ADVERTISEMENT

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നല്ലതും ചീത്തയും തിരിച്ചറിയുകയെന്നത് വെല്ലുവിളിയാണ്. പ്രത്യേകിച്ച് നമ്മുടെ പ്രവൃത്തിയില്‍ ഏതാണ് പ്രകൃതിക്ക് ദോഷമാവുന്നത് എന്നതു പോലുള്ള ചോദ്യങ്ങളില്‍. കഴിക്കുന്ന ഭക്ഷണം കൊണ്ടുപോലും നമുക്ക് പ്രകൃതിയെ കൂടുതല്‍ നോവിക്കാതിരിക്കാന്‍ സാധിക്കും. ഇതിനൊരു ഉദാഹരണമാണ് കൃത്രിമ ഇറച്ചി കൊണ്ടുള്ള ബര്‍ഗറുകള്‍.

 

ഈയടുത്ത വര്‍ഷങ്ങളില്‍ ആഗോളതലത്തില്‍ തന്നെ കൃത്രിമ ഇറച്ചി നിര്‍മിക്കുന്ന കമ്പനികള്‍ വലിയ തോതില്‍ വ്യാപിച്ചിട്ടുണ്ട്. കാഴ്ചയിലും രുചിയിലും യഥാര്‍ഥ ഇറച്ചി ഉപയോഗിച്ചുള്ള ഭക്ഷണങ്ങള്‍ക്കു തുല്യം നില്‍ക്കുന്നവയാണിത്. അതേസമയം, പൂര്‍ണമായും സസ്യാഹാരവുമാണ്. ഒരു ജീവിയെ പോലും തങ്ങളുടെ ഭക്ഷണത്തിനായി കൊന്നിട്ടില്ലെന്നും പ്രകൃതിവിഭവങ്ങള്‍ താരതമ്യേന കുറവേ ഉപയോഗിച്ചിട്ടുള്ളൂവെന്നും ഇതു കഴിക്കുമ്പോള്‍ നമുക്ക് ഉറപ്പിക്കാനുമാകും.

 

ഇറച്ചിയായാലും പച്ചക്കറികളായാലും പഴങ്ങളായാലും കേടാവാതിരിക്കാന്‍ സംസ്‌ക്കരിക്കുന്നത് പരവമാവധി കുറയ്ക്കുന്നതാണ് പ്രകൃതിക്കും നമ്മുടെ ആരോഗ്യത്തിനും നല്ലതെന്നാണ് വിദഗ്ധരുടെ ഓര്‍മപ്പെടുത്തല്‍. അതേസമയം ഭക്ഷണത്തിലൂടെ ലഭിക്കുന്ന മാംസ്യത്തിന്റെ അളവ് നോക്കിയാല്‍ കൃത്രിമ ഇറച്ചികള്‍ നിരാശപ്പെടുത്തുന്നുമില്ല. പ്രത്യേകിച്ച് സോയ പോലുള്ളവ അടങ്ങിയ ഭക്ഷണം.

 

ഏതാണ്ട് 21 വിഭവങ്ങള്‍ ചേര്‍ത്താണ് കൃത്രിമ ഇറച്ചി നിര്‍മിച്ചെടുക്കുന്നത്. ഇതില്‍ പലതും സാധാരണ പച്ചക്കറികളെ അപേക്ഷിച്ച് കൂടുതലായി പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കുന്നതുമാണ്. ഇവ പച്ചക്കറി ഉപയോഗിക്കുന്നവര്‍ക്ക് പകരമായല്ല, മറിച്ച് ഇറച്ചി ഉപയോഗിക്കുന്നവര്‍ക്ക് പകരമായിട്ടാണ് എന്നതാണ് പ്രധാനം. അതുകൊണ്ടുതന്നെ ഇറച്ചികൊണ്ടുള്ള ബര്‍ഗറുമായി താരതമ്യം ചെയ്യുമ്പോള്‍ കൃത്രിമ ഇറച്ചികൊണ്ടുള്ള ബര്‍ഗര്‍ നിര്‍മിക്കാനായി കുറവ് പ്രകൃതിവിഭവങ്ങളാണ് ഉപയോഗിക്കേണ്ടി വരുന്നത്. 

ഓക്‌സ്‌ഫോഡിലേയും ജോണ്‍സ് ഹോപ്കിന്‍സിലേയും ഗവേഷകര്‍ നടത്തിയ പഠനങ്ങള്‍ തന്നെ കൃത്രിമ ഇറച്ചിയാണ് യഥാര്‍ഥ ഇറച്ചിയേക്കാള്‍ പ്രകൃതിക്ക് ഗുണമെന്ന് പറയുന്നുണ്ട്. ബീഫ്, പോര്‍ക്ക്, കോഴി തുടങ്ങി പലവിധ ഇറച്ചികള്‍ നിര്‍മിക്കുന്നതിന് വേണ്ടിവരുന്ന പ്രകൃതിവിഭവങ്ങളുടെ ഉപയോഗം സോയയും ഗ്രീന്‍പീസും പോലുള്ള കൃത്രിമ ഇറച്ചിയിലെ പ്രധാന വിഭവങ്ങളുടെ നിര്‍മാണത്തിനായി വേണ്ടി വരുന്നില്ല. ജീവനുള്ളവയെ കൊല്ലുന്നുവെന്ന ധാര്‍മിക പ്രശ്‌നവും ഈ വളര്‍ത്തു ജീവികള്‍ വഴിയുള്ള രോഗങ്ങള്‍ പടരാനുള്ള സാധ്യതകളും ഇല്ലാതാക്കാനും സാധിക്കും. 

 

പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിന്റെ കാര്യത്തില്‍ യഥാര്‍ഥ ഇറച്ചിയേക്കാള്‍ മെച്ചപ്പെട്ടതാണ് കൃത്രിമ ഇറച്ചിയെന്ന് പറയുമ്പോഴും എല്ലാ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണിതെന്ന് പറയാനുമാവില്ല. 2020ല്‍ 20.7 ബില്യണ്‍ ഡോളറായിരുന്ന കൃത്രിമ ഇറച്ചിയുടെ ആഗോള വിപണി മൂല്യം 2024 ആകുമ്പോഴേക്കും 23.2 ബില്യണിലേക്ക് എത്തുമെന്നാണ് (ഏകദേശം 1.72 ലക്ഷം കോടി രൂപ) പ്രതീക്ഷിക്കുന്നത്.

 

English Summry: Is plant-based meat more sustainable than animal meat?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com