‘മരണത്തിന്റെ മൊത്തവ്യാപാരി’ എന്ന് ലോകം വിളിച്ച നൊബേൽ, മഹാനായ ശാസ്‌ത്രജ്‌ഞന്റെ 125–ാം ചരമവാർഷികം

Alfred-Nobel
ആൽഫ്രഡ് നൊബേൽ, Photo: britannica
SHARE

ലോകത്തിലെ ഏറ്റവും വിലമതിക്കപ്പെടുന്നതും മൂല്യമേറിയതുമായ പരമോന്നത പുരസ്‌കാരമാണ് നൊബേൽ സമ്മാനം. രാജ്യമോ ഭാഷയോ ജാതിയോ മതമോ നിറമോ നോക്കാതെയാണ് ഒരോ വർഷവും നൊബേൽ പുരസ്‌കാരം സമ്മാനിക്കപ്പെടുന്നത്. വിവിധരംഗങ്ങളിൽ ലോകത്തിനുനൽകുന്ന സംഭാവനമാത്രമാണ് മാനദണ്ഡം. ഇതാണ് നൊബേൽ സമ്മാനത്തെ ലോകത്തിലെ ഏറ്റവും ശ്രേഷ്‌ഠമായ പുരസ്‌കാരമാക്കുന്നതിന്റെ പിന്നിലെ മഹത്വം. നൊബേൽ സമ്മാനം നേടുന്നവർ ലോകത്തിന്റെ കൂടി ആദരവ് നേടുന്നു എന്നത് ഇതിന്റെ സവിശേഷതായാണ്. നൊബേൽ സമ്മാനം എന്ന മഹത്തായ ആശയത്തിന് ലോകം നന്ദി പറയേണ്ടത് ആൽഫ്രഡ് നൊബേൽ എന്ന സ്വീഡൻകാരനോടാണ്. തന്റെ കണ്ടുപിടുത്തമായ ഡൈനമറ്റ് മനുഷ്യനാശത്തിനായി ഉപയോഗിക്കുന്നതിലുള്ള മനോവേദനയിൽ നിന്നാണ് നൊബേൽ സമ്മാനത്തിന്റെ പിറവി. ആൽഫ്രഡ് നൊബേൽ എന്ന മഹാനായ ശാസ്‌ത്രജ്‌ഞനാണ് ഈ പരമോന്നത സമ്മാനം ഏർപ്പെടുത്തിയതിന്റെ കാരണക്കാരൻ. നൊബേലിന്റെ 125–ാം ചരമവാർഷികമാണ് ഇന്ന്. 

∙ ‘മരണത്തിന്റെ മൊത്തവ്യാപാരി’

മരണത്തിന്റെ മൊത്തവ്യാപാരി എന്ന് ലോകം ഒരിക്കൽ വിശേഷിപ്പിച്ച ആൽഫ്രഡ് നൊബേൽ എന്ന മഹാനാണ് നൊബേൽ സമ്മാനം എന്ന മഹത്തായ ആശയത്തിന് തുടക്കം കുറിച്ചത്. ഡൈനമറ്റ് കണ്ടു പിടിച്ച ശാസ്‌ത്രജ്‌ഞൻ എന്ന പേരിലാണ് ലോകം ആൽഫ്രഡ് നൊബേലിന് അറിയുന്നത്. എന്നാൽ മികച്ചൊരു കവിയും നാടകകൃത്തുമായിരുന്നു അദ്ദേഹം. അതുപോലെ നിരവധി ഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്നതിൽ നിപുണനുമായിരുന്നു ആൽഫ്രഡ്. ഇതിലൊക്കെ ഉപരി ഒരു വൻവ്യവസായിയും. വലിയൊരു പശ്‌ചാത്താപത്തിൽ നിന്നാണു നൊബേൽ സമ്മാനത്തിന്റെ പിറവി. 

1833 ഒക്‌ടോബർ 21ന് സ്വീഡനിലെ സ്‌റ്റോക്‌ഹോമിൽ ഇമ്മാനുവേൽ നൊബേലിന്റെ മകനായിട്ടാണ് ആൽഫ്രഡ് നൊബേൽ ജനിച്ചത്. പ്രത്യേക തരം ബോംബുകളും സ്‌ഫോടകവസ്‌തുക്കളും നിർമിക്കുന്ന വ്യവസായിയായിരുന്നു ഇമ്മാനുവേൽ. പിതാവിന്റെ പാത പിന്തുടർന്ന് ആൽഫ്രഡും സ്‌ഫോടകവസ്‌തുക്കളുടെ നിർമാണരംഗത്തെത്തി. പരീക്ഷണങ്ങളിൽ ഏറെ തൽപ്പരനായിരുന്ന ആൽഫ്രഡ് പുതിയ തരം സ്‌ഫോടക വസ്‌തുക്കൾ കണ്ടുപിടിക്കുന്നതിൽ പ്രത്യേക താത്‌പര്യം കാട്ടി. ‘നൈട്രോഗ്ലിസറിൻ’ എന്ന സ്‌ഫോടകവസ്‌തുവിൽ വെടിമരുന്ന് ചേർത്ത് വൻസ്‌ഫോടനം നടത്താമെന്ന് കണ്ടു പിടിച്ച ആൽഫ്രഡ് അതിന്റെ തുടർപരീക്ഷണങ്ങൾ നടത്തുമ്പോൾ ഹെലിൻബോർഗിലെ സ്വന്തം വീടിനൊടുചേർന്ന ഗവേഷണശാല കത്തി സഹോദരൻ എമിൽ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. 1864ലിലായിരുന്നു ഇത്. ഇതോടെ സ്വീഡനിൽ വ്യവസായം നടത്തുന്നിനുളള ആൽഫ്രഡിന്റെ ലൈസൻസ് നഷ്‌ടപ്പെട്ടു. തുടർന്ന് ജർമനിയിലെ ഹാംബർഗിലേക്ക് യാത്രതിരിച്ചു. അവിടെ അദ്ദേഹം ‘നൈട്രോഗ്ലിസറിൻ’ ഫാക്‌ടറി സ്‌ഥാപിച്ചു. വ്യവസായം വളർന്നു. എന്നാൽ പലപ്പോഴായി തന്റെ ഫാക്‌ടറിയിൽ നടന്ന പൊട്ടിത്തെറികൾ അദ്ദേഹത്തെ തളർത്തി. പല രാജ്യങ്ങളും അദ്ദേഹത്തിന്റ സ്‌ഥാപനത്തിൽനി്‌ന്നുളള ഇറക്കുമതി നിരോധിച്ചു. ആൽഫ്രഡിന്റെ ഗവേഷണം മറ്റൊരു വഴിക്കായി, ‘നൈട്രോഗ്ലിസറിൻ’ എന്ന വസ്‌തുവിനെ അപകടരഹിതമായ ഒരു ഖരപദാർത്തമാക്കി മാറ്റുക. ഇത് ഡൈനാമിറ്റ് എന്ന വസ്‌തുവിന്റെ കണ്ടുപിടുത്തത്തിൽ അവസാനിച്ചു. ഡൈനാമിറ്റ് അദ്ദേഹത്തിന് വൻലാഭമുണ്ടാക്കിക്കൊടുത്തു. ഇതിലൂടെ അദ്ദേഹം കോടികൾ സ്വന്തമാക്കി. ഡൈനാമിറ്റ് വൻവിജയമായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏതാണ്ട് 93 ഫാക്‌ടറികൾ അദ്ദേഹം ആരംഭിച്ചു. ഇവിടെനിന്ന് വർഷം തോറും ഏതാണ്ട് 66,5000 ടൺ ഡൈനമിറ്റ് ഉത്‌പാദിക്കാൻ അദ്ദേഹത്തിനായി. 

ഡൈനാമിറ്റ് വ്യവസായം ആൽഫ്രഡിനെ ലോകത്തിലെ വൻധനികരിൽ ഒരാളാക്കിത്തീർത്തു. പക്ഷേ അപ്പോഴേക്കും ലോകത്തിന്റെ പല ഭാഗങ്ങളിൽ ഡൈനമിറ്റ് ആളെക്കൊല്ലാൻ ഉപയോഗിച്ചു തുടങ്ങിയിരുന്നു. 1871ലാണ് ഡൈനമിറ്റ് ഒരായുധമായി ഉപയോഗിക്കാൻ തുടങ്ങിയത്. പല യുദ്ധങ്ങളിലും ഡൈനമിറ്റ് കനത്ത നാശം വിതച്ചു. ചില വിപ്ലവസംഘടനകളും ഇതുപയോഗിച്ചുതുടങ്ങി. ഡൈനമിറ്റ് ലോകസമാധാനത്തിന് ഭീഷണിയാകുമെന്ന ചിന്ത ആൽഫ്രഡിന്റെ മനസ്സിൽ ഉയർന്നു. ഇതിൽ മനംനൊന്ത ആൽഫ്രഡ് നൊബേൽ ലോക സമാധാനത്തിനായി എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിച്ചു.  ലോക നന്മയ്‌ക്കും സമാധാനത്തിനുംവേണ്ടി പ്രവർത്തിക്കുന്നവർക്കു തന്റെ സമ്പാദ്യത്തിന്റെ മുഖ്യ പങ്ക് മാറ്റിവെയ്‌ക്കാൻ അദ്ദേഹം തീരുമാനിച്ചു. അദ്ദേഹത്തിന്റെ വരുമാനത്തിന്റെ 94% ഇതിനായി മാറ്റിവച്ചു. 1895 നവംബർ 27 ന് അദ്ദേഹം തയാറാക്കിയ വിൽപ്പത്രത്തിൽ തന്റെ സമ്പാദ്യം എങ്ങനെ ഉപയോഗിക്കണം എന്നതിനുളള വ്യക്‌തമായ നിർദേശങ്ങൾ രേഖപ്പെടുത്തിയിരുന്നു. നാലു പേജുകളിലായി തയാറാക്കിയ വിൽപ്പത്രം പാരിസിലാണ് റജിസ്‌റ്റർ ചെയ്‌തത്. ഏകദേശം മുന്നൂറ്റിപ്പത്തു ലക്ഷം സ്വീഡീഷ് ക്രോണയാണ് അദ്ദേഹം ഇതിനായി മാറ്റിവച്ചത്. അതിലൂടെ മാനവരാശിയുടെ പുരോഗതിയ്‌ക്കായി പ്രവർത്തിക്കുന്നവരെ അംഗീകരിക്കാൻ വ്യവസ്‌ഥചെയ്‌തു. 1896 ഡിസംബർ 10ന് സ്‌റ്റോക്‌ഹോമിൽവെച്ചാണ് നൊബേൽ മരിച്ചത്.

ആൽഫ്രഡിന്റെ മരണശേഷം വിൽപ്പത്രത്തിൽ എഴുതിയിരുന്ന നിർദേശങ്ങൾ യാതൊരു മാറ്റവുംകൂടാതെ പാലിക്കപ്പെട്ടു. ഇതിന്റെ ഭാഗമായി സമ്മാനത്തെക്കുറിച്ചുള്ള കണക്കുകളും മറ്റുകാര്യങ്ങളും നിയന്ത്രിക്കുന്നതിനായി 1900 ൽ നൊബേൽ ഫൗണ്ടേഷൻ സ്‌റ്റോക്ക്‌ഹോമിൽ സ്‌ഥാപിക്കപ്പെട്ടു. ആൽഫ്രഡ് നൊബേലിന്റെ വിൽപ്പത്രപ്രകാരമുളള ആസ്‌തിയുടെ പൂർണനിയന്ത്രണം ഫൗണ്ടേഷനാണ്. നൊബേൽ സമ്മാനർഹരെ തിരഞ്ഞെടുക്കുന്ന സ്‌ഥാപനങ്ങളുടെ പൂർണ ചുമതലയും പുരസ്‌കാരദാന ചടങ്ങുകളും അതോടനുബന്ധിച്ചു നടത്തപ്പെടുന്ന സിംപോസിയങ്ങളും ഫൗണ്ടേഷനാണ് സംഘടിപ്പിക്കുക. നൊബേലിന്റെ ചരമദിനമായ ഡിസംബർ പത്തിനാണ് എല്ലാവർഷവും സമ്മാനം വിതരണം ചെയ്യുന്നത്. 

∙ നൊബേൽ സമ്മാനങ്ങൾ 

1901 മുതലാണ് നൊബേൽ പുരസ്‌കാരങ്ങൾ നൽകിത്തുടങ്ങിയത്. ഭൗതികശാസ്‌ത്രം, രസതന്ത്രം, വൈദ്യശാസ്‌ത്രം, സാഹിത്യം, സമാധാനം എന്നീ വിഷയങ്ങളിലാണ് ആദ്യകാലങ്ങളിൽ നൊബേൽ സമ്മാനം. 1969 മുതൽ മാത്രമാണ് സാമ്പത്തിക ശാസ്‌ത്രത്തിനും നൊബേൽ സമ്മാനം നൽകിത്തുടങ്ങിയത്. . 1968ൽ സ്വീഡിഷ് നാഷനൽ ബാങ്ക് അവരുടെ മുന്നൂറാം വാർഷികത്തോടനുബന്ധിച്ച് സാമ്പത്തികശാസ്‌ത്രത്തിലും നൊബേൽ പുരസ്‌കാരം നൽകാൻ തീരുമാനിച്ചു.ആൽഫ്രഡ് നൊബേലിന്റെ  ഓർമയ്‌ക്കായി ഏർപ്പെടുത്തിയതാണ് ഇത്. സമാധാനത്തിനുള്ള പുരസ്‌കാരം വ്യക്‌തികൾക്കോ സ്‌ഥാപനങ്ങൾക്കോ നൽകാറുണ്ട്. ബാക്കിയെല്ലാ പുരസ്‌കാരങ്ങളും വ്യക്‌തികൾക്കു മാത്രമേ നൽകാറുളളൂ. 

nobel-prize

വിവിധ അക്കാദമികളും ഇൻസ്‌റ്റിറ്റ്യൂട്ടുകളുമാണ് സമ്മാനാർഹരെ തിരഞ്ഞെടുക്കുന്നത്. പ്രഗൽഭരായ ശാസ്‌ത്രജ്‌ഞരിൽനിന്നും പണ്ഡിതൻമാരിൽനിന്നും ഗവേഷകരിൽനിന്നും മുൻ നൊബേൽ ജേതാക്കളിൽനിന്നും ഉന്നത സംഘടനകളിൽനിന്നും നാമനിർദേശങ്ങൾ സ്വീകരിക്കും. പിന്നീട് നീണ്ട ചർച്ചകളിലൂടെയും വോട്ടെടുപ്പിലൂടെയുമാണ് സമ്മാനാർഹരെ തിരഞ്ഞെടുക്കുന്നത്. ഊർജതന്ത്രം, രസതന്ത്രം, സാമ്പത്തിക ശാസ്‌ത്രം എന്നീ വിഷയങ്ങളിൽ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ആണ് ജേതാക്കളെ തിരഞ്ഞെടുക്കുക. നോർവീജിയൻ പാർലമെന്റ് നിയോഗിക്കുന്ന അഞ്ചംഗ നോർവീജിയൻ നൊബേൽ കമ്മിറ്റിയാണ് സമാധാനത്തിനുളള സമ്മാനാർഹരെ കണ്ടെത്തുക. മികച്ച സാഹിത്യകാരനെ സ്വീഡിഷ് അക്കാദമി കണ്ടെത്തും. വൈദ്യശാസ്‌ത്രത്തിലെ പ്രതിഭകളെ കണ്ടെത്തുന്നത് സ്‌റ്റോക്‌ഹോമിലെ കരോളിൻസ്‌ക ഇൻസ്‌റ്റിറ്റ്യൂട്ടിലെ നൊബേൽ അസംബ്ലിയാണ്. ആൽഫ്രഡ് നൊബേലിന്റെ ചരമദിനം അനുസ്‌മരിച്ച് എല്ലാ വർഷവും ഡിസംബർ 10–ാം തീയതിയാണ് നൊബേൽപുരസ്‌കാരദാനം നടത്തുന്നത്. നൊബേൽ ഫൗണ്ടേഷന്റെ വരുമാനം അനുസരിച്ച് ഓരോ വർഷവും സമ്മാനത്തുകയിൽ വ്യത്യാസം വരും. 

Nobel Prizes

സമ്മാനത്തുകയ്ക്കുപുറമേ  മെഡൽ, ഡിപ്ലോമ, എന്നിവയാണ് ജേതാക്കൾക്ക് സമ്മാനിക്കുക. ഭൗതികശാസ്‌ത്രം, രസതന്ത്രം, വൈദ്യശാസ്‌ത്രം, സാഹിത്യം, സാമ്പത്തികശാസ്‌ത്രം എന്നീ രംഗങ്ങളിൽനിന്നുളള ജേതാക്കൾക്ക് സ്‌റ്റോക്ക്‌ഹോമിൽവച്ചാണ് സമ്മാനം ലഭിക്കുക. സ്വീഡനിലെ രാജാവിന്റെ കൈയിൽനിന്നാണ് ഇവർ സമ്മാനം ഏറ്റുവാങ്ങുക. എന്നാൽ സമാധാനത്തിനുളള നൊബേൽ സമ്മാനിക്കുക നോർവെയിലെ ഒസ്‌ലോയിലായിരിക്കും. നോർവീജിയൻ നൊബേൽ കമ്മിറ്റി ചെയർമാനായിരിക്കും സമ്മാനദാനം നിർവഹിക്കുക. നോർവേ രാജാവിന്റെ സാന്നിധ്യത്തിലാണിത്. 

English Summary: On This Day: Alfred Nobel, inventor of dynamite, passes away

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA