ഛിന്നഗ്രഹങ്ങളെ വേട്ടയാടാൻ ഡാർട്ട്: അരങ്ങുണരുന്നത് ‘ഭൂമിയുടെ സൈന്യം’

DART-mission
ഡൈമോർഫോസ് ഛിന്നഗ്രഹത്തിനു സമീപം ഡാർട്ട് (നാസയുടെ ഗ്രാഫിക്സ്)
SHARE

പലതരം ബഹിരാകാശ ദൗത്യങ്ങൾക്ക് കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിൽ മനുഷ്യരാശി സാക്ഷ്യം വഹിച്ചു. 1957ൽ സ്പുട്നിക് 1 ഉപഗ്രഹം ബഹിരാകാശത്തെത്തിയതോടെ മനുഷ്യരുടെ ബഹിരാകാശ പര്യവേഷക യുഗം തുടങ്ങി. പിന്നീട് യൂറി ഗഗാറിൻ.മനുഷ്യൻ ബഹിരാകാശത്തെത്തി, അതും കഴിഞ്ഞ് നീൽ ആംസ്ട്രോങ് ചന്ദ്രനിൽ മനുഷ്യന്റെ കാൽപ്പാടു പതിപ്പിച്ചു. അത്രനാളും അപ്രാപ്യമെന്നു തോന്നിയ ഇടങ്ങളിൽ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും കരുത്തിൽ വെന്നിക്കൊടി പതിപ്പിക്കുകയായിരുന്നു മനുഷ്യൻ.

ദിവസങ്ങൾക്ക് മുൻപ് നാസ സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിൽ യാത്രയാക്കിയ ഡാർട്ട് എന്ന ദൗത്യം ആദ്യ  ചാന്ദ്ര ദൗത്യത്തോളം തന്നെ പ്രാധാന്യമുള്ളതാണ്. ഇതൊരു ദൗത്യമല്ല മറിച്ച് ഒരു ആയുധമാണ്. ഭൂമിക്കു സംരക്ഷണത്തിനൊരു കവചം തീർക്കാനുള്ള മഹായുധം.ഡാർട്ട് എന്നാൽ ‘ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്‌ഷൻ ടെസ്റ്റ്.’

∙ ബഹിരാകാശ ബോംബുകൾ

ഛിന്നഗ്രഹങ്ങൾ സൗരയൂഥത്തിൽ അനേകമുണ്ട്. 460 കോടി വർഷം മുൻപ് നമ്മുടെ സൗരയൂഥം ഉണ്ടായ കാലം മുതലുള്ളവ ഇവിടെയുണ്ടെന്നു പറയപ്പെടുന്നു. ഇതിൽ ഗണ്യമായ ഭാഗം ചൊവ്വയ്ക്കും വ്യാഴത്തിനുമിടയ്ക്കുള്ള ഛിന്നഗ്രഹ മേഖലയിലാണ്.ചന്ദ്രന്റെ മൂന്നിലൊന്നു വലുപ്പമുള്ള സിരീസ് തുടങ്ങിയ വമ്പൻമാർ മുതൽ പത്തുകിലോമീറ്റർ വരെ മാത്രം വിസ്തീർണമുള്ള കുഞ്ഞൻമാർ വരെ ഉൾപ്പെടുന്നവയാണു ഛിന്നഗ്രഹ കുടുംബം. ഇവയിൽ പലതും ഭൂമിക്കു സമീപത്തു കൂടി കടന്നു പോകാറുമുണ്ട്.

ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ ഇടിക്കാൻ അടുത്ത 100 വർഷത്തേക്ക് സാധ്യതയില്ലെന്നാണു നാസയുടെ അഭിപ്രായം. എന്നാൽ ഇത് എത്രത്തോളം വിശ്വസിക്കാമെന്ന് നമുക്കറിയില്ല. കാരണം, ഛിന്നഗ്രഹങ്ങളെക്കുറിച്ചോ അവയുടെ സഞ്ചാര പാതകളെക്കുറിച്ചോ ഉള്ള നമ്മുടെ അറിവുകൾ പരിമിതമാണ്.

മറ്റു പ്രകൃതി ദുരന്തങ്ങളെ അപേക്ഷിച്ച് നോക്കിയാൽ ഛിന്നഗ്രഹ സ്ഫോടനങ്ങൾ ഭൂമിയിൽ സംഭവിക്കുന്നത് തീരെ അപൂർവമാണ്, എന്നാൽ അസാധ്യമല്ല എന്നു പറയേണ്ടി വരും. ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിക്കുക തന്നെ ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം 6.6 കോടി വർഷം മുൻപ് മെക്സിക്കോയിലെ യൂക്കാട്ടാൻ മേഖലയിൽ പതിച്ച ഒരു ഛിന്നഗ്രഹമാണ്. ഇതിന്റെ പതനത്തെത്തുടർന്നുണ്ടായ പ്രത്യാഘാതങ്ങളിൽ അന്നു ഭൂമിയെ ഭരിച്ച ദിനോസറുകൾ അപ്രത്യക്ഷമാകുകയും ഉരഗവർഗം ആധിപത്യം വെടിഞ്ഞ് സസ്തനികൾ പ്രാമുഖ്യത്തിലേക്ക് ഉയരുകയും ചെയ്യും. ഭൂമിയുടെ പരിണാമദിശയിലെ നിർണായകമായ ഒരു സംഭവമായിരുന്നു അത്.ഭൂമിയിൽ പല തവണ പതിച്ചിട്ടുള്ള ഛിന്നഗ്രഹങ്ങളുടെ ആഘാതം പലയിടത്തുമുള്ള വൻകുഴികളുടെ ആഴത്തിൽ നിന്നു തന്നെ മനസ്സിലാക്കാം. ഇവയിൽ വലുപ്പമേറിയവ ഭൂമിയിൽ പതിച്ചാൽ വൻ വിനാശം തന്നെ നിലവിൽ സംഭവിക്കും. നമുക്ക് കണ്ടുകൊണ്ട് നിൽക്കാനെ കഴിയുകയുള്ളൂ. ഒരു ഛിന്നഗ്രഹവിസ്ഫോടനമാകും ഭൂമി നേരിടുന്ന ഏറ്റവും ഭീകരമായ ദുരന്തമെന്ന് വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിൻസ് തന്റെ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുള്ളതും ഓർക്കേണ്ടതാണ്.

ചന്ദ്രന്റെ ഉപരിതലത്തിലെ ഗർത്തങ്ങളും ഛിന്നഗ്രഹപതനത്തിന്റെ തീക്ഷ്ണതയുടെ തെളിവാണ്. ഛിന്നഗ്രഹവിസ്ഫോടനമെന്ന് വിശ്വസിക്കപ്പെടുന്ന 1908ലെ റഷ്യയിൽ നടന്ന ടുംഗുസ്ക വിസ്ഫോടനമാണ് സമീപകാലത്ത് രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും തീവ്രതയേറിയ ഛിന്നഗ്രഹ വിസ്ഫോടനം. ആറ്റംബോബ് വിസ്ഫോടനത്തിനു സമാനമാണെന്നാണ് ടുംഗുസ്കയെപ്പറ്റി ഗവേഷകർ പറയുന്നു. ഒരു വനം മുഴുവൻ ഇതു മൂലം കത്തിക്കരി‍ഞ്ഞു നശിച്ചു.

ചെറിയ ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ വർഷംതോറും വരാറുണ്ടെങ്കിലും ഭൂമിക്ക് നാശമുണ്ടാക്കുന്ന ഛിന്നഗ്രഹങ്ങൾ ഇവിടെ എത്താനുള്ള സാധ്യത 100 വർഷത്തിൽ ഒന്നുമാത്രമാണെന്ന് പ്ലാനറ്ററി സൊസൈറ്റി പോലെയുള്ള ബഹിരാകാശ സ്ഥാപനങ്ങൾ പറയുന്നു.

Nasa-Dart-mission

∙ പ്ലാനറ്ററി ഡിഫൻസ് അഥവാ ഭൗമപ്രതിരോധം

ഭൂമിയിലേക്ക് ഒരു വമ്പൻ ഛിന്നഗ്രഹം വരുന്നതും അതിനെ ഭൂമിയുടെ അന്തരീക്ഷത്തിൽ വച്ചു തന്നെ നശിപ്പിക്കാൻ നാസ പദ്ധതിയിടുന്നതുമാണു ആർമഗെഡൻ  എന്ന സിനിമയുടെ ഇതിവൃത്തം. ബ്രൂസ് വില്ലിസ് അഭിനയിച്ച ഈ ബ്ലോക്ക്ബസ്റ്റർ സിനിമയുടെ കഥ ഒറ്റയടിക്ക് അവിശ്വസനീയമെന്നു തോന്നും. എന്നാൽ ചിലപ്പോൾ ഭാവിയിൽ അതൊക്കെ സംഭവിച്ചേക്കാം. ഇതിനുളള തുടക്കമാകാം ഡാർട്ട്. പ്ലാനറ്ററി ‍ഡിഫൻസ് മേഖലയുടെ ശ്രദ്ധേയമായ ആദ്യ കാൽവയ്പ്. സിംഹത്തെ മടയിൽ പോയി നേരിടുക എന്നതു പോലെ ഛിന്നഗ്രഹത്തെ അതു സ്ഥിതി ചെയ്യുന്നിടത്തു പോയി വേട്ടയാടുക.

മനുഷ്യരാശിക്കു ഭൂമിയിൽ ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നതും ചില സമയങ്ങളിലൊക്കെ നമ്മെ വേട്ടയാടുന്നതുമായ രണ്ടു കാര്യങ്ങളാണ് പ്രകൃതി ദുരന്തങ്ങളും മഹാമാരികളും. മഹാമാരികളെ നമ്മൾ വാക്സീൻ കൊണ്ടും മുൻകരുതൽ കൊണ്ടും ചെറുക്കാറുണ്ടെങ്കിലും പ്രകൃതി ദുരന്തങ്ങൾ എന്നും നമുക്ക് പിടിയിലൊതുങ്ങാത്തതാണ്.സൂനാമിയായാലും അഗ്നിപർവത വിസ്ഫോടനമായാലും ഭൂകമ്പമായാലും പ്രകൃതി ക്ഷോഭിക്കുമ്പോൾ നമുക്ക് പ്രകൃതിയുടെ ദയ കാത്തു നിൽക്കുകയേ നിലവിൽ പറ്റുള്ളൂ,എന്നാൽ ഒരിക്കൽ ശാസ്ത്ര സാങ്കേതിക മുന്നേറ്റം കൊണ്ട് പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിച്ച് തകർത്തെറിയാൻ സാധിക്കുമെന്നും മനുഷ്യർ സ്വപ്നം കാണുന്നു. ഭാവിയിൽ ഛിന്നഗ്രഹങ്ങളിൽ നിന്നു മാത്രമല്ല, വാൽനക്ഷത്രങ്ങൾ, ഉൽക്കകൾ, ഇന്റർസ്റ്റെല്ലാർ മേഖലയിൽ നിന്നു വരുന്ന വസ്തുക്കൾ എന്നിവയെയെല്ലാം നേരിടാൻ ലക്ഷ്യമിട്ടാണു ‘പ്ലാനറ്ററി ഡിഫൻസ്’ വളർത്തപ്പെട്ടുകൊണ്ടിരിക്കുന്നത്.

ലോക ബഹിരാകാശ ശാസ്ത്ര രംഗത്തെ മുൻനിരക്കാരായ നാസ തന്നെയാണ് ഇക്കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്ലാനറ്ററി ഡിഫൻസ് കോ ഓർഡിനേഷൻ ഓഫിസ് എന്നൊരു പ്രത്യേക വിഭാഗം തന്നെ നാസ ഒരുക്കിയിട്ടുണ്ട്.അഞ്ചു വർഷമായി ലിൻഡ്സേ ജോൺസൺ എന്ന വനിതയാണ് പ്ലാനറ്ററി ഡിഫൻസ് ഓഫിസറായി ജോലി ചെയ്യുന്നത്.ഭൂമിക്ക് അപകടകരമാം വിധം അടുത്ത് വരുന്ന വസ്തുക്കളെ നിരീക്ഷിക്കലും ഇവയെ എതിരിടാനുള്ള മാർഗങ്ങൾ വികസിപ്പിക്കലുമൊക്കെയാണ് ഈ ഓഫിസ് പ്രധാനമായും ചെയ്യുന്ന കാര്യങ്ങൾ.

യൂറോപ്യൻ സ്പേസ് ഏജൻസിയുടെ നിയോഷീൽ‍ഡ് എന്ന പദ്ധതിയും ഛിന്നഗ്രഹവിസ്ഫോടനങ്ങളിൽ നിന്നു രക്ഷയ്ക്കുള്ള മാർഗങ്ങൾ ആരായുന്നു. നിയർ എർത്ത് മേഖലയിലുള്ള വസ്തുക്കളെ നിരന്തരം നിരീക്ഷിക്കുക, പ്രശ്നകരമായി തോന്നുന്നവയെ തകർക്കാനുള്ള മാർഗങ്ങൾ തേടുക എന്നതാണ് നിയോഷീൽഡിന്റെ ലക്ഷ്യം.

pd-dart-mission-impact

ഛിന്നഗ്രഹങ്ങളെ തകർക്കൽ മറ്റൊരു വലിയ പ്രശ്നമാണ്. ഡാർട്ട് പോലെയുള്ള മാർഗങ്ങൾ പരാജയപ്പെട്ടാൽ തകർക്കലല്ലാതെ മറ്റൊരു മാർഗമില്ല. അഞ്ച് വർഷമെങ്കിലം പ്ലാനിങ് തകർക്കലിനു മുന്നോടിയായി വേണ്ടിവരുമെന്ന് കണക്കാക്കപ്പെടുന്നു. ഛിന്നഗ്രഹങ്ങളിലേക്ക് ആണവായുധങ്ങൾ വിട്ടു പൊട്ടിത്തെറിപ്പിച്ചുള്ള പദ്ധതികളും ആലോചനയിലുണ്ട്.

English Summary: Double Asteroid Redirection Test (DART) Mission

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA