ADVERTISEMENT

അന്യഗ്രഹ ജീവികളും അവരുടെ പേടകമെന്നു പൊതുവേ പറയപ്പെടുന്ന പറക്കുംതളികകളും സംബന്ധിച്ച നിഗൂഢത എന്നും മനുഷ്യനു കൗതുകമാണ്. അന്യഗ്രഹജീവികളെ കണ്ടെത്താനായി കോടികൾ ചെലവിട്ടാണ് ഗവേഷണങ്ങളും അന്വേഷണങ്ങളും നടക്കുന്നത്. ഭൂമിയിൽ അന്യഗ്രഹ ജീവികളെയും പറക്കുംതളികകളെയും (അൺഐഡന്റിഫൈഡ് ഫ്ലൈയിങ് ഒബ്ജെക്ട് – .യുഎഫ്ഒ) കണ്ടെന്ന വാർത്തകൾക്കു പിന്നാലെ രാജ്യാന്തര അന്വേഷണ ഏജൻസികൾ പോലും പോകാറുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിൽ മുന്നിലുള്ളത് അമേരിക്ക തന്നെയാണ്. അന്യഗ്രഹ ജീവികളോടുള്ള മനുഷ്യന്റെ പ്രതികരണം പഠിക്കാൻ നാസ 24 ദൈവശാസ്ത്രജ്ഞരെ നിയമിച്ചു എന്നതാണ് പുതിയ വാർത്ത. ടൈംസ് യുകെ, ന്യൂയോര്‍ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ ഇതു പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ന്യൂജഴ്‌സിയിലെ പ്രിൻസ്റ്റണിലുള്ള സെന്റർ ഫോർ തിയോളജിക്കൽ എൻക്വയറിയിലെ (സിടിഐ) ദൈവശാസ്ത്രജ്ഞർ അന്യഗ്രഹ ജീവികളോടുള്ള മനുഷ്യന്റെ പ്രതികരണം സംബന്ധിച്ച് പഠനം തുടങ്ങിയിട്ടുണ്ട്. മറ്റു ഗ്രഹങ്ങളിലും ബുദ്ധിയുള്ള ജീവികൾ ഉണ്ടെന്നുള്ള വാർത്തകളോട് മനുഷ്യർ എങ്ങനെ പ്രതികരിക്കുമെന്ന് മനസ്സിലാക്കുകയാണ് പഠനത്തിന്റെ ലക്ഷ്യം.

മറ്റൊരു ഗ്രഹത്തില്‍ ജീവന്‍ കണ്ടെത്താനുള്ള സാധ്യത കൂടിവരികയാണെന്ന് നാസ നിയമിച്ച ദൈവശാസ്ത്രജ്ഞരിൽ ഉൾപ്പെട്ട ബ്രിട്ടിഷ് ഗവേഷകൻ റവ. ഡോ. ആന്‍ഡ്രൂ ഡേവിസണ്‍ പറഞ്ഞതായി ബ്രട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓക്‌സ്‌ഫഡിൽനിന്ന് ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള റവ. ഡോ. ആൻഡ്രൂ ഡേവിസൺ കേംബ്രിജ് സർവകലാശാലയിലെ മതപണ്ഡിതനാണ്. തന്റെ ഇതുവരെയുള്ള ഗവേഷണത്തിൽ, കഴിഞ്ഞ 150 വർഷത്തിനിടെ ‘ദൈവശാസ്ത്രവും ജ്യോതിർജീവശാസ്ത്രവും ജനകീയ എഴുത്തുകളിൽ എത്രമാത്രം വിഷയമായിട്ടുണ്ടെന്ന് നിരീക്ഷിച്ചിട്ടുണ്ടെന്നും കേംബ്രിജ് യൂണിവേഴ്സിറ്റിയുടെ ഫാക്കൽറ്റി ഓഫ് ഡിവിനിറ്റി ബ്ലോഗിൽ അടുത്തിടെ നടത്തിയ ഒരു പ്രസ്താവനയിൽ ഡേവിസൺ പറഞ്ഞിരുന്നു.

2022-ൽ പുറത്തിറങ്ങാനിരിക്കുന്ന ‘ആസ്‌ട്രോബയോളജി ആൻഡ് ക്രിസ്ത്യൻ ഡോക്ട്രിൻ’ എന്ന, ഡേവിസിന്റെ പുതിയ പുസ്തകത്തിലാണ് പുതിയ വെളിപ്പെടുത്തലുകളും ചോദ്യങ്ങളും ഉള്ളത്. സിടിഐയും നാസയും ഒരു ‘സംയുക്ത ആത്മീയ പര്യവേക്ഷണം’ നടത്തുന്നുണ്ടെന്നാണ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ജീവനുണ്ടോ? ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യം കണ്ടെത്തിയാൽ അത് എല്ലാ മതങ്ങളിലെയും ഉദ്ഭവ സിദ്ധാന്തങ്ങളെ മാറ്റിമറിക്കുമോ?, ലോകമെമ്പാടുമുള്ള മതവിശ്വാസികളുടെ വിശ്വാസ വ്യവസ്ഥയെ ഈ കണ്ടെത്തല്‍ എങ്ങനെ ബാധിക്കും? തുടങ്ങിയ ചോദ്യങ്ങളാണ് ഡേവിസൻ പുതിയ പുസ്തകത്തിലൂടെ ശാസ്ത്രലോകത്തോട് ചോദിക്കുന്നത്.

ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകളോട് മതങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് വിലയിരുത്താന്‍ ന്യൂജഴ്സിയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ തിയോളജിക്കല്‍ എന്‍ക്വയറിയില്‍ നാസ സ്പോണ്‍സര്‍ ചെയ്ത് നടത്തിയ പരിപാടിയിലും 24 ദൈവശാസ്ത്രജ്ഞർ പങ്കെടുത്തിരുന്നു. യുഎസ് ബഹിരാകാശ ഏജൻസിയും മതപഠന സ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെപ്പറ്റിയുള്ള ഏറ്റവും പുതിയ റിപ്പോർട്ടാണിത്. 2014-ൽ, നാസ സിടിഐക്ക് ഇത്തരമൊരു പഠനം നടത്താൻ 11 ലക്ഷം ഡോളർ ഗ്രാന്റ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. അന്യഗ്രഹ ജീവന്റെ സാധ്യതകളെക്കുറിച്ച് അറിയാനുള്ള മതവിശ്വാസികളുടെ താൽപര്യങ്ങളെക്കുറിച്ചും ശാസ്ത്രീയ അന്വേഷണത്തോടുള്ള അവരുടെ തുറന്ന മനസ്സിനെക്കുറിച്ചും പഠിക്കുന്നുണ്ട്. സോഷ്യറ്റൽ ഇംപ്ലിക്കേഷൻസ് ഓഫ് ആസ്ട്രോബയോളജി സ്റ്റഡി എന്നാണ് ഈ ഗവേഷണ പദ്ധതിയെ വിളിക്കുന്നത്. മതബോധവും അന്യഗ്രഹജീവികളിലുള്ള വിശ്വാസവും തമ്മിൽ ബന്ധമുണ്ടെന്ന് നേരത്തേയുള്ള പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

English Summary: NASA is hiring priests to prepare humans for contact with aliens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com