുടെ പുതിയ ത്രസ്റ്റർ നെക്സ്റ്റ് പ്രവർത്തിക്കുന്നത്. NASA Evolutionary Xenon Thruster- Commercial എന്നാണു NEXT-Cയുടെ വിവരണം. ഉയർന്ന ഇന്ധനക്ഷമതയും കൈകാര്യം ചെയ്യുന്നതിലെ എളുപ്പവുമാണു നെക്സ്റ്റിനെ വ്യത്യസ്തമാക്കുന്നത്. ഇനി നടക്കാനിരിക്കുന്ന ദൗത്യങ്ങളിൽ നെക്സ്റ്റ് ത്രസ്റ്ററുകൾ ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണ്.

 

ഡാർട്ട് ദൗത്യത്തിനൊപ്പം ഒരു ചെറു ഉപഗ്രഹം കൂടി വിക്ഷേപിക്കാൻ സാധ്യതയുണ്ട്. ലിസിയക്യൂബ് (Light Italian CubeSat for Imaging of Asteroids- LICIACube) എന്ന ഉപഗ്രഹം ഉപയോഗിച്ചാകും കൂട്ടിയിടിയുടെ ദൃശ്യങ്ങൾ പകർത്തുക. കൂട്ടിയിടിക്ക് ഏതാനും ദിവസങ്ങൾക്കു മുൻപു മാത്രമാകും ഡാർട്ട് പേടകത്തിൽ നിന്നു ലിസിയക്യൂബ് വേർപെടുന്നത്. കൂട്ടിയിടിയുടെ ഫലമായുണ്ടാകുന്ന പൊടിപടലങ്ങളുടെയും ചെറു പാറകളുടെയുമെല്ലാം തെളിച്ചമുള്ള പടങ്ങളെടുക്കാൻ കഴിയുന്നവയാണ് ഇതിലെ ഇമേജിങ് സംവിധാനങ്ങൾ.

 

∙ ലക്ഷ്യം ആര്?

 

ഡാർട്ട് പേടകത്തിന്റെ ലക്ഷ്യം ഡൈമോഫോസ് എന്ന ഛിന്ന ഗ്രഹമാണ്. രണ്ടു രൂപങ്ങൾ എന്നർഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഈ പേരു ലഭിച്ചത്. 160 മീറ്റർ വ്യാസമുള്ള ഡൈമോർഫോസ് ഭൂമിയിൽ നിന്നു 11 ദശലക്ഷം കിലോമീറ്റർ അകലെയാകും കൂട്ടിയിടിക്കു ഇരയാകുക. ഡൈമോഫോസ് അതിനെക്കാൾ വലിയ ഒരു ഛിന്നഗ്രഹത്തെ ഭ്രമണം ചെയ്യുകയാണ്. ഇരട്ട എന്നർഥമുള്ള ഡിഡൈമോസ് എന്ന ഛിന്നഗ്രഹത്തിനു 780 മീറ്ററാണു വ്യാസം. ഇരട്ടകളുടെ സഞ്ചാരം ഭൂമിക്കു പ്രശ്നങ്ങളൊന്നും ഉണ്ടാക്കില്ലെങ്കിലും പരീക്ഷണമെന്ന നിലയിലാണു ഡാർട്ട് ദൗത്യം നടത്തുന്നത്. മണിക്കൂറിൽ 24,000 കിലോമീറ്റർ വേഗത്തിലാകും ഡൈമോർഫോസിനെ ഡാർട്ട് ഇടിക്കുക. 2022 സെപ്റ്റംബർ 26നും ഒക്ടോബർ ഒന്നിനും ഇടയിലാകും കൂട്ടിയിടി എന്നാണു നാസയുടെ കണക്കുകൂട്ടൽ. കൂട്ടിയിടിയുടെ ഫലമായി ഡൈമോഫോസ് ഡിഡൈമോസിന്റെ അടുത്തേക്ക് തെറിച്ചു പോകും. ഭ്രമണം ചെയ്യുന്ന ഉപഗ്രഹം ഗ്രഹത്തിനടുത്തേക്കെത്തുന്നതിനു സമാനമായ അവസ്ഥയും കൂട്ടിയിടിയിലൂടെ പഠിക്കും.

 

∙ ഭൂമിയിലേക്ക് ഇടിച്ചിറങ്ങിയ ഛിന്നഗ്രഹങ്ങൾ

 

1908 ജൂൺ 30നു റഷ്യയിലും സൈബീരിയയിലുമായി പതിച്ച ഛിന്നഗ്രഹത്തിന്റ ഓർമയിൽ ജൂൺ 30 ആണു രാജ്യാന്തര ഛിന്നഗ്രഹ ദിനമായി ആചരിക്കുന്നത്. ബഹിരാകാശ വസ്തു ഇടിച്ചിറങ്ങിയതിന്റെ ഫലമായി ലക്ഷക്കണക്കിനു മരങ്ങളും ആയിരക്കണക്കിനു ജീവികളും നശിച്ചു. കിലോമീറ്ററുകൾക്കപ്പുറത്തെ ജനാലകൾ പോലും പൊട്ടി. 2013ലും റഷ്യയിൽ ഛിന്നഗ്രഹം പതിച്ചു. 60 മൈൽ അകലെ വരെയുള്ള ജനാലച്ചില്ലുകൾ വരെ പൊട്ടിത്തെറിക്കുന്ന വിധമായിരുന്നു ആ പതനത്തിന്റെ ആഘാതം. സംഭവത്തിൽ ആയിരത്തിലധികം ആളുകൾക്കാണു പരുക്കേറ്റത്.

 

ഇത്തരത്തിൽ പലകാലങ്ങളിൽ ഭൂമിയിൽ വൻ നാശനഷ്ടങ്ങൾക്കു ബഹിരാകാശ വസ്തുക്കളുടെ ഇടിച്ചിറങ്ങൽ കാരണമായിട്ടുണ്ട്. ഛിന്നഗ്രഹ ഭീഷണി പഠന വിഭാഗത്തിലെ (Asteroid Threat Assessment Project- ATAP) ഗവേഷകർ സൂപ്പർ കംപ്യൂട്ടറുകളുപയോഗിച്ചു ഭൂമിക്കു ദോഷകരമാകുന്ന ഛിന്നഗ്രഹങ്ങളുടെ പാത വളരെ മുൻപുതന്നെ കണ്ടെത്താൻ തുടങ്ങി. അവയിൽ ഭൂമിയുടെ ഉപരിതലം വരെ എത്താൻ സാധ്യതയുള്ളവയെയാണു പുതിയ സാങ്കേതിക വിദ്യകളിലൂടെ വഴിമാറ്റുകയോ, പൊട്ടിച്ചു ചെറു കഷണങ്ങളാക്കുകയോ ചെയ്യുന്നത്. ചെറു കഷണങ്ങളായി മാറിയാൽ അവ അന്തരീക്ഷത്തിന്റെ ഘർഷണത്തിൽ കത്തിത്തീരും. ഫലം ഭൂമിയിൽ കാര്യമായ പ്രശ്നങ്ങളുണ്ടാകില്ല.

 

English Summary: NASA And SpaceX Launches Rocket Meant To Save Earth From Asteroids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com