‘പറക്കുംതളിക’യ്ക്ക് പിന്നാലെ അമേരിക്ക, അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് പെന്റഗൺ

UFO-Alien-main
Photo: Shutterstock
SHARE

തിരിച്ചറിയപ്പെടാത്ത പറക്കും വസ്തുക്കളെ(UFO)ക്കുറിച്ചുള്ള വിശദമായ പഠനത്തിനായി പ്രത്യേകം അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് അമേരിക്ക. നേരത്തെ നടന്ന പഠനത്തില്‍ 144 യുഎഫ്ഒ സംഭവങ്ങളില്‍ 143നും വ്യക്തത വരാത്ത സാഹചര്യത്തിലാണ് പെന്റഗണിന്റെ പുതിയ നീക്കം. രഹസ്യാന്വേഷണ സുരക്ഷാ ചുമതലയുള്ള പ്രതിരോധ സെക്രട്ടറിക്കു കീഴിലായിരിക്കും എയര്‍ബോണ്‍ ഒബ്ജക്ട് ഐഡന്റിഫിക്കേഷന്‍ ആൻഡ് മാനേജ്‌മെന്റ് സിന്‍ക്രനൈസേഷന്‍ (AOIMSG) ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. 

പലപ്പോഴായി അമേരിക്കന്‍ സൈനികരും മറ്റും ചിത്രീകരിച്ചിട്ടുള്ള യുഎഫ്ഒകളുടെ ദൃശ്യങ്ങളുടെ വിശദമായ പഠനവും വ്യക്തത വരുത്തലുമാണ് ഈ സംഘത്തിന്റെ ചുമതല. ഇത്തരം തിരിച്ചറിയാത്ത പറക്കും വസ്തുക്കള്‍ രാജ്യത്തിന്റെ സുരക്ഷക്ക് തന്നെ വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യം തിരിച്ചറിഞ്ഞാണ് നടപടിയെന്ന് ഇത് സംബന്ധിച്ച വിശദീകരണ വാര്‍ത്താക്കുറിപ്പില്‍ പ്രതിരോധ വകുപ്പ് പറയുന്നു. ഡെപ്യൂട്ടി സെക്രട്ടറി ഓഫ് ഡിഫന്‍സ് കാത്‌ലീന്‍ ഹിക്‌സിന്റേയും ദേശീയ രഹസ്യാന്വേഷണ ഡയറക്ടര്‍ അവ്‌റില്‍ ഹെയ്ന്‍സിന്റേയും നിര്‍ദേശപ്രകാരമാണ് ഈ പുതിയ സംഘം രൂപീകരിച്ചത്. 

കഴിഞ്ഞ ജൂണ്‍ 25ന് പുറത്തുവന്ന പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ യുഎഫ്ഒകളെ തിരിച്ചറിയാനും വ്യക്തത വരുത്താനും വേണ്ട തെളിവുകള്‍ ലഭ്യമായിട്ടില്ലെന്നാണ് വിശദീകരിക്കുന്നത്. സമുദ്രത്തിലെ ശക്തമായ കാറ്റിലും അനങ്ങാതെ ആകാശത്ത് നില്‍ക്കുന്ന കാറ്റിനെതിരായി വേഗത്തില്‍ പറക്കുന്ന കുത്തനെ മുകളിലേക്കും താഴേക്കും പറക്കാന്‍ശേഷിയുള്ളവയാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ള യുഎഫ്ഒകളില്‍ പലതും. ഇതില്‍ വ്യക്തത വരുത്താനായി പെന്റഗണ്‍ നടത്തിയ അന്വേഷണത്തില്‍ 144 സംഭവങ്ങളില്‍ 143ലും വ്യക്തതക്ക് വേണ്ട തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞതോടെ സംഭവം കൂടുതല്‍ അവ്യക്തമാവുകയായിരുന്നു. ഇതോടെയാണ് ഇതു യുഎഫ്ഒകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും ചൂടുപിടിച്ചത്. 

ദിവസങ്ങള്‍ക്ക് മുൻപ് അവ്‌റിന്‍ ഹെയ്ന്‍സ് അജ്ഞാത പറക്കും വസ്തുക്കളെക്കുറിച്ചു നടത്തിയ ഒരു പ്രതികരണവും വിവാദമായിരുന്നു. ഇത്തരം പറക്കും തളികകള്‍ക്ക് സമാനമായ വസ്തുക്കള്‍ക്ക് പിന്നില്‍ അന്യഗ്രഹ ജീവികളല്ല എന്ന് ഉറപ്പിച്ച് പറയാനാവില്ലെന്ന രീതിയിലായിരുന്നു ഹെയ്ന്‍സ് പറഞ്ഞത്. 'നമുക്ക് മനസ്സിലാക്കാന്‍ സാധിക്കാത്ത എന്തെങ്കിലുമുണ്ടോ എന്ന ചോദ്യം എപ്പോഴുമുണ്ട്. അവ ചിലപ്പോള്‍ അന്യഗ്രഹങ്ങളില്‍ നിന്നും വരുന്നവയാകാം' എന്നായിരുന്നു യുഎഫ്ഒകളെ സംബന്ധിച്ച വ്യക്തതയില്ലാത്ത പെന്റഗണ്‍ റിപ്പോര്‍ട്ടിനെ പറ്റി ആരാഞ്ഞപ്പോള്‍ ഹെയ്ന്‍സിന്റെ മറുപടിയെന്നാണ് ദ ഹില്‍ റിപ്പോര്‍ട്ടു ചെയ്തത്. 

40 ശതമാനത്തിലേറെ അമേരിക്കക്കാരും യുഎഫ്ഒകള്‍ക്ക് പിന്നില്‍ അന്യഗ്രഹജീവികളാണെന്ന് വിശ്വസിക്കുന്നുവെന്ന സര്‍വേയും ഓഗസ്റ്റില്‍ പുറത്തുവന്നിരുന്നു. 2019ല്‍ ഇതേ ചോദ്യത്തിന് 33 ശതമാനം മാത്രമായിരുന്നു പിന്നില്‍ അന്യഗ്രഹജീവികളാകാമെന്ന ഉത്തരം നല്‍കിയത്. ജൂലൈയില്‍ പുറത്തുവന്ന സമാനമായ സര്‍വേയില്‍ മൂന്നില്‍ രണ്ട് അമേരിക്കക്കാരും അന്യഗ്രഹജീവികള്‍ സത്യമാണെന്ന് വിശ്വസിക്കുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ ഇതില്‍ 90 ശതമാനം പേരും അന്യഗ്രഹജീവികള്‍ നമുക്ക് ഭീഷണിയല്ലെന്നും വിശ്വസിക്കുന്നുണ്ട്. യുഎഫ്ഒയേയും അന്യഗ്രഹജീവികളേയും സംബന്ധിച്ച് വര്‍ധിച്ചു വരുന്ന ചര്‍ച്ചകള്‍ക്കും പ്രചാരണങ്ങള്‍ക്കും കടിഞ്ഞാണിടുകയെന്ന ലക്ഷ്യം കൂടിയുണ്ട് പ്രത്യേകം അന്വേഷണ സംഘത്തെ അമേരിക്ക നിയമിച്ചതിന് പിന്നില്‍.

English Summary: Pentagon is creating an official office to investigate unidentified aerial phenomena

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA