ADVERTISEMENT

ലോകത്തിലെ ഏറ്റവും ശക്തമായ ബഹിരാകാശ ദൂരദർശിനി ശനിയാഴ്ച ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചു. സാങ്കേതിക തടസങ്ങൾ കാരണം നിരവധി തവണ മാറ്റിവച്ചതായിരുന്നു ജെയിംസ് വെബ് വിക്ഷേപണം. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ (930,000 മൈൽ) വിദൂരത്തിരുന്നാണ് ജെയിംസ് വെബ് പ്രവചഞ്ചത്തെ നിരീക്ഷിക്കുക. 2022 ജൂണിൽ ജെയിംസ് വെബ് ഔദ്യോഗികമായി പ്രവർത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഏകദേശം മൂന്ന് പതിറ്റാണ്ടുകളും സമയമെടുത്താണ് നിർമിച്ചത്. ഇതിനായി ശതകോടിക്കണക്കിന് ഡോളറുകളും ഉപയോഗിച്ചു. ഫ്രഞ്ച് ഗയാനയിലെ കൂറൗ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ജെയിംസ് വെബ് വിക്ഷേപിച്ചത്.

 

‘ഞങ്ങൾ ബഹിരാകാശ പേടകത്തെ വളരെ കൃത്യമായി ഭ്രമണപഥത്തിൽ എത്തിച്ചുവെന്ന് പറയുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ട്... ഏരിയൻ 5 റോക്കറ്റ് വളരെ മികച്ച പ്രകടനം കാഴ്ചവച്ചു’ എന്ന് ഇഎസ്എ മേധാവി ജോസഫ് അഷ്ബാച്ചർ പറഞ്ഞു. ജെയിംസ് വെബ് ലക്ഷ്യസ്ഥാനത്ത് എത്താൻ ഒരു മാസമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നമ്മുടെ സൗരയൂഥത്തിനപ്പുറമുള്ള പ്രപഞ്ചത്തിന്റെയും ഭൂമിയെപ്പോലെയുള്ള ഗ്രഹങ്ങളുടെയും ഉത്ഭവത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്ന പുതിയ സൂചനകൾ ഭൂമിയിലേക്ക് എത്തിക്കാൻ ഇതിന് സാധിക്കും.

 

ജെയിംസ് വെബ്
ജെയിംസ് വെബ്

കൊറോണ വൈറസ് മഹാമാരി കാരണം ജോലിസ്ഥലത്തെ നിയന്ത്രണങ്ങൾ കൊണ്ടാണ് കഴിഞ്ഞ വർഷം ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ വിക്ഷേപണം 2021 ഡിസംബർ 25 ലേക്ക് നീട്ടിവച്ചത്. 2020 മാർച്ചിലും വിക്ഷേപണത്തിനു ശ്രമിച്ചിരുന്നു. 1996 ൽ വിഭാവനം ചെയ്തത് 2007 ൽ വിക്ഷേപിക്കാനായിരുന്നു തുടക്കത്തില്‍ ലക്ഷ്യമിട്ടിരുന്നത്. ഭൂമിയിൽ നിന്ന് പത്ത് ലക്ഷം മൈൽ (15 ലക്ഷം കിലോമീറ്റർ) അകലെ സ്ഥാപിക്കാനാണ് വിലകൂടിയ ഈ ടെലസ്കോപ്പ് ഉപയോഗിക്കുക.

 

∙ എല്ലാം അത്യാധുനിക ടെക്നോളജി

 

ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ് നാസയുടെ പുതുതലമുറ ടെക്നോളജിയാണ്. കെപ്‌‌ലർ പോലെ ബഹിരാകാശത്ത് വൻ ഗവേഷണങ്ങളും കണ്ടെത്തലുകളും നടത്താൻ സഹായിക്കുന്നതാണ് ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ്. ഈ ടെലസ്കോപ്പ് കൂടി പ്രവർത്തനം തുടങ്ങുന്നതോടെ വൻ കണ്ടെത്തലുകൾ നടത്താനാകുമെന്നാണ് നാസ ഗവേഷകർ പ്രതീക്ഷിക്കുന്നത്.

 

james-webb-space-telescope

∙ സ്വർണ കണ്ണാടി, ചെലവ് 73611.50 കോടി രൂപ

 

സ്വർണ കണ്ണാടിയിൽ നിർമിച്ചിട്ടുള്ള ഈ ടെലസ്കോപ്പിന്റെ ചെലവ് 10 ബില്ല്യന്‍ ഡോളറാണ് ( ഏകദേശം 73611.50 കോടി രൂപ). പ്രപഞ്ചത്തിലെ പ്രകാശം ശേഖരിച്ച് മഹാവിസ്പോടനം, നക്ഷത്രങ്ങളുടെ ഉദ്ഭവം, ആദ്യ ക്ഷീരപഥം എങ്ങനെ ഉണ്ടായി തുടങ്ങി വസ്തുതകൾ ഈ ടെലസ്കോപ്പ് പഠനവിധേയമാക്കും. ക്ഷീരപഥങ്ങളിലെ തമോഗര്‍ത്തം, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ജീവന്റെ ഉദ്ഭവം എന്നിവ കണ്ടെത്താനും ഈ ടെലസ്കോപ്പ് സഹായിച്ചേക്കും.

 

∙ നിർമാണം പൂർത്തിയായത് 2017 ൽ

 

2017ലാണ് ഇതിന്റെ പ്രധാന കണ്ണാടിയുടെ നിർമാണം പൂർത്തിയായത്. നിലവിൽ പ്രവർത്തിക്കുന്ന ഹബിൾ ബഹിരാകാശ ദൂരദർശിനി, സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി എന്നിവയേക്കാൾ ഏറ്റവും മികച്ചതാണ് ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ്. ഇതിന്റെ പ്രധാന കണ്ണാടിയുടെ വ്യാസം 6.5 മീറ്ററാണ്.

 

∙ ആദ്യ ചർച്ച നടന്നത് 1996 ൽ

 

1996 ലാണ് ഗവേഷകർ ഇത്തരമൊരു സംരംഭത്തെ കുറിച്ചുള്ള ആദ്യ ചർച്ചകൾ തുടങ്ങുന്നത്. 17 രാജ്യങ്ങളുടെ സംയുക്ത സംരംഭമാണിതെന്നതും ശ്രദ്ധേയമാണ്. നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി എന്നിവയും ഇതിന്റെ ഭാഗമാണ്. നാസയുടെ രണ്ടാമത്തെ അഡ്മിനിസ്ട്രേറ്ററായിരുന്ന ജെയിംസ് ഇ. വെബിന്റെ പേരാണ് ഈ ടെലസ്കോപ്പിനു നൽകിയത്. നെക്സ്റ്റ് ജനറേഷൻ ബഹിരാകാശ ദൂരദർശിനി എന്നായിരുന്നു ആദ്യം പദ്ധതിക്ക് പേരിട്ടിരുന്നത്.

 

∙ ഹബിളിനേക്കാൾ അഞ്ചിരട്ടി ശേഷി

 

ഹബിൾ സ്പേസ് ടെലസ്കോപ്പിനെ അപേക്ഷിച്ച് അഞ്ച് മടങ്ങ് വിവരങ്ങൾ ശേഖരിക്കാൻ ശേഷിയുള്ളതാണ് ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പിന്റെ സ്വർണത്തിൽ നിർമിച്ച കണ്ണാടി. ഇത് ദൃശ്യപ്രകാശത്തിലും ഇൻഫ്രാറെഡിലും ഒരു പോലെ പ്രവർത്തിക്കുമെന്നത് വലിയ നേട്ടമാണ്. ഇൻഫ്രാറെഡിനെ നേരിടാൻ ശേഷിയുള്ളതിനാൽ പ്രപഞ്ചപദാർഥങ്ങളുടെ ചുവപ്പുനീക്കത്തെ കുറിച്ചു പഠിക്കാൻ സഹായിക്കും.

 

English Summary: World's Most Powerful Space Telescope Sets Off On A Million-Mile Voyage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com